“കിത്ത്കിത്ത് (ചാടിക്കളി), ലട്ടു (കറക്കം), താസ് ഖേല (ചീട്ടുകളി)“, അഹമ്മദ് ആവർത്തിക്കുന്നു. ഉടനെത്തന്നെ ആ 10 വയസ്സുകാരൻ സ്വയം തിരുത്തി വിശദീകരിക്കുന്നു. “ഞാനല്ല, അല്ലാരഖയാണ് ചാടിക്കളിക്കുന്നത്”.
ഒരുവയസ്സിന്റെ മൂപ്പ് കാണിക്കാനും, കളിയിലെ തന്റെ പ്രാഗത്ഭ്യം തെളിയിക്കാനുമെന്നവണ്ണം, അവൻ കൂട്ടിച്ചേർക്കുന്നു, “എനിക്കീ പെൺകുട്ടികൾ കളിക്കുന്ന കളിയൊന്നും ഇഷ്ടമല്ല. ഞാൻ സ്കൂൾ ഗ്രൌണ്ടിൽ ക്രിക്കറ്റ് കളിക്കുകയാണ് ചെയ്യാറ്. സ്കൂൾ ഇപ്പോൾ അടച്ചുവെങ്കിലും ഞങ്ങൾ മതിലിൽ വലിഞ്ഞുകയറി ഗ്രൌണ്ടിലെത്തും”.
ബന്ധത്തിലുള്ള ഈ സഹോദരന്മാർ ആശ്രംപാഡ പ്രദേശത്തെ ബാണിപീഠ് പ്രൈമറി സ്കൂളിലാണ് പഠിക്കുന്നത്, അല്ലാരഖ 3-ലും അഹമ്മദ് 4-ലും.
2021 ഡിസംബറിന്റെ ആദ്യഭാഗമായിരുന്നു അത്. ഉപജീവനത്തിനായി ബീഡി ചുരുട്ടുന്ന സ്ത്രീകളെ കാണാൻ പശ്ചിമബംഗാളിലെ ബെൽഡംഗ -1 ബ്ലോക്കിലേക്ക് യാത്ര പോയതായിരുന്നു ഞങ്ങൾ.
ഒരു ഒറ്റപ്പെട്ട മാവിന്റെ സമീപത്ത് ഞങ്ങൾ നിർത്തി. ഒരു പഴയ ശ്മശാനത്തിലൂടെ പോവുന്ന ഇടുങ്ങിയ റോഡിന്റെ അരികിലാണ് അത് നിന്നിരുന്നത്. അകലെ കടുകുപാടങ്ങൾ കാണാം. ശാന്തവും നിശ്ശബ്ദവുമായ ഒരുലോകം. മരിച്ചുപോയവർ നിതാന്തനിദ്രയിൽ വിശ്രമിക്കുന്നു. ആ ഒറ്റപ്പെട്ട മാവ്, തലയെടുപ്പോടെ, മൌനമായി കാവൽ നിൽക്കുന്നു. വസന്തത്തിൽ വീണ്ടും മാങ്ങകൾ ഉണ്ടാകുമ്പോഴേ പക്ഷികൾ ഇനി ആ മരത്തിൽ കൂടുകൂട്ടൂ.
പെട്ടെന്ന്, ആ നിശ്ശബ്ദതയെ ഭഞ്ജിച്ചുകൊണ്ട് ആരോ ഓടിവരുന്ന ശബ്ദം കേട്ടു. അഹമ്മദും അല്ലാരഖയും കണ്മുന്നിലെത്തി. അവർ ചാടുകയും മറിയുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. അവർ ഞങ്ങളുടെ സാന്നിദ്ധ്യം അറിഞ്ഞില്ലെന്ന് തോന്നി.







