ചൂടുള്ള സോപ്പുവെള്ളത്തിൽ കുതിർത്തിട്ടിരിക്കുന്ന ഒരു കമ്പിളിപ്പുതപ്പിൽ താളത്തിൽ ചവിട്ടുകയാണ് യുവാവായ താലബ് ഹുസ്സൈൻ. ഒറ്റനോട്ടത്തിൽ അദ്ദേഹം നൃത്തം ചെയ്യുകയാണെന്ന് തോന്നും; മുഖത്ത് നിറഞ്ഞ പുഞ്ചിരി. "കുതിർന്നുകിടക്കുന്ന കമ്പിളിപ്പുതപ്പിൽ ബാലൻസ് തെറ്റാതെ നിൽക്കണം," തെന്നിവീഴാതിരിക്കാൻ മുന്നിലുള്ള മരത്തിൽ പിടിച്ചുനിന്നുകൊണ്ട് അദ്ദേഹം പറയുന്നു. ഇതേസമയം വേറൊരാൾ, പുതപ്പ് മുക്കിവച്ചിരിക്കുന്ന വലിയ ഘമേലയിലേയ്ക്ക് (പാത്രം) വീണ്ടും ചൂടുള്ള സോപ്പുവെള്ളം ഒഴിക്കുന്നു.
ജമ്മുവിലെ സാംബ ജില്ലയിലുള്ള ഒരു ചെറിയ ബക്കർവാൾ ഗ്രാമം. ഇരുട്ടുറഞ്ഞുകിടക്കുന്ന ആ ശൈത്യകാലരാത്രിയിൽ, താത്കാലികാവശ്യത്തിന് നിർമ്മിച്ചിട്ടുള്ള ഒരു വിറകടുപ്പിൽനിന്നും ചുറ്റുപാടും നേരിയ പ്രകാശം പരക്കുന്നു. പുതിയതായി നിർമ്മിച്ച കമ്പിളിപ്പുതപ്പുകളിൽനിന്ന് അഴുക്കും ഒലിച്ചിറങ്ങിയ നിറങ്ങളും ഇളകിക്കിടക്കുന്ന നൂലുകളും നീക്കംചെയ്യാനായി അടുപ്പത്ത് വെള്ളം തിളപ്പിക്കുകയാണ്.
കമ്പിളികൊണ്ടുള്ള കരകൗശലവിദ്യകളിൽ നിപുണരായ മേഘ്, മീങ്ഘ് എന്നീ പട്ടികവർഗ്ഗ സമുദായങ്ങളാണ് കമ്പിളിപ്പുതപ്പുകൾ ഉണ്ടാക്കുന്നത്. കമ്പിളികൾ ഉണ്ടാക്കിക്കഴിഞ്ഞാൽ അവ കഴുകിയെടുക്കുന്നത് ബക്കർവാൾ സമുദായത്തിലെ പുരുഷന്മാരാണ്. പുതപ്പുകൾ നിർമ്മിക്കാൻ വേണ്ട നൂലുകളും ഇഴകളും ബക്കർവാൾ സ്ത്രീകൾ ഒരുക്കുകയും സമുദായാംഗങ്ങൾ അവയ്ക്ക് തങ്ങളുടെ വീടുകളിൽ വച്ച് നിറം കൊടുക്കുകയുമാണ് ചെയ്യുന്നത്.












