"എല്ലാ വർഷവും ബഡ്ജറ്റിനെ ചുറ്റിപ്പറ്റിയുണ്ടാകുന്ന ഈ കോലാഹലം ഞങ്ങളുടെ ജീവിതത്തിൽ ചെറിയ മാറ്റമെങ്കിലും ഉണ്ടാക്കുമോ?" രണ്ട് മക്കളുടെ അമ്മയായ കെ. നാഗമ്മ ചോദിക്കുന്നു. 2007-ൽ, സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ഭർത്താവ് മരണപ്പെട്ടതിന് പിന്നാലെ സഫായി കർമചാരി ആന്ദോളൻ എന്ന സംഘടനയുടെ ഭാഗമായ നാഗമ്മ ഇപ്പോൾ അതിന്റെ കൺവീനറായി പ്രവർത്തിക്കുകയാണ്. അവരുടെ മൂത്ത മകളായ ഷൈല നഴ്സായി ജോലി ചെയ്യുന്നു; ഇളയ മകൾ ആനന്ദിയ്ക്ക് താത്കാലിക സർക്കാർ ജോലിയുണ്ട്.
"ഞങ്ങളെ സംബന്ധിച്ചിടത്തോളം ബഡ്ജറ്റ് എന്നത് ആലങ്കാരികമായ ഒരു വാക്ക് മാത്രമാണ്. ഞങ്ങൾ സമ്പാദിക്കുന്നതുവെച്ച് വീട്ടിലെ ബഡ്ജറ്റുപോലും കൈകാര്യം ചെയ്യാൻ കഴിയാറില്ലെന്ന് മാത്രമല്ല, സർക്കാരിന്റെ ഒരു പദ്ധതികളിലും ഞങ്ങൾ ഉൾപ്പെടാറുമില്ല. പിന്നെ ബഡ്ജറ്റുകൊണ്ട് ഞങ്ങൾക്കെന്താണ് മെച്ചം? എന്റെ പെൺമക്കളെ വിവാഹം കഴിച്ചയക്കാൻ ഈ ബഡ്ജറ്റ് സഹായിക്കുമോ?"
നാഗമ്മ ജനിക്കുന്നതിന് മുൻപേ അവരുടെ രക്ഷിതാക്കൾ ചെന്നൈയിലേക്ക് കുടിയേറിയിരുന്നതിനാൽ, നാഗമ്മ ജനിച്ചുവളർന്നത് ചെന്നൈ നഗരത്തിലാണ്. 1995-ൽ നാഗമ്മയുടെ അച്ഛൻ അവരെ, തന്റെ സ്വദേശമായ നാഗുലപുരത്ത് താമസിക്കുന്ന സഹോദരിയുടെ മകന് വിവാഹം കഴിച്ചുകൊടുത്തു. ആന്ധ്രാ പ്രദേശിലെ പ്രകാശം ജില്ലയിലുള്ള പാമുരുവിനു സമീപത്തുള്ള നാഗുലപുരം ഗ്രാമത്തിൽ കൽപ്പണിക്കാരനായി ജോലി ചെയ്തുവരികയായിരുന്നു നാഗമ്മയുടെ ഭർത്താവ് കണ്ണൻ. പട്ടികജാതിയായി കണക്കാക്കപ്പെടുന്ന മഡിഗ സമുദായക്കാരാണ് ഇവരുടെ കുടുംബങ്ങൾ. "ഞങ്ങൾക്ക് രണ്ടു പെൺമക്കൾ ജനിച്ചതിന് ശേഷം, 2004-ൽ, അവരുടെ വിദ്യാഭ്യാസാവശ്യങ്ങൾക്കായി ചെന്നൈയിലേക്ക് വരാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു," നാഗമ്മ ഓർത്തെടുക്കുന്നു. ചെന്നൈ നഗരത്തിലേക്ക് വന്നതിന് ശേഷം മൂന്ന് വർഷത്തിനുള്ളിൽ കണ്ണൻ മരണപ്പെട്ടു.




