സയ്ദ് ഖുർഷിദ് ബഡ്ജറ്റ് ശ്രദ്ധിച്ചതേയില്ല. “ഞാൻ ന്യൂസ് ചാനൽപോലും കേൾക്കാൻ മിനക്കെട്ടില്ല” 72 വയസ്സുള്ള അയാൾ പറയുന്നു. “അതിൽ എത്രത്തോളം സത്യമുണ്ട്, എത്രത്തോളം പതിരുണ്ട് എന്നൊന്നും നമുക്കറിയില്ല.”
ആരോ പറഞ്ഞുകേട്ടിട്ടാണ് ബഡ്ജറ്റിൽ പ്രഖ്യാപിച്ച നികുതിയിളവിനെക്കുറിച്ച് അദ്ദേഹം അറിഞ്ഞത്. “എന്നാൽ, ഈ മൊഹല്ലയിൽ ഇതുകൊണ്ട് ഒരാൾക്കുപോലും പ്രയോജനമുണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല,” ചിരിച്ചുകൊണ്ട് അയാൾ പറയുന്നു. “വിശപ്പടക്കാൻ വേണ്ടിയാണ് ഞാൻ പണിയെടുക്കുന്നത്.”
മഹാരാഷ്ട്രയിലെ പർഭാനി ജില്ലയിലെ ഗംഗാഖേദ് പട്ടണത്തിൽ 60 വർഷത്തിലേറെയായി തയ്യൽക്കാരനായി ജോലിയെടുക്കുകയാണ് സയ്ദ്. അച്ഛനിൽനിന്ന് എട്ടാമത്തെ വയസ്സിൽ പഠിച്ച തൊഴിലാണ്. പണ്ടത്തെപ്പോലെ കച്ചവടം അത്ര ലാഭകരമല്ല. “പുതിയ തലമുറയൊക്കെ റെഡിമേയ്ഡ് തുണികളാണ് ഇഷ്ടപ്പെടുന്നത്”




