“എന്‍റെ അഞ്ചുവയസ്സുകാരി മകള്‍ക്ക് നല്ല പനിയുണ്ട്”, ഷക്കീല നിസാമുദ്ദീന്‍ പറഞ്ഞു. “പക്ഷെ [അവളെ ഡോക്ടര്‍മാരുടെ അടുത്തെത്തിക്കുന്നതില്‍ നിന്നും] പോലീസ് എന്‍റെ ഭര്‍ത്താവിനെ തടഞ്ഞു. അദ്ദേഹം ഭയന്ന് തിരിച്ചുവന്നു. കോളനിയില്‍ നിന്നും പുറത്തുകടക്കാന്‍ ഞങ്ങളെ അനുവദിക്കുന്നില്ല, ആശുപത്രിയിലേക്കുപോലും.”
അഹമ്മദാബാദ് നഗരത്തിലെ സിറ്റിസണ്‍ നഗര്‍ റിലീഫ് കോളനിയിലാണ് 30 കാരിയായ ഷക്കീല ജീവിക്കുന്നത്. വീട്ടില്‍ പട്ടങ്ങള്‍ ഉണ്ടാക്കി ബുദ്ധിമുട്ടിയാണ് അവര്‍ ജീവിക്കുന്നത്. അവരും ദിവസ വേതനക്കാരനായ ഭര്‍ത്താവും വരുമാനത്തോടൊപ്പം സ്വപ്നങ്ങളും ചെറുതായി വരുന്നത് ലോക്ക്ഡൗണ്‍ സമയത്ത് കാണുന്നു. “ക്ലിനിക് അടച്ചിരിക്കുന്നു”, അവര്‍ എന്നോട് വീഡിയോ കോളില്‍ പറഞ്ഞു. “അവര്‍ ഞങ്ങളോട് പറയുന്നത് ‘പോയി വീട്ടില്‍ എന്തെങ്കിലും മാര്‍ഗ്ഗങ്ങള്‍ തേടുക’ എന്നാണ്. ആശുപത്രിയില്‍ പോകണമെങ്കില്‍ പോലീസ് ഞങ്ങളോട് ഫയലുകളും രേഖകളുമൊക്കെ ചോദിക്കുന്നു. അതൊക്കെ ഞങ്ങള്‍ക്ക് എവിടെ കിട്ടാനാണ്”
2002-ലെ വിനാശകരമായ വര്‍ഗ്ഗീയ കലാപത്തില്‍ നിരാശ്രയരായ അമ്പതിനായിരത്തിലധികം ആളുകളെ അധിവസിപ്പിക്കുന്നതിനായി ഗുജറാത്തിലെ ജീവകാരുണ്യ സംഘടനകള്‍ 2004-ല്‍ സ്ഥാപിച്ച 81 കോളനികളിലൊന്നാണിത്. ലോക്ക്ഡൗണില്‍ ഈ കോളനിയിലെ ജനങ്ങള്‍ പേടിസ്വപ്ന സമാനമായ ഒരവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്.
കൂടാതെ, അവരിലൊരാള്‍ പറഞ്ഞതുപോലെ, ഇന്ത്യയിലുടനീളം പുതിയ കൊറോണ വൈറസ് പടരുന്നത് തടയുന്നതിനായി എല്ലാവരോടും ഒരുമിച്ചു വരാന്‍ അമിതാഭ് ബച്ചന്‍ ടെലിവിഷന്‍ സ്ക്രീനില്‍ ആവശ്യപ്പെടുന്നത് അവര്‍ കാണുകയും ചെയ്യുന്നു.
“വീടുകളില്‍ കൈയും കെട്ടിയിരിക്കുകയാണ് ഞങ്ങള്‍ ചെയ്യേണ്ടതെങ്കില്‍ എന്തിന് ഞങ്ങള്‍ കൈകള്‍ കഴുകണം”, രേശ്മ സയ്യദ് ചോദിച്ചു. സ്നേഹപൂര്‍വ്വം എല്ലാവരും രേശ്മ ആപാ എന്നുവിളിക്കുന്ന അവര്‍ സിറ്റിസണ്‍ നഗര്‍ കോളനിയിലെ സമുദായ നേതാവാണ്. 2002-ലെ കലാപത്തില്‍ ഇരകളായ നരോദപാട്യയില്‍ നിന്നുള്ളവരെ പുനരധിവസിപ്പിക്കാന്‍ അഹമ്മദാബാദില്‍ സ്ഥാപിച്ച 15 കോളനികളില്‍ ഒന്നാണിത്. കോളനിയുടെ കവാടത്തിലുള്ള ശിലാഫലകത്തില്‍ നിന്നും മനസ്സിലാകുന്നത് 2004-ല്‍ കേരള സ്റ്റേറ്റ് മുസ്ലിം റിലീഫ് കമ്മിറ്റിയുടെ സഹായത്തോടെയാണ് ഇത് നിലവില്‍ വന്നതെന്നാണ്. തങ്ങളുടെ എല്ലാ വസ്തുവകകളും ചാരമായി മാറിയതിനു സാക്ഷ്യം വഹിച്ചവരിലെ ആദ്യത്തെ 40 കുടുംബങ്ങള്‍ ഇവിടെ എത്തിയതോടെയാണ് കോളനി തുടങ്ങിയത്.










