ലക്ഷ്മിബായ് കാലേയുടെ വിളവെടുപ്പിന്‍റെ ഒരു ഭാഗം എല്ലാവർഷവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അമിതമായ മഴയോ, വരൾച്ചയോ, മോശം കാർഷിക സാങ്കേതിക വിദ്യയോ അല്ല ഇതിനു കാരണം. “ഞങ്ങളുടെ വിളകൾ നശിപ്പിക്കപ്പെടുന്നു, കാരണം പഞ്ചായത്ത് മൃഗങ്ങളെ ഭൂമിയിൽ മേയാൻ വിടുന്നു. ഞങ്ങൾക്കുണ്ടായ നഷ്ടങ്ങളുടെ എണ്ണംതന്നെ ഞാൻ മറന്നു പോയിരിക്കുന്നു”, 60- കാരിയായ ലക്ഷ്മിബായി പറഞ്ഞു.
നാശിക് ജില്ലയിലെ മോഹാഡി ഗ്രാമത്തിൽ ലക്ഷ്മിയും അവരുടെ ഭർത്താവ് വാമനും മൂന്നു ദശാബ്ദങ്ങളായി കൃഷി ചെയ്തുപോരുന്ന അഞ്ചേക്കർ സ്ഥലം സർക്കാർ നിയന്ത്രിത പൊതു ഭൂമിയുടെ ഭാഗമായി ഉപയോഗിച്ചു വരുന്ന മേച്ചിൽ സ്ഥലമാണ്. അവർ അവിടെ തുവര, ബജ്റ, അരിച്ചോളം എന്നിവയൊക്കെ കൃഷി ചെയ്യുന്നു. “ഞങ്ങളുടെ ഭൂമിയിൽ ഗ്രാമീണരുടെ കന്നുകാലികളെ മേയാൻ അനുവദിച്ചില്ലെങ്കിൽ ഞങ്ങൾക്കെതിരെ കേസ് കൊടുക്കുമെന്നാണ് പഞ്ചായത്തംഗങ്ങൾ പറയുന്നത്.”
ദിണ്ടൊരി താലൂക്കിലെ ഗ്രാമത്തിൽ നിന്നുള്ള ലക്ഷ്മിബായിയും മറ്റു കർഷകരും 1992 മുതൽ ഭൂഅവകാശങ്ങൾക്കായി പൊരുതിക്കൊണ്ടിരിയ്ക്കുന്നു. “ഈ ഭൂമിയിൽ കൃഷി ചെയ്യുന്ന കുടുബത്തിലെ മൂന്നാമത്തെ തലമുറയിൽപ്പെട്ട ആളാണ് ഞാൻ, പക്ഷേ ഇപ്പോഴും ഇത് ഞങ്ങളുടെ ഉടമസ്ഥതയിലല്ല”, അവർ പറഞ്ഞു. “2020-ൽ ഭൂഅവകാശത്തിനു വേണ്ടി ഞങ്ങൾ സത്യാഗ്രഹവും ജയിൽ ഭരോ ആന്ദോളനും (ജെയില്‍ നിറയ്ക്കല്‍ സമരം) നടത്തി”. ആ സമയത്ത് 1500-നടുത്ത് കർഷകർ, കൂടുതലും സ്ത്രീകൾ, 17 ദിവസം നാശിക് സെൻട്രൽ ജയിലിൽ ചിലവഴിച്ചു, അവർ ഓർമ്മിക്കുന്നു.
മഹാരാഷ്ട്രയിൽ മറ്റു പിന്നോക്ക വിഭാഗത്തിൽപ്പെടുന്ന ലോഹർ ജാതിയിൽപ്പെട്ട ലക്ഷ്മിബായിയുടെ ഭൂമിക്കു പട്ടയം ഇല്ലാത്തതിനാല്‍ വിളനഷ്ടം നികത്തുന്നതിനായി ഒരിടത്തുനിന്നും സഹായം ലഭിക്കുന്നില്ല. “ഭൂമി ഞങ്ങളുടെ പേരിൽ അല്ലാത്തതു കാരണം ഞങ്ങൾക്ക് വായ്പയോ വിളകൾക്കുള്ള ഇൻഷുറൻസോ ലഭിക്കുന്നില്ല”, അവർ പറഞ്ഞു. അതിനാല്‍ കൂടുതൽ സമ്പാദിച്ചുകൊണ്ടു നഷ്ടം നികത്തുന്നതിനായി അവര്‍ 8 മണിക്കൂറുകൾ വീതമുള്ള രണ്ടു ഷിഫ്റ്റുകളിൽ കർഷക തൊഴിലാളിയായി പണിയെടുക്കുന്നു.
ഭിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട കർഷകയും വിധവയുമായ 55 വയസ്സുള്ള വിജാഭായ് ഗാങ്കുർദെയും സമാനമായ അവസ്ഥയിലാണ്. മോഹാഡി യിലെ ഭൂമിയെ ആശ്രയിച്ചു ജീവിക്കാൻ അവർക്കു കഴിയുന്നില്ല. “എന്‍റെ ഭൂമിയിൽ എട്ടു മണിക്കൂർ പണിയെടുത്തശേഷം കർഷകതൊഴിലാളിയായി മറ്റാരുടെയെങ്കിലും ഭൂമിയിൽ 8 മണിക്കൂർ കൂടി ഞാൻ പണിയെടുക്കുന്നു”, വിജാബായ് പറയുന്നു. രാവിലെ 7 മണിക്കു തുടങ്ങുന്ന അവരുടെ ദിവസം രണ്ടു ഷിഫ്റ്റുകളായി വിഭജിച്ചിരിക്കുന്നു.
“പക്ഷേ ഒരു പണമിടപാടുകാരന്‍റേയും പക്കൽനിന്നും ഞാൻ വായ്പ തേടിയിട്ടില്ല”, അവർ കൂട്ടച്ചേർത്തു. 100 രൂപയ്ക്കു 10 രൂപ എന്ന നിലയിലാണ് പണമിടപാടുകാർ വായ്പയ്ക്ക് പലിശ വാങ്ങുന്നത്. അത് മാസാവസാനം തിരിച്ചടയ്ക്കേണ്ടതുണ്ട്. ലക്ഷ്മിബായിയും സ്വകാര്യ വായ്പാ ദാദാക്കളിൽനിന്നും ഒഴിഞ്ഞു നിൽക്കുന്നു. “സമീപ ഗ്രാമങ്ങളിൽ പണമിടപാടുകാർ വിധവകളെ ഉപദ്രവിച്ചിട്ടുണ്ട്”, അവർ പറഞ്ഞു.








