അതിവിദഗ്ദ്ധരായ കോരചെത്തുകാർക്ക് 15 സെക്കൻഡിൽ താഴെ മതി അത് അരിഞ്ഞെടുക്കാൻ, അര മിനുട്ട് അത് തട്ടിക്കുടയാൻ, കെട്ടുണ്ടാക്കാൻ പിന്നെയും കുറച്ചു മിനുട്ടുകൾ. പുല്ല് പോലുള്ള ആ ചെടിക്ക് അവരേക്കാൾ ഉയരമുണ്ട്, ഓരോ കെട്ടും അഞ്ച് കിലോയോളം കാണും. കത്തുന്ന സൂര്യന് കീഴെ 12-15 കെട്ടുകൾ ഒരേസമയം തലയിലേറ്റി അര കിലോമീറ്ററോളം നടക്കുന്ന ആ സ്ത്രീകൾ അത് ആയാസരഹിതം എന്ന് തോന്നിപ്പിക്കും – ഒരു കെട്ടിന് വെറും 2 രൂപ സമ്പാദിക്കാനാണ് ഇതെല്ലാം.
തമിഴ്‌നാട്ടിലെ കരൂര്‍ ജില്ലയിലെ നദിയോട് ചേർന്ന പാടങ്ങളിൽ ധാരാളമായി വളരുന്ന കോരപ്പുല്ലുകളുടെ 150 കെട്ടെങ്കിലും വൈകുന്നേരമാവുമ്പോഴേക്കും ഓരോരുത്തരും ഉണ്ടാക്കിയിരിക്കും.
കരൂരിലെ മനവാസി ഗ്രാമത്തിലെ നതമേട് പ്രദേശത്ത് കാവേരിയുടെ തീരത്ത് ഈ കോരചെത്തുകാർ - ഭൂരിഭാഗവും സ്ത്രീകൾ - ഇടവേളയില്ലാതെ എട്ട് മണിക്കൂർ തൊഴിൽ ചെയ്തു കൊണ്ടിരിക്കുന്നു. അവർ കുനിഞ്ഞുനിന്ന് ഈ നിബിഡ പുൽപ്പരപ്പുകൾ വെട്ടിമാറ്റുന്നു, നഗ്നകരങ്ങൾ കൊണ്ട് തണ്ടുകൾ മെതിച്ചു കെട്ടുകളാക്കുന്നു, അവ ശേഖരണ സ്ഥാനത്ത് നിക്ഷേപിക്കുന്നു. വൈദഗ്ദ്ധ്യവും ശക്തിയും ആവശ്യമുള്ള കഠിന തൊഴിലാണിത്.
മിക്കവരും ചെറിയ കുട്ടികളായിരിക്കുമ്പോൾ തന്നെ കോരപ്പുല്ലുകൾ അരിയാൻ തുടങ്ങിയതാണ്. “ഞാൻ ജനിച്ച അന്ന് തൊട്ട് കോരക്കാടാണ് എന്‍റെ ലോകം. 10 വയസ്സായപ്പോൾ തുടങ്ങിയതാണ് ഈ പണി, 3 രൂപ വെച്ച് ദിവസം സമ്പാദിക്കുമായിരുന്നു,” 59-കാരിയായ എ. സൗഭാഗ്യം പറയുന്നു. അവരുടെ വരുമാനത്തിലാണ് അഞ്ചംഗ കുടുംബം ഇപ്പോൾ കഴിയുന്നത്.
സ്കൂളിൽ പോകുന്ന 2 ആണ്മക്കളുടെ അമ്മയും വിധവയുമായ 33-കാരി എം. മഗേശ്വരി അവരുടെ പിതാവ് പശുക്കളെ മേയ്ക്കാനും കോര അരിയാനുമായി ചെറുപ്പത്തിൽ അവരെ പറഞ്ഞു വിടുന്നത് ഓർത്തെടുക്കുകയാണ്. “ഞാൻ സ്കൂളിന്‍റെ പടി കണ്ടിട്ടില്ല,” അവർ പറയുന്നു. 39-കാരി സെൽവിയാകട്ടെ അവരുടെ മാതാവിന്‍റെ വഴി പിന്തുടരുകയാണ്. “അമ്മയും കോര വെട്ടുകാരി ആയിരുന്നു. ഞാൻ വളരെ ചെറുപ്പത്തിൽ തന്നെ ഈ പണി തുടങ്ങി. ഈ പാടങ്ങൾ എന്‍റെ രണ്ടാം വീടാണ്,” അവർ പറയുന്നു.























