അവസാനമായി ഒരു വര്‍ഷം തികച്ചും വീട്ടില്‍ ചിലവഴിച്ച സമയം ഓര്‍മ്മിച്ചെടുക്കാന്‍ രമേശ് ശര്‍മയ്ക്ക് കഴിയില്ല. “കഴിഞ്ഞ 15-20 വര്‍ഷങ്ങളായി ഞാന്‍ ഇതുതന്നെ ചെയ്തുകൊണ്ടിരിക്കുന്നു”, ഹരിയാനയിലെ കര്‍ണാല്‍ ജില്ലയിലെ ഗഗസീന ഗ്രാമത്തിലെ പാടത്ത് കരിമ്പു മുറിച്ചുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു.
ബീഹാറിലെ ആരാരിയ ജില്ലയിലെ ശോയിര്‍ഗാവ് ഗ്രാമത്തില്‍ നിന്നുള്ള 44-കാരനായ രമേശ് വര്‍ഷത്തിന്‍റെ പകുതി – ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെ – ഹരിയാനയിലേക്കും പഞ്ചാബിലേക്കും കര്‍ഷക തൊഴിലാളിയായി ജോലി ചെയ്യാനായി കുടിയേറുന്നു. “ബീഹാറില്‍ കര്‍ഷകനായി ഉണ്ടാക്കുന്നതിനേക്കാള്‍ കൂടുതല്‍ പണം ഹരിയാനയില്‍ തൊഴിലാളിയായി ഞാന്‍ ഉണ്ടാക്കുന്നു”, അദ്ദേഹം പറഞ്ഞു.
ശോയിര്‍ഗാവില്‍ രമേശിന് മൂന്നേക്കര്‍ കൃഷിസ്ഥലമുണ്ട്. വര്‍ഷത്തില്‍ 6 മാസം അദ്ദേഹം അവിടെ കൃഷി ചെയ്യുന്നു. ഖാരിഫ് (മണ്‍സൂണ്‍) സീസണില്‍ (ജൂണ്‍-നവംബര്‍) അദ്ദേഹം നെല്‍കൃഷി നടത്തുന്നു. “അതു മുഖ്യമായും സ്വന്തം ഉപഭോഗത്തിനാണ്”, മുറിച്ചുകൊണ്ടിരിക്കുന്ന കരിമ്പില്‍ നിന്നും കണ്ണെടുക്കാതെ അദ്ദേഹം പറഞ്ഞു.
ശര്‍മയുടെ ഒരു വര്‍ഷത്തെ പ്രധാന നാണ്യവിള ചോളമാണ്. റാബി സീസണിലാണ് (ശൈത്യകാലം) (ഡിസംബര്‍-മാര്‍ച്ച്) അതു വളര്‍ത്തുന്നത്. പക്ഷെ ഈ വിളയില്‍ നിന്നും വളരെക്കുറച്ചു പണമേ അദ്ദേഹത്തിനു ലഭിക്കുന്നുള്ളൂ. “കഴിഞ്ഞ വര്‍ഷം [2020] ക്വിന്‍റലിന് 900 രൂപയ്ക്കാണ് വിളവു വിറ്റത്”, 60 ക്വിന്‍റല്‍ വിളവെടുത്ത അദ്ദേഹം പറഞ്ഞു. “ദല്ലാള്‍ ശിപായി (കമ്മീഷന്‍ എജന്‍റ് ) ഗ്രാമത്തില്‍ വച്ചുതന്നെ അതു ഞങ്ങളോടു വാങ്ങി. വര്‍ഷങ്ങളായി ഇങ്ങനെയാണ്.”
മിനിമം താങ്ങു വില (എം.എസ്.പി.) യേക്കാള്‍ 50 ശതമാനത്തില്‍ താഴെ വിലയാണ് രമേശിനു ലഭിച്ചത്. 2019-20 വര്‍ഷം ചോളം ക്വിന്‍റലിന് 1,760 രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ എം.എസ്.പി.യായി നിശ്ചയിച്ചത്. സര്‍ക്കാര്‍ നിയന്ത്രിത മണ്ഡി കളില്‍ താങ്ങു വിലയ്ക്കു വില്‍ക്കുകയെന്നത് ബീഹാറില്‍ ഒരു സാദ്ധ്യത അല്ലാതായി മാറിയിരിക്കുന്നു. അതുകൊണ്ട് ശര്‍മയെപ്പോലുള്ള ചെറുകിട കര്‍ഷകര്‍ നേരിട്ടു ദല്ലാള്‍ ശിപായിമാരോട് (കമ്മീഷന്‍ എജന്‍റുമാര്‍) വില പേശാന്‍ നിര്‍ബ്ബന്ധിതരാകുന്നു.
ബീഹാര്‍ സര്‍ക്കാര്‍ 2006-ല്‍ 1960-ലെ ‘ബീഹാര്‍ കാര്‍ഷികോത്പന്ന വിപണി നിയമം’ (Bihar Agriculture Produce Market Act, 1960) പിന്‍വലിച്ചു. അതോടുകൂടി ‘കാര്‍ഷികോത്പന്ന വിപണി സമിതി’ (എ.പി.എം.സി.) യുമായി ബന്ധപ്പെട്ട മണ്ഡി സമ്പ്രദായം സംസ്ഥാനത്തു നിന്നും നീക്കപ്പെട്ടു. സ്വകാര്യ ഉടമസ്ഥതയിലുള്ള വ്യാപാര മേഖലകള്‍ കര്‍ഷകര്‍ക്ക് അനുവദിച്ചുകൊണ്ട് ഈ നീക്കം കാര്‍ഷിക മേഖലയെ ഉദാരവത്കരിക്കുമെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു. പക്ഷെ എ.പി.എം.സി.കള്‍ ഇല്ലാതായത് ബീഹാര്‍ കര്‍ഷകര്‍ക്ക് മെച്ചമൊന്നും ഉണ്ടാക്കിയില്ല. അവര്‍ ഇടനിലക്കാരേയും വ്യാപാരികള്‍ നിശ്ചയിക്കുന്ന വിലകളേയും കൂടുതല്‍ ആശ്രയിക്കാന്‍ നിര്‍ബ്ബന്ധിതരായതെയുള്ളൂ.
വടക്കു കിഴക്കന്‍ ബീഹാറില്‍ - നെല്ലിനോടും ഗോതമ്പിനോടുമോപ്പം - വളരുന്ന ഭക്ഷ്യ ധാന്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ചോളമാണ്. ഇന്ത്യയിലെ ഏതാണ്ടെല്ലാ ഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായി ശൈത്യകാലത്താണ് അവിടെ ചോളം കൃഷി ചെയ്യുന്നത്. ഈ പ്രദേശത്ത് ചോളത്തിന് ഖാരിഫ് സീസണിലെ വിളവിനേക്കാള്‍ മെച്ചപ്പെട്ട വിളവുണ്ടാകുന്നത് റാബി സീസണിലാണെന്ന് ന്യൂഡല്‍ഹിയിലുള്ള ഡയറക്ടറേറ്റ് ഓഫ് മെയ്സ് റിസര്‍ച്ചിന്‍റെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. ശൈത്യകാല വിള ചോളത്തിന്‍റെ വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങളെ, പ്രത്യേകിച്ച് ഭക്ഷ്യ-വ്യാവസായിക ഉപയോഗങ്ങളെ, തൃപ്തിപ്പെടുത്താന്‍ സഹായിക്കുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.
നല്ലൊരു സീസണില്‍ രമേശ് ശര്‍മ ഓരോ ഏക്കര്‍ സ്ഥലത്തുനിന്നും 20 ക്വിന്‍റല്‍ ചോളം വീതം വിളവെടുക്കും. തൊഴില്‍ ചിലവൊഴികെയുള്ള അദ്ദേഹത്തിന്‍റെ ചിലവുകള്‍ ഏക്കറിനു 10,000 രൂപവരെയാകും. “വിത്ത്, വളം, കീടനാശിനികള്‍ എന്നിങ്ങനെ കൃഷിയിറക്കുന്നതിനുള്ള ചിലവുകള്‍ക്കെ ഇതു തികയൂ”, അദ്ദേഹം പറഞ്ഞു. “ക്വിന്‍റലിന് 900 രൂപ വച്ച് 4 മാസത്തെ കഠിനാദ്ധ്വാനത്തിനു ശേഷം എനിക്കു കിട്ടുന്നത് 18,000 രൂപയാണ് [ഏക്കറിന്]. ഇത് ഒന്നിനും തികയില്ല.”
എം.എസ്.പി. നിരക്ക് ആയിരുന്നെങ്കില്‍ ഏക്കറിന് അദ്ദേഹത്തിന് 35,200 രൂപ ലഭിക്കുമായിരുന്നു. പക്ഷെ എം.എസ്.പി. നിരക്കിനു താഴെ ക്വിന്‍റലിന് 860 രൂപയ്ക്കു ചോളം വിറ്റതിനാല്‍ കഴിഞ്ഞ വര്‍ഷം ഏക്കറിന് 17,200 രൂപ വീതമാണ് നഷ്ടം ഉണ്ടായത്. “ഞാനെന്തു ചെയ്യും? ഞങ്ങള്‍ക്കു മറ്റു വഴികളില്ല. ദല്ലാളാണ് വില നിശ്ചയിക്കുന്നത്. ഞങ്ങള്‍ അംഗീകരിക്കേണ്ടി വരുന്നു.”
ആരാരിയയിലെ കുര്‍സക്കട്ട ബ്ലോക്കിലെ ശോയിര്‍ഗാവ് ഗ്രാമം അടുത്ത ജില്ലയായ പുര്‍ണിയയിലെ ഗുല്‍ബ്ബാഗ് മണ്ഡി യില്‍ നിന്നും 60 കിലോമീറ്റര്‍ മാറിയാണ് സ്ഥിതി ചെയ്യുന്നത്. ചോളം സംഭരിക്കുന്നതിന്‍റെ പ്രധാനപ്പെട്ട ഒരു കേന്ദ്രമാണ് മേല്‍പ്പറഞ്ഞ വിപണി. “എ.പി.എം.സി. നിയമം നീക്കം ചെയ്തതിനു ശേഷം പ്രസ്തുത മണ്ഡി പൂര്‍ണ്ണമായും സ്വകാര്യ വ്യാപാരികളുടെ നിയന്ത്രണത്തിലാണ്. ഇപ്പോള്‍ പുര്‍ണിയയിലേയും തൊട്ടടുത്തുള്ള ജില്ലകളിലേയും കര്‍ഷകര്‍ മണ്ഡി ക്കകത്തും പരിസരങ്ങളിലുമുള്ള ദല്ലാള്‍ ശിപായിമാര്‍ക്കാണ് (കമ്മീഷന്‍ ഏജന്‍റുമാര്‍) ചോളം വില്‍ക്കുന്നത്”, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്‍ഡ്യ (മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ്) ലിബറേഷനോട് ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സംഘടനയായ അഖില ഭാരതീയ കിസാന്‍ മഹാസഭയുടെ പുര്‍ണിയ ജില്ലാ പ്രസിഡന്‍റായ മൊഹമ്മദ് ഇസ്ലാമുദ്ദീന്‍ പറഞ്ഞു.
പ്രദേശത്തെ ചോളത്തിന്‍റെ വിലയെ ഗുല്‍ബ്ബാഗ് മണ്ഡി സ്വാധീനിക്കുന്നുവെന്നും ഇസ്ലാമുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു. “സ്വകാര്യ വ്യാപാരികള്‍ അവരുടെ താത്പര്യം അനുസരിച്ച് വിലതീരുമാനിക്കുന്നു. വ്യാപാരികള്‍ വിളകള്‍ തൂക്കുമ്പോള്‍ കര്‍ഷകരുടെ യഥാര്‍ത്ഥ വിളയേക്കാള്‍ അളവു കുറച്ചാണ് കണക്കു കൂട്ടുന്നത്. മറ്റെങ്ങും പോകാന്‍ പറ്റാത്തതിനാല്‍ കര്‍ഷകക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല.”
വലിയ കര്‍ഷകര്‍ക്കാണ് ഗുല്‍ബ്ബാഗില്‍ എളുപ്പം എത്താന്‍ പറ്റുന്നത്, എന്തുകൊണ്ടെന്നാല്‍ സ്വന്തം ട്രാക്ടറുകളില്‍ അവര്‍ക്ക് വലിയ അളവിലുള്ള വിളകള്‍ അവിടെ എത്തിക്കാന്‍ പറ്റും. “ചെറു കര്‍ഷകര്‍ ഗ്രാമത്തില്‍ ദല്ലാള്‍ ശിപായിമാര്‍ക്ക് (കമ്മീഷന്‍ ഏജന്‍റുമാര്‍) വിളകള്‍ വില്‍ക്കുന്നു. കുറഞ്ഞ നിരക്കില്‍ അവര്‍ കര്‍ഷകരില്‍ നിന്നും വിളകള്‍ ശേഖരിക്കുകയും അവയെല്ലാം ഒരുമിച്ചു ചേര്‍ത്ത് ഗുല്‍ബ്ബാഗിലേക്കു കൊണ്ടുവരികയും ചെയ്യുന്നു”, ഇസ്ലാമുദ്ദീന്‍ പറഞ്ഞു.
2019-ല്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ച് (എന്‍.സി.എ.ഇ.ആര്‍.) പ്രസിദ്ധീകരിച്ച സ്റ്റഡി ഓണ്‍ അഗ്രികള്‍ച്ചര്‍ ഡയഗ്നോസ്റ്റിക്സ് ഫോര്‍ ദി സ്റ്റേറ്റ് ഓഫ് ബീഹാര്‍ ഇന്‍ ഇന്‍ഡ്യ പറയുന്നതനുസരിച്ച് ബീഹാറിലെ 90 ശതമാനം വിളകളും ഗ്രാമത്തിനകത്ത് ദല്ലാള്‍ ശിപായിമാര്‍ക്കോ (കമ്മീഷന്‍ ഏജന്‍റുമാര്‍) വ്യാപാരികള്‍ക്കോ വില്‍ക്കുകയാണ്. “2006-ലെ എ.പി.എം.സി. നിരോധന നിയമം ഉണ്ടായിട്ടും പുതിയ വിപണികള്‍ സൃഷ്ടിക്കുന്നതിനുള്ള സ്വകാര്യ നിക്ഷേപം ഉണ്ടാവുകയോ നിലവിലുള്ളതിന്‍റെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയോ ചെയ്തിട്ടില്ല. ഇത് കുറഞ്ഞ വിപണി സാന്ദ്രതയിലേക്കു നയിക്കുന്നു”, റിപ്പോര്‍ട്ട് പറയുന്നു.
നെല്ലിന്‍റെയും ഗോതമ്പിന്‍റെയും കാര്യത്തിലും – ബീഹാറിലെ മറ്റു രണ്ടു പ്രമുഖ വിളകള്‍ - ചെറുകിട കര്‍ഷകര്‍ക്ക് എം.എസ്.പി.യേക്കാള്‍ വളരെ കുറഞ്ഞ വിലയേ ലഭിക്കുന്നുള്ളൂ.
കേന്ദ്ര സര്‍ക്കാര്‍ 2020 സെപ്തംബറില്‍ അവതരിപ്പിച്ച മൂന്നു കാര്‍ഷിക നിയമങ്ങളില്‍ ഒന്നായ കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമവും ബീഹാര്‍ 14 വര്‍ഷങ്ങള്‍ക്കു മുന്‍പ് മണ്ഡി സമ്പ്രദായം എടുത്തു കളഞ്ഞ അതേ കാരണങ്ങളാല്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉടനീളമുള്ള എ.പി.എം.സി. നിയമങ്ങളെ മറികടക്കുന്നു. പ്രധാനമായും ഡല്‍ഹി അതിര്‍ത്തികളില്‍ 2020 നവംബര്‍ 26 മുതല്‍ പുതിയ നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ വിശ്വസിക്കുന്നത് എം.എസ്.പി., എ.പി.എം.സി.കള്‍, സംസ്ഥാന സംഭരണം, എന്നു തുടങ്ങി കര്‍ഷകര്‍ക്കു താങ്ങാകാവുന്ന എല്ലാ സംവിധാനങ്ങളെയും ഈ നിയമങ്ങള്‍ ദുര്‍ബ്ബലപ്പെടുത്തുന്നു എന്നാണ്.
കുറഞ്ഞ വിലകള്‍ കാരണമുള്ള ബുദ്ധിമുട്ടുകൊണ്ട്, വരുമാനം മെച്ചപ്പെടുത്തുന്നതിനായി, ഗ്രാമീണ ബീഹാറില്‍ നിന്നുള്ള ലക്ഷക്കണക്കിനു കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും വര്‍ഷങ്ങളായി പ്രത്യേക സമയങ്ങളില്‍ ഹരിയാനയിലേക്കും പഞ്ചാബിലേക്കും കുടിയേറുന്നു. അവിടെ കര്‍ഷകരുടെ അവസ്ഥ കുറച്ചു മെച്ചമാണ്.
രമേശ് ശര്‍മ ജോലിചെയ്യുന്ന ഗഗസീനയിലെ കരിമ്പു പാടങ്ങളില്‍ ബീഹാറില്‍ നിന്നുള്ള പതിമൂന്നിലധികം തൊഴിലാളികള്‍ ചൂരല്‍ മുറിക്കുകയും ചെയ്യുന്നുണ്ട്. മുറിക്കുന്ന ഓരോ ക്വിന്‍റലിനും 45 രൂപ വീതം നേടുന്നതിനാണ് ആയിരത്തി നാനൂറിലധികം കിലോമീറ്ററുകള്‍ സഞ്ചരിച്ച് അരാരിയയില്‍ നിന്നും കര്‍ണാല്‍ വരെ അവര്‍ എത്തിയത്. “ഞാന്‍ 12-15 ക്വിന്‍റല്‍ വരെ ഓരോ ദിവസവും മുറിക്കുന്നു. അതായത് പ്രതിദിനം 540 മുതല്‍ 675 രൂപ വരെ. കുനിഞ്ഞു നിന്ന് ഒരു കരിമ്പിന്‍ തണ്ട് തുടര്‍ച്ചയായി വെട്ടിക്കൊണ്ട് 45-കാരനായ രാജ്മഹല്‍ മണ്ഡല്‍ പറഞ്ഞു.
“ഇവിടുത്തെ കര്‍ഷകര്‍ക്ക് (ഹരിയാനയിലെ) മെച്ചപ്പെട്ട കൂലിക്ക് ഞങ്ങളെ പണിക്കെടുക്കാന്‍ പറ്റും”, അരാരിയയിലെ ബറുവ ഗ്രാമത്തില്‍ നിന്നും വന്ന മണ്ഡല്‍ കൂട്ടിച്ചേര്‍ത്തു. “ബീഹാറില്‍ ഇതു ബുദ്ധിമുട്ടാണ്. മൂന്നേക്കര്‍ ഭൂമിയുള്ള ഒരു കര്‍ഷകന്‍ കൂടിയാണു ഞാന്‍. ഞാന്‍ തന്നെ കൂടുതല്‍ പണം നേടാന്‍ ഇവിടെയാണു വരുന്നത്, പിന്നെ ഞാന്‍ എങ്ങനെ എന്‍റെ പാടത്ത് പണിക്ക് ആളെ നിര്‍ത്തും?”
ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നെല്ല് കൊയ്ത്ത് ആരംഭിക്കുമ്പോള്‍ രാജ്മഹല്‍ തന്‍റെ ഗ്രാമം വിടുന്നു. “പഞ്ചാബിലും ഹരിയാനയിലും തൊഴിലാളികളെ ഏറ്റവും കൂടുതല്‍ ആവശ്യം വരുന്നത് അപ്പോഴാണ്. ഞങ്ങള്‍ ഏകദേശം ആദ്യത്തെ രണ്ടുമാസം നെല്‍പ്പാടങ്ങളില്‍ പ്രതിദിനം 450 രൂപയ്ക്കു പണിയെടുക്കുന്നു. അടുത്ത നാലു മാസം ചൂരല്‍ മുറിക്കുന്നു. ആറു മാസങ്ങള്‍ കൊണ്ട് ഞങ്ങള്‍ ഏകദേശം ഒരു ലക്ഷം രൂപ സമ്പാദിക്കുന്നു. ഇത് ഉറപ്പുള്ള വരുമാനമാണ്. കുടുംബം പുലര്‍ത്താന്‍ അതെന്നെ സഹായിക്കുന്നു”, മണ്ഡല്‍ പറഞ്ഞു.
പക്ഷെ ഈ വരുമാനം നേടുന്നതിന് അതിന്‍റേതായ ബുദ്ധിമുട്ടുണ്ട്. രാവിലെ 7 മണിക്ക് ആരംഭിക്കുന്ന നടുവു തകര്‍ക്കുന്ന അവരുടെ ജോലി സൂര്യാസ്തമയം വരെ മുടങ്ങുന്നേയില്ല. “ഉച്ചയ്ക്കു മാത്രം ഒരു വിശ്രമത്തോടെ എല്ലാദിവസവും 14 മണിക്കൂര്‍ വീതം ജോലി ചെയ്യുന്നത് തളര്‍ത്തിക്കളയും”, ശോയിര്‍ഗാവ് ഗ്രാമത്തില്‍ നിന്നുതന്നെ വരുന്ന 22-കാരനായ കമല്‍ജിത് പാസ്വാന്‍ പറഞ്ഞു. “അത്തരം ദിവസങ്ങള്‍ മാസങ്ങളോളം ഒറ്റയടിക്ക് കടന്നു പോകുന്നു. ബീഹാറിലെ വീട്ടിലേക്കു പോയിക്കഴിഞ്ഞ് കുറച്ചു ദിവസങ്ങള്‍ എന്‍റെ പുറവും, തോളുകളും, കൈത്തണ്ടയും, കാലിലെ മസിലുകളും വേദനിക്കും.”
ഗഗസീനയില്‍ തൊഴിലാളികള്‍ കരിമ്പു പാടങ്ങള്‍ക്കടുത്ത് അടുക്കളയോ കക്കൂസോ ഒന്നുമില്ലാത്ത ഇടുങ്ങിയ, താത്കാലിക കുടിലുകളില്‍ താമസിക്കുന്നു. തുറസ്സായ സ്ഥലത്ത് വിറകുപയോഗിച്ച് അവര്‍ ഭക്ഷണം ഉണ്ടാക്കുന്നു.
പാസ്വാന്‍റെ കുടുംബത്തിന് സ്വന്തമായി ഭൂമിയില്ല. മാതാപിതാക്കളും രണ്ടു സഹോദരിമാരും അടങ്ങുന്ന കുടുംബത്തിന്‍റെ എക വരുമാന മാര്‍ഗ്ഗമാണ് അദ്ദേഹം. “എനിക്കു നോക്കാനൊരു കുടുംബം ഉണ്ട്. അവര്‍ എന്‍റെ അരികിലില്ല, വര്‍ഷത്തിന്‍റെ പകുതി മാത്രം അവരോടൊപ്പം ചിലവഴിച്ചുകൊണ്ട് ഞാന്‍ തൃപ്തിപ്പെടണം”, അദ്ദേഹം പറഞ്ഞു. “കിട്ടുന്നതുകൊണ്ട് ഞങ്ങള്‍ തൃപ്തിപ്പെടണം.”
പരിഭാഷ - റെന്നിമോന്‍ കെ. സി.