സെൻസസ് വിവരങ്ങൾ ശേഖരിക്കാൻ വരുന്നവർ എന്തെങ്കിലും കാരണവശാൽ തന്റെ ജാതി ചോദിച്ചാൽ, ഇന്ത്യൻ എന്നായിരിക്കും തന്റെ മറുപടി എന്ന് അമിതാഭ് ബച്ചൻ പറയുകയുണ്ടായി. ബോളിവുഡ്ഡിനെക്കുറിച്ച് മാധ്യമങ്ങൾ വിളമ്പിത്തരുന്ന കൌതുകകരമായ മറ്റൊരു വാർത്തയെന്നതിനപ്പുറം മറ്റൊരു പ്രത്യേകതയും ആ മറുപടിയിലുണ്ടാവില്ല. ശ്യാം മഹാരാജ് അമിതാഭ് ബച്ചനല്ല. അയാളുടെ സഹോദരൻ ചൈതന്യ പ്രഭുവും അല്ല. പക്ഷേ, സെൻസസ് വിവരശേഖരണ ഉദ്യോഗസ്ഥന്മാർ ജാതിയെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിച്ചാൽ ശ്യാമും പ്രഭുവും അവരുടെ സംഘാംഗങ്ങളും കൂടുതൽ സങ്കീർണ്ണമായ ചോദ്യങ്ങളും ഉത്തരങ്ങളും ഉന്നയിച്ചേക്കും,. “ഞങ്ങളുടെ ഉത്തരം – ഞങ്ങൾ അജാതന്മാരാണ് എന്നാണ്. ഇതാ, ഈ സ്കൂൾ സർട്ടിഫിക്കറ്റാണ് അതിനുള്ള തെളിവ്. പക്ഷേ നിങ്ങൾക്കിഷ്ടമുള്ളത് എഴുതാം”. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിൽപ്പെടുന്ന മാംഗ്രുൾ (അഥവാ ദസ്ത്ഗിർ എന്നും പേരുണ്ട്) ഗ്രാമത്തിലെ തന്റെ വീട്ടിലിരുന്ന് പ്രഭു ഞങ്ങളോട് പറഞ്ഞു.
അജാത് എന്നാൽ ജാതിയില്ലാത്തവർ എന്നാണർത്ഥം. 1920-കളിലെയും 30-കളിലെയും ധീരമായ ഒരു ജാതിവിരുദ്ധ പ്രസ്ഥാനമായിരുന്നു അത്. ഇന്നത്തെ മഹാരാഷ്ട്ര, മധ്യപ്രദേശ്, ചത്തീസ്ഗഢ് പ്രദേശങ്ങളിൽ ഒരുകാലത്ത് പതിനായിരക്കണക്കിന് പ്രതിജ്ഞാബദ്ധരായ അനുയായികളുണ്ടായിരുന്ന ഒരു പ്രസ്ഥാനം. ഗൺപതി മഹാരാജ് എന്നറിയപ്പെട്ടിരുന്ന, വ്യക്തിപ്രഭാവവും വിചിത്രസ്വഭാവങ്ങളുമുണ്ടായിരുന്ന ഗൺപതി ഭാഭുത്കർ എന്ന സാമൂഹ്യപരിഷ്കർത്താവായിരുന്നു അതിന് നേതൃത്വം കൊടുത്തിരുന്നത്. അദ്ദേഹത്തിന്റെ ജീവിച്ചിരിക്കുന്ന പേരക്കുട്ടികളാണ് ചൈതന്യ പ്രഭുവും ശ്യാം മഹാരാജും. അത്തരം പ്രസ്ഥാനങ്ങളുടെ പൊതുസ്വഭാവമായിരുന്ന മദ്യവിരുദ്ധതയ്ക്കും അക്രമരാഹിത്യത്തിനും പുറമേ, മറ്റ് ചിലതുകൂടി ഗൺപതി മഹാരാജ് കൊണ്ടുവന്നു. ജാതിയെ പ്രത്യക്ഷമായിത്തന്നെ അദ്ദേഹം ആക്രമിച്ചു. അദ്ദേഹത്തിന്റെ ആഹ്വാനപ്രകാരം നിരവധിപേർ വിഗ്രഹാരാധന ഉപേക്ഷിക്കുകയുണ്ടായി. ലിംഗസമത്വത്തിനും സ്വകാര്യസ്വത്തിന്റെ നിരോധനത്തിനും അദ്ദേഹം പ്രാധാന്യം നൽകി. 1930-കളിൽ അദ്ദേഹവും അനുയായികളും സ്വയം ‘അജാത’രെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
അദ്ദേഹം നടത്തിയ മിശ്രഭോജനം ഗ്രാമങ്ങളെ രോഷം കൊള്ളിച്ചു. അദ്ദേഹത്തിന്റെ ശിഷ്യന്മാരിലൊരാളായിരുന്ന പി.എൽ. നിംകർ പറയുന്നു: “വിവിധ ജാതികളിൽനിന്നുള്ള തന്റെ അനുയായികളോട് വീടുകളിൽനിന്ന് പാകം ചെയ്ത ഭക്ഷണം കൊണ്ടുവരാൻ അദ്ദേഹം ആവശ്യപ്പെട്ടു. അത് അദ്ദേഹം കൂട്ടിക്കലർത്തി പ്രസാദമായി എല്ലാവർക്കും വിതരണവും ചെയ്തു”. ജാതിയായിരുന്നു അദ്ദേഹത്തിന്റെ മുഖ്യശത്രു. “മിശ്രജാതി വിവാഹവും വിധവാ പുനർവിവാഹവുമായിരുന്നു അദ്ദേഹം ലക്ഷ്യമിട്ടിരുന്നതും നടപ്പാക്കിയതും”, പ്രഭു പറയുന്നു. “ഞങ്ങളുടെ കുടുംബത്തിൽ, മുത്തച്ഛൻ മുതൽ ഞങ്ങൾവരെ, 11 വിവിധങ്ങളായ ജാതികളിലേക്കാണ് വിവാഹം ചെയ്തിട്ടുള്ളത്. ബ്രാഹ്മണന്മാർ മുതൽ ദളിതുകൾവരെയുള്ള ജാതികളിലേക്ക്. “ഞങ്ങളുടെ മൊത്തം കുടുംബമെടുത്താൽ, അത്തരത്തിലുള്ള നിരവധി വിവാഹങ്ങൾ നടന്നിട്ടുണ്ട്”
ഗൺപതി മഹാരാജും അത്തരമൊരു വിവാഹമാണ് ചെയ്തത്. “‘മാനവികത’ എന്നുപേരായ ഒരു മതം അദ്ദേഹം സ്ഥാപിച്ചതും അമ്പലങ്ങൾ ദളിതർക്ക് തുറന്നുകൊടുത്തതും ഉയർന്ന ജാതിക്കാരെ വിറളി പിടിപ്പിച്ചു” ശ്യാം മഹാരാജ് പറയുന്നു. “അവർ അദ്ദേഹത്തിനെതിരേ കേസ് കൊടുത്തു. ആരും അദ്ദേഹത്തിന്റെ കേസ് ഏറ്റെടുത്തില്ല. അക്കാലത്ത് എല്ലാ വക്കീലന്മാരും ബ്രാഹ്മണന്മാരായിരുന്നു”, ശ്യാം മഹാരാജ് തുടർന്നു.
ജാതിയുടെ പേരിൽ ചിലർ വിട്ടുപോവുകയും, 1944-ൽ ഗുരു മരിക്കുകയും ചെയ്തതോടെ, കാലാന്തരത്തിൽ പ്രസ്ഥാനം ക്ഷയിച്ചുവെങ്കിലും സ്വാതന്ത്ര്യത്തിനുശേഷവും ആ പ്രസ്ഥാനം അറിയപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്തിരുന്നു. ഗുരുവിനെ ദഹിപ്പിച്ചിരിക്കുന്നത്, പതിറ്റാണ്ടുകൾക്ക് മുൻപ് അദ്ദേഹം നിർമ്മിച്ച ഒരു സാമൂഹികകേന്ദ്രത്തിലാണ്. പ്രഭുവിന്റെ വീടിന്റെ നേർ എതിർവശത്ത്. “എന്റെ സ്കൂൾ സർട്ടിഫിക്കറ്റ് നോക്കൂ, 1960-കളിലും, 70-കളിൽപ്പോലും ഞങ്ങൾക്ക് അജാത് എന്ന പേരിൽ സർട്ടിഫിക്കറ്റുകൾ കിട്ടിയിരുന്നു. ഇപ്പോൾ സ്കൂളുകളും കൊളേജുകളും പറയുന്നത്, അവർ അങ്ങിനെയൊരു പേര് കേട്ടിട്ടില്ലെന്നും കുട്ടികൾക്ക് പ്രവേശനം കൊടുക്കില്ലെന്നുമാണ്”, സർട്ടിഫിക്കറ്റ് പ്രദർശിപ്പിച്ചുകൊണ്ട് പ്രഭു പറയുന്നു.
ബാക്കി വന്ന അജാതുകളുടെ സ്ഥിതിയും മെച്ചമല്ല. ഉപജീവനത്തിനായി കർഷകവ്യാപാരികളായി പണിയെടുക്കുകയാണ് ശ്യാമും പ്രഭുവും.
1970-കളൊടെ വിസ്മൃതരായ അജാതിനെ കുറച്ചുവർഷം മുമ്പ് വീണ്ടും കണ്ടെത്തിയത് നാഗ്പുരിലെ പത്രപ്രവർത്തകരായ അതുൽ പാണ്ഡ്യയും ജയ്ദീപ് ഹാർദികാറുമായിരുന്നു. അവരുടെ റിപ്പോർട്ടുകൾ കണ്ട് മഹാരാഷ്ട്ര സർക്കാർ പ്രസ്ഥാനത്തെ സഹായിക്കാനൊരു ശ്രമം നടത്തിയെങ്കിലും, സർക്കാരിലെ ഒരു ഉദ്യോഗസ്ഥൻ ജോലിയിൽനിന്ന് പോയതോടെ അതും അവസാനിച്ചു.
അജാത്തിന്റെ സ്ഥാനാർത്ഥികൾക്ക് പഞ്ചായത്തിൽപ്പോലും മത്സരിക്കാനാവുന്നില്ല. ജാതി രേഖപ്പെടുത്താത്ത അവരുടെ അപേക്ഷകൾ സ്വീകരിക്കാൻ തിരഞ്ഞെടുപ്പുദ്യോഗസ്ഥർ വിസമ്മതിക്കുന്നു. “റേഷൻ കാർഡ് കിട്ടാൻപോലും അജാത്തുകാർക്ക് വലിയ യുദ്ധം നടത്തേണ്ടിവരുന്നു”, പ്രഭു പറയുന്നു. ഇതേ കാരണംകൊണ്ട് കൊളേജ് പ്രവേശനവും സ്കോളർഷിപ്പുകളും സർക്കാർ ജോലികളും ഇവർക്ക് അപ്രാപ്യമാവുന്നു. ജാതിയുടെ കാര്യത്തിലുള്ള അനിശ്ചിതത്വം കാരണം മറ്റ് ഗ്രാമങ്ങളിലുള്ളവർ ഇവരുടെ കുടുംബങ്ങളിലേക്ക് വിവാഹവും ചെയ്യുന്നില്ല. ചുരുക്കത്തിൽ, ഒരിക്കൽ ജാതിവിരുദ്ധമായിരുന്ന ഒരു പ്രസ്ഥാനത്തിന്റെ അഭിമാനികളായ ആയിരക്കണക്കിന് അനുയായികൾ ഇന്ന് സ്വയം ഒരു പ്രത്യേകജാതിക്കാരായി മാറ്റിനിർത്തപ്പെടുന്നു.
“എന്റെ മരുമകൾ സുനയനയ്ക്ക് കൊളേജിൽ പ്രവേശനം കിട്ടിയില്ല” പ്രഭു പറയുന്നു. “കോളേജുകാർ പറയുന്നത് ‘ഈ അജാത്തിനെ ഞങ്ങൾ അംഗീകരിച്ചിട്ടില്ല. ശരിയായ ഒരു ജാതി സർട്ടിഫിക്കറ്റ് കൊണ്ടുവന്നാൽ പ്രവേശനം തരാം’ എന്നാണ്”. മരുമകൻ മനോജിന് എങ്ങിനെയൊക്കെയോ കൊളേജിൽ കയറാൻ സാധിച്ചു. “അവിടെ ഞങ്ങളോട് വ്യത്യസ്തമായാണ് പെരുമാറുന്നത്. ഞങ്ങൾക്കാർക്കും സ്കോളർഷിപ്പ് കിട്ടുന്നില്ല. ഇങ്ങനെയൊരു വിഭാഗം ഉണ്ടെന്നത് അവരാരും വിശ്വസിക്കുന്നില്ല”. ഭൂതകാലത്താൽ തടവിലാക്കപ്പെട്ടതുപോലെ തോന്നുന്നുണ്ട്, ഇവരുടെ അസ്വസ്ഥരായ പുതിയ തലമുറയ്ക്ക്. കൃത്യമായി ജാതി തെളിയിക്കാവുന്ന ഏതെങ്കിലുമൊരു പൂർവ്വികനെ കണ്ടെത്തുക എന്ന അപമാനം നേരിടുകയാണ്, പ്രഭുവിന്റേതടക്കമുള്ള പല കുടുംബങ്ങളും.
“ഞങ്ങൾക്ക് നേരിടേണ്ടിവരുന്ന അപമാനം ഒന്ന് സങ്കൽപ്പിച്ചുനോക്കൂ. ഞങ്ങളുടെ കുട്ടികൾക്കുവേണ്ടി ജാതിസർട്ടിഫിക്കറ്റ് തരപ്പെടുത്തിയെടുക്കേണ്ട സ്ഥിതിയിലാണ് ഞങ്ങൾ”, തലമുറകളായി മിശ്രവിവാഹം ചെയ്തുവന്നിരുന്നവരുടെ പിന്മുറക്കാർക്ക് ഇത് അത്ര എളുപ്പമല്ല. ഗ്രാമത്തിലെ അധികാരികളുടെ പുസ്തകങ്ങളിൽപ്പോലും അവരെ ‘അജാത്’ എന്നാണ് പരാമർശിക്കുന്നത്. ഏതെങ്കിലും ഒരു പഴയ പിതാമഹന്റെ ജാതി തെളിയിച്ചേ തീരൂ എന്നാണ് ചിലരുടെ സ്ഥിതി. “ആ പഴയ രേഖകളൊക്കെ കണ്ടെത്തുകയും പുതുക്കുകയും ചെയ്യുക എന്നത് ശ്രമകരമായ പണിയാണ്” പ്രഭു പറയുന്നു. “ഞങ്ങൾ എന്തൊക്കെയോ മറച്ചുവെച്ച് ജാതി തെറ്റായി കാണിക്കുകയാണ് എന്നാണ് അധികാരികൾ സംശയിക്കുന്നത്. ഈ ജാതി സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കേണ്ടിവരുന്നതും ഞങ്ങളെ വേദനിപ്പിക്കുന്നുണ്ട്. പക്ഷേ അത് കിട്ടിയില്ലെങ്കിൽ ഞങ്ങളുടെ കുട്ടികൾ പെട്ടുപോവുകയും ചെയ്യും. ജാതിവിരുദ്ധ പോരാളിയായ ഗൺപതി മഹാരാജിന്റെതന്നെ ജാതി അന്വേഷിച്ചുപോകേണ്ട ഗതികേടിലാണ് ഇവർ. പുതുതലമുറയിലെ പേരക്കുട്ടികളുടെ ആവശ്യമായി മാറിയിരിക്കുകയാണ് അത്.
2000-ത്തിനടുത്തുവരുന്ന ബാക്കിയായ അജാതന്മാർ എല്ലാ വർഷവും നവംബറിൽ സാമൂഹികകേന്ദ്രത്തിൽ ഒത്തുകൂടാറുണ്ട്. “ഇപ്പോൾ മധ്യപ്രദേശിൽ ഞങ്ങളുടെ വിഭാഗത്തിൽപ്പെടുന്ന ഒരേയൊരു കുടുംബവുമായി മാത്രമേ ഞങ്ങൾക്ക് ബന്ധമുള്ളു”, മ്ലാനമായ മുഖത്തോടെ പ്രഭു പറയുന്നു. ബാക്കിയുള്ളവർ മഹാരാഷ്ട്രയിലാണ്. “അജാതീയ മാനവ സൻസ്ഥ എന്ന ഞങ്ങളുടെ സംഘടനയുമായി ഔപചാരികമായി രജിസ്റ്റർ ചെയ്തിട്ടുള്ളത് 105 കുടുംബങ്ങൾ മാത്രമാണ്. പക്ഷേ അതിനേക്കാളൊക്കെ ആളുകൾ വാർഷികസമ്മേളനത്തിന് വരാറുണ്ട്. ഒരിക്കൽ ഞങ്ങളുടെ ഈ പ്രസ്ഥാനത്തിൽ 60,000 അംഗങ്ങളുണ്ടായിരുന്നുവെന്ന് ഓർമ്മ വേണം”, പ്രഭു പറയുന്നു.
“സെൻസസിലെ കേവലം ഒരു ചോദ്യമെന്നതിലുപരി, ജാതിയെക്കുറിച്ച് കൂടുതൽ സമഗ്രമായ ഒരു സർവ്വേ ആവശ്യമാണെന്ന്” ഈ വിഷയത്തെക്കുറിച്ച് പഠിച്ച സാമ്പത്തികവിദഗ്ദ്ധൻ ഡോ. കെ.നാഗരാജ് (മുമ്പ് മദ്രാസ് ഇൻസ്റ്റിട്യൂറ്റ് ഓഫ് ഡെവലപ്പ്മെന്റൽ സ്റ്റഡീസിൽ അംഗമായിരുന്നയാൾ) പറയുന്നു. “ജാതി സ്ഥിതിവിവരക്കണക്കുകൾ ആവശ്യമാണെന്നതിൽ സംശയമില്ല. പക്ഷേ, ജാതിയുടെ വിപുലമായ വൈവിദ്ധ്യം, പ്രാദേശികവും സവിശേഷവുമായ അതിന്റെ സ്വഭാവങ്ങൾ, അതിന്റെ മറ്റ് സങ്കീർണ്ണതകൾ തുടങ്ങിയ വലിയ ചട്ടക്കൂടിനകത്തുനിന്നുവേണം അത്തരം സ്ഥിതിവിവരക്കണക്കുകൾ ഉണ്ടാവേണ്ടത്. സെൻസസിലെ വെറുമൊരു ചോദ്യം കൊണ്ട് അത് നേടാനാവില്ല. നാഷണൽ സാമ്പിൾ സർവ്വേയും, അതിലെ, കൂടുതൽ പരിശീലനം നേടിയവരും മുൻകൂട്ടി തയ്യാറെടുപ്പുകൾ നടത്തിയവരുമായ ആളുകളുടെ ജോലിയാണ് അത്”, ഡോ. നാഗരാജ് കൂട്ടിച്ചേർത്തു.
അപ്പോൾ, ഒരു സെൻസസ് അന്വേഷകൻ നിങ്ങളുടെ ജാതിയെക്കുറിച്ചുള്ള ചോദ്യവുമായി നിങ്ങളുടെ വീട്ടിൽ വന്നാൽ എന്തായിരിക്കും സംഭവിക്കുക? “എന്നെ വിശ്വസിക്കൂ, അയാളെ അത് കുഴയ്ക്കും. ഞങ്ങളെപ്പോലെയുള്ളവരെ ഉൾപ്പെടുത്താൻ സെൻസസിൽ വ്യത്യസ്തമായ ഒരു വിഭാഗം വേണം. ഞങ്ങളെന്താണെന്ന് ഞങ്ങൾതന്നെ തുറന്ന് പറയണം. ജാതിക്കുവേണ്ടി നിലനിന്ന എല്ലാത്തിനോടും ഞങ്ങൾ പൊരുതിയിട്ടുണ്ട്. പക്ഷേ ഈ സമൂഹത്തിൽ ജാതിയാണ് എല്ലാം”.
2010 ജൂൺ 4-ന് ഹിന്ദുവിൽ പ്രസിദ്ധീകരിച്ച ലേഖനമാണിത് . ഇവിടെ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
പരിഭാഷ: രാജീവ് ചേലനാട്ട്