ഗണേഷ് വദൻദരെയുടെ വാടിപ്പോയ പരുത്തിച്ചെടിയിലെ പച്ചനിറമുള്ള വിത്തുണ്ടകളിലെ (പരുത്തിച്ചെടിയിൽ, അതിന്റെ വിത്തുകൾ അടക്കം ചെയ്ത പന്തിന്റെ ആകൃതിയിലുള്ള മൊട്ടുകൾ) കറുത്ത പാടുകൾ, ആ മേഖലയിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞർക്ക് ഒരു താക്കീതാണ്: പോയി പുതിയ വല്ല മരുന്നുകളും കണ്ടുപിടിക്കൂ എന്ന താക്കീത്.
“അതിലൂടെയാണ് അവ അകത്ത് കടക്കുന്നത്” വാർദ്ധ ജില്ലയിലെ ആംഗാംവ് (ഖുർദ്) ഗ്രാമത്തിലെ അറിയപ്പെടുന്ന കർഷകനായ വദൻദരെ പറയുന്നു. അഞ്ചേക്കർ കൃഷിസ്ഥലത്തിന്റെ ഉടമയാണ് അദ്ദേഹം. ഈ കറുത്ത പാടുകളിലൂടെയാണ് ഈ പുഴു വിത്തുണ്ടയുടെ അകത്തേക്ക് കടക്കുക എന്ന് അദ്ദേഹം പറഞ്ഞു.
“ഈ ഉണ്ട പൊട്ടിച്ചാൽ, അതിനകത്ത്, അതിനെ കാർന്നുതിന്നുന്ന പാടലനിറമുള്ള ഒരു പുഴുവിനെ കാണാം“, ആകാക്ഷയും ദേഷ്യവും സ്ഫുരിക്കുന്ന ഭാവത്തോടെ അദ്ദേഹം പറഞ്ഞു. ആ വിത്തുണ്ട പൊട്ടിച്ചപ്പോൾ, പറഞ്ഞതുപോലെത്തന്നെ, ഒരു ഇളം ചുവപ്പ് നിറമുള്ള പുഴു ഉറക്കമുണർന്ന മട്ടിൽ ഇളകാൻ തുടങ്ങി. പരുത്തിയുടെ വെളുത്ത നാരുകൾ പുറപ്പെടുന്നതിന് മുമ്പേ പുഴു അതിനെ തിന്നുകഴിഞ്ഞിരുന്നു.
“ഒരു പുഴു ആയിരക്കണക്കിന് മുട്ടകളാണ് ഇടുക. ദിവസങ്ങൾക്കുള്ളിൽ അത് ദശലക്ഷമായി ഇരട്ടിക്കും”, 2017 നവംബറിൽ ആദ്യമായി കാണുമ്പോൾ, 42 വയസ്സുണ്ടായിരുന്ന വദൻദരെ പറഞ്ഞു.
വിത്തുണ്ടയുടെ അകത്തിരിക്കുന്നതിനാൽ, ആ ഉണ്ട പൊട്ടുന്നതുവരെ കർഷകർക്ക് ഇതിനെക്കുറിച്ച് അറിയാൻ കഴിയില്ല. ഈ പുഴു ബാധിച്ച പരുത്തിക്ക് കമ്പോളങ്ങളിൽ വളരെ വിലക്കുറവായിരിക്കുമെന്നതിനാൽ, വിളവെടുക്കുന്ന സമയത്ത് ഇത് കർഷകർക്ക് ആഘാതമാവും.
വദൻദരെയുടെ ഈ അനുഭവം, മഹാരാഷ്ട്രയിലെ എല്ലാ പരുത്തിക്കർഷകരുടേയും അനുഭവമായിരുന്നു. പ്രത്യേകിച്ചും 2017-18 കാലത്ത്, പടിഞ്ഞാറൻ വിദർഭയിലെ പരുത്തിനിലങ്ങളിൽ വിളവെടുപ്പ് മൂർദ്ധന്യത്തിലെത്തിയപ്പോൾ. ഈ പ്രദേശങ്ങളിൽ, പരുത്തി നടുന്നത് ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലും വിളവെടുക്കുന്നത് ഒക്ടോബർ മുതൽ മാർച്ചുമാസംവരെയുമാണ്,
ഈ പിങ്ക് നിറമുള്ള പുഴുക്കളുടെ വലിയ സൈന്യം നശിപ്പിച്ചത് ഹെക്ടർ കണക്കിന് പരുത്തിപ്പാടങ്ങളെയാണ്. 30 വർഷത്തിനിടയിൽ ആദ്യമായിട്ടായിരുന്നു അത്. വദൻദരെയുടെ പാടത്തിന് ചുറ്റുമുള്ള കൃഷിസ്ഥലങ്ങൾ, ആ പിങ്ക് പുഴുക്കളുടെ ആക്രമണത്തിന്റെ വ്യാപ്തി കാണിച്ചുതന്നു. ഗുണമേന്മ കുറഞ്ഞ, വിലയില്ലാത്ത പരുത്തിയായി മാറാൻ പോവുന്ന വാടിയ, പാടുകൾ വീണ കറുത്ത വിത്തുണ്ടകൾ.
ഈ പിങ്ക് പുഴുക്കളെ നശിപ്പിക്കാനുള്ള കഴിവില്ലെന്ന് അറിയാമായിരുന്നിട്ടും, ഗതിമുട്ടിയ കർഷകർ തങ്ങളുടെ പരുത്തിക്കൃഷി രക്ഷിക്കുന്നതിനായി 2017 ജൂലായ് മുതൽ നവംബർവരെ മാരകമായ കീടനാശിനികൾ വ്യാപകമായി ഉപയോഗിക്കാൻ നിർബന്ധിതരാവുകായിരുന്നു. (ഈ കഥ വായിക്കുക).
“ഒരു കീടനാശിനിയും ഇതിനെതിരേ ഫലപ്രദമല്ല. അത്രമാത്രം മാരകമാണത്. ഇനി ഈ ബിടി പരുത്തികൊണ്ട് എന്ത് പ്രയോജനം?” വദൻദരെ ചോദിക്കുന്നു.
കിണറ്റിലെ വെള്ളമുപയോഗിച്ച് ഒരേക്കറിൽനിന്ന് ശരാശരി 15 ക്വിന്റൽ കോട്ടൺ വിളവെടുക്കാൻ വദൻദരെക്ക് കഴിഞ്ഞിരുന്നു. ഇത്തവണ അത് 5 ക്വിന്റലായി കുറഞ്ഞു. ഒരേക്കറിൽനിന്ന് തനിക്ക് 50,000 രൂപയോളം നഷ്ടമാകുന്നുണ്ടെന്ന് വദൻദരെ കണക്കുകൂട്ടുന്നു. അയാളെ സംബന്ധിച്ചിടത്തോളം അതൊരു ഭീമമായ സംഖ്യയാണ്.
കിണറുകളില്ലാത്ത, മഴവെള്ളം കൊണ്ട് മാത്രം ജലസേചനം നടക്കുന്ന പാടങ്ങളിൽ, ഈ സീസണിൽ കർഷകർക്ക് മൂന്ന് ക്വിന്റൽ പരുത്തിപോലും വിളവെടുക്കാൻ കഴിഞ്ഞില്ല. പരമാവധി രണ്ട് ഹെക്ടറിന് 10,000 രൂപവെച്ച് സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. അതിനുള്ള യോഗ്യതാപ്പട്ടികയിൽ പെടാൻ കഴിഞ്ഞാൽ വദൻദരെയ്ക്ക് അതൊരു ചെറിയ ആശ്വാസമാകും.
ആദ്യം നവംബറിലും പിന്നീട് വീണ്ടും ഫെബ്രുവരി-മാർച്ചിലും സംസ്ഥാന റവന്യൂ, കൃഷിവകുപ്പുകൾ നടത്തിയ വിളപരിശോധനയിൽ കണ്ടെത്തിയത്, സംസ്ഥാനത്ത് പരുത്തിക്കൃഷി നടക്കുന്ന 42 ലക്ഷം ഹെക്ടറിൽ 80 ശതമാനത്തേയും ഈ പിങ്ക് പുഴുക്കൾ ബാധിച്ചിട്ടുണ്ടെന്നാണ്. ഓരോ കർഷകനും തന്റെ വിളവിന്റെ 33 ശതമാനം മുതൽ 50 ശതമാനംവരെ നഷ്ടമായിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ കാണിക്കുന്നു.
പരുത്തിയുടെ ഉത്പാദനത്തിന്റേയും അളവിന്റേയും കാര്യത്തിൽ 40 ശതമാനത്തോളം കുറവുണ്ടാവുമെന്ന് 2018 ജനുവരിയിൽ മഹാരാഷ്ട്ര കൃഷിവകുപ്പ് നടത്തിയ പ്രവചനം, ഈ വ്യാപകമായ വിളനാശത്തെ ശരിവെക്കുന്ന ഒന്നായിരുന്നു. വർഷത്തിൽ സംസ്ഥാനം ഉത്പാദിപ്പിക്കുന്നത് ശരാശരി 90 ലക്ഷം പരുത്തിക്കെട്ടാണ്. ഒരു കെട്ടിൽ 172 കിലോഗ്രാം നാരുകളുണ്ടാവും). ഒരു ക്വിന്റൽ പരുത്തിയിൽ 34 കിലോഗ്രാം പരുത്തിനാരുകളും, 65 കിലോഗ്രാം പരുത്തിക്കുരുവും (എണ്ണ ഊറ്റിയെടുക്കാനും കന്നുകാലികൾക്കുള്ള പിണ്ണാക്കിനും ഈ പരുത്തിക്കുരു ഉപയോഗിക്കുന്നു) ഒരു ശതമാനം മാലിന്യവും ഉൾപ്പെടുന്നു. 2018 മാർച്ചിൽ, വിദർഭയിലെ കമ്പോളത്തിൽ ഒരു ക്വിന്റൽ പരുത്തിക്ക് 4,800 മുതൽ 5,000 രൂപവരെ കിട്ടിയിരുന്നു.
2017-18-ൽ 130 ലക്ഷം ഹെക്ടറിലാണ് ഇന്ത്യയിൽ പരുത്തിക്കൃഷി നടന്നത്. മഹാരാഷ്ട്രയ്ക്ക് പുറമേ, മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലും ഈ പിങ്ക് പുഴുവിന്റെ ഭീഷണി പരക്കെയുണ്ടെന്ന് ആ സ്റ്റേറ്റുകളിൽനിന്നുള്ള റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഗുജറാത്തിലും ഈ പ്രശ്നങ്ങളുണ്ടായിരുന്നുവെങ്കിലും, ഈ പുഴുക്കൾ പെറ്റുപെരുകുന്ന തണുപ്പുകാലത്തിന്നും മുൻപേ വിളവെടുക്കാൻ കഴിവുള്ള പരുത്തിയിനങ്ങൾ നട്ടുപിടിപ്പിച്ച് അവർ ഒരുപരിധിവരെ ഈ പ്രശ്നത്തെ നേരിട്ടിട്ടുണ്ട്.
ഇത്തരമൊരു പ്രശ്നം നിലനിൽക്കുന്നുണ്ടെന്ന് ഇന്ത്യയിലെ കാർഷിക മന്ത്രാലയം സമ്മതിക്കുന്നുണ്ടെങ്കിലും, ബിടി കോട്ടൺ നിരോധിക്കണമെന്ന മഹാരാഷ്ട്രയുടേയും മറ്റ് സംസ്ഥാനങ്ങളുടേയും ആവശ്യത്തെ അവർ തള്ളിക്കളയുകയാണ് ചെയ്തത്. ബിടി കോട്ടൺ നിരോധിച്ചാൽ, സാധാരണ പരുത്തി ഉപയോഗിക്കാൻ അവർക്ക് കഴിയും എന്നതുകൊണ്ടാണ് സംസ്ഥാനങ്ങൾ കേന്ദ്രത്തിനോട് ഇത്തരമൊരു ആവശ്യമുന്നയിച്ചത്. (ഈ നിരോധനം വിത്തുകളുടെ വിലയേയും, വിത്ത് കമ്പനികളുടെ റോയൽറ്റിയേയും ലാഭത്തേയും ബാധിക്കും. ഇത് പാരി ഇന്ത്യ മറ്റൊരു ലേഖനത്തിൽ വിശദീകരിക്കുന്നതാണ്). പക്ഷേ, ഈ പ്രതിസന്ധിയെ സ്വന്തം നിലയ്ക്ക് ഓരോ സംസ്ഥനവും കൈകാര്യം ചെയ്യണമെന്നും അതിന് കഴിവുള്ളവരെ ഇതിൽ പങ്കെടുപ്പിക്കണമെന്നുമാണ് കേന്ദ്രം മറുപടി പറഞ്ഞത്.
പിങ്ക് പുഴുക്കളുടെ തിരിച്ചുവരവ്
2015-ലാണ് ആദ്യമായി, ഈ പിങ്ക് പുഴുക്കളുടെ തിരിച്ചുവരവിന്റെ അപായമണി മുഴങ്ങിയത്. ജനിതകമാറ്റം വരുത്തിയ ബിടി പരുത്തി സാങ്കേതികവിദ്യയുടെ ‘തകർച്ച’യെക്കുറിച്ച് ആ വർഷം ഇന്ത്യൻ പരുത്തി ഗവേഷണസ്ഥാപനം ആശങ്ക പ്രകടിപ്പിച്ചു. ഗുജറാത്തും മഹാരാഷ്ട്രയുമടക്കം എല്ലാ പ്രമുഖ പരുത്തിയുത്പാദന സംസ്ഥാനങ്ങളിലെയും പാടങ്ങളിൽ ഈ പിങ്ക് നിറത്തിലുള്ള പുഴുക്കൾ തിരിച്ചുവന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു.
2010-ൽ ബിടി പരുത്തിയിൽ ഇടയ്ക്കിടയ്ക്ക് ഈ പിങ്ക് പുഴുക്കൾ കാണപ്പെട്ട് തുടങ്ങിയെങ്കിലും, വലിയ രീതിയിലുള്ള ഒരാക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടത്, 2015-ൽ ഗുജറാത്തിലായിരുന്നു. വിത്തുണ്ടകളെ അതിന്റെ ഉള്ളിലിരുന്നുതന്നെ കാർന്നുതിന്നുന്ന, ഒരിഞ്ച് വലിപ്പവും ആരോഗ്യലക്ഷണത്തിന്റെ പിങ്ക് നിറവുമുള്ള ഈ പുഴുക്കൾ ജനിതകമാറ്റം വരുത്തിയ, വിലപിടിപ്പുള്ള പരുത്തിയുടെ നാശത്തെയാണ് വിളംബരം ചെയ്തത്. ഇതേ കീടത്തിനെ ചെറുക്കാനായിരുന്നു പരുത്തിയിൽ ജനിതകമാറ്റം വരുത്തിയതുതന്നെ.
2015 നവംബർ അവസാനത്തെ ആഴ്ച ഗുജറാത്തിലെ ഭാവ്നഗർ ജില്ലയിലെ ഒരു കർഷക ഏതാനും പരുത്തി വിത്തുണ്ടകൾ ചെടിയിൽനിന്ന് പറിച്ചെടുത്ത് പൊട്ടിച്ച്, തന്നെ സന്ദർശിക്കാൻ വന്ന വിദഗ്ദ്ധർക്ക് കാണിച്ചുകൊടുത്തു. “അവർ വളരെ ക്ഷുഭിതയായിരുന്നു” എന്നാണ് ആ വിദഗ്ദ്ധസംഘത്തിന്റെ തലവനും പ്രിൻസിപ്പൽ സയന്റിസ്റ്റുമായ ഡോ. കേശവ് ക്രാന്തി ഓർമ്മിച്ചെടുത്തത്. 2016 ഫെബ്രുവരിയിൽ അദ്ദേഹത്തെ അഭിമുഖം നടത്താൻ പോയതായിരുന്നു ഞാൻ. രാജ്യത്തെ ഏറ്റവും പ്രമുഖ പരുത്തി ഗവേഷണകേന്ദ്ര സ്ഥാപനത്തിന്റെ (സെൻട്രൽ ഇൻസ്റ്റിട്യൂറ്റ് ഓഫ് കോട്ടൺ റിസർച്ച് – സി.ഐ.സി.ആർ) ഡയറക്ടറായിരുന്നു ആ സമയത്ത് ഡോ. ക്രാന്തി. വാഷിംഗ്ടൺ ആസ്ഥാനമായ അന്താരാഷ്ട്ര പരുത്തി ഉപദേശകസമിതിയുടെ (ഇന്റർനാഷണൽ കോട്ടൺ അഡ്വൈസറി കമ്മിറ്റി) സാങ്കേതിക ഡയറക്ടറാണ് ഇപ്പോൾ അദ്ദേഹം.
തന്റെ നഷ്ടത്തെ ഓർത്തായിരുന്നു ആ കർഷകയുടെ ക്ഷോഭം. ചെറുതെങ്കിലും അപകടകാരിയായ ആ പുഴു അവരുടെ പരുത്തിയെ നശിപ്പിച്ച് അതിന്റെ ഗുണമേന്മയും ഇല്ലാതാക്കിയിരുന്നു. ആ പിങ്ക് നിറത്തിലുള്ള പുഴുവിനെ കണ്ട് അത്ഭുതപരതന്ത്രരായ ശാസ്ത്രജ്ഞന്മാരെ പക്ഷേ മറ്റൊരു കാര്യമായിരുന്നു കൂടുതൽ അലട്ടിയത്.
മൂന്ന് ദശാബ്ദങ്ങൾക്കുശേഷമാണ്, പെക്ടിനോഫോറ ഗാസ്സിപ്പിയേൽസ് (അഥവാ സൌണ്ടേർസ്) എന്ന ശാസ്ത്രനാമമുള്ള പിങ്ക് പുഴു പ്രതികാരബുദ്ധിയോടെ ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. ബോൾഗാർഡ്-II ബിടി കോട്ടൺ വിത്തുണ്ടകളിലിരുന്ന് വിരുന്നുണ്ണുകയായിരുന്നു അവ. ഈ പുഴുക്കളെ ചെറുക്കാനായി, ജനിതകവ്യതിയാനത്തിലൂടെ കണ്ടുപിടിച്ചതും രണ്ടാം തലമുറയിൽപ്പെട്ടതുമായ അതിശക്തമായ പരുത്തി ഇനമായിരുന്നു ബോൾഗാർഡ്-II ബിടി കോട്ടൺ. അമേരിക്കൻ ബോൾവേമും (മുൻകാല ചരിത്രം നോക്കിയാണ് ആ പേരിട്ടത്) ഒരുപക്ഷേ തിരിച്ചുവന്നേക്കുമെന്നുള്ള സൂചനയായിരുന്നു അത് ഡോ. ക്രാന്തിക്ക് നൽകിയത്. (ഇതുവരെ ആ വിഭാഗത്തിലുള്ള പുഴുക്കൾ പ്രത്യക്ഷപ്പെട്ടിട്ടില്ല).
ഇന്ത്യാ-പാക്കിസ്ഥാൻ ഉത്പത്തിയുള്ളതെന്ന് സി.ഐ.സി.ആറും പരുത്തി ഗവേഷകരും കരുതുന്ന പിങ്ക് പുഴുവും അമേരിക്കൻ ബോൾവേമുമാണ് (വിത്തുണ്ടയിലെ പുഴു)1970-കളിലും 80-കളിലും ഇന്ത്യയിലെ പരുത്തിക്കർഷകരെ ശല്യപ്പെടുത്തിയ മാരകമായ കീടങ്ങളിൽ രണ്ടെണ്ണം. 1990-കളിൽ, ഈ പുഴുക്കളെ നേരിടുന്നതിന് അധികവിളവ് തരുന്ന സങ്കരവിത്തുകളിൽ പുതിയ കീടനാശിനികൾ പ്രയോഗിക്കാൻ തുടങ്ങി. 1990-കളുടെ അവസാനത്തോടെ ഇന്ത്യയിൽ ബിടി കോട്ടൺ അവതരിപ്പിച്ചപ്പോൾ - സങ്കരജാതിവിത്തുകളിൽ ബിടി ജീനുകളോടെ – അവ, ഈ രണ്ട് കീടങ്ങൾക്കുമുള്ള ഉത്തരമായിട്ടാണ് കരുതപെട്ടത്.
പക്ഷേ 2015-16 കാലത്ത്, ഏക്കർ കണക്കിന് പരുത്തിക്കൃഷിയെ ഈ പിങ്ക് പുഴുക്കൾ ആക്രമിക്കുകയും, ഉത്പാദനം 7 – 8 ശതമാനത്തോളം കുറയ്ക്കുകയും ചെയ്തതായി സി.ഐ.സി.ആറിന്റെ ഫീൽഡ് പഠനങ്ങൾ കാണിച്ചു.
പിങ്ക് പുഴുവിന്റെ ലാർവ (മുട്ടയിൽനിന്ന് വിരിഞ്ഞ ഉടനെയുള്ള രൂപം) പരുത്തി, വെണ്ടക്കായ, ചെമ്പരത്തി, ചണ എന്നിങ്ങനെ ചില വിളവുകളെ മാത്രമാണ് ആക്രമിക്കുക. അത് പൂക്കളിലും, ഇളം മൊട്ടുകളിലും, തണ്ടിന്റേയും ഇലകളുടേയും അരികുകളിലും ഇലഞെട്ടുകളിലും തളിരിലകളുടെ അടിഭാഗങ്ങളിലുമാണ് മുട്ടയിടുന്നത്. വിരിഞ്ഞ് രണ്ട് ദിവസത്തിനുള്ളിൽ ഈ ലാർവകൾ പൂക്കളുടെയും ഇളം മൊട്ടുകളുടേയും അണ്ഡാശയത്തിലേക്ക് കടക്കും. 3 - 4 ദിവസങ്ങൾക്കുള്ളിൽ ഈ ലാർവെകൾക്ക് പിങ്ക് നിറം കൈവരും. കഴിക്കുന്ന ഭക്ഷണത്തിനനുസരിച്ചായിരിക്കും അവയുടെ നിറം. പാകമായ വിത്തുകൾ കഴിക്കുന്നതുകൊണ്ടാണ് പിങ്ക് നിറം ഉണ്ടാവുന്നത്. പുഴു ബാധിച്ച വിത്തുണ്ടകൾ കാലം തെറ്റാതെ മുളപൊട്ടുകയോ ദ്രവിക്കുകയോ ചെയ്യും. പരുത്തിനാരിന്റെ നീളവും ബലവുമൊക്കെ ശോഷിക്കും. ഈ പുഴുക്കൾ ബാധിച്ച വിത്തുണ്ടകൾക്ക് രണ്ടാമതും ഫംഗസ് ബാധ വരുകയും ചെയ്തേക്കാം.
കമ്പോളത്തിലെത്തിക്കുന്ന പരുത്തിവിത്തുകളിൽനിന്നാണ് ഈ പുഴുക്കൾ വ്യാപിക്കുന്നത്. സാധാരണയായി തണുപ്പുകാലത്തിന്റെ ആരംഭത്തോടെയാണ് ഈ പിങ്ക് പുഴു അവതരിക്കുന്നത്. പരുത്തിപ്പൂക്കളും വിത്തുണ്ടകളും ഉള്ളിടത്തോളം അവ നിലനിൽക്കുകയും ചെയ്യും. കൂടുതൽ സമയമെടുത്ത് വളരുന്ന പരുത്തിയിലാകട്ടെ, ഈ പുഴുക്കൾ ധാരാളം തവണ ജീവിതചക്രം ആവർത്തിക്കുകയും അങ്ങിനെ പിന്നീടുള്ള കൃഷിയെക്കൂടി അത് ബാധിക്കുകയും ചെയ്യും. സ്വീകരണശേഷിയുള്ള വിളകൾ കിട്ടിയില്ലെങ്കിൽ ഈ പുഴുക്കൾക്ക് നിദ്രാവസ്ഥ പ്രാപിക്കാനും അടങ്ങിക്കിടക്കാനും ജനിതകമായി കഴിവുണ്ട്. അടുത്ത സീസൺവരെ, 6 -– 8 മാസത്തേക്ക് അവ ഒതുങ്ങിക്കൂടും.
ആശങ്കയും പരിഹാരമില്ലായ്മയും
ബോൾവേമുകൾ മടങ്ങിവന്നുവെന്ന സി.ഐ.സി.ആറിന്റെ റിപ്പോർട്ടുകൾ പുറത്തുവന്നത് 2016 മേയിൽ നടന്ന രണ്ട് ഉന്നത സമ്മേളനങ്ങളെ ആശങ്കയിലാഴ്ത്തി. ദില്ലിയിൽവെച്ച് നടന്ന ഇന്ത്യൻ കൌൺസിൽ ഓഫ് ആഗ്രിക്കൾച്ചർ റിസർച്ചിന്റേയും (ഐ.സി.എ.ആർ), ഇന്ത്യൻ കൌൺസിൽ ഓഫ് സയന്റിഫിക്ക് റിസർച്ചിന്റേയും സമ്മേളനങ്ങളായിരുന്നു അവ. രാജ്യത്തെ പ്രമുഖ കാർഷിക, ശാസ്ത്ര ഗവേഷണസ്ഥാപനങ്ങളാണ് അവ രണ്ടും. ജനിതകമാറ്റം വരുത്തിയ വിളകളിൽ നടക്കുന്ന ഏതെങ്കിലും പൊതുമേഖലാ പദ്ധതികൾക്ക് ഈ വിഷയത്തിൽ ഒരു പരിഹാരമാർഗ്ഗം കണ്ടെത്താൻ കഴിയുമോ എന്ന് ഉദ്യോഗസ്ഥന്മാർ ചർച്ച ചെയ്തു.
“ബോൾവേമുകൾ തിരിച്ചുവന്നിട്ടുണ്ടെന്നതിൽ സംശയമില്ല”, കോട്ടൺ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കോട്ടൺ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ന്യൂസ് എന്ന പ്രസിദ്ധീകരണത്തിൽ 2016-ൽ എഴുതിയ ഒരു ലേഖനത്തിൽ ഡോ. ക്രാന്തി എഴുതി. “ബിടി കോട്ടണിന്റെ ബോൾവേം നിയന്ത്രണശേഷി 2020-വരെ എങ്ങിനെ നിലനിർത്താമെന്നത് വലിയൊരു സമസ്യയാണ്”, അദ്ദേഹം അതിൽ എഴുതി.
ജനിതകവ്യതിയാനം വരുത്തി, പരീക്ഷണം നടത്തി, ഇന്ത്യയിലെ പൊതുമേഖലയുടേയോ സ്വകാര്യമേഖലയുടേയോ നേതൃത്വത്തിൻകീഴിൽ വ്യാവസായികാടിസ്ഥാനത്തിൽ ഏതെങ്കിലും സാങ്കേതികവിദ്യ 2020-നുമുൻപ് നടപ്പിൽ വരാനുള്ള സാഹചര്യമുണ്ടായിരുന്നില്ല.
ബോൾവേമുകളെ നിയന്ത്രിക്കാനുള്ള വഴികളെക്കുറിച്ച് ഐ.സി.എ.ആർ - ഐ.സി.എസ്.ആർ സമ്മേളനങ്ങളിൽ ശാസ്ത്രജ്ഞന്മാർ തല പുകച്ചു. “ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ല വഴി, ജനുവരിക്കപ്പുറത്തേക്ക് പോകാത്ത വിധം, ഹ്രസ്വകാല ബിടി പരുത്തി സങ്കരയിനങ്ങൾ വളർത്തുക എന്നതാണ്” എന്ന് 2016-ൽ ഡോ. ക്രാന്തി ഈ ലേഖകനോട് പറഞ്ഞു. ഇത് ബോൾവേമുകളെ നിഷ്ക്രിയരാക്കും. കാരണം, അവ പരുത്തിയെ ആക്രമിക്കുന്നത് പ്രധാനമായും തണുപ്പുകാലത്താണ്. പക്ഷേ, ദീർഘനാളത്തേക്ക് ഉപകരിക്കുന്ന വിധത്തിലുള്ള ബിടി സങ്കരയിനങ്ങളാണ് ഇന്ത്യയിലെ മിക്ക വിത്തുത്പാദന കമ്പനികളും ഉത്പാദിപ്പിക്കുന്നത്.
ആ വർഷം, പിങ്ക് പുഴുവിന്റെ ആക്രമണം, 2017-18-നേക്കാളും കുറവായിരുന്നു.
ബിടി കോട്ടൺ തകരുന്നു
“ഏറെ കൊട്ടിഘോഷിക്കപ്പെട്ട സാങ്കേതികവിദ്യ (ബിടി കോട്ടൺ, അഥവാ ബിജി-I, അതിന്റെ രണ്ടാം തലമുറയിലെ ബിജി-II എന്നിവ) തോറ്റുപോയി”. 2016-ൽ ഡോ. ക്രാന്തി എന്നോട് പറഞ്ഞു. “ശേഷി കുറഞ്ഞ ബിജി-I, ബിജി-II സാങ്കേതികവിദ്യയുമായി പൊരുത്തപ്പെടുക, ബോൾവേമുകളേയും മറ്റ് കീടങ്ങളേയും നിയന്ത്രിക്കാൻ കീടനാശിനികൾ ഉപയോഗിക്കുക - അതുമാത്രമേ ഇനി കർഷകർക്ക് രക്ഷയുള്ളൂ എന്നർത്ഥം.
മണ്ണിൽ ജീവിക്കുന്ന ബസില്ലസ് തുരിംഗിനെസിസ് എന്ന ബാക്ടീരിയയിൽനിന്നാണ് ബിടി പരുത്തിക്ക് ആ പേര് കിട്ടിയത്. ആ ബാക്ടീരിയയിൽനിന്ന് എടുത്ത ക്രൈ എന്ന് പേരായ (ക്രിസ്റ്റലിന്റെ അഥവാ പരലിന്റെ ചുരുക്കപ്പേരാണ് ക്രൈ) ജീനുകളാണ് ബിടി വിത്തുകളിലുള്ളത്, ബോൾവേമിനെ പ്രതിരോധിക്കുന്നതിനായി, ആ ക്രൈ ജീനുകളെ പരുത്തിച്ചെടിയുടെ ജീനിൽ നിക്ഷേപിക്കുന്നു.
ബോൾവേമിനെ (വിത്തുണ്ടയിലെ പുഴുക്കളെ) നിയന്ത്രിക്കാൻ ലക്ഷ്യമിട്ടായിരുന്നു ബിടി കോട്ടൺ സൃഷ്ടിച്ചത്. പക്ഷേ ആ പുഴുക്കൾ ബിടി പരുത്തിയെ അതിജീവിക്കുന്നതായി കർഷകർ കണ്ടെത്തുമെന്ന് ഡോ. ക്രാന്തി തന്റെ സ്വന്തം സി.ഐ.സി.ആർ ബ്ലോഗ്ഗിലും, ചില വ്യവസായ മാസികകളിലെ ലേഖനപരമ്പരകളിലും പണ്ട് എഴുതിയിരുന്നു. എന്നാൽ ഐ.സി.എ.ആറോ, കേന്ദ്ര കൃഷിവകുപ്പോ അത്തരമൊരു ഭീഷണിസാധ്യതകയെപ്പറ്റി ജാഗ്രത കാണിച്ചില്ല. അതിനുശേഷം, സംസ്ഥാന, കേന്ദ്രസർക്കാരുകൾ ഈ പിങ്ക് പുഴുക്കൾ ഉണ്ടാക്കുന്ന നാശനഷ്ടങ്ങളെക്കുറിച്ച് ബോധവാന്മാരായെങ്കിലും ആവശ്യമായ പരിഹാരമാർഗ്ഗങ്ങളുമായി മുന്നോട്ട് വന്നതുമില്ല.
ഇന്ത്യയിലെ ബിടി പരുത്തിവിത്ത് മേഖലയിലെ കുത്തക, അമേരിക്കൻ ജൈവവിത്ത് ബഹുരാഷ്ട്ര കമ്പനിയായ മൊൺസാന്റോവിനാണ്. 2002-03-ൽ ബിടി പരുത്തിയുടെ ഉത്പാദനവും വില്പനയും ഇന്ത്യൻ സർക്കാർ അംഗീകരിച്ചു. വിൽക്കുന്ന ഓരോ ബാഗ് വിത്തിനും 20 ശതമാനം റോയൽറ്റിക്കാണ് മൊൺസാന്റോ ഇന്ത്യൻ വിത്തുകമ്പനികൾക്ക് “സാങ്കേതികവിദ്യ കൈമാറിയത്. കീടനാശിനികളുടെ ഉപയോഗം കുറയ്ക്കുകയും പരുത്തിയുടെ ഉത്പാദനം കൂട്ടുകയും ചെയ്യുക എന്നതായിരുന്നു പ്രഖ്യാപിത ലക്ഷ്യം. ആ രണ്ട് ലക്ഷ്യങ്ങൾക്കുമുള്ള പരിഹാരം എന്ന മട്ടിലാണ് ജനിതകവ്യതിയാന സാങ്കേതികവിദ്യയെ പ്രോത്സാഹിപ്പിച്ചതും.
ആദ്യത്തെ വർഷം, 400 ഗ്രാമിന്റെ ഒരു ബാഗ് ബിടി പരുത്തി സങ്കരയിനം വിത്തിന് 1,800 രൂപയായിരുന്നു വില. പിന്നീട്, റോയൽറ്റിയും അതുവഴി ബിടി പരുത്തിവിത്തിന്റെ വിലയും നിയന്ത്രിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ രംഗത്തിറങ്ങി. അതിന്റെ ഫലമായി ആദ്യവർഷങ്ങളിൽ 400 ഗ്രാം ബിടി പരുത്തിവിത്തിന്റെ ബാഗിന്റെ വില 1,000-ത്തിലെത്തിയെങ്കിലും മൊൺസാന്റോവിന്റെ റോയൽറ്റി തുക ചില്ലറവിലയുടെ 20 ശതമാനമായിത്തന്നെ നിലനിന്നുവെന്ന് വിത്ത് കമ്പോളത്തിലെ നിരീക്ഷകർ സൂചിപ്പിക്കുന്നു. ഇന്ത്യൻ ബിടി പരുത്തിവിത്തിന്റെ വ്യാപാരം 4,800 കോടി വരുമെന്ന് ഡോ. ക്രാന്തി 2016-ൽ എഴുതി.
ആഗോളമായി 226 ലക്ഷം ഹെക്ടറിലായി വ്യാപിച്ചുകിടക്കുന്ന ബിടി കോട്ടണിന്റെ വ്യാപാരത്തിൽ 160 ലക്ഷം ഹെക്ടറുകൾ മാത്രമേ സ്വകാര്യ സാങ്കേതികവിദ്യാ വിതരണക്കാർക്ക് തുറന്ന് കൊടുത്തിട്ടുള്ളു. 2014-15-ൽ ഇന്ത്യയിൽ 115 ലക്ഷം ഹെക്ടറിൽ ബിടി കോട്ടൺ കൃഷി ഉണ്ടായിരുന്നു. 2006-07-ൽ മൊൺസാന്റോ ബിജി-II സങ്കരയിനം പുറത്തിറക്കുകയും ആ സാങ്കേതികവിദ്യ കൂടുതൽ ശേഷിയുള്ളതും കൂടുതൽ കാലം നിലനിൽക്കുന്നതുമാണെന്നും പ്രഖ്യാപിച്ചു. ഇവ, മെല്ലെമെല്ലെ ബിജി-I-ന് പകരമായി ഉപയോഗിക്കപ്പെട്ട് തുടങ്ങി. ഇപ്പോൾ, സർക്കാർ കണക്കുകൾപ്രകാരം രാജ്യത്തിലെ പരുത്തിക്കൃഷി നടക്കുന്ന 130 ലക്ഷം ഹെക്ടർ കൃഷിസ്ഥലത്തിന്റെ 90 ശതമാനവും ബിജി-II സങ്കരയിനം കൈയ്യടക്കിയിരിക്കുന്നു.
ബസില്ലസ് തുരിംഗിനെസിസിൽനിന്നുള്ള ക്രൈ1 Ac, ക്രൈ2 Ab ജീനുകളെ പരുത്തിച്ചെടിയിൽ നിക്ഷേപിക്കുന്ന സാങ്കേതികവിദ്യയായ ബോൾഗാർഡ് ബിജി- II സാങ്കേതികവിദ്യ മൂന്ന് കീടങ്ങളെ - അമേരിക്കൻ ബോൾവേം (ഹെലിക്കോവെർപ്പ അർമിഗെര), പിങ്ക് ബോൾവേം, പുള്ളിക്കുത്തുള്ള ബോൾവേം (ഈരിയാസ് വിറ്റെല്ല) - ചെറുക്കുമെന്നായിരുന്നു അവകാശവാദം. ആദ്യതലമുറയിൽപ്പെട്ട സങ്കരയിനത്തിന്റെ, അഥവാ ബിടി പരുത്തിയുടെ വിത്തിൽ, ഒരു ക്രൈ1 Ac ജീൻ മാത്രമേ ഉണ്ടായിരുന്നുള്ളു.
പരിസ്ഥിതിയും കാലാവസ്ഥയുമായി ചേർന്നുപോകുന്ന രീതിയിൽ ബിടി സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് ഇന്ത്യയിൽ കൃത്യമായ മാർഗ്ഗരേഖകളൊന്നുമില്ലെന്ന് മറ്റൊരു ലേഖനത്തിൽ ഡോ. ക്രാന്തി ചൂണ്ടിക്കാട്ടുന്നുണ്ട്. സുസ്ഥിരമായ ലക്ഷ്യങ്ങളൊന്നുമില്ലാത്ത ചുരുങ്ങിയത് ആറ് വ്യത്യസ്ത ബിടി ഈവന്റു കൾക്കെങ്കിലും മിനിസ്ട്രി ഓഫ് എൻവയണ്മെന്റിന്റെ ജെനിറ്റിക്ക് എൻജിനീയറിംഗ് അപ്രൂവൽ കമ്മിറ്റി അംഗീകാരം നൽകിയിട്ടുണ്ട്.
ബസില്ലസ് തുരിംഗിനെസിസ് എന്ന ബാക്ടീരിയത്തിലുള്ള ഒരു ജീൻ ഉത്പാദിപ്പിക്കുന്ന മാംസ്യം ബോൾവേമിനെ പ്രതിരോധിക്കുന്ന പ്രതിവിഷമായി പ്രവർത്തിക്കുന്നു. ബോൾവേമുകളെ പ്രതിരോധിക്കാൻ ചെടികൾക്ക് കഴിയുന്നവിധം തയ്യാറാക്കുന്ന ജീൻ നിർമ്മിതികൾ ശാസ്ത്രജ്ഞന്മാർ പരുത്തിവിത്തുകളിൽ സ്ഥാപിക്കുന്നു. ഇതാണ് ജി.എം. കോട്ടൺ. അത്തരമൊരു ജീൻ നിർമ്മിതി സസ്യത്തിന്റെ ജനിതകസംവിധാനത്തിലെ ക്രോമോസോമിൽ സ്ഥാനം പിടിക്കുമ്പോഴാണ് അതിനെ ഒരു ഈവന്റ് (സംഭവ്യത) എന്ന് വിശേഷിപ്പിക്കുന്നത്.
ചെറുത്തുനിൽപ്പിനുണ്ടാവുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചപ്പോഴും ആ മുന്നറിയിപ്പുകളെ ഗൌരവമായി കണക്കാക്കിയില്ലെന്ന് ക്രാന്തി എഴുതുന്നു. ചെറുത്തുനിൽപ്പെന്നത് പരിണാമപരമായ ഒരു പ്രക്രിയയാണ്. കീടങ്ങളെ ലക്ഷ്യംവെച്ച് മുമ്പ് പ്രയോഗിച്ചിരുന്ന വിദ്യകൾ ഫലിക്കാതെ വരുമ്പോഴാണ്, കീടപ്രതിരോധം വികസിച്ചു എന്ന് പറയാൻ സാധിക്കുക. പകരം, നാലോ അഞ്ചോ വർഷങ്ങൾക്കുള്ളിൽത്തന്നെ ഇന്ത്യയിലെ സ്വകാര്യ കമ്പനികൾ ആയിരത്തിന് മീതെ സങ്കരയിനം ബിടി പരുത്തിവ്യതിയാനങ്ങൾ സ്വന്തം വിത്തുകളുടെ ക്രോമോസമുകളിൽ സ്ഥാപിച്ച് പരീക്ഷണങ്ങൾ നടത്തിയെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇതാകട്ടെ, കൃഷിശാസ്ത്രത്തിലും കീടപരിപാലനത്തിലും ആകെ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്തു. കീടങ്ങളെ കൈകാര്യം ചെയ്യാൻ ഇന്ത്യൻ പരുത്തി കർഷകർ കൂടുതൽക്കൂടുതൽ അശക്തരാവുകയാവും ഇതിന്റെ അനന്തരഫലം.
2017-ൽ, കളനാശിനികളുമായി പൊരുത്തപ്പെട്ടുപോവുന്ന (ഹെർബിസൈഡ് ടോളറന്റ് – എച്ച്.ടി) പരുത്തിവിത്തുകൾ ധാരാളമായി നട്ടുപിടിപ്പിക്കപ്പെട്ടു. അത്തരത്തിലൊന്നായിരുന്നു മൊൺസാന്റോവിന്റെ പുതിയ പരുത്തിവിത്തായ എച്ച്.ടി.കോട്ടൺ. വ്യാവസായിക വിൽപ്പനയ്ക്ക് സർക്കാർ പച്ചക്കൊടി കാണിച്ചിട്ടില്ലെങ്കിലും, വിത്ത് കമ്പനികളും രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങളും ഈ പുതിയ എച്ച്.ടി. പരുത്തിവിത്തുകൾ കർഷകർക്ക് ഇതിനകംതന്നെ വിറ്റു തുടങ്ങിയിരിക്കുന്നു. പക്ഷേ ബോൾവേമിനും മറ്റ് കീടങ്ങൾക്കുമുള്ള പ്രതിവിഷമല്ല എച്ച്.ടി. പരുത്തിവിത്തുകൾ. കളകളേയും കാട്ടുചെടികളേയും കൊല്ലാൻ കഴിയുന്ന രാസവസ്തുക്കളെ ചെറുക്കാനും അതേസമയം സ്വയം പ്രതികൂലമായി ബാധിക്കാത്തതുമായ പരുത്തിച്ചെടികളെയാണ് ഇത്തരം വിത്തുകളിൽനിന്ന് പ്രതീക്ഷിക്കുന്നത്.
ഇന്ന്, 2018-ൽ ഡോ. ക്രാന്തിയുടെ മുന്നറിയിപ്പുകൾ സത്യമായിത്തീർന്നിരിക്കുന്നു. 2010-ൽ ഗുജറാത്തിൽനിന്ന് പിങ്ക് പുഴുവിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വന്നപ്പോൾ, അത് ചെറിയൊരു പ്രദേശത്തെ ബിജി-I പരുത്തിയിൽ മാത്രമായിരുന്നു. എന്നാൽ 2012-നും 2014-നുമിടയിൽ വലിയൊരു പ്രദേശത്തെ ബിജി- II പരുത്തിയിലേക്ക് ഇന്നത് വ്യാപിച്ചിരിക്കുന്നു.
ബിജി- II യിലുള്ള പിങ്ക് പുഴുവിന്റെ ലാർവെ ഗുജറാത്തിലുടനീളം കാര്യമായി വർദ്ധിച്ചിട്ടുണ്ടെന്നായിരുന്നു, 2015-2016 കാലത്ത് സി.ഐ.സി.ആർ സംഘടിപ്പിച്ച സർവ്വേകളിൽ കണ്ടത്. അമ്രേലി, ഭാവ്നഗർ ജില്ലകളിലാകട്ടെ മൂന്ന് ജീൻഘടനയേയും (ക്രൈ1 Ac, ക്രൈ2Ab, ക്രൈ1Ac+Cry2Ab പിങ്ക് പുഴു അതിജീവിച്ചതായും കണ്ടെത്തി.
പിങ്ക് പുഴുക്കളെയും, മറ്റ് ചില കീടങ്ങളേയും നിയന്ത്രിക്കാൻ കർഷകർ ഇപ്പോൾത്തന്നെ ചില കീടനാശിനികൾ ഉപയോഗിക്കുന്നുണ്ട്. 2015 ഡിസംബറിൽ സി.ഐ.സി.ആർ നടത്തിയ വിപുലമായ ഫീൽഡ് സർവ്വേയിൽ, കൂടുതൽ നാശങ്ങളുണ്ടായിരിക്കുന്നത്, രണ്ടാമത്തെയും മൂന്നാമത്തെയും പച്ച വിത്തുണ്ടകളുടെ വിളവിലാണെന്ന് കണ്ടെത്തി. ഒക്ടോബർ മുതൽ മാർച്ചുവരെയുള്ള അഞ്ച് മാസക്കാലത്ത്, പൂവിടുന്നതിനനുസരിച്ച് നാലോ ചിലപ്പൊൾ അഞ്ചോ ഘട്ടങ്ങളിലായിട്ടാണ് കർഷകർ വെളുത്ത പരുത്തി പറിക്കുന്നത്.
പിങ്ക് കീടങ്ങളുടെ വരവും ബിജി- II-ന്റെ പരാജയവും വിവിധ കാരണങ്ങളാലാണെന്നാണ് സി.ഐ.സി.ആർ കണ്ടെത്തിയത്. മറ്റ് പല കാരണങ്ങളോടൊപ്പം അവയിലെ പ്രധാനമായ കണ്ടുപിടുത്തം, സങ്കരയിനങ്ങളെ ഉപയോഗിച്ചുള്ള ദീർഘകാല കൃഷി പിങ്ക് കീടങ്ങൾ പെരുകാൻ ഇടയാക്കുന്നു എന്നതായിരുന്നു
സങ്കരയിനങ്ങളിലല്ല, മറിച്ച്, തുറന്ന രീതിയിൽ പരാഗണം നടത്തിയ ഇനങ്ങളിലായിരുന്നു ( നേർവരയിലുള്ള സ്വദേശി പരുത്തിയിൽ, അഥവാ, സ്ട്രെയിറ്റ് ലൈൻ ദേശി കോട്ടൺ എന്ന് പറയപ്പെടുന്ന ഇനത്തിൽ), ബിടി കോട്ടൺ പ്രയോഗിക്കേണ്ടിയിരുന്നത് എന്ന് ഡോ. ക്രാന്തി പറയുന്നു. ലോകത്ത് ഇന്ത്യയിൽ മാത്രമാണ് സ്ട്രെയിറ്റ് ലൈൻ ഇനങ്ങൾക്കുപകരം, സങ്കരയിനങ്ങളിൽ ബിടി ജീനുകൾ ഉപയോഗിക്കാൻ അനുവാദമുള്ളത്. സ്ട്രെയിറ്റ് ലൈനിൽ ജീനുകൾ ഉപയോഗിച്ചിരുന്നെങ്കിൽ കർഷകർക്ക് കമ്പോളത്തിൽനിന്ന് വീണ്ടും വിത്തുകൾ വാങ്ങേണ്ടിവരില്ലായിരുന്നു. സങ്കരയിനങ്ങളിലാകട്ടെ, ഓരോ വർഷവും കർഷകർക്ക് വിത്തുകൾ വാങ്ങേണ്ടിവരികയും ചെയ്യും.
“ബിജി- II സാങ്കേതികവിദ്യ ഒരിക്കലും ദീർഘകാല സങ്കരയിനങ്ങളിൽ അനുവദിക്കാൻ പാടില്ലായിരുന്നു” എന്ന് അദ്ദേഹം പറയുന്നു. “നമ്മൾ നേർ വിപരീതമാണ് ചെയ്തത്”, ഡോ. ക്രാന്തി വ്യക്തമാക്കി.
പിങ്ക് കീടങ്ങളുടെ തിരിച്ചുവരവും കർഷകർക്ക് അതുണ്ടാക്കിയ നാശനഷ്ടങ്ങളും കഴിഞ്ഞ മൂന്ന് വർഷമായി ഇന്ത്യൻ പരുത്തിവിത്ത് കമ്പനികളിൽ ചിലതിനെ - ഏകദേശം 50 കമ്പനികളെ - മൊൺസാന്റോവിന് എതിരാക്കി. അവരെല്ലാവരും ബിജി- I, ബിജി- II സാങ്കേതികവിദ്യ വാങ്ങിയത് ഈ ബഹുരാഷ്ട്രക്കുത്തകയിൽനിന്നായിരുന്നു. 2016-17-ൽ ഇവരിലെ 46 കമ്പനികൾ മൊൺസാന്റോവിന് റോയൽറ്റി കൊടുക്കാൻ വിസമ്മതിച്ചു. പക്ഷേ അത് മറ്റൊരു കഥയാണ്.
ബിജി- II-ന് പകരം നിൽക്കാൻ കഴിയുന്ന ജനിതകമാറ്റം വരുത്തിയ സാങ്കേതികവിദ്യകളൊന്നും ഇപ്പോഴില്ല. അടുത്തകാലത്തൊന്നും ഉണ്ടാവാനും സാധ്യതയില്ല. കൂടുതൽ ഫലപ്രദമായ കീടനാശിനികൾക്കുള്ള സാങ്കേതികവിദ്യയും ലഭ്യമല്ല. ലക്ഷക്കണക്കിൻ ഹെക്ടർ കൃഷിഭൂമികളിൽ വ്യാപിച്ചുകിടക്കുന്നതും, ഗ്രാമീണ ഇന്ത്യയിൽ ദശലക്ഷക്കണക്കിന് തൊഴിൽദിനങ്ങൾ നൽകുന്നതുമായ പരുത്തിക്കൃഷിയുടെ മേഖലയിൽ ഭീമമായ പ്രതിസന്ധിയെയാണ് ഇന്ത്യ ഇന്ന് നേരിടുന്നത്.
‘ എന്റെ കൃഷിസ്ഥലം ഒരുപക്ഷേ ഞാൻ നിരപ്പാക്കും’
2018 ജനുവരിയിൽ വദൻദരെ – ആംഗാംവ് (ഖുർദ്) ഗ്രാമത്തിലെ നഷ്ടത്തിലായ കർഷകൻ - തന്റെ കൃഷി അവസാനിപ്പിച്ചു. നശിച്ചുപോയ പരുത്തി വിറ്റാൽ കിട്ടുന്നതിനേക്കാൾ ചിലവുണ്ട് അത് പറിക്കാൻ എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. “ഈ ചെടികൾ നോക്കൂ, നല്ല വിളവ് കിട്ടുമെന്ന് കണ്ടാൽ തോന്നിയേക്കാം. പക്ഷേ ഈ വർഷം എനിക്ക് തകർച്ചയായിരുന്നു”, വീഴാതിരിക്കാൻ മുളന്തണ്ടുകൾകൊണ്ട് താങ്ങിനിർത്തിയ ഉയരമുള്ള നിരനിരയായ ചെടികളുടെ ഇടയിലൂടെ നടന്നുകൊണ്ട് വദൻദരെ പറഞ്ഞു.
തകർച്ചയുടെ മറ്റൊരു സീസൺ കടന്നുപോയപ്പോൾ, മഹാരാഷ്ട്രയിലെ ധാരാളം കർഷകർ വിളവെടുക്കാതെ ബാക്കിനിർത്തിയ അവരുടെ പരുത്തിച്ചെടികൾ വെട്ടിക്കളഞ്ഞു. യവത്മാൽ ജില്ലയിൽ പല കർഷകരും ബുൾഡോസർ ഉപയോഗിച്ച് അവരുടെ കൃഷി പിഴുതുമാറ്റി. മറ്റ് ചിലരാകട്ടെ, മഞ്ഞുമൂടിയതുപോലെയുള്ള വെളുത്ത പാടങ്ങളിലൊന്നാകെ കീടങ്ങൾ പെറ്റുപെരുകിയതിൽ മനംനൊന്ത് നിരാശരായി തങ്ങളുടെ കൃഷികൾ പാടെ ഉപേക്ഷിക്കുകയും ചെയ്തു.
നിരവധിയാളുകൾ ആകസ്മികമായി കീടനാശിനി ശ്വസിച്ചതിന് പിന്നാലെയായിരുന്നു പടിഞ്ഞാറൻ വിദർഭയിൽ കൊയ്ത്തുകാലം വന്നത്. 50 കർഷകർ മരിച്ചു. ആയിരത്തോളം പേർക്ക് ഗുരുതരമായി അസുഖം ബാധിച്ചു. അവരിൽ ചിലർക്ക് 2017 ജൂലായ്-നവംബർ മാസങ്ങളിൽ കാഴ്ചശക്തി നഷ്ടപ്പെടുകയും ചെയ്തു.
പിങ്ക് കീടങ്ങൾ വ്യാപിക്കുന്ന ജനുവരിയിലെ ശൈത്യകാലത്തിന്റെ മൂർദ്ധന്യത്തിൽ, ആസന്നമായ നാശനഷ്ടങ്ങൾ പ്രതീക്ഷിച്ച് പരുത്തിക്കർഷകർ സ്തബ്ധരായി നിന്നു.
ജനുവരിയിൽ വദൻദരെയെ കണ്ടപ്പോൾ അയാൾ എന്നോട് പറഞ്ഞു, “ഞാൻ ഒരുപക്ഷേ എന്റെ പാടം നിരപ്പാക്കും, അടുത്തുതന്നെ”. കീടങ്ങൾ ആക്രമിച്ച് നശിപ്പിച്ച വിത്തുണ്ടകൾ അയാൾ എനിക്ക് കാണിച്ചുതന്നു. മുൻപ് രണ്ടുതവണ ഞാൻ അയാളെ കണ്ടിരുന്നു. പക്ഷേ ഇപ്രാവശ്യം, കഴിഞ്ഞതവണത്തേക്കാൾ, ആ പിങ്ക് കീടങ്ങൾ വിത്തുണ്ടകളെ നശിപ്പിച്ചിരുന്നു. കീടനാശിനികൾക്കൊന്നും ആ കീടത്തെ തളയ്ക്കാനാവില്ല. കാരണം, അവ, വിത്തുണ്ടകളുടെ അകത്തേക്ക് കടന്ന്, സ്വയം, രാസവസ്തുക്കളിൽനിന്ന് അഭയം പ്രാപിച്ച് വളരെ വേഗം പെറ്റുപെരുകും, വദൻദരെ പറഞ്ഞു.
ഇന്ത്യയിലെ പരുത്തിപ്പാടങ്ങളിൽ രൂപംകൊള്ളുന്ന കൊടുങ്കാറ്റിനെക്കുറിച്ചാണ് വദൻദരെയുടെ ആശങ്കകൾ സംസാരിക്കുന്നത്.
പരിഭാഷ: രാജീവ് ചേലനാട്ട്