“ഞങ്ങളുടെ അച്ഛന് മരണത്തില്‍ നല്ല പരിഗണന കിട്ടില്ലെന്നോര്‍ത്ത് ഞങ്ങള്‍ ദുഃഖിച്ചു.”

പഞ്ചനാഥൻ സുബ്രമണിയത്തിന്‍റെ മരണാനന്തരം രണ്ട് മാസത്തിനു ശേഷം ഇപ്പോഴും അദ്ദേഹത്തിന്‍റെ മകൻ എസ്. രമേശ് ദുഃഖിക്കുന്നു: "കോവിഡ്-19 ലക്ഷണങ്ങളുമായി അദ്ദേഹത്തെ ഞങ്ങൾ തഞ്ചാവൂർ സർക്കാർ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തപ്പോൾ ഞങ്ങളൊരിക്കലും പ്രതീക്ഷിച്ചില്ല ജീവനില്ലാതെ അദ്ദേഹത്തെ തിരിച്ചു കൊണ്ടുപോകേണ്ടി വരുമെന്ന്.”

ഇൻഡ്യൻ ആർമിയിലെ ക്ലെറിക്കൽ സ്ഥാനത്തു നിന്നും വർഷങ്ങൾക്ക് മുൻപ് വിരമിച്ച 68-കാരനായ സുബ്രമണിയത്തിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. സൈന്യവുമായുള്ള തന്‍റെ ബന്ധത്തിൽ അഭിമാനിച്ചിരുന്ന അദ്ദേഹം, "തന്‍റെ ആരോഗ്യത്തിൽ ശ്രദ്ധിക്കുകയും ചെയ്തു. ഒരിക്കലുമദ്ദേഹം പ്രഭാത നടത്തം ഉപേക്ഷിച്ചില്ല. ഭക്ഷണക്രമത്തിൽ കണിശക്കാരനുമായിരുന്നു”, തമിഴ്‌നാട്ടിലെ കുംബകോണം പട്ടണത്തിൽ നിന്നുള്ള 40-കാരൻ രമേശ് പറഞ്ഞു. "ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുമ്പോഴും അദ്ദേഹത്തിന് സുഖമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു.”

പക്ഷെ സുബ്രമണിയം ഓഗസ്റ്റ് 14-ന് മരിച്ചപ്പോൾ രമേഷും അദ്ദേഹത്തിന്‍റെ കുടുംബവും ദുഃഖിതരായിരുന്നു - അദ്ദേഹത്തെ അവർക്ക് നഷ്ടപ്പെട്ടു എന്നതുകൊണ്ടുമാത്രമല്ല അത്. സംസ്ഥാനത്ത് കോവിഡ്-19-ന് ഇരകളായവരുടെ ശവസംസ്കാരം എങ്ങനെയാണ് ദുഷ്പേരിന് കാരണമായതെന്ന് അവർ കാണുകയും ഇനി എന്ത് ചെയ്യുമെന്നോര്‍ത്ത് ചിന്താകുഴപ്പത്തിൽ ആവുകയും ചെയ്തു. "സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും കുറച്ച് പിന്തുണയേ ഞങ്ങൾക്ക് കിട്ടിയുള്ളൂ”, രമേഷ് പറഞ്ഞു. "അത് മനസ്സിലാക്കാൻ പറ്റും, കാരണം വലിയ ശ്രദ്ധവേണ്ട ഒന്നാണ് കൊറോണ മരണം.”

അപ്പോഴായിരുന്നു അപ്രതീക്ഷിതമായി സംസ്ഥാനത്തെ ഒരു സർക്കാരിതര സംഘടനയുടെ (തമിഴ്‌നാട് മുസ്ലിം മുന്നേറ്റ കഴകം) ഭാഗത്തു നിന്നും വളരെ പ്രായോഗികമായ ഒരു സഹായം ലഭിച്ചത്. സുബ്രമണിയം മരിച്ചയുടനെ 6 ടി.എം.എം.കെ. സന്നദ്ധ പ്രവർത്തകർ കുടുംബത്തെ സഹായിക്കാനായി ഒത്തുകൂടി - ആശുപത്രിയിൽ നിന്നും മൃതദേഹം സ്വീകരിച്ചതു മുതൽ അത് അവരുടെ ജന്മ പട്ടണത്തിൽ മാന്യമായി അടക്കം ചെയ്യുന്നതു വരെ (ചില ഹിന്ദു സമുദായങ്ങൾ മൃതദേഹം സംസ്കരിക്കുന്നതിനു പകരം അടക്കം ചെയ്യുകയാണ്).

കുടുംബത്തിന് ഇതൊരു അസാധാരണമായ ഭാഗ്യമായിരുന്നു. ടി.എം.എം.കെയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ മാർച്ച് മുതൽ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും അവർ നടത്തിയ ഏതാണ്ട് 1,100 മരിച്ചടക്കുകളിൽ ഒന്നുമാത്രമായിരുന്നു സുബ്രമണിയന്‍റേത്. മരിച്ചയാളുടെ ജാതി, സമുദായ പരിഗണനകളൊന്നും കൂടാതെയായിരുന്നു ശവദാഹം നടത്തിയിരുന്നത്. അസാനചടങ്ങുകൾ കുടുംബത്തിന്‍റെ താൽപര്യങ്ങളും മതപരമായ പാരമ്പര്യങ്ങളും അനുസരിച്ച് നടത്തുന്നു. കോവിഡ്-19 സ്ഥിരീകരിച്ച മരണങ്ങളിൽ മൃതദേഹം 8 അടി ആഴത്തിൽ കുഴിയിൽ അടക്കം ചെയ്യണമെന്ന പ്രാദേശിക ഭരണകൂടത്തിന്‍റെ നിബന്ധനകൾ ടി.എം.എം.കെ. പിന്തുടർന്നു.

Top left: Two volunteers place a body in their vehicle. Top right: TMMK volunteers stand beside their ambulance vans, readying for the day’s activity. And volunteers in full PPE stand in respect after unloading a body at a burial ground
PHOTO • Courtesy: TMMK

മുകളിൽ ഇടത് : രണ്ട് സന്നദ്ധ പ്രവർത്തകർ മൃതദേഹം തങ്ങളുടെ വാഹനത്തിൽ വയ്ക്കുന്നു. മുകളിൽ വലത് : ടി.എം.എം.കെ. സന്നദ്ധപ്രവർത്തകർ അന്നത്തെ പ്രവർത്തനങ്ങൾക്ക് തയ്യാറായിക്കൊണ്ട് അവരുടെ ആംബുലൻസ് വാനുകൾക്കടുത്ത് നിൽക്കുന്നു . അടക്കം ചെയ്യുന്ന സ്ഥലത്ത് മൃതദേഹം വച്ചശേഷം പി.പി.ഇ. ധരിച്ച സന്നദ്ധ പ്രവർത്തകർ ആദരവോടെ നിൽക്കുന്നു

ലോക്ക്ഡൗണിനൊപ്പം വൈറസിനെക്കുറിച്ചുള്ള ഭയവും സംസ്കാരസ്ഥലം മാറുന്നതും ശ്മശാനങ്ങളിലും സംസ്കാര സ്ഥലങ്ങളിലും മിക്കപ്പോഴും പണിക്കാർ ഇല്ലാതാകുന്നതിന് കാരണമായി. ആംബുലൻസുകൾ വാടകയ്ക്ക് ലഭിക്കുക ബുദ്ധിമുട്ടായി തീർന്നു. ദുഃഖിതരായ കുടുംബാംഗങ്ങൾ വലിയ വില നൽകുകയും മുൻവിധികളും പീഡനങ്ങളും സഹിക്കുകയും ചെയ്തു. ഏറ്റവും നിന്ദ്യമായ ഒരു കേസ് 55-കാരനായിരുന്ന ന്യൂറോസർജൻ ഡോ. സൈമൺ ഹെർക്കുലീസിന്‍റേതായിരുന്നു. ഒരുപക്ഷെ കോവിഡ്-19-ന് കീഴടങ്ങിയ തമിഴ്‌നാട്ടിലെ ആദ്യ ഡോക്ടർ ഇദ്ദേഹമായിരുന്നു.

ചെന്നൈയിലെ കീഴ്പാക്കം പ്രദേശത്തെ ശ്മശാന ഭൂമിയിൽ നിന്നും അദ്ദേഹത്തിന്‍റെ കുടുംബത്തെ അവിടെ കൂടിച്ചേർന്ന നൂറോളം ആളുകൾ ചേർന്ന് തിരിച്ചയച്ചു. പിന്നീടദ്ദേഹത്തിന്‍റെ ശരീരം 6 കിലോമീറ്റർ അകലെ അണ്ണാനഗറിലുള്ള വേലങ്കാട് ശ്മശാനത്തിലേക്ക് കൊണ്ടുപോയി. അവിടെവച്ച് ഒരു ജനക്കൂട്ടം ആംബുലൻസിനെയും അതിന്‍റെ ഡ്രൈവറെയും ഒരു ശുചീകരണ പ്രവർത്തകനെയും വടികളും കല്ലുകളും ഉപയോഗിച്ച് ആക്രമിച്ചു. അവസാനം ഡോ. സൈമണിന്‍റെ സുഹൃത്തുക്കളായ ഡോ. പ്രദീപ് കുമാറും മറ്റ് രണ്ടുപേരും ചേർന്ന് നിശ്ശബ്ദമായി അടുത്ത ദിവസം അതിരാവിലെ സ്വന്തം ജീവനെക്കുറിച്ചുള്ള ഭയത്തിനിടയിൽ അദ്ദേഹത്തെ അടക്കം ചെയ്തു (അദ്ദേഹത്തിന്‍റെ കുടുംബത്തിൽ നിന്നുള്ള ഒരാളുടെ പോലും സാന്നിദ്ധ്യമില്ലാതെ).

ആ ദുഷിച്ച സാഹചര്യത്തിൽ റ്റി.എം.എം.കെയുടെ ഇടപെടൽ പ്രസ്തുത 1,100 കുടുംബങ്ങൾക്ക് ഒരുപാട് പ്രയോജനപ്രദമായി.

“ചെന്നൈയിലെ ഒരു ബന്ധു നൽകിയ റ്റി.എം.എം.കെയുടെ നമ്പറിലേക്ക് വിളിക്കുമ്പോൾ ഞങ്ങൾ പരിഭ്രാന്തരും പ്രതീക്ഷയറ്റവരും ആയിരുന്നു”, രമേഷ് പറഞ്ഞു.

"ഞങ്ങൾക്കാകെ വേണ്ടത് ഒരു ആംബുലൻസ് ആയിരുന്നു, പക്ഷെ അവരെല്ലാ കാര്യങ്ങളും നോക്കി നടത്തി. ഞങ്ങളുടെ അച്ഛൻ മരണത്തിൽ അപമാനിതനാകരുതെന്ന് ഞങ്ങൾക്കുണ്ടായിരുന്നു. അദ്ദേഹം ആത്മാഭിമാനമുള്ള മനുഷ്യനായിരുന്നു. അതങ്ങനെ തന്നെ ആയിരിക്കാൻ റ്റി.എം.എം.കെ. സഹായിച്ചതിൽ ഞങ്ങൾക്ക് നന്ദിയുണ്ട്.”

ശ്രദ്ധേയമായ കാര്യം അവർ നടത്തിയ 1,100 ശവസംസ്കാരങ്ങളിൽ (നൂറോളം കോവിഡേതര മരണങ്ങൾ ഉൾപ്പെടെ) ഒരെണ്ണം പോലും കുഴപ്പത്തിലായില്ല എന്നതാണ്.

“റ്റി.എം.എം.കെ.യുടെ സന്നദ്ധ പ്രവർത്തകരുമായി 6 വർഷമായി ബന്ധപ്പെടുന്ന ഒരാളെന്ന നിലയിൽ എനിക്കത്ഭുതമില്ല”, ക്യാൻസർ വിദഗ്ദ്ധനും ചെന്നൈയിലെ ശ്രീബാലാജി ഡന്‍റൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ പ്രൊഫസറുമായ ഡോ. എൻ. അരവിന്ദ ബാബു പറഞ്ഞു. അവരുടെ സന്നദ്ധപ്രവർത്തകർ നിരവധി ക്യാൻസർ ശസ്ത്രക്രിയകൾക്കുവേണ്ടി രക്തദാനം നടത്തുകയും പണം സമാഹരിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്ക്ഡൗൺ ഏറ്റവും തീവ്രതയിൽ ആയിരുന്ന ഏപ്രിലിൽ തന്‍റെ സമീപത്ത് "ഉപേക്ഷിക്കപ്പെട്ട ഒരു വൃദ്ധ, മിക്കവാറും പട്ടിണികൊണ്ട് മരിച്ചപ്പോഴാണ്” റ്റി.എം.എം.കെ.യുടെ ഈ വശം താൻ കണ്ടതെന്ന് നഗരത്തിലെ ആതംപാക്കം പ്രദേശത്ത് താമസിക്കുന്ന ഡോ. ബാബു പറഞ്ഞു.

"ഞാനാകെ പ്രശ്നത്തിലായി, അവർ അന്തസ്സുള്ള ഒരു സംസ്കാരം അർഹിക്കുന്നുവെന്നും ഞാൻ ചിന്തിച്ചു”, ഡോ. ബാബു ഓർമ്മിച്ചു. റ്റി.എം.എം.കെ. സന്നദ്ധപ്രവർത്തകർ പ്രത്യക്ഷപ്പെട്ടു, പോസ്റ്റ്മോർട്ടത്തിനുള്ള ക്രമീകരണങ്ങൾ ചെയ്തു, ശവസംസ്കാരം സംഘടിപ്പിച്ചു, ശേഷം മരണസർട്ടിഫിക്കറ്റ് ലഭിക്കുന്നതു വരെയുള്ള കാര്യങ്ങൾ നോക്കുകയും ചെയ്തു. ഇതിനൊരു പ്രാധാന്യവുമുണ്ടായിരുന്നു, "കാരണം ഇതൊരു കോവിഡേതര വിപത്താണെന്നുള്ളത് സ്ഥാപിക്കുകയും പ്രദേശത്തെ പോലീസ് സ്റ്റേഷനിൽ നിന്നും സർട്ടിഫിക്കറ്റ് നേടാൻ സഹായിക്കുകയും ചെയ്തു. ഇത് വളരെ അർത്ഥവത്തായ ഒരു അടയാളമായിരുന്നു.”

PHOTO • Courtesy: TMMK

തങ്ങൾക്ക് പറ്റുന്ന ഏതു സമയത്തും അവർ ശവസംസ്കാരം നടത്തുന്നു. ഇത് രാത്രി വളരെ വൈകി നടത്തുന്നതാണ്

കഴിഞ്ഞ 8 വർഷത്തിലധികമായി ഉപേക്ഷിക്കപ്പെട്ടതും ഏറ്റെടുക്കാൻ ആളില്ലാത്തതുമായ മൃതദേഹങ്ങൾ മാന്യമായ രീതിയിൽ സംഘടന സംസ്കരിക്കുകയായിരുന്നുവെന്ന് ഡോ. ബാബു മനസ്സിലാക്കിയതും അപ്പോഴായിരുന്നു. "അത് വിസ്മയകരമായിരുന്നു... മരണാനന്തരം മനുഷ്യർക്ക് നൽകേണ്ട മാന്യതയിൽ അവർ ശ്രദ്ധിക്കുന്നു, അവരുടെ പശ്ചാത്തലമൊന്നും നോക്കാതെ."

"നേരത്തെ തന്നെ ഞങ്ങൾ കോവിഡ്-19-ന് ഇരകളായ കുറച്ച് ആളുകളെ സംസ്കരിച്ചിട്ടുണ്ട്”, റ്റി.എം.എം.കെ. സംസ്ഥാന പ്രസിഡന്‍റും മുൻ എം.എൽ.എയുമായ എം. എച്. ജവഹിറുള്ള പറഞ്ഞു. "ഡോ. സൈമണിന്‍റെ മരണം, അദ്ദേഹത്തിന്‍റെ കുടുംബം നേരിട്ട ആക്രമണം എന്നിവയുമായി ബന്ധപ്പെട്ട ദുരന്തം കാണുന്നതുവരെ ആസൂത്രിതമായ ഒരു സമീപനം ഞങ്ങൾക്കിതിനോട് ഇല്ലായിരുന്നു. കോവിഡുമായി ബന്ധപ്പെട്ട മരണങ്ങളെ ഭയത്തോടെയും വെറുപ്പോടെയുമാണ് സമൂഹം സമീപിച്ചത്. അങ്ങനെ ഇതുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് എന്തെങ്കിലും ചെയ്യേണ്ടി വന്നു.”

"മരിച്ച വ്യക്തികൾ ഏത് മത വിഭാഗത്തിലാണോ ഉൾപ്പെടുന്നത് ആ മതത്തിന്‍റെ ആചാരങ്ങൾക്കനുസരിച്ച്” ശവസംസ്കാരം നടത്താൻ അവർ തീരുമാനിച്ചു. "അവരെ മാന്യമായി പറഞ്ഞയയ്ക്കുക എന്നതായിരുന്നു ആശയം. അവരുടെ വിശ്വാസങ്ങളെ മാനിച്ചില്ലെങ്കിൽ അതെങ്ങനെ സാദ്ധ്യമാകും?", ജവഹിറുള്ള ചോദിച്ചു.

റ്റി.എം.എം.കെയുടെ സന്നദ്ധപ്രവർത്തകർ 22 മുതല്‍ 40 വയസ്സുവരെ പ്രായമുള്ള താഴ്ന്ന സാമൂഹ്യ വിഭാഗത്തിൽ പെട്ടവരാണ്. അവർ പ്രശസ്തി തേടുകയോ അതിൽ ആശ്വാസം കണ്ടെത്തുകയോ ചെയ്യുന്നില്ല. കോവിഡ്-19 രോഗികളുമായോ ഇരകളുമായോ ബന്ധപ്പെടുന്ന ആരോഗ്യ പ്രവർത്തകരോടുള്ള പൊതുസമീപനം പരിഗണിച്ചാൽ ഇത് മനസ്സിലാക്കാവുന്നതേയുള്ളൂ. സംസ്ഥാനത്തുടനീളം ഇത്തരത്തിലുള്ള ആയിരത്തിനടുത്ത് സന്നദ്ധപ്രവർത്തകരുണ്ട്. റ്റി.എം.എം.കെയുടെ മെഡിക്കൽ വിംഗിനെ നയിക്കുന്നവർ മിക്കവരും വഴിയോരക്കച്ചവടക്കാരോ തന്നെപ്പോലുള്ള പെട്ടിക്കടക്കാരോ ആണെന്ന് ചെന്നൈയിൽ നിന്നുള്ള ഖലീൽ റഹ്‌മാൻ പറഞ്ഞു.

“ഞങ്ങളിൽ മിക്കവരും കഷ്ടിച്ച് ജീവിക്കുന്നവരാണ്”, റഹ്‌മാൻ പറഞ്ഞു. "വളരെ കുറച്ചുപേർ മാത്രമാണ് കുറച്ചു മെച്ചപ്പെട്ട പശ്ചാത്തലമുള്ളത്.”

ഇവരുടെ സേവനങ്ങൾക്ക് വിവിധ ഇടങ്ങളിൽ നിന്നാണ് ആദരവ് ലഭിച്ചിട്ടുള്ളത്. “ഒരു കേന്ദ്രമന്ത്രിയുടേതെന്ന് തോന്നിപ്പിച്ച ഒരു ശവസംസ്കാര വീഡിയോ നിങ്ങൾ കണ്ടോ?", ഈറോഡ് ജില്ലയിലെ ഗോബിചെട്ടിപാളയം പട്ടണത്തിലുള്ള ജി. വി. അധിയമാൻ ചോദിച്ചു. "ഒരു രാഷ്ട്രീയ പ്രതിയോഗി [ഡി.എം.കെയുടെ] ആയിരുന്നുവെങ്കിലും അദ്ദേഹത്തിന്‍റെ ശരീരം കുഴിയിലേക്കിട്ട രീതിയും പിന്നെ ആരോ ഒരാൾ ഇറങ്ങിച്ചെന്ന് ശരീരം തിരിച്ചിട്ടതും എന്നെ വേദനിപ്പിച്ചു.” അധിയമാന്‍റെ 86-കാരനായ പിതാവ് ജി. പി. വെങ്കിടുവും സെപ്റ്റംബർ 23-ന് കോവിഡ് ബാധിതനായി. മുൻ ഡി.എം.കെ. എം.എൽ.എയും 1960-കളിൽ ഹിന്ദി വിരുദ്ധ കലാപത്തിൽ പങ്കെടുത്തയാളുമായിരുന്നു അദ്ദേഹം.

വീഡിയോ കാണുക: 1,100 ശരീരങ്ങളും ഒരുപാട് മുൻവിധികളും അടക്കം ചെയ്യുമ്പോൾ

‘എട്ട് വര്‍ഷങ്ങളായി ഞാന്‍ ഈ മെഡിക്കല്‍ സംഘത്തിന്‍റെ ഭാഗമാണ്. കോവിഡ് മൂലം ഞങ്ങളുടെ  ക്ലേശം വര്‍ദ്ധിച്ചു, പക്ഷെ ആളുകള്‍ നന്ദി പ്രകടിപ്പിക്കുമ്പോള്‍ ഒന്നും പ്രശ്നമല്ലാതാകുന്നു’

അന്നേദിവസം അന്തര്‍ജില്ല യാത്രയ്ക്കായി സര്‍ക്കാര്‍ സേവനത്തിലുള്ള ആംബുലന്‍സുകളൊന്നും ലഭ്യമല്ലെന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍റെ കുടുംബം പ്രശ്നത്തിലായി. “എന്‍റെ അച്ഛന്‍ കോയമ്പത്തൂര്‍ ആശുപത്രിയില്‍ ആയിരുന്നു, ഞങ്ങള്‍ക്കദ്ദേഹത്തെ ഗോബിചെട്ടിപാളയത്തേക്ക് തിരികെ കൊണ്ടുവരേണ്ടി വന്നു”, അധിയമാന്‍ പറഞ്ഞു. “അപ്പോഴാണ്‌ റ്റി.എം.എം.കെ. രംഗപ്രവേശനം ചെയ്തതും ഒരു കുടുംബത്തെപ്പോലെ എല്ലാ കാര്യങ്ങളും നോക്കിനടത്തിയതും.”

ഓരോ സംസ്കാരത്തിനും വിശാലമായ ഒരു പ്രക്രിയ ആവശ്യമായിരുന്നു. എന്നിരിക്കിലും ഒരു ശവസംസ്കാരം നടത്തുന്നതിനായി ആശുപത്രിയിലെ എഴുത്തുകുത്ത് പണി മുതല്‍ സംസ്കാരം നടത്താനായി ബന്ധുക്കളുമായി ആലോചന നടത്തുന്നതുവരെ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് വെറും 3-4 മണിക്കൂറുകള്‍ മതിയായിരുന്നു. “ഞങ്ങളുടെ [സംഘടയുടെ] കാര്യനിര്‍വ്വഹണവുമായി ലക്ഷ്യങ്ങള്‍ക്കായി തമിഴ്‌നാടിനെ ഞങ്ങള്‍ 56 ജില്ലകളായിട്ടാണ് കണക്കാക്കുന്നത് [ഔദ്യോഗികമായി 38 ജില്ലകള്‍ ഉണ്ട്], ഓരോ ജില്ലയിലും ഞങ്ങള്‍ക്ക് സെക്രട്ടറിയോടു കൂടിയ ഒരു മെഡിക്കല്‍ സേവന വിഭാഗമുണ്ട്. ഓരോ ജില്ലയിലും 6-8 സന്നദ്ധപ്രവര്‍ത്തകരുള്ള 2-3 സംഘങ്ങള്‍ ഉണ്ടാവും”, ഖലീല്‍ റഹ്‌മാൻ പറഞ്ഞു.

“ഇത് മനുഷ്യകുലത്തിന് മഹത്തായ ഒരു സേവനമാണ്. ഇത് ചെയ്യുമ്പോള്‍ സന്നദ്ധപ്രവര്‍ത്തകര്‍ എല്ലാ കേസിലും വളരെ കൃത്യമായി നിബന്ധനകള്‍ പാലിക്കുന്നു”, തിരുപ്പത്തൂര്‍ ജില്ലയിലെ പോലീസ് സൂപ്രണ്ടായ പി. വിജയകുമാര്‍ പറഞ്ഞു. “ഉദാഹരണത്തിന് കോവിഡ് മരണങ്ങളുടെ കാര്യത്തില്‍ കുഴിക്ക് എട്ടടി ആഴമുണ്ടെന്ന് അവര്‍ ഉറപ്പാക്കുന്നു - ശവസംസ്കാരത്തിനു വേണ്ടി അവര്‍ കൃത്യമായ പി.പി.ഇ. വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ ജില്ലയില്‍ 100-ലധികം മരണങ്ങള്‍ ഉണ്ടായി, അതില്‍ 40 ശതമാനവും കൈകാര്യം ചെയ്തത് റ്റി.എം.എം.കെയാണ്. കൃത്യമായ അനുപാതം അവ്യക്തമായിരിക്കുമ്പോള്‍ തന്നെ ഈ 1,100 ശവസംസ്കാരങ്ങള്‍ ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, മറ്റ് വിശ്വാസങ്ങള്‍ എന്നിങ്ങനെ വിവിധങ്ങളായ വിഭാഗങ്ങല്‍ക്കിടയിലാണ് നടത്തിയത്.

അവര്‍ സജീവമായിട്ടുള്ള പ്രദേശങ്ങളില്‍ ഈ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ വൈറസിനെപ്പറ്റി പൊതുഅവബോധം സൃഷ്ടിക്കാനും പരിഭ്രാന്തി കുറയ്ക്കാനും സഹായകമായിട്ടുണ്ട്.

“മൃതദേഹങ്ങള്‍ അണുബാധ പരത്തും എന്ന സങ്കല്‍പ്പത്തില്‍ നിന്നുമാണ് ഈ പരിഭ്രാന്തി ഉണ്ടാകുന്നത്. പക്ഷെ അവ പരത്തില്ല”, കോല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തന്മാത്ര ജീവശാസ്ത്രജ്ഞനും (molecular biologist) അദ്ധ്യാപകനുമായ ഡോ. അനിര്‍ബന്‍ മിത്ര പറഞ്ഞു. മൃതദേഹം, പ്രത്യേകിച്ച് മരണത്തിനു ശേഷം 4-5 മണിക്കൂറുകള്‍ക്കുശേഷം ആശുപത്രിയില്‍നിന്നും വിട്ടുകിട്ടുന്നവ, ഒരുതരം വൈറസും ഉല്‍പാദിപ്പില്ല എന്നത് ഒരു ജൈവരാസ യാഥാര്‍ത്ഥ്യമാണ്. അത്തരം ശരീരങ്ങള്‍ ശ്വസിക്കാത്തതിനാല്‍ മരിച്ച വ്യക്തിയില്‍ നിന്നും അന്തരീക്ഷത്തിലൂടെ സഞ്ചരിക്കാവുന്ന കണികകളിലൂടെ അണുബാധ (droplet infection) ഉണ്ടാകാനുള്ള സാദ്ധ്യത നിലനില്‍ക്കുന്നില്ല. ഒരു ശരീരത്തില്‍ നിന്നും ഉമിനീര്‍, കഫം എന്നിങ്ങനെയുള്ള സ്രവങ്ങള്‍ ഉള്ളപ്പോഴോ രക്തം പുറത്തുവരുമ്പോഴോ ആണ് അതിന് ഒരു വൈറസിന്‍റെ സ്രോതസ്സാവാന്‍ കഴിയുന്നത്. അതിനര്‍ത്ഥം ഒട്ടും താമസം കൂടാതെ യഥാവിധി സംസ്കരിക്കുകയോ അടക്കം ചെയ്യുകയോ ചെയ്യുന്നത് വളരെ പ്രധാനപ്പെട്ടതാണെന്നാണ്.

The volunteers lower a body into a pit eight feet deep, cover up the pit and pour a disinfectant powder across the grave
PHOTO • Courtesy: TMMK
The volunteers lower a body into a pit eight feet deep, cover up the pit and pour a disinfectant powder across the grave
PHOTO • Courtesy: TMMK
The volunteers lower a body into a pit eight feet deep, cover up the pit and pour a disinfectant powder across the grave
PHOTO • Courtesy: TMMK

സന്നദ്ധപ്രവര്‍ത്തകര്‍ എട്ടടി ആഴമുള്ള ഒരു കുഴിയിലേക്ക് മൃതദേഹം താഴ്ത്തിവച്ച്, കുഴി മൂടി, കുഴിമാടത്തിന് മുകളില്‍ അണുനാശിനി വിതറുന്നു

“ഇരയായ വ്യക്തി വീട്ടിലാണ് മരിച്ചതെങ്കില്‍ അവിടെ വൈറസ് സജീവമായി ഉണ്ടായിരിക്കാനുള്ള സാദ്ധ്യതയുണ്ട്, അത് കൃത്യമായ ക്വാറന്‍റൈനില്‍ ആക്കണം”, ഡോ. മിത്ര മുന്നറിയിപ്പ് നല്‍കുന്നു. “ശവസംസ്കാരം നടത്തേണ്ടത് അത് ചെയ്യാന്‍ കഴിവുള്ളവരും കൈകാര്യം ചെയ്യാന്‍ സജ്ജരുമായ അധികാരികള്‍ ആയിരിക്കണം.”

സമ്മര്‍ദ്ദം നേരിടുന്ന അധികാരികളുടെയും ഭരണസംവിധാനങ്ങളുടെയും രക്ഷയ്ക്കായി റ്റി.എം.എം.കെ. വരുന്നതായി കാണാം.

ഈ ശവസംസ്കാരങ്ങള്‍ക്ക്‌ എത്ര ചിലവ് വരും? “സംസ്കാരത്തിന് വേണ്ടിവരുന്ന ചടങ്ങുകള്‍ക്കും കുഴി കുത്തുന്നതിനുവേണ്ട ജെ.സി.ബിയുടെ വാടകയ്ക്കും വേണ്ടിവരുന്ന ചിലവുകളെ ആശ്രയിച്ച് ഇത് 1,000 മുതല്‍ 11,000 രൂപവരെ വ്യത്യാസപ്പെട്ടിരിക്കുന്നു”, റഹ്‌മാൻ പറഞ്ഞു. “കോവിഡ് മരണങ്ങള്‍ നടക്കുമ്പോള്‍ ഈ ചിലവുകള്‍ താങ്ങാന്‍ പറ്റുന്ന കുടുംബങ്ങള്‍ക്ക് ഞങ്ങള്‍ ശാരീരികാദ്ധ്വാനം സംഭാവന ചെയ്യുന്നു. ചിലവുകള്‍ താങ്ങാന്‍ പറ്റാത്ത കുടുംബം ആണെങ്കില്‍ ഞങ്ങള്‍തന്നെ തുക സ്വരൂപിച്ച് അത് ചെയ്യുന്നു.” പി.പി.ഇ. കിറ്റുകള്‍ പ്രാദേശിക ഭരണകൂടമോ മനുഷ്യസ്നേഹികളോ നല്‍കുന്നു.

കോവിഡ് മരണങ്ങള്‍ക്ക് കൂടുതല്‍ മുന്‍കരുതലുകള്‍ വേണമെന്ന് സംഘത്തിനറിയാം. “സംഘാംഗങ്ങളെല്ലാം പി.പി.ഇ. സ്യൂട്ടുകള്‍ ധരിക്കുകയും ഊഴമനുസരിച്ച് സംസ്കാരം നടത്തുകയും ചെയ്യുന്നു – ഒരുസമയത്ത് ഒരുസംഘം ഒന്നിലധികം സംസ്കാരങ്ങള്‍ നടത്തില്ല. ഒരു സംസ്കാരത്തിനുശേഷം വീട്ടിലേക്ക് മടങ്ങുന്നതിനു മുന്‍പ് സന്നദ്ധ പ്രവര്‍ത്തകര്‍ കുറച്ചുദിവസങ്ങള്‍ സ്വയം ക്വാറന്‍റൈനില്‍ ആവുന്നു.” അവര്‍ക്ക് പ്രതിരോധ മരുന്നുകള്‍ നല്‍കുകയും നിര്‍ബന്ധിത പരിശോധനകള്‍ക്ക് അവര്‍ വിധേയരാവുകയും ചെയ്യുന്നു. “പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയവരെ തീര്‍ച്ചയായും ഈ പ്രവര്‍ത്തനത്തില്‍ നിന്നും ഒഴിവാക്കുന്നു”, ജവഹിറുള്ള പറഞ്ഞു.

പ്രാദേശിക ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരില്‍ നിന്നും ആശുപത്രികളില്‍ നിന്നുമാണ് ബുദ്ധിമുട്ടുന്ന കുടുംബങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ സംഘങ്ങള്‍ക്ക് പ്രധാനമായും ലഭിക്കുന്നത്. റാണിപ്പേട്ട ജില്ലയിലെ അരക്കോണം ബ്ലോക്കിലെ പാണാവരം പഞ്ചായത്തിന്‍റെ മുന്‍ പ്രസിഡന്‍റായ എന്‍. മണി ഒരുദാഹരണം ചൂണ്ടിക്കാണിക്കുന്നു: “ഞങ്ങളുടെ ഗ്രാമത്തിലെ പുഷ്പ എന്നൊരു ക്രിസ്ത്യന്‍ സ്ത്രീ കോവിഡ് മൂലം മരിച്ചു. കുടുംബത്തിന് അത് കൈകാര്യം ചെയ്യാന്‍ കഴിഞ്ഞില്ല. അപ്പോഴാണ്‌ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നോട് റ്റി.എം.എം.കെയെപ്പറ്റി പറയുന്നത്. സന്നദ്ധപ്രവര്‍ത്തകര്‍ ഒരു മണിക്കൂറിനകം എത്തി നിയന്ത്രണം ഏറ്റെടുത്തു. അവര്‍ ധൈര്യവും ജാഗ്രതയും ഉള്ളവരായിരുന്നു.”

കൂടാതെ, “തമിഴ്നാട്ടിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഞങ്ങളുടെ നമ്പരുകള്‍ ഉണ്ട്. അതുകൊണ്ട് ഉപേക്ഷിക്കപ്പെട്ട ശരീരങ്ങളുടെ കാര്യത്തില്‍ അവര്‍ക്ക് ഞങ്ങളെ വിളിക്കാന്‍ പറ്റും. ബാക്കി കാര്യങ്ങള്‍ ഞങ്ങള്‍ നോക്കും”, റഹ്‌മാൻ പറഞ്ഞു.

The TMMK volunteers attend to Hindu, Muslim, and Christian funerals alike, conducting each according to the religious traditions of the family
PHOTO • Courtesy: TMMK
The TMMK volunteers attend to Hindu, Muslim, and Christian funerals alike, conducting each according to the religious traditions of the family
PHOTO • Courtesy: TMMK

റ്റി.എം.എം.കെ . സന്നദ്ധപ്രവര്‍ത്തകര്‍ ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ ശവസംസ്കാരങ്ങള്‍ ഒരേസമയം നടത്തുന്നു. കുടുംബത്തിന്‍റെ മതപരമായ പാരമ്പര്യങ്ങള്‍ക്കനുസരിച്ച് ഓരോന്നും ചെയ്യുന്നു

അവരുടെ പ്രവര്‍ത്തനങ്ങളെല്ലാം വ്യക്തിപരമായി അപകട സാദ്ധ്യതയുള്ളവയും വില കൊടുക്കേണ്ടവയും ആണ്. 41-കാരനായ അബ്ദുള്‍ റഹിമിനെ സംബന്ധിച്ചിടത്തോളം ഇതുകൊണ്ട് നഷ്ടപ്പെടുന്നത് 6 വയസ്സുകാരനായ മകനൊപ്പം ചിലവഴിക്കാനുള്ള സമയമാണ്. പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തിനടുത്തുള്ള കാരൈക്കല്‍ ജില്ലയിലെ 27 കോവിഡ് ശവസംസ്കാര സംഘങ്ങളില്‍ 25 എണ്ണത്തില്‍ മാര്‍ച്ച് മുതല്‍ അദ്ദേഹം അംഗമാണ്. “എട്ട് വര്‍ഷമായി ഞാന്‍ ഈ മെഡിക്കല്‍ സംഘത്തിന്‍റെ ഭാഗമാണ്. കോവിഡ് മൂലം ഞങ്ങളുടെ  ക്ലേശം വര്‍ദ്ധിച്ചു, പക്ഷെ ആളുകള്‍ നന്ദി പ്രകടിപ്പിക്കുമ്പോള്‍ ഒന്നും പ്രശ്നമല്ലാതാകുന്നു. ഓരോ സംസ്കാരത്തിനും ശേഷം കുറഞ്ഞത് ഒരാഴ്ചയെങ്കിലും എനിക്ക് കുടുംബത്തില്‍ നിന്നും മാറിനില്‍ക്കേണ്ടി വരുന്നു. അത് കുടുംബത്തിന് പ്രശ്നമാണ്, പക്ഷെ എനിക്കവരുടെ സൗഖ്യം അപകടത്തിലാക്കാന്‍ കഴിയില്ല.”

എന്തിനാണ് റ്റി.എം.എം.കെ. സന്നദ്ധപ്രവര്‍ത്തകര്‍ ഇത് ചെയ്യുന്നത്?

ജവഹിറുള്ള ഇതിനെ ഫാര്‍ദ് കിഫായ (വ്യക്തിപരമായി ചെയ്തിരിക്കേണ്ട കര്‍ത്തവ്യത്തിന് അറബിയില്‍ പറയുന്നത്) എന്ന് വിളിക്കുന്നു. “ഇസ്ലാമില്‍ ശവസംസ്കാരം സമൂഹത്തിന്‍റെ നിര്‍ബന്ധിത ബാധ്യതയാണ്. ഒരു വ്യക്തിയോ വ്യക്തികളുടെ ഒരു സംഘമോ അത് ചെയ്‌താല്‍ മുഴുവന്‍ സമൂഹവും കടമ ചെയ്തു എന്നാണര്‍ത്ഥം. ആരും ഇത് ചെയ്യാന്‍ മുന്നോട്ട് വരാതിരുന്നാല്‍ എല്ലാവരും പാപികളാവും. ജാതിയോ വിഭാഗമോ ഒന്നും പരിഗണിക്കാതെ ശവസംസ്കാരം നടത്തുക എന്നത് ഞങ്ങളുടെ കര്‍ത്തവ്യമായി കരുതുന്നു.”

1995-ല്‍ തുടങ്ങിയതുമുതല്‍ റ്റി.എം.എം.കെ. മനുഷ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. “അവര്‍ സ്ഥിരമായി രക്തദാനം നടത്തുന്നു, ആവശ്യമുള്ളവര്‍ക്ക് സൗജന്യ ആംബുലന്‍സ് സേവനം നല്‍കുന്നു. സുനാമിയും ചെന്നൈ വെള്ളപ്പൊക്കവുമുള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായപ്പോള്‍ അവര്‍ സജീവമായിരുന്നു.”

മനിതനേയ മക്കള്‍ കക്ഷി എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രസിഡന്‍റ് കൂടിയായ ജവഹിറുള്ള ഇങ്ങനെ പറയുന്നു: “തമിഴ് ജനതയായാണ് ഞങ്ങള്‍ ഇങ്ങനെ ചെയ്യുന്നത്; മറ്റുള്ളവരെ ബുദ്ധിമുട്ടില്‍ സഹായിക്കണമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. തമിഴ്‌നാട്ടിലെ പൊതുജനങ്ങള്‍ ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെ മിക്കവാറും തന്നെ അംഗീകരിച്ചിരിക്കുന്നു.” ഒന്നുനിര്‍ത്തിയിട്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു: “നിങ്ങളൊരു ന്യൂനപക്ഷമാകുമ്പോള്‍ ഇത് ചെയ്യുക എന്നത് ഒരു അധിക അനിവാര്യതയും ഉത്തരവാദിത്തവും ആയിത്തീരുന്നു. പക്ഷെ ഞങ്ങളുടെ ഉദ്ദേശ്യം ആവശ്യമുള്ളവരെ സഹായിക്കുക എന്നതുമാത്രമാണ്.”

താക്കൂര്‍ ഫാമിലി ഫൗണ്ടേഷന്‍ നല്‍കുന്ന സ്വതന്ത്ര ജേര്‍ണലിസം ഗ്രാന്‍റിന്‍റെ സഹായത്താല്‍ കവിത മുരളീധരന്‍ പൊതു ആരോഗ്യത്തെക്കുറിച്ചും പൗര സ്വാതന്ത്ര്യത്തെക്കുറിച്ചും റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കത്തില്‍ താക്കൂര്‍ ഫാമിലി ഫൗണ്ടേഷന്‍ ഒരു എഡിറ്റോറിയല്‍ നിയന്ത്രണവും നടത്തിയിട്ടില്ല.

പരിഭാഷ: റെന്നിമോന്‍ കെ. സി.

Kavitha Muralidharan

ਕਵਿਥਾ ਮੁਰਲੀਧਰਨ ਚੇਨੱਈ ਅਧਾਰਤ ਸੁਤੰਤਰ ਪੱਤਰਕਾਰ ਅਤੇ ਤਰਜ਼ਾਮਕਾਰ ਹਨ। ਪਹਿਲਾਂ ਉਹ 'India Today' (Tamil) ਵਿੱਚ ਸੰਪਾਦਕ ਸਨ ਅਤੇ ਉਸ ਤੋਂ ਪਹਿਲਾਂ 'The Hindu' (Tamil) ਵਿੱਚ ਰਿਪੋਰਟਿੰਗ ਸੈਕਸ਼ਨ ਦੀ ਹੈਡ ਸਨ। ਉਹ ਪਾਰੀ (PARI ) ਦੀ ਵਲੰਟੀਅਰ ਹਨ।

Other stories by Kavitha Muralidharan
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.