2019-ൽ മഹാരാഷ്ട്രയിലെ നാസിക്ക് ജില്ലയിലെ വീട്ടിൽനിന്ന് ആടുമേയ്ക്കാനായി അച്ഛൻ അവളെ പറഞ്ഞയക്കുമ്പോൾ വെറും ഏഴ് വയസ്സായിരുന്നു അവൾക്ക്.
മൂന്ന് വർഷം കഴിഞ്ഞ്, 2022 ഓഗസ്റ്റ് അവസാനം, അവളെ വീടിന്റെ മുമ്പിൽ വീട്ടുകാർ കണ്ടെത്തി. അബോധാവസ്ഥയിൽ, ഒരു കമ്പിളികൊണ്ട് പുതപ്പിച്ച നിലയിൽ. കഴുത്തിൽ വരിഞ്ഞുമുറുക്കിയതിന്റെ പാടുണ്ടായിരുന്നു.
“മരിക്കുന്നതുവരെ അവൾ ഒരക്ഷരം മിണ്ടിയില്ല. എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾ അവളോട് ചോദിച്ചുനോക്കിയെങ്കിലും അവൾക്ക് സംസാരിക്കാനായില്ല” കണ്ണ് തുടച്ചുകൊണ്ട്, അവളുടെ അമ്മ, സവിതാബായ് പറഞ്ഞു. “ആരോ അവളെ ദുർമ്മന്ത്രവാദം ചെയ്തുവെന്നാണ് ഞങ്ങൾ കരുതിയത്. അതുകൊണ്ട് അവളെ ഞങ്ങൾ അടുത്തുള്ള മോറ കുന്നിലെ (മുംബൈ-നാസിക്ക് ഹൈവേയിൽനിന്ന് അല്പം മാറി സ്ഥിതി ചെയ്യുന്ന സ്ഥലം) അമ്പലത്തിലേക്ക് കൊണ്ടുപോയി. പൂജാരി അവളുടെ ശരീരത്തിൽ ചാരം പൂശി നോക്കി. അവൾക്ക് ബോധം തിരിച്ചുകിട്ടുന്നുതും കാത്ത് ഞങ്ങളിരുന്നു. എന്നാൽ. അതുണ്ടായില്ല”, സവിതാബായ് പറഞ്ഞു. അഞ്ച് ദിവസം കഴിഞ്ഞ്, 2022 സെപ്റ്റംബർ 2-ന്, ശരീരത്തിലെ പരിക്കുകൾ മൂലം, നാസിക്കിലെ സിവിൽ ആശുപത്രിയിൽവെച്ച് പാരു മരിച്ചു.
ജോലിക്ക് പോയതിനുശേഷമുള്ള മൂന്ന് വർഷത്തിനുള്ളിൽ ഒരേയൊരു തവണ മാത്രമാണ് പാരു വീട്ടിൽ വന്നത്. അവളെ ജോലിക്കായി കൊണ്ടുപോയ ഇടനിലക്കാർ ഒന്നരവർഷത്തിനുശേഷം അവളെ കൊണ്ടുവന്നപ്പോൾ. “ഞങ്ങളുടെ കൂടെ ഏഴോ എട്ടോ ദിവസം അവളുണ്ടായിരുന്നു. എട്ടാമത്തെ ദിവസം കഴിഞ്ഞപ്പോൾ അയാൾ വന്ന് അവളെ തിരിച്ചുകൊണ്ടുപോയി”, എന്നാണ്, പാരുവിനെ അബോധാവസ്ഥയിൽ കണ്ടതിന്റെ പിറ്റേന്ന്, സവിതാബായ് ആ ഇടനിലക്കാരനെക്കുറിച്ച് പൊലീസിൽ കൊടുത്ത പരാതിയിൽ എഴുതിയിരുന്നത്.











