ഇടവിട്ടിടവിട്ട്, എല്ലാ മാസവും ഗായത്രി കച്ചാറാബിയെ അതികഠിനമായ വയറുവേദന പിടികൂടാറുണ്ട്. ഒരുവർഷം മുമ്പ് നിന്നുപോയ ആർത്തവത്തെക്കുറിച്ച് അവരെ ഇടയ്ക്കിടയ്ക്ക് ഓർമ്മിപ്പിക്കുന്നത് ഈ മൂന്ന് ദിവസങ്ങളിൽ നീണ്ടുനിൽക്കുന്ന വേദനമാത്രമാണ്.

“അങ്ങിനെയാണ് അത് എന്റെ ആർത്തവമാണെന്ന് ഞാൻ മനസ്സിലാക്കുന്നത്. എന്നാൽ ചോരപ്പോക്കുണ്ടാ‍വാറില്ല, മൂന്ന് കുട്ടികളെ പ്രസവിച്ചതുകൊണ്ട്, ഇനി പോകാൻ ചോര ബാക്കിയില്ലാത്തതുകൊണ്ടായിരിക്കും”, 28 വയസ്സുള്ള ഗായത്രി പറയുന്നു. ആർത്തവമില്ലാത്തത്, മാസന്തോറുമുള്ള വയറുവേദനയ്ക്കോ നടുവേദനയ്ക്കും ഒരു ശമനവുമുണ്ടാക്കുന്നില്ല. പ്രസവസമയത്തുണ്ടാവുന്നതുപോലെയുള്ള വേദനയാണ് ആ ദിവസങ്ങൾ. “എഴുന്നേൽക്കാൻ പോലും ബുദ്ധിമുട്ടാണ്”, അവർ പറയുന്നു.

ഉയരവും, മെലിഞ്ഞ ശരീരപ്രകൃതിയും, ആകർഷകമായ കണ്ണുകളും, നിർത്തിനിർത്തിയുള്ള സംഭാഷണരീതിയുമുള്ള സ്ത്രീയാണ് ഗായത്രി. മഡിഗാസ് എന്ന ദളിത് സമുദായാംഗമായ അവർ മഡിഗരുടെ കോളനിയിലാണ് താമസം. കർണ്ണാടകയിലെ ഹവേരി ജില്ലയിലെ റാണിബെന്നൂർ താലൂക്കിലുള്ള അസുണ്ടി ഗ്രാമത്തിന്റെ പുറമ്പോക്കിലാണ് ആ കോളനി. ഗായത്രി ഒരു കർഷകത്തൊഴിലാളിയും, കൈകളുപയോഗിച്ച് വിളകളിൽ പരാഗണവിതരണം നടത്തുന്നതിൽ വിദഗ്ദ്ധയുമാണ്.

ഏകദേശം ഒരുവർഷം മുമ്പ്, മൂത്രമൊഴിക്കുമ്പോൾ വേദന തോന്നിത്തുടങ്ങിയപ്പോഴാണ് അവർ വൈദ്യസഹായം തേടിയത്. ഗ്രാമത്തിൽനിന്ന് 10 കിലോമീറ്റർ അകലെയുള്ള ബയാഡ്ഗിയിലെ സ്വകാര്യ ക്ലിനിക്കിലേക്ക് അവർ പോയി.

Gayathri Kachcharabi and her children in their home in the Dalit colony in Asundi village
PHOTO • S. Senthalir

അസുണ്ടി ഗ്രാമത്തിലെ ദളിത് കോളനിയിലെ വീട്ടിൽ ഗായത്രിയും മക്കളും

“സർക്കാർ ആശുപത്രികളിൽ അവർ നല്ല പരിചരണം നൽകുന്നില്ല. ഞാനവിടെ പോവാറില്ല. സൌജന്യ വൈദ്യപരിശോധനക്കുള്ള കാർഡ് എന്റെ പക്കലില്ല”, ഗായത്രി പറയുന്നു. പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന യെയാണ് അവർ ഉദ്ദേശിച്ചത്. ആയുഷ്മാൻ ഭാരത് പദ്ധതിയുടെ കീഴിൽ, ഓരോ കുടുംബത്തിനും ആശുപത്രിച്ചികിത്സയുടെ രണ്ടും മൂന്നും ഘട്ടത്തിൽ കൊടുക്കുന്ന 5 ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷാ പദ്ധതിയാണ് അത്.

ക്ലിനിക്കിലെ ഡോക്ടർ അവരോട് ഒരു രക്തപരിശോധനയും വയറിന്റെ അൾട്രാസൌണ്ട് സ്കാനും ചെയ്യാൻ ഉപദേശിച്ചു.

ഒരുവർഷം കഴിഞ്ഞിട്ടും ഗായത്രി ആ പരിശോധനയൊന്നും ചെയ്തിട്ടില്ല. ചുരുങ്ങിയത് 2,000 രൂപയെങ്കിലും ചിലവ് വരുന്ന ആ പരിശോധനയൊക്കെ അവർക്ക് താങ്ങാവുന്നതിലപ്പുറമാണ്. “എനിക്ക് ചെയ്യാൻ കഴിഞ്ഞില്ല..ആ റിപ്പോർട്ടുകളില്ലാതെ ചെന്നാൽ ഡോക്ടർ ചീത്തപറയും. അതുകൊണ്ട് പിന്നെ ഞാൻ അവിടേക്ക് പോയില്ല”, അവർ പറയുന്നു.

അതിനുപകരം, വേദനാസംഹാരിക്കായി അവർ മെഡിക്കൽ സ്റ്റോറുകളെ സമീപിച്ചു..ചിലവ് കുറഞ്ഞതും ഉടനടി ഫലം തരുന്നതുമായ മരുന്നുകളെ. “എന്ത് മരുന്നാണെന്നൊന്നും എനിക്കറിയില്ല. വയറുവേദനയുണ്ടെന്ന് പറഞ്ഞാൽ, അവർ മരുന്നുകൾ തരും”, ഗായത്രി പറയുന്നു.

3,808 ആളുകൾ താമസിക്കുന്ന അസുണ്ടിയിൽ, നിലവിലുള്ള സർക്കാർ വൈദ്യപരിചരണങ്ങൾ തീരെ അപര്യാപ്തമാണ്. ഗ്രാമത്തിലെ വൈദ്യന്മാരിൽ ഒരാൾക്കുപോലും എം.ബി.ബി.എസ്. യോഗ്യതയില്ല. സ്വകാര്യ ഹോസ്പിറ്റലോ, നഴ്സിംഗ് ഹോമോ ഒന്നുമില്ല.

A view of the Madigara keri, colony of the Madiga community, in Asundi.
PHOTO • S. Senthalir
Most of the household chores, like washing clothes, are done in the narrow lanes of this colony because of a lack of space inside the homes here
PHOTO • S. Senthalir

അസുണ്ടിയിലെ മഡിഗ സമുദായത്തിന്റെ കോളനിയായ മഡിഗര കേരിയുടെ ഒരു ദൃശ്യം. വീടുകളുടെ അകത്ത് സ്ഥലമില്ലാത്തതിനാൽ, തുണിയലക്കലടക്കമുള്ള വീട്ടുജോലികളൊക്കെ കോളനിയിലെ ഇടുങ്ങിയ തെരുവിലാണ് നടക്കുന്നത്

ഗ്രാമത്തിൽനിന്ന് 10 കിലോമീറ്റർ അകലെയുള്ള റാണിബെന്നൂരിലെ സർക്കാർ മാതൃ-ശിശു ആശുപത്രിയിലെ ഒബ്സ്റ്റെട്രീഷ്യൻ-ഗൈനക്ക് (ഒ.ബി.ജി) വിഭാഗത്തിൽ രണ്ട് തസ്തികകളുണ്ടെങ്കിലും ഒരേയൊരാൾ മാത്രമേ നിലവിൽ അവിടെയുള്ളു. സമീപത്തുള്ള മറ്റൊരു സർക്കാർ ആശുപത്രി, അസുണ്ടിയിൽനിന്ന് 30 കിലോമീറ്റർ അകലെയുള്ള ഹിരെകരൂറിലാണ്. അവിടെയും ഒരു ഒബ്സ്റ്റെട്രീഷ്യൻ-ഗൈനക്കിന്റെ തസ്തികയുണ്ടെങ്കിലും ആളെ നിയമിച്ചിട്ടില്ല. 25 കിലോമീറ്റർ അകലെയുള്ള ഹവേരിയിലെ ജില്ലാ ആശുപത്രിയിൽ മാത്രമാണ് ഒ.ബി.ജി സ്പെഷ്യലിസ്റ്റുകളുള്ളത്. ആറുപേർ. ജനറൽ മെഡിക്കൽ ഓഫീസറുമാരുടെ 20 തസ്തികകളും, നഴ്സിംഗ് സൂപ്രണ്ടുമാരുടെ ആറ് തസ്തികകളും ഇവിടെ ഒഴിഞ്ഞുകിടക്കുകയാണ്.

എന്തുകൊണ്ട് ആർത്തവം നിന്നെന്നോ കഠിനമായ വയറുവേദന ഇടയ്ക്കിടയ്ക്ക് വരുന്നത് എന്തുകോണ്ടാണെന്നോ ഈ ദിവസംവരെ ഗായത്രിക്ക് അറിയില്ല. “ശരീരത്തിന് വല്ലാത്ത ഭാരം തോന്നുന്നു, ഈയിടെ കസേരയിൽനിന്ന് വീഴുകയുണ്ടായി. അതുകൊണ്ടാണോ, വൃക്കയിൽ കല്ലുള്ളതുകൊണ്ടാണോ, ആർത്തവസംബന്ധമായ പ്രശ്നംകൊണ്ടാണോ ഈ വയറുവേദന എന്ന് അറിയില്ല”.

ഹിരെകരൂർ താലൂക്കിലെ ചിന്നമുളഗുണ്ട് ഗ്രാമത്തിലാണ് ഗായത്രി ജനിച്ചുവളർന്നത്. അഞ്ചാം ക്ലാസ്സിൽ‌വെച്ച് പഠിത്തം നിർത്തി. കൈകൊണ്ട് പരാഗവിതരണം ചെയ്യുന്ന പണി അവർ പഠിച്ചെടുത്തു. ആറാറുമാസം കൂടുമ്പോൾ 15-20 ദിവസങ്ങളിൽ സ്ഥിരമായി ജോലിയും കൂലിയും കിട്ടുമെന്ന് ഉറപ്പുള്ള തൊഴിലാണത്. “കൈകൊണ്ട് പരാഗവിതരണം നടത്തിയാൽ 250 രൂപ കിട്ടും”, അവർ പറയുന്നു.

16 വയസ്സിൽ വിവാഹിതയായ അവരുടെ കർഷകത്തൊഴിലാളി ജീവിതം അനിശ്ചിതാവസ്ഥയിലായിരുന്നു. സമീപഗ്രാമങ്ങളിലെ ഭൂ‍വുടമാ സമുദായങ്ങൾക്ക്, പ്രത്യേകിച്ചും ലിംഗായത്ത് സമുദായത്തിന് ചോളവും വെളുത്തുള്ളിയും പരുത്തിയും വിളവെടുക്കേണ്ടിവരുമ്പോൾ മാത്രമാണ് പണിയുണ്ടാവുക. “ദിവസത്തിൽ 200 രൂപയാണ് ഞങ്ങളുടെ കൂലി”, അവർ പറയുന്നു. മൂന്ന് മാസം കൂടുമ്പോൾ, 30-36 ദിവസങ്ങളിൽ തൊഴിലുണ്ടാവും. “ഭൂവുടമ വിളിച്ചാൽ പണിയുണ്ടാവും. ഇല്ലെങ്കിലില്ല”.

Gayathri and a neighbour sitting in her house. The 7.5 x 10 feet windowless home has no space for a toilet. The absence of one has affected her health and brought on excruciating abdominal pain.
PHOTO • S. Senthalir
The passage in front is the only space where Gayathri can wash vessels
PHOTO • S. Senthalir

ഇടത്ത്: ഗായത്രിയും അയൽക്കാരിയും വീട്ടിലിരിക്കുന്നു. 7.5 x 10 അടി വലിപ്പമുള്ള, ജനലുകളില്ലാത്ത വീട്ടിൽ കക്കൂസിന് സ്ഥലമില്ല. അതില്ലാത്തതിന്റെ അസൌകര്യം അവരുടെ ആരോഗ്യത്തെ ബാധിക്കുകയും, ഇടയ്ക്കിടയ്ക്കുള്ള വയറുവേദനയ്ക്ക് കാരണമാവുകയും ചെയ്യുന്നു. വലത്ത്: പാത്രം കഴുകാൻ വീടിന്റെ മുൻ‌വശത്തുള്ള സ്ഥലത്തിരുന്ന് മാത്രമേ അവർക്ക് പാത്രങ്ങൾ കഴുകാനാവൂ

കർഷകത്തൊഴിലാളിയായും, കൈകൊണ്ട് പരാഗണവിതരണം ചെയ്യുന്ന ആളായും ജോലി ചെയ്ത്, മാസത്തിൽ, 2,400 മുതൽ 3,750 രൂപവരെ അവർ സമ്പാദിക്കുന്നു. ആ തുക അവരുടെ ചികിത്സാച്ചിലവുകൾക്ക് മതിയാവില്ല. സ്ഥിരജോലി ഇല്ലാതാവുന്ന വേനൽക്കാലങ്ങളിൽ, സാമ്പത്തികബുദ്ധിമുട്ട് കൂടുതലാണ്.

കർഷകത്തൊഴിലാളിയായ ഭർത്താവാകട്ടെ, മദ്യത്തിനടിമയാണ്. വീടിന്റെ വരുമാനത്തിലേക്കായി അയാൾ അധികമൊന്നും ഉണ്ടാക്കുന്നില്ല. ഇടയ്ക്കിടയ്ക്ക് അസുഖബാധിതനാവുകയും ചെയ്യും. കഴിഞ്ഞ വർഷം, മഞ്ഞപ്പിത്തവും വിളർച്ചയും ബാധിച്ച്, ആറ് മാസത്തോളം അയാൾക്ക് ജോലിക്ക് പോകാൻ സാധിച്ചില്ല. 2022-ലെ വേനൽക്കാലത്ത് ഒരപകടം പറ്റി, കൈ പൊട്ടുകയും ചെയ്തു. അയാൾ പരിചരിക്കാൻ ഗായത്രി 3 മാസം വീട്ടിൽത്തന്നെ ഇരുന്നു. ചികിത്സാത്തുക ഏകദേശം 30,000 രൂപയോളമായി.

10 ശതമാനം പലിശയ്ക്ക്, ഒരു സ്വകാര്യ പണമിടപാടുകാരനിൽനിന്ന് ഗായത്രി വായ്പയെടുത്തു. പിന്നെ, പലിശയടയ്ക്കാൻ പണം കടം വാങ്ങി. വേറെ മൂന്ന് മൈക്രോഫിനാൻസ് കമ്പനികളിൽനിന്നെടുത്ത മൂന്ന് വായ്പകളിലായി 1 ലക്ഷം രൂപയുടെ തിരിച്ചടവും ബാക്കിയാണ്. മാസാമാസം, ഈ വായ്പാതിരിച്ചടവിനായി 10,000 രൂപ മാറ്റിവെക്കണം.

“ദിവസക്കൂലികൊണ്ട് ഞങ്ങൾക്ക് ജീവിക്കാനാവില്ല”, അവർ ഊന്നിപ്പറയുന്നു. “എന്തെങ്കിലും അസുഖം വന്നാൽ ആരുടെയെങ്കിലും കൈയ്യിൽനിന്ന് കടം വാങ്ങണം. വായ്പയുടെ തിരിച്ചടവ് മുടക്കാനും പറ്റില്ല. ഭക്ഷണമില്ലെങ്കിലും ഞങ്ങൾ ആഴ്ചച്ചന്തയിൽ പോകാറില്ല. എല്ലാ ആഴ്ചയും സംഘത്തിലേക്ക് (മൈക്രോ ഫിനാൻസ് കമ്പനിയിലേക്ക്) പണമടയ്ക്കണം. കൈയ്യിൽ ബാക്കി പണമുണ്ടാകുമ്പോഴേ ഞങ്ങൾ പച്ചക്കറികൾ വാങ്ങാറുള്ളു.

Gayathri does not know exactly why her periods stopped or why she suffers from recurring abdominal pain.
PHOTO • S. Senthalir
Standing in her kitchen, where the meals she cooks are often short of pulses and vegetables. ‘Only if there is money left [after loan repayments] do we buy vegetables’
PHOTO • S. Senthalir

ഇടത്ത്: എന്തുകൊണ്ടാണ് ആർത്തവം നിന്നതെന്നോ, വയറുവേദന ഇടയ്ക്കിടയ്ക്ക് വരുന്നതെന്നോ ഗായത്രിക്കറിയില്ല. വലത്ത്: അടുക്കളയിൽ. ഭക്ഷണത്തിൽ പച്ചക്കറികളും ധാന്യങ്ങളുമൊന്നും മിക്കവാറും ഉണ്ടാവാറില്ല. ‘എന്തെങ്കിലും പണം ബാക്കിയുണ്ടെങ്കിലേ പച്ചക്കറി വാങ്ങാറുള്ളു’

ഗായത്രിയുടെ ഭക്ഷണക്രമത്തിൽ പച്ചക്കറികളും ധാന്യങ്ങളൊന്നും മിക്കവാറും ഉണ്ടാവാറില്ല. കൈയ്യിൽ പൈസയില്ലാതാവുമ്പോൾ, അയൽക്കാരിൽനിന്ന് തക്കാളിയോ മുളകോ വാങ്ങി, എന്തെങ്കിലുമൊരു കറി ഉണ്ടാക്കും

ഇത് ‘പട്ടിണി ആഹാരക്രമ’മാണെന്ന് ബംഗളൂരുവിലെ സെന്റ് ജോൺസ് മെഡിക്കൽ കൊളേജിലെ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. ഷൈബ്യ സൽഡാന പറയുന്നു. “വടക്കൻ കർണ്ണാടകത്തിലെ മിക്ക കർഷകസ്ത്രീത്തൊഴിലാളീകളും ‘പട്ടിണി ഭക്ഷണക്രമ’ത്തിലാണ് ജീവിക്കുന്നത്. അവർ ചോറും, ധാരാളം വെള്ളവും മുളകുപൊടിയും ചേർത്ത പരിപ്പുകറിയുമാണ് കഴിക്കുന്നത്. കഠിനമായ പട്ടിണി, വിളർച്ചാരോഗമുണ്ടാക്കുകയും അവരെ പരവശരാക്കുകയും ചെയ്യുന്നു” എന്ന് ഡോ. സൽഡാന കൂട്ടിച്ചേർക്കുന്നു. കൌമാരക്കാരുടേയും കുട്ടികളുടേയും ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഉണ്ടാക്കിയ എൻഫോൾഡ് ഇന്ത്യ എന്ന സംഘടനയുടെ സഹസ്ഥാപകയാണ് അവർ. പ്രദേശത്ത് നടക്കുന്ന അനധികൃത ഗർഭപാത്ര നീക്കൽ ശസ്ത്രക്രിയകളെക്കുറിച്ച് അന്വേഷിക്കുന്നതിനുവേണ്ടി കർണ്ണാടക സ്റ്റേറ്റ് കമ്മീഷൻ ഫോർ വുമെൺ 2015-ൽ രൂപവത്ക്കരിച്ച കമ്മിറ്റിയിലെ അംഗമാണ് അവർ.

തലചുറ്റൽ, കൈകളിലും കാലുകളിലുമുള്ള മരവിപ്പ്, നടുവേദന, ക്ഷീണം എന്നിവ ഗായത്രിയെ പതിവായി അലട്ടുന്നുണ്ട്. ഗുരുതരമായ പോഷകക്കുറവിന്റേയും വിളർച്ചയുടേയും ലക്ഷണങ്ങളാണ് ഇവയെന്ന് ഡോ. സൽഡാന പറയുന്നു.

2019-21-ലെ ദേശീയ കുടുംബാരോഗ്യ സർവ്വേ പ്രകാരം ( എൻ.എഫ്.എച്ച്.എസ്-5 ), കഴിഞ്ഞ നാലുവർഷത്തിനിടയിൽ, കർണ്ണാടകയിൽ, 15-നും 49-നുമിടയിൽ പ്രായമുള്ള വിളർച്ച ബാധിച്ച സ്ത്രീകളുടെ എണ്ണം 2015-16-ൽ 46.2 ആയിരുന്നതിൽനിന്ന് 2019-20ൽ 50.3 ആയി ഉയർന്നു. ഹവേരി ജില്ലയിലാകട്ടെ, ഈ പ്രായപരിധിയിലുള്ള സ്ത്രീകളിൽ പകുതിയും വിളർച്ച ബാധിച്ചവരായിരുന്നു.

അനാരോഗ്യം ഗായത്രിയുടെ വരുമാനത്തേയും ബാധിക്കുന്നുണ്ട്. “തീരെ സുഖമില്ല. ഒരു ദിവസം ജോലിക്ക് പോയാൽ, അടുത്ത ദിവസം സാധിക്കുന്നില്ല”, ദീർഘനിശ്വാസത്തോടെ അവർ പറയുന്നു

PHOTO • S. Senthalir

ഇതേ കോളനിയിൽ, ഭർത്താവും, 18 കുടുംബാംഗങ്ങളുമൊത്ത് ഇരുമുറി വീട്ടിലാണ് മഞ്ജുള മഹാദേവപ്പ ജീവിക്കുന്നത്. പകൽ‌സമയത്ത് അടുക്കളയായി ഉപയോഗിക്കുന്ന മുറിയിലാണ് രാത്രിയിൽ മഞ്ജുളയും ഭർത്താവും കഴിയുന്നത്

25 വയസ്സുള്ള മഞ്ജുള മഹാദേവപ്പ കച്ചറാബിക്കും സദാസമയവും വേദനയാണ്. ആർത്തവസമയത്ത്, കഠിനമായ വയറുകടച്ചിലും അതുകഴിഞ്ഞാൽ വയറുവേദനയും, യോനിയിൽനിന്നുള്ള സ്രവവും അനുഭവിക്കുകയാണ് അവർ.

“ആർത്തവത്തിന്റെ അഞ്ച് ദിവസങ്ങളിലും നല്ല വേദനയാണ്”, പ്രതിദിനം 200 രൂപയ്ക്ക് കർഷകത്തൊഴിലാളിയായി ജോലി ചെയ്യുന്ന മഞ്ജുള പറയുന്നു. “ആദ്യത്തെ രണ്ടുമൂന്ന് ദിവസം എഴുന്നേൽക്കാൻ പറ്റില്ല. വയറ്‌ കോച്ചിപ്പിടിക്കും. നടക്കാനോ, ജോലിക്ക് പോകാനോ ഒന്നും പറ്റില്ല. ഭക്ഷണം പോലും കഴിക്കാറില്ല. വെറുതെ വിശ്രമിക്കും”.

വേദനയ്ക്ക് പുറമേ, ഗായത്രിയും മഞ്ജുളയും മറ്റൊരു പൊതുവായ പ്രശ്നവും നേരിടുന്നുണ്ട്. സുരക്ഷിതവും വൃത്തിയുള്ളതുമായ ശൌചാലയത്തിന്റെ അഭാവം.

12 വർഷം മുമ്പ് വിവാഹിതയായതിൽ‌പ്പിന്നെ, അസുണ്ടിയിലെ ദളിത് കോളനിയിലെ, ജനലുകളില്ലാത്ത, 7.5 x 10 അടി വലിപ്പമുള്ള വീട്ടിലാണ് ഗായത്രി കഴിയുന്നത്. ഒരു ടെന്നീസ് കോർട്ടിന്റെ മൂന്നിലൊരു ഭാഗം വലിപ്പമുള്ള വീടാണത്. രണ്ട് മറകളിട്ട് ആ സ്ഥലത്തിനെ അടുക്കളയും, ഉമ്മറവും കിടപ്പുമുറിയുമുള്ള മൂന്ന് ഭാഗങ്ങളാക്കി മാറ്റിയിരിക്കുന്നു. കക്കൂസിനുള്ള സ്ഥലമില്ല.

ഇതേ കോളനിയിലാണ് രണ്ട് മുറികളുള്ള ഒരു വീട്ടിൽ മഞ്ജുളയും ഭർത്താവും 18 കുടുംബാംഗങ്ങളും കഴിയുന്നത്. മൺചുവരുകളും പഴയ സാരികളും ഉപയോഗിച്ച് മുറികളെ ആറ് ഭാഗങ്ങളായി വേർതിരിച്ചിരിക്കുന്നു. “ഒന്നിനും ഒരു സ്ഥലവുമില്ല” മഞ്ജുള പറയുന്നു. “ഉത്സവത്തിനും മറ്റുമായി കുടുംബാംഗങ്ങൾ ഒരുമിക്കുമ്പോൾ, ഇരിക്കാൻ‌പോലും സ്ഥലമുണ്ടാവില്ല”. അത്തരം അവസരങ്ങളിൽ പുരുഷന്മാരെ കമ്മ്യൂണിറ്റി ഹാളിലേക്ക് ഉറങ്ങാൻ അയയ്ക്കും.

Manjula standing at the entrance of the bathing area that the women of her house also use as a toilet sometimes. Severe stomach cramps during her periods and abdominal pain afterwards have robbed her limbs of strength. Right: Inside the house, Manjula (at the back) and her relatives cook together and watch over the children
PHOTO • S. Senthalir
Inside the house, Manjula (at the back) and her relatives cook together and watch over the children
PHOTO • S. Senthalir

ചിലസമയങ്ങളിൽ ശൌചാലയമായി ഉപയോഗിക്കുന്ന കുളിക്കാനുപയോഗിക്കുന്ന ഭാഗത്ത് മഞ്ജുള നിൽക്കുന്നു. ആർത്തവസമയത്തെ കഠിനമായ വയറ് കടച്ചിലും പിന്നീടുള്ള ദിവസങ്ങളിലെ വയറുവേദനയും അവരുടെ കാലുകളെ ദുർബ്ബലമാക്കിയിരിക്കുന്നു. വലത്ത്: വീടിനകത്ത്, മഞ്ജുളയും (പിന്നിൽ) അവരുടെ ബന്ധുക്കളും ഒരുമിച്ച് പാചകം ചെയ്യുകയും കുട്ടികളെ നോക്കുകയും ചെയ്യുന്നു

വീടിന് പുറത്ത് കുളിക്കാനുപയോഗിക്കുന്ന ഭാഗത്തിന്റെ മുൻ‌വശം സാരികൊണ്ട് മറച്ചിരിക്കുന്നു. മഞ്ജുളയുടെ വീട്ടിലെ സ്ത്രീകൾ ഇതിനകത്താണ് മൂത്രമൊഴിക്കുന്നത്. എന്നാൽ വീട്ടിൽ ധാരാളമാളുകളുള്ളപ്പോൾ അവരത് ഉപയോഗിക്കാറില്ല. ഈയിടെയായി, അവിടെനിന്ന് ദുർഗന്ധം പുറപ്പെടുന്നുണ്ട്. പൈപ്പ്‌ലൈനുകളിടാനായി കോളനിയിലെ ഇടുങ്ങിയ വഴികൾ കുഴിച്ചപ്പോൾ വെള്ളം ഇവിടെ കെട്ടിക്കിടന്ന് ചുമരുകളിൽ പൂപ്പൽ പിടിക്കാൻ തുടങ്ങി. ആർത്തവകാലത്ത്, ഇവിടെവെച്ചാണ് മഞ്ജുള അവരുടെ സാനിറ്ററി പാഡുകൾ മാറ്റുന്നത്. “ദിവസത്തിൽ രണ്ടുതവണ ഞാൻ പാഡുകൾ മാറ്റും. രാവിലെ ജോലിക്ക് പോവുന്നതിനുമുൻപും, തിരിച്ച് വൈകീട്ട് വീട്ടിലെത്തുമ്പോഴും”. ജോലിയെടുക്കുന്ന കൃഷിസ്ഥലത്ത് ഉപയോഗിക്കാൻ പറ്റുന്ന കക്കൂസുകളൊന്നുമില്ല.

സ്ഥലപരമായി അകറ്റിനിർത്തപ്പെട്ട എല്ലാ ദളിത് കോളനികളേയുംപോലെ, അസുണ്ടിയിലെ മഡിഗര കേരിയും ഗ്രാമാതിർത്തികളുടെ പുറത്താണ് സ്ഥിതി ചെയ്യുന്നത്. 67 വീടുകളിലായി 600-ഓളം ആളുകൾ ഇവിടെ താമസിക്കുന്നു. അതിൽ പകുതി വീടുകളിൽ ഓരോന്നിലും മൂന്നിലധികം കുടുംബങ്ങൾ ഒരുമിച്ച് കഴിയുന്നു.

60 വർഷങ്ങൾക്കുമുമ്പ് അസുണ്ടിയിലെ മഡിഗ സമുദായത്തിന് വിട്ടുകൊടുത്ത 1.5 ഏക്കർ വരുന്ന സ്ഥലത്തുള്ള കോളനിയിലെ ജനസംഖ്യ വർദ്ധിച്ചുവരികയാണ്. എന്നാൽ, കൂടുതൽ വീടുകൾ അനുവദിച്ചുകിട്ടുന്നതിനുള്ള പ്രതിഷേധങ്ങൾ ഒരു ഗുണവും ചെയ്തിട്ടില്ല. വീടുകളിലെ നിലവിലുള്ള മുറികളെത്തന്നെ ചുമരുകളും, സാരി-കർട്ടനുകളും ഉപയോഗിച്ച് ഭാഗിച്ചാണ്, പുതിയ തലമുറകളേയും അവരുടെ വർദ്ധിച്ചുവരുന്ന കുടുംബങ്ങളേയും താമസിപ്പിക്കുന്നത്.

അങ്ങിനെയാണ് ഗായത്രിയുടെ 22.5 x 30 അടി വലിപ്പമുള്ള വലിയ മുറിയെ മൂന്ന് ചെറിയ വീടുകളാക്കി മാറ്റിയത്. അവരും, ഭർത്താവും, രണ്ട് ആണ്മക്കളും, ഭർത്താവിന്റെ അച്ഛനമ്മമാരും ഒരു മുറിയിൽ താമസിക്കുന്നു. മറ്റ് രണ്ട് മുറികളിലുമായി ഭർത്താവിന്റെ അടുത്ത ബന്ധുക്കളുടെ കുടുംബങ്ങളും. തുണിയലക്കാനും, പാത്രങ്ങൾ കഴുകാനും, 7-ഉം 10-ഉം വയസ്സായ ആൺകുട്ടികൾക്ക് കുളിക്കാനും വീടിന് മുമ്പിലുള്ള ഇടുങ്ങിയ ഇരുട്ടുപിടിച്ച വരാന്തയാണ് ആശ്രയം.

Permavva Kachcharabi and her husband (left), Gayathri's mother- and father-in-law, at her house in Asundi's Madigara keri.
PHOTO • S. Senthalir
The colony is growing in population, but the space is not enough for the families living there
PHOTO • S. Senthalir

ഇടത്ത്: പെർമവ്വ കച്ചറാബി, ഭർത്താവ് (ഇടത്ത്), ഗായത്രിയുടെ ഭർത്താവിന്റെ മാതാപിതാക്കൾ എന്നിവർ, അസുണ്ടിയിലെ മഡിഗര കേരിയിലെ വീട്ടിൽ വലത്ത്: കോളനിയിലെ അംഗസംഖ്യ കൂടുകയാണെങ്കിലും അവിടെയുള്ള കുടുംബങ്ങൾക്ക് താമസിക്കാൻ മതിയായ സ്ഥലമില്ല

എൻ.എഫ്.എച്ച്.എസ്.2019-20-ലെ സ്ഥിതിവിവരകണക്കുകൾപ്രകാരം, കർണ്ണാടകയിലെ 74.6 ശതമാനം വീടുകളും ‘മെച്ചപ്പെട്ട ശൌചാലയ സംവിധാനങ്ങൾ’ ഉപയോഗിക്കുന്നുണ്ടെങ്കിലും, ഹവേരി ജില്ലയിൽ 68.9 ശതമാനം വീടുകളിൽ മാത്രമേ അതുള്ളൂ. ‘അഴുക്കുചാലിലേക്ക് നേരിട്ട് ഫ്ലഷ് ചെയ്യാനോ വെള്ളമൊഴിച്ച് ഫ്ലഷ് ചെയ്യാനോ സാധിക്കുക (സെപ്റ്റിക് ടാങ്ക് അല്ലെങ്കിൽ പിറ്റ് ലാട്രിൻ), കാറ്റുകടക്കാവുന്ന മെച്ചപ്പെട്ട പിറ്റ് ലാട്രിൻ, സ്ലാബോടുകൂടിയ പിറ്റ് ലാട്രിൻ, കമ്പോസ്റ്റിങ്ങ് ടോയ്‌ലറ്റ് എന്നിങ്ങനെയുള്ള സംവിധാനങ്ങളെ‘യാണ് മെച്ചപ്പെട്ട ശൌചാലയ സംവിധാനമെന്നതുകൊണ്ട് എൻ.എഫ്.എച്ച്.എസ് ഉദ്ദേശിക്കുനത്. അസുണ്ടിയിലെ മഡിഗര കേരിയിൽ ഇവയിലൊന്നുപോലുമില്ല. “ഞങ്ങൾക്ക് പറമ്പിൽത്തന്നെ പോയി കാര്യം സാധിക്കേണ്ടിവരുന്നു”, ഗായത്രി പറയുന്നു. “കൃഷിസ്ഥലത്തിന്റെ ഉടമകൾ പാടങ്ങൾ കമ്പിവേലി കെട്ടി അടയ്ക്കുകയും ഞങ്ങളെ ചീത്ത വിളിക്കുകയും ചെയ്യും”, അവർ കൂട്ടിച്ചേർക്കുന്നു. അതിനാൽ, കോളനിയിലെ താമസക്കാർ, നേരം വെളുക്കുന്നതിനുമുന്നേ കാര്യം സാധിച്ചുവരും.

ഇതിനുള്ള പ്രതിവിധിയായി, കുടിക്കുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കുകയാണ് ഗായത്രി ചെയ്തത്. പണിസ്ഥലത്ത് ഭൂവുടമകൾ ഉണ്ടാകുമെന്നതുകൊണ്ട്, വൈകീട്ട് വീട്ടിൽ തിരിച്ചെത്തുന്നതുവരെ മൂത്രമൊഴിക്കാനുള്ള സൌകര്യം ഗായത്രിക്ക് കിട്ടാറില്ല. ഇത്, കലശലായ അടിവയറുവേദനക്ക് ഇടയാക്കുകയും ചെയ്യുന്നു.

അതേസമയം, യോനിയിലെ അണുബാധമൂലം മഞ്ജുള കഠിനമായ അടിവയറ്റുവേദനയാണ് അനുഭവിക്കുന്നത്. എല്ലാ മാസവും ആർത്തവം അവസാനിക്കുമ്പോൾ യോനിയിൽനിന്ന് സ്രവം വരാൻ ആരംഭിക്കും. “അത്, അടുത്ത ആർത്തവസമയം‌വരെ നീണ്ടുപോകും. ആർത്തവം വരുന്നതുവരെ വയറും നടുവും വേദനിക്കും. കഠിനമായ വേദനയാണ്. എന്റെ കൈക്കും കാലിനുമൊന്നും തീരെ ബലമില്ല”.

ഇക്കാലത്തിനുള്ളിൽ അവർ 4.5 സ്വകാര്യ ക്ലിനിക്കുകൾ സന്ദർശിച്ചിട്ടുണ്ട്. സ്കാ‍നിംഗിൽ എല്ലാം സാധാരണമായി കണ്ടു. “ഗർഭമാവുന്നതുവരെ ഇനി ചെക്കപ്പിനൊന്നും വരേണ്ട ആവശ്യമില്ലെന്ന് അവർ പറഞ്ഞു. അതുകൊണ്ടാണ് പിന്നെ ഞാൻ ആശുപത്രിയിലേക്ക് പോകാതിരുന്നത്. രക്തപരിശോധനയൊന്നും ചെയ്തിട്ടില്ല”.

ഡോക്ടർമാരുടെ ഉപദേശത്തിൽ തൃപ്തിവരാതെ, അവർ പരമ്പരാഗത പച്ചമരുന്ന് ചികിത്സയേയും നാട്ടിലെ പൂജാരിമാരേയും ആശ്രയിച്ചു. എന്നിട്ടും വേദനയും യോനീസ്രവവും ഭേദമായില്ല.

With no space for a toilet in their homes, or a public toilet in their colony, the women go to the open fields around. Most of them work on farms as daily wage labourers and hand pollinators, but there too sanitation facilities aren't available to them
PHOTO • S. Senthalir
With no space for a toilet in their homes, or a public toilet in their colony, the women go to the open fields around. Most of them work on farms as daily wage labourers and hand pollinators, but there too sanitation facilities aren't available to them
PHOTO • S. Senthalir

വീടുകളിൽ കക്കൂസുകളോ, കോളനിയിൽ പൊതുകക്കൂസോ ഇല്ലാത്തതിനാൽ സ്ത്രീകൾ ചുറ്റുവട്ടത്തുള്ള പറമ്പുകളിലാണ് പോവുക. മിക്കവരും കൃഷിയിടങ്ങളിൽ ദിവസക്കൂലിക്കാരായോ, കൈകൊണ്ട് പരാഗവിതരണം ചെയ്യുന്നവരായോ പണിയെടുക്കുന്നു. എന്നാൽ ഇവിടെയും അവർക്ക് കക്കൂസ് സൌകര്യങ്ങളൊന്നും ലഭിക്കുന്നില്ല

പോഷകാഹാരക്കുറവ്, കാൽ‌ഷ്യത്തിന്റെ അഭാവം, മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ദേഹാദ്ധ്വാനം – അതോടൊപ്പം, ശുദ്ധമല്ലാത്ത വെള്ളം, വെളിയിടവിസർജ്ജനം എന്നിവയെല്ലാം, യോനീസ്രവത്തിലേക്കും, കലശലായ പുറം‌വേദനയിലേക്കും, അടിവയറ്റിലെ വേദനയിലേക്കും, വസ്തിപ്രദേശത്തെ നീർക്കെട്ടിലേക്കും നയിക്കുന്നുവെന്ന് ഡോ. സൽഡാന പറയുന്നു.

“ഇത് ഹവേരിയെക്കുറിച്ചോ ഏതാനും സ്ഥലങ്ങളെക്കുറിച്ചോ മാത്രമുള്ളതല്ല”, എന്ന് വടക്കൻ കർണ്ണാടകയിലെ ആക്ടിവിസ്റ്റായ ടീന സേവ്യർ പറയുന്നു. 2019-ൽ ആ പ്രദേശത്ത് നടന്ന മാതൃമരണങ്ങളെക്കുറിച്ച് അന്വേഷണമാവശ്യപ്പെട്ട് കർണ്ണാടക ഹൈക്കോടതിക്ക് നിവേദനം കൊടുത്ത ജനാരോഗ്യ ചാലുവാലി (കെ.ജെ.എസ്) എന്ന സംഘടനയുടെ ഭാഗമാണ് ടീന.

കർണ്ണാടകയിൽ ഗ്രാമീണ ആരോഗ്യമേഖലയിലുള്ള ഡോക്ടർമാരുടേയും നഴ്സുമാരുടേയും പാരാമെഡിക്കൽ സ്റ്റാഫിന്റേയും അഭാവം, ഗായത്രിയേയും മഞ്ജുളയേയുംപോലെയുള്ള സ്ത്രീകളെ സ്വകാര്യ ആരോഗ്യപരിചരണ സംവിധാനങ്ങളെ ആശ്രയിക്കാൻ നിർബന്ധിതരാക്കുന്നു. പ്രത്യുത്പാദനത്തെക്കുറിച്ചും ശിശു ആരോഗ്യത്തെക്കുറിച്ചും, ദേശീയ ഗ്രാമീണാരോഗ്യ മിഷ്യന്റെ (നാഷണൽ റൂറൽ ഹെൽത്ത് മിഷൻ) കീഴിൽ, രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ആരോഗ്യപരിരക്ഷാ കേന്ദ്രങ്ങളിൽ 2017-ൽ നടത്തിയ ഒരു ഓഡിറ്റിൽ കണ്ടെത്തിയത്, കർണ്ണാടകയിൽ ഡോക്ടർമാരുടേയും നഴ്സുമാരുടേയും പാരാമെഡിക്കൽ സ്റ്റാഫിന്റേയും എണ്ണത്തിൽ ഭീമമായ കുറവുണ്ടെന്നാണ്.

ഇത്തരം ഘടനാപരമായ പ്രശ്നങ്ങളെക്കുറിച്ചൊന്നും ഗാ‍യത്രിക്ക് അറിയില്ല. അവർ വളരെ ആശങ്കാകുലയാണ്. എന്നെങ്കിലും തന്റെ പ്രശ്നം കണ്ടുപിടിക്കാൻ കഴിയുമെന്ന് മാത്രം അവർ പ്രതീക്ഷിക്കുന്നു. വേദനയുള്ള ദിവസങ്ങളെ ഓർത്ത് ഭയപ്പെടുന്ന അവർ പറയുന്നു: “എനിക്കെന്തെങ്കിലും സംഭവിക്കുമോ? ഞാൻ രക്തപരിശോധനയൊന്നും ചെയ്തിട്ടില്ല. ചെയ്തിരുന്നെങ്കിൽ എന്താണ് എന്റെ കുഴപ്പമെന്ന് അറിയാൻ കഴിഞ്ഞേനേ. എങ്ങിനെയെങ്കിലും പൈസ കടം വാങ്ങി പരിശോധിപ്പിക്കണം. ഒന്നുമില്ലെങ്കിലും എന്താണ് കുഴപ്പമെന്നെങ്കിലും അറിയാമല്ലോ”.

ഗ്രാമീണ ഇന്ത്യയിലെ കൗമാരക്കാരായ പെൺകുട്ടികളെയും യുവതികളെയും കുറിച്ച് പ്രോജക്റ്റ് പോപുലേഷൻ ഫൗ ണ്ടേഷൻ ഓഫ് ഇന്ത്യയുടെ പിന്തുണയോടെ പാരിയും കൗ ണ്ടർ മീഡിയ ട്രസ്റ്റും രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രധാനപ്പെട്ട ജനവിഭാഗവും എന്നാല്‍ പാര്‍ശ്വവത്കൃതരുമായ മേല്‍പ്പറഞ്ഞ വിഭാഗങ്ങളുടെ അവസ്ഥ സാധാരണക്കാരുടെ ശബ്ദത്തിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിലാക്കുന്നതിനുള്ള ഒരു ഉദ്യമത്തിന്‍റെ ഭാഗമാണ് ഈ പ്രോജക്റ്റ്.

ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണമെന്നുണ്ടെങ്കിൽ [email protected] എന്ന മെയിലിലേക്ക് [email protected] എന്ന മെയിൽ ഐഡി കൂടി കാർബൺ കോപ്പി ചെയ്ത് എഴുതുക.

പരിഭാഷ: രാജീവ് ചേലനാട്ട്

S. Senthalir

ਐੱਸ. ਸੇਂਥਾਲੀਰ, ਪੀਪਲਜ਼ ਆਰਕਾਈਵ ਆਫ਼ ਰੂਰਲ ਇੰਡੀਆ ਦੀ ਸੀਨੀਅਰ ਸੰਪਾਦਕ ਅਤੇ 2020 ਪਾਰੀ ਫੈਲੋ ਹੈ। ਉਹ ਲਿੰਗ, ਜਾਤ ਅਤੇ ਮਜ਼ਦੂਰੀ ਦੇ ਜੀਵਨ ਸਬੰਧੀ ਰਿਪੋਰਟ ਕਰਦੀ ਹੈ। ਸੇਂਥਾਲੀਰ ਵੈਸਟਮਿੰਸਟਰ ਯੂਨੀਵਰਸਿਟੀ ਵਿੱਚ ਚੇਵੇਨਿੰਗ ਸਾਊਥ ਏਸ਼ੀਆ ਜਰਨਲਿਜ਼ਮ ਪ੍ਰੋਗਰਾਮ ਦਾ 2023 ਦੀ ਫੈਲੋ ਹੈ।

Other stories by S. Senthalir
Illustration : Priyanka Borar

ਪ੍ਰਿਯੰਗਾ ਬੋਰਾਰ ਨਵੇਂ ਮੀਡਿਆ ਦੀ ਇੱਕ ਕਲਾਕਾਰ ਹਨ ਜੋ ਅਰਥ ਅਤੇ ਪ੍ਰਗਟਾਵੇ ਦੇ ਨਵੇਂ ਰੂਪਾਂ ਦੀ ਖੋਜ ਕਰਨ ਲਈ ਤਕਨੀਕ ਦੇ ਨਾਲ਼ ਪ੍ਰਯੋਗ ਕਰ ਰਹੀ ਹਨ। ਉਹ ਸਿੱਖਣ ਅਤੇ ਖੇਡ ਲਈ ਤਜਰਬਿਆਂ ਨੂੰ ਡਿਜਾਇਨ ਕਰਦੀ ਹਨ, ਇੰਟਰੈਕਟਿਵ ਮੀਡਿਆ ਦੇ ਨਾਲ਼ ਹੱਥ ਅਜਮਾਉਂਦੀ ਹਨ ਅਤੇ ਰਵਾਇਤੀ ਕਲਮ ਅਤੇ ਕਾਗਜ਼ ਦੇ ਨਾਲ਼ ਵੀ ਸਹਿਜ ਮਹਿਸੂਸ ਕਰਦੀ ਹਨ।

Other stories by Priyanka Borar
Editor : Kavitha Iyer

ਕਵਿਥਾ ਅਈਅਰ 20 ਸਾਲਾਂ ਤੋਂ ਪੱਤਰਕਾਰ ਹਨ। ਉਹ ‘Landscapes Of Loss: The Story Of An Indian Drought’ (HarperCollins, 2021) ਦੀ ਲੇਖਕ ਹਨ।

Other stories by Kavitha Iyer
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat