മുരളീധര്‍ ജവാഹിരെ ജോലി ചെയ്യാന്‍ ഇരുന്നുകഴിഞ്ഞാല്‍ തെറ്റിപ്പോകുന്നതിന്‍റെയോ ശ്രദ്ധ മാറിപ്പോകുന്നതിന്‍റെയോ പ്രശ്നം ഉണ്ടാകുന്നില്ല. നിശബ്ദതയില്‍ അദ്ദേഹത്തിന്‍റെ കരങ്ങള്‍ ദ്രുതഗതിയില്‍ ചലിക്കുകയും തോരണങ്ങളെ തമ്മില്‍ ബന്ധിക്കുകയും സാധാരണ പരുത്തിനൂല്‍ ഉപയോഗിച്ച് ചേര്‍ത്തുകെട്ടുകയും ചെയ്യുന്നു. ഈ 70-കാരന്‍റെ ദുര്‍ബ്ബലമായ ശരീരപ്രകൃതിയും മുളകൊണ്ട് ഏതാണ്ടെല്ലാ ദിവസവും താനുണ്ടാക്കുന്ന ചട്ടക്കൂട്ടിലേക്ക് സ്വയം ആവാഹിക്കുന്ന പൂര്‍ണ്ണമായ എകാഗ്രതയും തമ്മില്‍ വൈരുദ്ധ്യം തോന്നാം.

മഹാരാഷ്ട്രയിലെ ഇചല്‍കരഞ്ചി പട്ടണത്തില്‍ ചെളിയും ഇഷ്ടികയും ചേര്‍ത്തുണ്ടാക്കിയ തന്‍റെ വീടിനു പുറത്തുള്ള തൊഴിലിടത്തില്‍ പണിസാധനങ്ങളൊക്കെ ചിതറിക്കിടക്കുന്നു – മുളവടികള്‍, വര്‍ണ്ണക്കടലാസുകള്‍, ജെലാറ്റിന്‍ കടലാസ്, പഴയ പത്രക്കടലാസുകള്‍ അങ്ങനെ പലതും. കുറച്ചു മണിക്കൂറുകള്‍ക്കകം ഇവയൊക്കെ സങ്കീര്‍ണ്ണങ്ങളായ തോരണങ്ങളായിത്തീരും – വീടുകളുടെയും ക്ഷേത്രങ്ങളുടെയുമൊക്കെ കട്ടളപ്പടികള്‍ മോടിപിടിപ്പിക്കാനുപയോഗിക്കുന്ന പൂമാല പോലെയുള്ള അലങ്കാരങ്ങള്‍.

മുരളീധര്‍ ചുളിവ് വീണ തന്‍റെ കൈകള്‍കൊണ്ട് ഒരു മുളംകമ്പ്   തുല്യവലിപ്പമുള്ള 30 കഷണങ്ങളായി വേഗത്തില്‍ കുറുകെ മുറിക്കുന്നു. പിന്നീടദ്ദേഹം അതിനെ തികച്ചും സ്വയം ബോദ്ധ്യമായ അളവുപ്രകാരം 9 സമഭുജ ത്രികോണങ്ങളാക്കി മാറ്റുന്നു. 3 അല്ലെങ്കില്‍ 10 അടിനീളമുള്ള മുളംകമ്പുകളോട് അദ്ദേഹം ഈ ത്രികോണങ്ങള്‍ ബന്ധിപ്പിക്കുന്നു.

മുരളീധര്‍ തന്‍റെ വിരലുകള്‍ ഇടയ്ക്കിടെ ചളുങ്ങിയ ഒരു അലുമിനിയം പാത്രത്തിലിടുന്നു. പുളിങ്കുരു ചതച്ചുണ്ടാക്കുന്ന ഖല്‍ എന്നറിയപ്പെടുന്ന ഒരുതരം പശയാണതിലുള്ളത്. അദ്ദേഹത്തിന്‍റെ ഭാര്യയായ ശോഭ (പ്രായം അറുപതുകളില്‍) അന്നുരാവിലെ ഉണ്ടാക്കിയതാണിത്.

“ജോലി ചെയ്യുമ്പോള്‍ ഒരുവാക്ക് പോലും അദ്ദേഹം മിണ്ടില്ല, ആര്‍ക്കും അദ്ദേഹത്തെ തടസ്സപ്പെടുത്താന്‍ കഴിയില്ല”, അവര്‍ പറഞ്ഞു.

മുരളീധര്‍ നിശബ്ദനായി മുളകൊണ്ടുള്ള ചട്ടക്കൂട് ഉണ്ടാക്കുന്നത് തുടരുമ്പോള്‍ ശോഭ തുടര്‍ന്ന് ചെയ്യേണ്ട അലങ്കാരങ്ങള്‍ തയ്യാറാക്കുന്നു. പല നിറങ്ങളിലായി വൃത്താകൃതിയിലുള്ള ജെലാറ്റിന്‍ കടലാസുകള്‍ അവര്‍ ഒരു തൊങ്ങലിലേക്ക് കോര്‍ത്തുവയ്ക്കുന്നു. “വീട്ടുജോലികളില്‍നിന്നും സ്വതന്ത്രമാകുമ്പോഴൊക്കെ ഞാന്‍ ഇത് ചെയ്യാന്‍ തുടങ്ങും. പക്ഷെ ഈ പണി കണ്ണുകള്‍ക്ക് ബുദ്ധിമുട്ടാണ്”, അവര്‍ പറഞ്ഞു.

PHOTO • Sanket Jain

18 അടി നീളമുള്ള ഒരു മുളവടി നീളത്തില്‍ മുറിച്ചുകൊണ്ടാണ് മുരളീധര്‍ ചട്ടക്കൂട് നിര്‍മ്മാണം ആരംഭിക്കുന്നത്

പശയുണ്ടാക്കാന്‍ അവരുപയോഗിക്കുന്ന പുളിങ്കുരുവിന് ഒരു പായലിക്ക് (5 കിലോഗ്രാം) 40 രൂപയാണ്. എല്ലാ വര്‍ഷവും 2-3 പായലി അവര്‍ക്കാവശ്യമുണ്ട്. തോരണങ്ങള്‍ അലങ്കരിക്കുന്നതിനായി ജവാഹിരെ ദമ്പതികള്‍ നൂറിലധികം വരുന്ന ചെറുകുടകളുടെ ശേഖരം കരുതുന്നു. തേങ്ങ, രാഘു (തത്ത) എന്നിവയുടെ ആകൃതിയിലുള്ള രൂപങ്ങളൊക്കെ പഴയ പത്രക്കടലാസുകളില്‍ നിന്നുണ്ടാക്കുന്നു. “ഇവയെല്ലാം ഞങ്ങള്‍ വീട്ടില്‍ ഉണ്ടാക്കുമായിരുന്നു, പക്ഷെ ഇപ്പോള്‍ പ്രായംകാരണം ഞങ്ങളവ വിപണിയില്‍നിന്നു വാങ്ങുന്നു”, ശോഭ വിശദീകരിച്ചു. “90 തേങ്ങകള്‍ക്കും രാഘുവിനും ഞങ്ങള്‍ 100 രൂപ ചിലവാക്കുന്നു. ചട്ടക്കൂട് തയ്യാറായിക്കഴിഞ്ഞാല്‍ മുരളീധര്‍ അലങ്കാരപ്പണികളൊക്കെ അതിലേക്ക് ചേര്‍ത്ത് വയ്ക്കാന്‍ തുടങ്ങുന്നു.

ജവാഹിരെ കുടുംബം തലമുറകളായി, ഒരു നൂറ്റാണ്ടിലധികമായി, ഇത്തരം തോരണങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. “എന്‍റെ അച്ഛനില്‍നിന്നും ഞാന്‍ കേട്ടത് ഞങ്ങളുടെ കല കുറഞ്ഞത് 150 വര്‍ഷങ്ങള്‍ പഴക്കമുള്ളതാണെന്നാണ്”, പ്രകടമായ അഭിമാനത്തോടെ മുരളീധര്‍ പറഞ്ഞു. താംബട് സമുദായത്തില്‍ (മഹാരാഷ്ട്രയില്‍ ഓ.ബി.സി. പട്ടികയില്‍) പെടുന്ന അദ്ദേഹത്തിന്‍റെ കുടുംബം പരമ്പരാഗതമായി തോരണങ്ങള്‍ ഉണ്ടാക്കുകയും ടാപ്പുകളും ഈയംപൂശിയ ഓട്ടുപാത്രങ്ങളും ചെമ്പുപാത്രങ്ങളും നന്നാക്കുകയും ചെയ്യുന്നു.

അദ്ദേഹത്തിന്‍റെ അച്ഛന്‍ ചാവി (ചെമ്പ്, ഓട്ടു പാത്രങ്ങളിലെ ടാപ്പുകള്‍) പിടിപ്പിക്കുകയും, ബംബുകള്‍ (വെള്ളം ചൂടാക്കുന്നതിനുള്ള പരമ്പരാഗത സംവിധാനം) നന്നാക്കുകയും, പാത്രങ്ങള്‍ കല്‍ഹയി ചെയ്യുകയും (ഓട്ടു, ചെമ്പു പാത്രങ്ങള്‍ ഈയം പൂശുന്ന പ്രക്രിയ) ചെയ്യുമായിരുന്നു. പക്ഷെ കല്‍ഹയി ചെയ്യുന്നതിനുള്ള പരിപാടി രണ്ടുദശകങ്ങള്‍ക്കു മുന്‍പ് ഇല്ലാതായെന്ന് അദ്ദേഹം പറഞ്ഞു. “ആരാണിപ്പോള്‍ ഓട്ടു, ചെമ്പു പാത്രങ്ങളൊക്കെ ഉപയോഗിക്കുന്നത്? എല്ലാം ഇപ്പോള്‍ സ്റ്റീലും പ്ലാസ്റ്റിക്കുമാണ്. അവയ്ക്കൊന്നും കല്‍ഹയിയുടെ ആവശ്യമില്ല.

തന്‍റെ കുടുംബമാണ് കൊല്‍ഹാപൂര്‍ ജില്ലയിലെ ഇചല്‍കരഞ്ചി പട്ടണത്തില്‍  ഇപ്പോഴും പരമ്പരാഗത കൈത്തൊഴിലിലൂടെ തോരണങ്ങള്‍ ഉണ്ടാക്കുന്ന അവസാനത്തെ, ഒരേയൊരു, കുടുംബമെന്ന് അദ്ദേഹം പറഞ്ഞു: കുറച്ച് ദശകങ്ങളായി ഈ തൊഴില്‍ ചെയ്തുകൊണ്ടിരുന്ന ഏതാണ്ട് 10 കുടുംബങ്ങളില്‍ “ഞങ്ങള്‍ മാത്രമാണ് ഇപ്പോഴിവ ഉണ്ടാക്കുന്നത്.” “പഠിക്കുന്ന കാര്യം പോട്ടെ, [ഇന്ന്] ഈ കലാരൂപത്തെക്കുറിച്ച് ആരും വന്ന് ചോദിക്കുക പോലുമില്ല”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇപ്പോഴും ഗുണമേന്മ സ്ഥിരതയോടെ സൂക്ഷിക്കുന്നകാര്യം അദ്ദേഹം ഉറപ്പുവരുത്തുന്നു. “കാഹിച് ബദല്‍ നാഹി. തീച് ക്വാളിറ്റി, തോച് നമുന” , അദ്ദേഹം പറഞ്ഞു – ഒരു മാറ്റവുമില്ല. ഇത് ഒരേ ഗുണമേന്മയുള്ളതാണ്, ഒരേപോലുള്ളതും.

മുരളീധര്‍ തോരണങ്ങള്‍ ഉണ്ടാക്കാന്‍ പഠിച്ചത് 10 വയസ്സ് ഉള്ളപ്പോഴാണ്. അച്ഛന്‍ ഉണ്ടാക്കുന്നത് കണ്ടാണ്‌ പഠിച്ചത്. ഒരു ജ്യാമിതീയരൂപത്തിന്‍റെയും സഹായമില്ലാതെ തോരണങ്ങള്‍ ഉണ്ടാക്കാന്‍ “ഒരുപാട് ദശകങ്ങളുടെ പ്രവര്‍ത്തനം ആവശ്യമാണ്‌” എന്ന് അദ്ദേഹം പറഞ്ഞു. “ഒരു യഥാര്‍ത്ഥ കലാകാരന് ഒരു തോതിന്‍റെയും ആവശ്യമില്ല”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “അളക്കാനുള്ള ഒരുപകരണവും ഞങ്ങള്‍ ഉപയോഗിക്കാറില്ല. അളക്കേണ്ട കാര്യം ഞങ്ങള്‍ക്കില്ല. ഇതെല്ലാം ഓര്‍മ്മയില്‍ നിന്നാണ്.”

PHOTO • Sanket Jain

കമ്പ് മുറിച്ച് കൂടുതല്‍ കഷണങ്ങളുണ്ടാക്കുന്നതിനു മുന്‍പ് ചില സ്ഥലങ്ങളില്‍ അവയെ വളച്ച് മുരളീധര്‍ മുളയെ പരുവപ്പെടുത്തിയും രൂപപ്പെടുത്തിയെടുക്കുന്നു

എങ്ങനെ രൂപകല്‍പ്പന ചെയ്യണം എന്നതിനെപ്പറ്റി എഴുതിവച്ചിരിക്കുന്ന ഒന്നുംതന്നെയില്ല. “കശാലാ പാഹിജെ?” , എന്തിനാണ് ഒരാള്‍ക്ക് മാതൃക വേണ്ടത്? “പക്ഷെ ഇതിന് കൃത്യതയും വൈദഗ്ദ്യവും വേണം”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടക്കത്തില്‍ അദ്ദേഹം കുഴപ്പം വരുത്തുമായിരുന്നു, പക്ഷെ ഇപ്പോള്‍ മുളകൊണ്ടുള്ള ഒരു ഘടനയുണ്ടാക്കാന്‍ അദ്ദേഹത്തിന് 20 മിനിറ്റ് മതി.

അന്നുണ്ടാക്കിക്കൊണ്ടിരുന്ന ചട്ടക്കൂടില്‍ അദ്ദേഹമൊരു കടലാസ് കുട കെട്ടുകയും മയിലിന്‍റെ രണ്ട് മഞ്ഞ ചിത്രങ്ങള്‍ പിടിപ്പിക്കുകയും ചെയ്തു. 28 കിലോമീറ്റര്‍ അപ്പുറത്തുള്ള കൊല്‍ഹാപൂര്‍  നഗരത്തില്‍ നിന്നുമാണ് അദ്ദേഹം ഇത് വാങ്ങിയത്. പിന്നീട് മുരളീധറും ശോഭയും ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും ചിത്രങ്ങള്‍ ഒന്നിടവിട്ടുള്ള ത്രികോണ ഘടനകളില്‍ സ്ഥാപിക്കുകയും ചെയ്യുന്നു. ഇവയെല്ലാം മൊത്തത്തില്‍ വാങ്ങുന്നതാണ് – ഒന്നുകില്‍ കര്‍ണ്ണാടകയിലെ നിപാനിയില്‍ നിന്ന്, അല്ലെങ്കില്‍ കോല്‍ഹാപൂരില്‍ നിന്ന്. “ചിത്രം കിട്ടുന്നില്ലെങ്കില്‍ പഴയ കലണ്ടറുകള്‍, വിവാഹ കാര്‍ഡുകള്‍, പത്രക്കടലാസുകള്‍ എന്നിവയൊക്കെ നോക്കി അവ ഞാന്‍ മുറിച്ചെടുക്കുന്നു”, മുരളീധര്‍ പറഞ്ഞു. എത്ര ചിത്രങ്ങള്‍ ഉപയോഗിക്കണമെന്ന്  മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിട്ടൊന്നുമില്ല. “അത് കലാകാരന്‍റെ താത്പര്യമാണ്”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിത്രങ്ങളൊക്കെ പിന്നീട് ശോഭയുള്ള അര്‍ദ്ധസുതാര്യമായ ജെലാറ്റിന്‍ ഷീറ്റുകള്‍കൊണ്ട് മൂടുന്നു.

ചട്ടക്കൂടിന്‍റെ ബാക്കി ഭാഗങ്ങള്‍ പിന്നീട് നിറങ്ങളോടു കൂടിയ പ്രിന്‍റ് ചെയ്ത കടലാസ് ഷീറ്റുകള്‍കൊണ്ട് അലങ്കരിക്കുന്നു. ഏകദേശം 33x46 ഇഞ്ച്‌ വലിപ്പമുള്ള ഓരോ ഷീറ്റുകളുടെയും വില 3 രൂപയാണ്. മികച്ച ഗുണമേന്മയുള്ള തോരണങ്ങള്‍ ഉണ്ടാക്കാനായി മുരളീധര്‍ വെല്‍വെറ്റ് ഷീറ്റുകളാണ് ഉപയോഗിക്കുന്നത്. ചട്ടക്കൂടിന്‍റെ താഴത്തെ ഭാഗത്ത് രണ്ട് കടലാസ് തത്തകളെ പിടിപ്പിക്കുന്നു. എല്ലാ ത്രികോണങ്ങളുടെയും താഴെ സ്വര്‍ണ്ണനിറത്തില്‍ പൊതിഞ്ഞ ഒരു കടലാസ് തേങ്ങ ജെലാറ്റിന്‍ തൊങ്ങലുകള്‍ക്കൊപ്പം തൂങ്ങിക്കിടക്കുന്നു.

“10 അടിയുള്ള തോരണമുണ്ടാക്കാന്‍ ഏകദേശം 5 മണിക്കൂറുകള്‍ എടുക്കും”, മുരളീധര്‍ പറഞ്ഞു. പക്ഷെ അദ്ദേഹം ഒരിക്കലും നിശ്ചിതമായ ഒരു സമയക്രമം പിന്തുടരുന്നില്ല. “ആവോ ജാവോ, ഘര്‍ തുമ്ഹാരാ” [നിങ്ങള്‍ക്ക് വരാം, പോകാം, ഇത് നിങ്ങളുടെ വീടാണ്], ഇഷ്ടമുള്ളപ്പോള്‍ ജോലിചെയ്യാന്‍ പറ്റുന്നതരത്തില്‍ താന്‍ സ്വതന്ത്രനാണ് എന്ന് പറയുന്നതിനായി ഒരു ഹിന്ദി പഴമൊഴി അദ്ദേഹം പറയുന്നു.

സമയക്രമത്തിന് മാറ്റമുണ്ടാകാം, പക്ഷെ കൃത്യത മാറ്റമില്ലാതെ തുടരും. മണിക്കൂറുകളോളം ബുദ്ധിമുട്ടുകള്‍ നിറഞ്ഞ ജോലി ചെയ്തശേഷം ഈ കലയില്‍ നിരര്‍ത്ഥകമായി ഒന്നുമില്ലെന്നതില്‍ അദ്ദേഹത്തിന് അഭിമാനമുണ്ട്. “പ്ലാസ്റ്റിക്കുകള്‍കൊണ്ടും മറ്റ് ഹാനികരമായ വസ്തുക്കള്‍കൊണ്ടും മാത്രമുണ്ടാക്കുന്ന ആധുനിക തോരണങ്ങള്‍ നോക്കൂ. അതെല്ലാം പ്രകൃതിക്ക് ദോഷമാണ്.”

എല്ലാ തോരണങ്ങളുടെയും നീളം 10 അടിക്കും 3 അടിക്കും ഇടയിലാണ്. ചെറുതിനാണ് കൂടുതല്‍ ആവശ്യക്കാരുള്ളത്. 130 മുതല്‍ 1,200 രൂപയ്ക്കാണ് ഇവ വില്‍ക്കുന്നത്. 1990’കളുടെ അവസാനം ഇവയോരോന്നും 30 മുതല്‍ 300 രരൂപയ്ക്കാണ് അദ്ദേഹം വിറ്റിരുന്നത്.

PHOTO • Sanket Jain

തന്‍റെ സ്വന്തം കണക്കുകൂട്ടലുകളെ മാത്രം ആശ്രയിച്ച് മുരളീധര്‍ 30 കഷണങ്ങള്‍ ഒരേ വലിപ്പത്തില്‍ മുറിക്കുകയും പിന്നെ അവയെ 9 സമഭുജ ത്രികോണങ്ങള്‍ ആക്കിമാറ്റുകയും ചെയ്യുന്നു

വിവാഹ ചടങ്ങളുടെ സമയത്ത് വരനും വധുവും നെറ്റിയിലണിയുന്ന ബാശിങ്ങ എന്ന, സങ്കീര്‍ണ്ണമായി നിര്‍മ്മിച്ചെടുക്കുന്ന, കിരീടം പോലെയുള്ള ഒരു ആഭരണവും മുരളീധര്‍ നിര്‍മ്മിക്കുന്നു. ഇത് ഗ്രാമീണ ഉത്സവങ്ങള്‍ നടക്കുമ്പോള്‍ പ്രാദേശിക ദൈവങ്ങള്‍ക്കും സമര്‍പ്പിക്കാറുണ്ട്. ഒരുജോഡി കടലാസ് ബാശിങ്ങകള്‍ ഉണ്ടാക്കാന്‍ അദ്ദേഹത്തിന് ഒന്നരമണിക്കൂര്‍ വേണം – അത് വില്‍ക്കുന്നത് 150 രൂപയ്ക്കും. എത്രയെണ്ണമാണ് അദ്ദേഹം വില്‍ക്കുക എന്നത് ഏത് സീസണ്‍ ആണ്, ആവശ്യമെന്താണ് എന്നീ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. എല്ലാ ദീപാവലിക്കും ജവാഹിരെ ദമ്പതികള്‍ മുളയും അലങ്കാര കടലാസുകളും ഉപയോഗിച്ച് റാന്തലുകള്‍ നിര്‍മ്മിക്കുന്നു.

“അനുഷ്ഠാനങ്ങളുടെ ഭാഗമായതിനാല്‍ ബാശിങ്ങയ്ക്കുള്ള ആവശ്യം കുറഞ്ഞിട്ടില്ല”, മുരളീധര്‍ പറഞ്ഞു. “പക്ഷെ ആളുകള്‍ തോരണങ്ങള്‍ വാങ്ങുന്നത് ഉത്സവങ്ങള്‍ക്കും ദീപാവലി, വിവാഹം, വാസ്തു എന്നിവപോലെയുള്ള അവസരങ്ങളിലുമാണ്.”

മുരളീധര്‍ ഒരിക്കലും തന്‍റെ കലാവേലകള്‍ വ്യാപാരികള്‍ക്കു വിറ്റിട്ടില്ല. തന്‍റെ വൈദഗ്ദ്യങ്ങളോട് അവര്‍ നീതിപുലര്‍ത്തില്ല എന്നദ്ദേഹം കരുതുന്നു. “അവര്‍ കഷ്ടിച്ചാണ്‌ ഞങ്ങള്‍ക്ക് 60-70 രൂപ തരുന്നത് [മൂന്നടി തോരണങ്ങള്‍ക്ക്]. ഞങ്ങള്‍ക്ക് ആവശ്യത്തിന് ലാഭവും കിട്ടില്ല, അവര്‍ സമയത്ത് പണം തരികയുമില്ല”, അദ്ദേഹം പറഞ്ഞു. തന്‍റെ വീട്ടില്‍ നേരിട്ട് വാങ്ങാന്‍ വരുന്നവര്‍ക്കാണ് അദ്ദേഹം മുന്‍ഗണന നല്‍കുന്നത്.

പക്ഷെ വിപണിയില്‍ ലഭ്യമായ പ്ലാസ്റ്റിക് ബദലുകള്‍ അദ്ദേഹത്തിന്‍റെ കൈത്തൊഴിലിനെ ബാധിച്ചിട്ടുണ്ട്. അവ വിലകുറഞ്ഞതും ഉണ്ടാക്കാന്‍ എളുപ്പമുള്ളതുമാണെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്‍റെ പ്രതിമാസവരുമാനം കഷ്ടിച്ച് 5,000-6,000 രൂപയാണ്. കോവിഡ്-19 മഹാമാരിയും ലോക്ക്ഡൗണുകളും അദ്ദേഹത്തിന്‍റെ ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിപ്പിച്ചു. “മാസങ്ങളായി ഒരു ഓര്‍ഡര്‍പോലും എനിക്ക് ലഭിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷത്തെ ലോക്ക്ഡൗണില്‍ അഞ്ചുമാസത്തോളം ആരും തോരണങ്ങള്‍ വാങ്ങാന്‍ വന്നില്ല”, അദ്ദേഹം പറഞ്ഞു.

തന്‍റെ കുടുംബം മുഴുവനും വീട് വിട്ടുപോയ 1994-ലെ പ്ലേഗിനെക്കുറിച്ച് മുരളീധര്‍ ഓര്‍മ്മിക്കുന്നു. “മഹാമാരി കാരണം [പകര്‍ച്ചവ്യാധി] ഞങ്ങള്‍ പുറത്തെ [തുറന്ന] സ്ഥലത്തേക്കു പോയി. ഇപ്പോള്‍ കൊറോണ കാരണം എല്ലാവരോടും വീടിനകത്തിരിക്കാന്‍ പറയുന്നു. എങ്ങനെ സമയം എങ്ങനെയാണ് മാറുന്നതെന്ന് കാണുക”, അദ്ദേഹം പറഞ്ഞു.

സമയം യഥാര്‍ത്ഥത്തില്‍ മാറിയിരിക്കുന്നു. അച്ഛനില്‍നിന്നും വേലകള്‍ പഠിച്ച മുരളീധറില്‍നിന്നും വ്യത്യസ്തമായി അദ്ദേഹത്തിന്‍റെ മക്കള്‍ക്ക് തോരണങ്ങള്‍ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണതകളില്‍ താത്പര്യമില്ല. “പുളിങ്കുരു പശയില്‍ അവര്‍ തൊട്ടുനോക്കിയിട്ടു പോലുമില്ല”, അദ്ദേഹം പറഞ്ഞു. “ഈ കലയെക്കുറിച്ച് അവര്‍ എന്ത് മനസ്സിലാക്കാന്‍?” അദ്ദേഹത്തിന്‍റെ പുത്രന്മാരായ 36-കാരന്‍ യോഗേഷും 34-കാരന്‍ മഹേഷും കടച്ചില്‍യന്ത്ര തൊഴിലാളികളായി ജോലി ചെയ്യുന്നു. 32-കാരിയായ മകള്‍ യോഗിത വീട്ടമ്മയാണ്.

നിരവധി വാതിലുകള്‍ അലങ്കരിച്ച തോരണങ്ങളും, ആളുകളുടെ നെറ്റി അലങ്കരിച്ച ബാശിങ്ങകളും നിര്‍മ്മിച്ച് ആറോളം ദശകങ്ങള്‍ കഠിനാദ്ധ്വാനം ചെയ്തശേഷം മുരളീധറിന് തന്‍റെ പാരമ്പര്യം പകര്‍ന്നു നല്‍കാനായി ആരുമില്ല. “ഞങ്ങളിപ്പോള്‍ വേണ്ടാത്തവരായി തീര്‍ന്നിരിക്കുന്നു”, ഒരു പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു.

PHOTO • Sanket Jain

അദ്ദേഹം പിന്നെ കത്രിക ഉപയോഗിച്ച് കഷണങ്ങള്‍ മുറിക്കാന്‍ ആരംഭിക്കുന്നു: ‘അളവിനായി ഒരുപകരണവും ഞങ്ങള്‍ ഉപയോഗിക്കുന്നില്ല. ഞങ്ങള്‍ക്ക് അളക്കേണ്ട കാര്യമില്ല. ഇതെല്ലാം ഓര്‍മ്മയില്‍ നിന്നാണ്’

PHOTO • Sanket Jain

ത്രികോണ ഘടനകള്‍ തെറ്റിപ്പോകാതെ  ഇരിക്കുന്നതിനായി മുരളീധര്‍ കമ്പുകളെ, അവതമ്മില്‍ ചേരുന്ന സ്ഥലങ്ങളില്‍, സാധാരണ പരുത്തിനൂല്‍ കൊണ്ട് കെട്ടുന്നു

PHOTO • Sanket Jain

മുരളീധര്‍ ഇടയ്ക്കിടെ തന്‍റെ വിരലുകള്‍ പഴയൊരു അലൂമിനിയം പാത്രത്തിലേക്ക് മുക്കുന്നു - ഖല്‍ എന്നറിയപ്പെടുന്ന പശയാണതിലുള്ളത്

PHOTO • Sanket Jain

ചട്ടക്കൂടുകള്‍ക്ക് അപഭ്രംശംവരാതെ മുരളീധര്‍ ഖേല്‍ എന്ന പശ ഉപയോഗിക്കുന്നു – പുളിങ്കുരു പൊടിച്ചുണ്ടാക്കുന്ന ഒരുതരം പശയാണിത്

PHOTO • Sanket Jain

മുളകൊണ്ടുള്ള ഒരു ചട്ടക്കൂടുണ്ടാക്കാന്‍ അദ്ദേഹത്തിന് വെറും 20 മിനിറ്റ് മതി. പിന്നീടത് കട്ടിയുള്ള ഒരു മുളംതണ്ടിനോട് ചേര്‍ക്കുന്നു

PHOTO • Sanket Jain

കൈത്തൊഴിലിലൂടെ തോരണങ്ങളുണ്ടാക്കുന്ന ജോലികള്‍ ശോഭ ചെയ്യാനാരംഭിച്ചത് മുരളീധറുമായുള്ള വിവാഹശേഷമാണ്. ഇതായിരുന്നു അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ തൊഴില്‍

PHOTO • Sanket Jain

വീട്ടിലെ ജോലികള്‍ പൂര്‍ത്തിയാക്കിയശേഷം ശോഭ ജലാറ്റിന്‍ ഷീറ്റുകള്‍ കടലാസ് തൊങ്ങലുകളില്‍ മെനഞ്ഞെടുക്കുന്നു

PHOTO • Sanket Jain

മുരളീധറും ശോഭയും നൂറിലധികം കടലാസ് ‘കുടകള്‍’ കരുതിവയ്ക്കുകയും അവയൊക്കെ തോരണങ്ങള്‍ക്കു വേണ്ടിയുള്ള അലങ്കാര വസ്തുക്കളായി ഉപയോഗിക്കുകയും ചെയ്യുന്നു

PHOTO • Sanket Jain

മുരളീധര്‍ തന്‍റെ സ്ഥലത്ത് തോരണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു – ആളുകള്‍ ഇത് വാങ്ങുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുകയും ചെയ്യുന്നു

PHOTO • Sanket Jain

അച്ഛനില്‍നിന്നും വേലകള്‍ പഠിച്ച മുരളീധറില്‍നിന്നും വ്യത്യസ്തമായി അദ്ദേഹത്തിന്‍റെ മക്കള്‍ക്ക് കൈത്തൊഴിലിലൂടെ തോരണങ്ങള്‍ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണതകളില്‍ താത്പര്യമില്ല

PHOTO • Sanket Jain

വിവാഹ ചടങ്ങളുടെ സമയത്ത് വരനും വധുവും നെറ്റിയിലണിയുന്ന ബാശിങ്ങ എന്ന, സങ്കീര്‍ണ്ണമായി നിര്‍മ്മിച്ചെടുക്കുന്ന, കിരീടം പോലെയുള്ള ഒരു ആഭരണവും ജവാഹിരെ ദമ്പതികള്‍ നിര്‍മ്മിക്കുന്നു

PHOTO • Sanket Jain

ഒരുജോഡി കടലാസ് ബാശിങ്ങകള്‍ ഉണ്ടാക്കാന്‍ അദ്ദേഹത്തിന് ഒന്നരമണിക്കൂര്‍ വേണം - അത് വില്‍ക്കുന്നത് 150 രൂപയ്ക്കും. എത്രയെണ്ണമാണ് അദ്ദേഹം വില്‍ക്കുക എന്നത് ഏത് സീസണ്‍ ആണ്, ആവശ്യമെന്താണ് എന്നീ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു

PHOTO • Sanket Jain

ഗ്രാമീണ ഉത്സവങ്ങള്‍ നടക്കുമ്പോള്‍ പ്രാദേശിക ദൈവങ്ങളെയും ബാശിങ്ങ അണിയിക്കാറുണ്ട്. ഈ സങ്കീര്‍ണ്ണമായ വസ്തുക്കള്‍  നിര്‍മ്മിച്ചുകൊണ്ട് ആറോളം ദശകങ്ങള്‍ കഠിനാദ്ധ്വാനം ചെയ്തശേഷം മുരളീധറിന് തന്‍റെ പാരമ്പര്യം പകര്‍ന്നു നല്‍കാനായി ആരുമില്ല

പരിഭാഷ: റെന്നിമോന്‍ കെ. സി.

Sanket Jain

ਸੰਕੇਤ ਜੈਨ ਮਹਾਰਾਸ਼ਟਰ ਦੇ ਕੋਲ੍ਹਾਪੁਰ ਅਧਾਰ ਪੱਤਰਕਾਰ ਹਨ। 2019 ਤੋਂ ਪਾਰੀ ਦੇ ਫੈਲੋ ਹਨ ਅਤੇ 2022 ਤੋਂ ਪਾਰੀ ਦੇ ਸੀਨੀਅਰ ਫੈਲੋ ਹਨ।

Other stories by Sanket Jain
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.