എല്ലാ വൈകുന്നേരവും 5 മണിയോടെ ജോലി കഴിഞ്ഞ് മടങ്ങിയെത്തുന്ന ഡോ. ശബ്‌നം യാസ്മിൻ അവരുടെ ഇളം തവിട്ട് നിറമുള്ള വീടിന്‍റെ ടെറസിലേക്കാണ് നേരെ കയറുന്നത്. അവിടെ, അവർ കുളിച്ച് വ്യത്തിയായ ശേഷം, പേനകളും ഡയറികളും ഉൾപ്പെടെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോയതെല്ലാം അണുവിമുക്തമാക്കും. വസ്ത്രങ്ങൾ കഴുകിയിടും (ഇതിനെല്ലാം വേണ്ടിയാണ് ടെറസ് സജ്ജീകരിച്ചിരിക്കുന്നത്). തുടർന്ന് കുടുംബത്തോടൊപ്പം ചിലവഴിക്കാൻ താഴേക്കിറങ്ങുന്നു. കഴിഞ്ഞ വർഷം മുതൽ അവർ കൃത്യമായി പാലിക്കുന്ന ഒരു ദിനചര്യയാണിത്.
“എല്ലാം അടച്ച് സ്വകാര്യ ആശുപത്രികൾ പോലും പ്രവർത്തനരഹിതമായിരുന്ന മഹാമാരിയുടെ [ലോക്ക്ഡൗൺ] സമയം മുഴുവന്‍ ഞാൻ പൂർണ്ണമായും പ്രവർത്തിച്ചു. ഞാൻ ഒരിക്കലും കോവിഡ് പോസിറ്റീവ് ആയിട്ടില്ല. എന്നാൽ, എന്‍റെ ചില സഹപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. വാസ്തവത്തിൽ, ഞങ്ങൾ ആശുപത്രിയിൽ രണ്ട് കോവിഡ്-19 പോസിറ്റീവ് ഗർഭാവസ്ഥകൾ വിജയകരമായി കൈകാര്യം ചെയ്തു”, 45 കാരിയായ ഡോ. യാസ്മിൻ പറഞ്ഞു. വടക്കു-കിഴക്കന്‍ ബീഹാറിലെ കിഷന്‍ഗഞ്ച് പട്ടണത്തിലെ തന്‍റെ വീട്ടില്‍നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ അകലെയുള്ള സദര്‍ ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റും സര്‍ജനുമായി പ്രവര്‍ത്തിക്കുകയാണവര്‍.
ശബ്‌നത്തിന് ഉത്തരവാദിത്തങ്ങൾ കൂടുതലാണ്. ഒരു കൊറോണ വൈറസ് വാഹകയായി അപകടത്തിലാകാന്‍ അവർക്ക് കഴിയില്ല. അവരുടെ അമ്മയും മക്കളും വീട്ടിലുണ്ട് - രണ്ട് ആൺമക്കൾ, 18-ഉം 12-ഉം വയസ്സ് പ്രായം. അവരുടെ ഭർത്താവ്, 53-കാരനായ ഇർതാസ ഹസനും വൃക്കസംബന്ധമായ സങ്കീർണതയിൽ നിന്ന് കരകയറുന്നു. അതിനാൽ ഇരട്ടി ശ്രദ്ധിക്കേണ്ടതുണ്ട്. “എന്‍റെ അമ്മ അസ്ര സുൽത്താനയുടെ പിന്തുണയോടെ എനിക്ക് [കഴിഞ്ഞ ഒരു വർഷം] ജോലി ചെയ്യാൻ കഴിഞ്ഞു. വീട്ടിലെ കാര്യങ്ങളുടെ ചുമതലയൊക്കെ അമ്മയേറ്റു. അല്ലാത്തപക്ഷം ഡോക്ടർ, വീട്ടമ്മ, അധ്യാപിക, ട്യൂട്ടര്‍ എന്നിങ്ങനെ എല്ലാ കാര്യങ്ങളും ഞാൻ ഏറ്റെടുക്കേണ്ടിയിരുന്നു”, യാസ്മിൻ പറഞ്ഞു.
2007-ൽ അവര്‍ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ നാളുകൾ മുതൽ ജീവിതം ഇങ്ങനെയാണ്. “എം.ബി.ബി.എസ്. അവസാന വർഷം ഞാൻ ഗർഭിണിയായിരുന്നു. എന്‍റെ വിവാഹശേഷം ഏകദേശം ആറുവർഷത്തോളം ഞാൻ ഒരിക്കല്‍പോലും കുടുംബത്തോടൊപ്പം താമസിച്ചിട്ടില്ല. അഭിഭാഷക വൃത്തിയിലായിരുന്ന ഭർത്താവ് പട്നയിൽ പ്രാക്ടീസ് ചെയ്യുകയായിരുന്നു. അതിനാൽ എന്നെ അയച്ച ഇടങ്ങളിലെല്ലാം ഞാൻ ജോലി ചെയ്തു”, യാസ്മിൻ പറഞ്ഞു.
സദർ ആശുപത്രിയിൽ നിയമിതയാകുന്നതിന് മുമ്പ് ഡോ. ശബ്നത്തെ വീട്ടിൽ നിന്ന് 45 കിലോമീറ്റർ അകലെയുള്ള താക്കൂർഗഞ്ച് ബ്ലോക്കിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ (പി.എച്.സി.) 2011-ൽ നിയമിച്ചിരുന്നു. ഏതാനും വർഷങ്ങള്‍ ഡോക്ടറായി സ്വകാര്യ പരിശീലനം നടത്തിയതിന് ശേഷമാണ് അവർക്ക് ഈ സർക്കാർ ജോലി ലഭിച്ചത്. 2003-ൽ റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്ന് എം.ബി.ബി.എസ്. ബിരുദവും 2007 ൽ പട്‌ന മെഡിക്കൽ കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. താക്കൂർഗഞ്ച് പി.എച്.സി.യിൽ എത്താൻ അവർ ഒരു ലോക്കൽ ബസ്സിലായിരുന്നു യാത്രചെയ്തത്. രണ്ടാമത്തെ മകനെ അമ്മയ്ക്കൊപ്പം സംരക്ഷണത്തിനായ് ഏല്പിക്കും. എന്നാലത് കഠിനമായിരുന്നു. അതിനാൽ ഒൻപത് മാസത്തിന് ശേഷം അമ്മയോടും മക്കളോടുമൊപ്പം താക്കൂർഗഞ്ചിലേക്ക് അവർ താമസം മാറി. അവരുടെ ഭർത്താവ് ഇർതാസ പട്‌നയിൽ താമസിച്ചിരുന്നു. ഒപ്പം, എല്ലാ മാസവും അവരെ സന്ദർശിച്ചു വന്നു.
“എനിക്ക് എന്‍റെ ഭർത്താവിന്‍റെ പിന്തുണയുണ്ടായിരുന്നു. എന്നാൽ, ദിവസത്തിൽ രണ്ടുതവണയുള്ള യാത്ര ക്ലേശകരമായിരുന്നു, ജീവിതം ദുഷ്‌കരവും. എനിക്ക് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല എന്നതാണ് ഏറ്റവും മോശമായ കാര്യം. ഞാൻ ഒരു സർജനാണ്. പക്ഷെ എനിക്ക് ശസ്ത്രക്രിയ നടത്താൽ കഴിയില്ല. ഉപകരണങ്ങള്‍ ഒന്നും തന്നെ [പി.എച്.സി.യിൽ] ലഭ്യമല്ല, രക്ത ബാങ്ക് ഇല്ല, അനസ്‌തെറ്റിക്‌സ് ഇല്ല. പ്രസവങ്ങളിൽ സങ്കീർണതകൾ ഉണ്ടാകും, എനിക്ക് ചെയ്യാൻ കഴിയുന്നത് മറ്റൊരിടത്തേക്കു പറഞ്ഞുവിടുക മാത്രമാണ്. എനിക്ക് സിസേറിയൻ ചെയ്യാൻ പോലും കഴിയില്ല. ഇടപെടലുകളൊന്നുമില്ല, ഏറ്റവുമടുത്തുള്ള ആശുപത്രിയിലേക്ക് ഒരു ബസ്സിൽ പോകാൻ അവരോട് പറയുക”, ആ ദിവസങ്ങൾ വിവരിച്ച് യാസ്മിൻ പറഞ്ഞു.
കിഷൻഗഞ്ച് ജില്ലയിലെ സദർ ആശുപത്രിയിലെ അവരുടെ കൺസൾട്ടിംഗ് മുറിയുടെ പുറത്ത് 30-ഓളം സ്ത്രീകൾ അവരെ കാണാൻ കാത്തിരിക്കുകയാണ്. അവരിൽ ഭൂരിഭാഗവും സംസാരിക്കാനും പരിശോധിക്കാനും ആഗ്രഹിക്കുന്നത് ഒരു വനിതാ ഡോക്ടറോട് മാത്രമാണ്. പ്രസവ, ഗൈനക്കോളജി വിഭാഗത്തിൽ നിന്നുള്ള ഡോ. ശബ്‌നം യാസ്മിൻ, ഡോ. പൂനം (അവരുടെ ആദ്യ പേര് മാത്രം ഉപയോഗിക്കുന്നു) എന്നിവരാണുള്ളത്. രണ്ട് ഡോക്ടർമാരും ഓരോ ദിവസവും 40-45 കേസുകൾ കൈകാര്യം ചെയ്യുന്നുണ്ട്. എന്നാൽ തിരക്കേറിയ കാത്തിരിപ്പ് കാരണം ചില സ്ത്രീകൾക്ക് ഡോക്ടറെ കാണാതെ വീട്ടിലേക്ക് മടങ്ങേണ്ടിവരുന്നു.
ആഴ്ചയിൽ 48 മണിക്കൂര്‍ വീതമാണ് രണ്ട് ഡോക്ടർമാരുടെയും പ്രവൃത്തി സമയം. പക്ഷേ പലപ്പോഴും അത് വെറുമൊരു സംഖ്യ മാത്രമാകുന്നു. “ശസ്ത്രക്രിയാവിദഗ്ദ്ധർ കുറവാണ്. അതിനാൽ ഞങ്ങൾ ശസ്ത്രക്രിയ ചെയ്യുന്ന ദിവസങ്ങളിൽ എനിക്ക് എണ്ണം കണക്കാക്കാന്‍ പറ്റാതാവും. ലൈംഗികാതിക്രമവും ബലാത്സംഗവുമായി ബന്ധപ്പെട്ട കേസുകളുണ്ടെങ്കിൽ എനിക്ക് കോടതിയിൽ പോകണം. ദിവസം മുഴുവൻ അതിനായി പോകുന്നു. ഫയൽ ചെയ്യാൻ പഴയ റിപ്പോർട്ടുകൾ ഉണ്ടായിരിക്കും. കൂടാതെ, ശസ്ത്രക്രിയാ വിദഗ്ദ്ധരെന്ന നിലയിൽ ഞങ്ങൾ എല്ലായ്‌പ്പോഴും ജോലിക്കായ് വിളിക്കപ്പെടും”, യാസ്മിൻ പറഞ്ഞു. കിഷൻഗഞ്ച് ജില്ലയില്‍ ഏകദേശം 6-7 വനിതാ ഡോക്ടർമാരുണ്ടെന്ന് ഏഴ് പി.എച്.സി.കളിലും ഒരു റഫറൽ സെന്‍ററിലും സദർ ആശുപത്രിയിലുമായി ഞാൻ സംസാരിച്ച ഡോക്ടർമാര്‍ കണക്ക് കൂട്ടുന്നു. അവരിൽ പകുതിയോളവും കരാർ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത് (യാസ്മിൻ അങ്ങനെ അല്ലെങ്കിലും).
അവരുടെ രോഗികൾ ഭൂരിഭാഗവും കിഷൻഗഞ്ചിൽ നിന്നും, കുറച്ചുപേർ അയൽ ജില്ലയായ ആരാരിയയിൽ നിന്നും, ചിലർ പശ്ചിമ ബംഗാളിൽ നിന്നും ഉള്ളവരുമാണ്. പ്രധാനമായും ഗർഭാവസ്ഥയുമായി ബന്ധപ്പെട്ട പരിശോധനകൾക്കും ശിശുജനനത്തിനു മുമ്പുള്ള പരിചരണങ്ങള്‍ക്കുമായി സ്ഥിരമായി വരുന്നവരാണവര്‍. അതുപോലെ തന്നെ വയറുവേദന, ഇടുപ്പിലുണ്ടാകുന്ന അണുബാധ (pelvic infection), വേദനയേറിയ ആർത്തവം, വന്ധ്യത എന്നിവയുമായി ബന്ധപ്പെട്ട ചികിത്സ തേടുന്നവരും ഉണ്ട്. “ഞാൻ കാണുന്ന ഭൂരിപക്ഷം സ്ത്രീകളും, അവര്‍ എന്തിനുവേണ്ടി വരുന്നവരാണെങ്കിലും, വിളർച്ചയുള്ളവരാണ്. അയൺ ഗുളികകൾ സൗജന്യമായി [പി.എച്.സി.യിലും ആശുപത്രിയിലും] ലഭ്യമാണ്. എന്നിട്ടും സ്വന്തം ആരോഗ്യത്തെക്കുറിച്ച് ഒട്ടും അവബോധവും ശ്രദ്ധയും അവര്‍ക്കില്ല”, യാസ്മിൻ കൂട്ടിച്ചേർത്തു.
ദേശീയ കുടുംബാരോഗ്യ സര്‍വെ (National Family Health Survey - NFHS-4, 2015-16 ) ഡോ. യാസ്മിന്‍റെ നിരീക്ഷണത്തെ ശരിവയ്ക്കുന്ന വിവരങ്ങള്‍ നല്‍കുന്നു: കിഷൻഗഞ്ച് ജില്ലയിലെ 15-നും 49-നുമിടയ്ക്ക് പ്രായമുള്ള സ്ത്രീകളിൽ 67.6 ശതമാനം പേർ വിളർച്ച ബാധിച്ചവരാണ്. 15-നും 49-നുമിടയ്ക്ക് പ്രായമുള്ള ഗർഭിണികളുടെ എണ്ണം 62 ശതമാനമായി കുറയുന്നു. ഗർഭിണിയായിരിക്കുമ്പോൾ 15.4 ശതമാനം പേർ മാത്രമാണ് 100 അല്ലെങ്കില്‍ അതിലധികം ദിവസങ്ങള്‍ അയൺ ഫോളിക് ആസിഡ് ഉപയോഗിക്കുന്നത്.
കിഷൻഗഞ്ച് ജില്ലയിലെ പ്രസവങ്ങളിൽ 33.6 ശതമാനം മാത്രമാണ് ആശുപത്രികളിൽ നടക്കുന്നത്. ഇതിന്‍റെ പ്രധാന കാരണമായി ബെൽവ പി.എച്.സി.യിൽ (വലത്ത്) നിയമിതയായ ഡോ. ആസിയാൻ നൂരി (ഇടത്) ചൂണ്ടിക്കാണിക്കുന്നത് പുരുഷന്മാരിൽ ഭൂരിഭാഗവും ജോലിക്കായി നഗരങ്ങളിൽ താമസിക്കുന്നു എന്നതാണ്.
“സ്ത്രീകളുടെ ആരോഗ്യത്തിന് മുൻഗണന നല്കുന്നില്ല. അവർ ആരോഗ്യത്തോടെ ഭക്ഷണം കഴിക്കില്ല. ചെറുപ്പത്തിലെ വിവാഹിതരാകുന്നു. ആദ്യ കുട്ടിക്ക് ഒരു വയസാകുന്നതിന് മുമ്പുതന്നെ സ്ത്രീകൾ വീണ്ടും ഗർഭം ധരിക്കും. രണ്ടാമത്തെ കുട്ടിയാകുമ്പോൾ അമ്മ വളരെ ദുർബലയാകുന്നു. അവർക്ക് കഷ്ടിച്ച് നടക്കാനെ കഴിയുകയുള്ളു. ഒന്നിനെ തുടര്‍ന്ന് അടുത്ത പ്രശ്നമുണ്ടാകുന്നു. അങ്ങനെ അവരെല്ലാം വിളര്‍ച്ചയുള്ളവരാകുന്നു”, അതേ ബ്ലോക്കിലെതന്നെ ബെൽവ പി.എച്.സി.യിൽ നിയമിതയായ 38-കാരി ഡോ. ആസിയാൻ നൂറി പറഞ്ഞു. സദർ ആശുപത്രിയിൽ നിന്ന് 10 കിലോമീറ്റർ അകലെയാണിത്. ചിലപ്പോള്‍ രണ്ടാമത്തെ കുഞ്ഞിന്‍റെ പ്രസവത്തിനായി അമ്മയെ കൊണ്ടുവരുമ്പോൾ, അമ്മയെ രക്ഷിക്കാൻ വളരെ വൈകിയിരിക്കും.
“വനിതാ ഡോക്ടർമാരുടെ കുറവ് ഇതിനകം നിലവിലുണ്ട്. ഞങ്ങൾക്ക് രോഗികളെ ചികിത്സിക്കാൻ കഴിയുന്നില്ലെങ്കില്‍, അഥവാ രോഗി മരിച്ചാല്‍ അത് ഒച്ചപ്പാടിനു കാരണമാകും”, യാസ്മിന്‍ പറഞ്ഞു. കുടുംബാംഗങ്ങൾ മാത്രമല്ല അവരെ ഭീഷണിപ്പെടുത്തുന്നത്, പ്രദേശത്ത് പ്രവർത്തിക്കുന്ന ‘വ്യാജ ഡോക്ടര്‍മാര്‍’ അല്ലെങ്കിൽ യോഗ്യതയില്ലാത്ത മെഡിക്കൽ ഡോക്ടര്‍മാരുടെ സംഘം കൂടിച്ചേര്‍ന്നാണ് എന്ന് യാസ്മിൻ പറഞ്ഞു. “ ആപ്‌നെ ഇൻഹേ ഛുവാ തോ ദേഖോ ക്യാ ഹുവാ [നിങ്ങൾ രോഗിയെ സ്പര്‍ശിച്ചു, എന്ത് സംഭവിക്കുമെന്ന് കാണാം]”, പ്രസവസമയത്ത് ഒരു അമ്മ മരിച്ചതിനെ തുടർന്ന് ഒരു കുടുംബാംഗം യാസ്മിനോട് ഇങ്ങനെ പറഞ്ഞിരുന്നു.
കിഷൻഗഞ്ച് ജില്ലയിലെ പ്രസവങ്ങളിൽ 33.6 ശതമാനം മാത്രമാണ് പൊതു ആശുപത്രികളിൽ നടക്കുന്നതെന്ന് എൻ.എഫ്.എച്ച്.എസ്.-4 പറയുന്നു. ഇതിന്‍റെ പ്രധാന കാരണമായി ഡോ. നൂരി ചൂണ്ടിക്കാണിക്കുന്നത് പുരുഷന്മാരിൽ ഭൂരിഭാഗവും ജോലിക്കായി നഗരങ്ങളിൽ താമസിക്കുന്നു എന്നതാണ്. “അത്തരം കേസുകളിൽ, സ്ത്രീക്ക് പ്രസവസമയത്ത് യാത്ര സാധ്യമല്ല. അതിനാൽ കുഞ്ഞുങ്ങളെ വീട്ടിൽത്തന്നെ പ്രസവിക്കുന്നു.” കിഷൻഗഞ്ച് ജില്ലയിലെ മൂന്ന് ബ്ലോക്കുകളായ പോഠിയ, ദിഘൽബാങ്ക്, ടേഢാഗഛ് എന്നിവിടങ്ങളിലാണ് ഭൂരിഭാഗം പ്രസവങ്ങളും വീട്ടിൽ നടക്കുന്നതെന്ന് നൂറും മറ്റ് ഡോക്ടർമാരും കണക്കാക്കുന്നു (ഇവിടങ്ങളിലെല്ലാം പി.എച്.സി. സൗകര്യം ലഭ്യമാണ്). ഈ ബ്ലോക്കുകളിൽ നിന്ന് സദർ ആശുപത്രിയിലേക്കോ സ്വകാര്യ ക്ലിനിക്കുകളിലേക്കോ പെട്ടെന്ന് എത്തിച്ചേരാനുള്ള ഗതാഗത ദൗർലഭ്യം, വഴിയിലുടനീളമുള്ള ചെറിയ അരുവികൾ എന്നിവ സ്ത്രീകൾക്കും അവരുടെ കുടുംബങ്ങൾക്കും ആശുപത്രിയിലെത്താൻ ബുദ്ധിമുട്ടുണ്ടാക്കുന്നു.
2020-ൽ, പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട ലോക്ക്ഡൗണിനു ശേഷം, കിഷൻഗഞ്ച് ജില്ലയിലെ ആശുപത്രി പ്രസവങ്ങളുടെ എണ്ണം വീണ്ടും കുറഞ്ഞു. വാഹന യാത്ര തടയുന്നതും ആശുപത്രികളിൽവച്ച് വൈറസ് ബാധിക്കുമോ എന്ന ഭയവും കാരണം സ്ത്രീകൾ കൂടുതലും അകന്നുനിൽക്കുകയാണ്.
'ഗർഭനിരോധനത്തെക്കുറിച്ച് ഭാര്യഭർത്താക്കൻമോരോട് വിശദീകരിക്കുമ്പോൾ കുടുംബത്തിലെ പ്രായമായ സ്ത്രീകൾക്ക് ഇഷ്ടപ്പെടുന്നില്ല. എന്നെ പലപ്പോഴും ശകാരിച്ചിട്ടുണ്ട്. ഞാൻ സംസാരിക്കാൻ തുടങ്ങുമ്പോൾ അമ്മയോടോ ദമ്പതികളോടോ അവിടെനിന്നും പോകാമെന്ന് പറയുന്നു. ഇത് കേൾക്കുന്നത് സന്തോഷകരമായ കാര്യമല്ല...'
“എന്നാൽ ഇപ്പോൾ കാര്യങ്ങൾ വളരെയേറെ പുരോഗമിച്ചിട്ടുണ്ട്”, കിഷന്‍ഗഞ്ച് ജില്ലാ ആസ്ഥാനത്ത് നിന്ന് 38 കിലോമീറ്റർ അകലെയുള്ള പോഠിയ ബ്ലോക്കിലെ ഛത്തർ ഗച്ച് റഫറൽ കേന്ദ്രത്തില്‍ / മാതൃ-ശിശുക്ഷേമ കേന്ദ്രത്തിൽ നിയമിതയായ 36-കാരി ഡോ. മന്തസ പറഞ്ഞു. ഔദ്യോഗിക ജീവിതത്തിന്‍റെ ആദ്യ വർഷങ്ങളിൽ ഡോ. യാസ്മിൻ നേരിട്ടതിന് സമാനമായ വെല്ലുവിളികളാണ് ഡോ. മന്തസ നേരിട്ടുകൊണ്ടിരിക്കുന്നത്. കുടുംബത്തിൽ നിന്നും വിട്ടുനിൽക്കേണ്ടിയും കഠിനമായ യാത്രകൾ ചെയ്യേണ്ടിയും വരുന്നു. ഭർത്താവ് ഭാഗൽപൂരിൽ താമസിച്ച് ജോലി ചെയ്യുന്നു. ഏകമകൻ കടിഹാർ ജില്ലയിൽ മാതൃ മാതാപിതാക്കൾക്കൊപ്പം താമസിക്കുന്നു.
“കുടുംബാസൂത്രണം, ഗർഭനിരോധന മാർഗ്ഗങ്ങൾ, ഭക്ഷണക്രമം എന്നിവയെക്കുറിച്ച് സ്ത്രീകളോട് സംസാരിച്ചുകൊണ്ടാണ് എന്‍റെ ദിവസത്തിന്‍റെ വലിയൊരു ഭാഗം ചിലവഴിക്കുന്നത്”, ഡോ. മന്തസ കൂട്ടിച്ചേർത്തു. ഗർഭനിരോധനവുമായി ബന്ധപ്പെട്ട സംഭാഷണം ആരംഭിക്കുകയെന്നത് ബുദ്ധിമുട്ടേറിയതാണ്. എൻ.എഫ്.എച്.എസ്.-4 പറയുന്നത് കിഷൻഗഞ്ചിലെ നിലവില്‍ വിവാഹിതരായ സ്ത്രീകളിൽ വെറും 12.2 ശതമാനം പേർ മാത്രമാണ് കുടുംബാസൂത്രണ രീതികൾ ഉപയോഗിച്ചിട്ടുള്ളതെന്നാണ്. 8.6 ശതമാനം കേസുകളിൽ മാത്രമെ ഒരു ആരോഗ്യ പ്രവർത്തക സ്ത്രീകളോട് കുടുംബാസൂത്രണത്തെക്കുറിച്ച് എപ്പോഴെങ്കിലും സംസാരിച്ചിട്ടുള്ളു.
ഗർഭനിരോധനത്തെക്കുറിച്ച് ഭാര്യാഭർത്താക്കൻമാരോട് വിശദീകരിക്കുമ്പോൾ [കുടുംബത്തിലെ] പ്രായമായ സ്ത്രീകൾ ഇത് ഇഷ്ടപ്പെടുന്നില്ല. ഞാൻ പലപ്പോഴും ശകാരം ഏറ്റിട്ടുണ്ട്. ഞാന്‍ അമ്മമാരോടോ ദമ്പതികളോടോ സംസാരിക്കാൻ തുടങ്ങുമ്പോൾ [അവരോടൊപ്പം വന്ന പ്രായമായ സ്ത്രീകൾ] ക്ലിനിക്കിൽ നിന്ന് പോകാമെന്ന് അവരോട് പറയുന്നു. ചിലപ്പോൾ, ഞാൻ ഗ്രാമത്തിലാണെങ്കിൽ, എന്നോട് അവിടെ നിന്ന് പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കേൾക്കുമ്പോള്‍ സന്തോഷമൊന്നും തോന്നില്ല, പക്ഷേ ചെയ്യേണ്ട ജോലി ഞങ്ങൾ ചെയ്യണം”, ഡോ. മന്തസ പറഞ്ഞു. ഡോ. യാസ്മിനെപ്പോലെ, അവരുടെ കുടുംബത്തിലെ ആദ്യത്തെ ഡോക്ടറാണ് മന്തസ.
“എന്‍റെ പരേതനായ അച്ഛൻ സയ്യിദ് ഖുതുബ്ദ്ദീൻ അഹമ്മദ് മുസാഫർപൂരിലെ ഒരു സർക്കാർ ആശുപത്രിയിലെ പാരാമെഡിക്കൽ ജീവനക്കരനായിരുന്നു. വനിത ഡോക്ടർമാർ ഉണ്ടായിരിക്കണമെന്ന് അദ്ദേഹം പറയുമായിരുന്നു. അപ്പോൾ സ്ത്രീകൾ ചികിത്സക്കായി വരും. അങ്ങനെ ഞാനൊരാളായി”, ഡോ. യാസ്മിൻ പറഞ്ഞു. “ഇവിടെ നമുക്ക് ഇനിയും കൂടുതള്‍ ആളുകളെ ആവശ്യമുണ്ട്.”
ഗ്രാമീണ ഇന്ത്യയിലെ കൗമാരക്കാരായ പെൺകുട്ടികളെയും യുവതികളെയും കുറിച്ച് പ്രോജക്റ്റ് പോപുലേഷൻ ഫൗ ണ്ടേഷൻ ഓഫ് ഇന്ത്യയുടെ പിന്തുണയോടെ പാരിയും കൗ ണ്ടർ മീഡിയ ട്രസ്റ്റും രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രധാനപ്പെട്ട ജനവിഭാഗവും എന്നാല്‍ പാര്‍ശ്വവത്കൃതരുമായ മേല്‍പ്പറഞ്ഞ വിഭാഗങ്ങളുടെ അവസ്ഥ സാധാരണക്കാരുടെ ശബ്ദത്തിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിലാക്കുന്നതിനുള്ള ഒരു ഉദ്യമത്തിന്‍റെ ഭാഗമാണ് ഈ പ്രോജക്റ്റ്.
ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണമെന്നുണ്ടെങ്കിൽ [email protected] എന്ന മെയിലിലേക്ക് , [email protected] എന്ന മെയിൽ ഐഡി കൂടി കാർബൺ കോപ്പി ചെയ്ത്, എഴുതുക .
പരിഭാഷ: അനിറ്റ് ജോസഫ്