“അമ്മി, എന്നാണ് സ്കൂൾ തുറക്കുന്നത്?”, മുനിയ ചോദിക്കുന്നു. ചണത്തിന്റെ ചെടികൾ വെട്ടിയൊതുക്കുന്നതിന്റെ അവസാനഘട്ടത്തിലായിരുന്നു സഹാറ. അരയേക്കർ ഭൂമിയിൽ തിരക്കിട്ട പണിയിലായിരുന്നു അവർ. മുനിയയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ അവർക്ക് സമയമുണ്ടായിരുന്നില്ല.
“എന്താണ് സ്കൂളുകൾ തുറക്കാത്തത്?”, ആ കൊച്ചുപെൺകുട്ടി പിന്നെയും ചോദിക്കുന്നു. ഇത്തവണ സഹാറ ഒന്ന് നിന്ന്, അവൾക്കുനേരെ തിരിഞ്ഞ്, ശബ്ദത്തിലെ മടുപ്പ് നിയന്ത്രിക്കാൻ പരമാവധി ശ്രമിച്ച്, പറയുന്നു. “ഈ കൊടുംചൂട് നീ കാണുന്നില്ലേ? മഴ പെയ്തിട്ട് എട്ട് മാസമായി.”
“പിന്നെ എന്താണ് അവർ എ..സി. വെക്കാത്തത്?”, മുനിയ അവരെ ചോദ്യങ്ങൾകൊണ്ട് മുട്ടിച്ചു.
“അതോ, സർക്കാരിന്റെ കൈയ്യിൽ പണമില്ല,” സഹാറയുടെ ക്ഷമ നശിക്കുന്നുണ്ടായിരുന്നു.
“അപ്പോൾ എങ്ങിനെയാണ് ബൊഡൊ ലോഗിന്റെ (ധനികരുടെ) ഇംഗ്ലീഷ് സ്കൂളുകളിൽ ഇത്രയധികം എ.സി.ഉണ്ടായത്?”
വൈകീട്ടുവരെ നിശ്ശബ്ദതയിലും കഠിനാദ്ധ്വാനത്തിലും സഹാറ അഭയം തേടി. ജോലി പൂർണമാക്കാതെ, മുനിയയുമായി വീട്ടിലേക്ക് പോകേണ്ടതുണ്ടായിരുന്നു അവർക്ക്. ഇന്ന് തിരഞ്ഞെടുപ്പ് ദിവസമാണ്. എട്ടുവയസ്സുള്ള മകളുടെ കൈപിടിച്ച് വലിച്ച്, വോട്ട് ചെയ്യാൻ അവർ പ്രൈമറി സ്കൂളിലേക്ക് തിരക്കിട്ട് നടന്നു.
“എന്തിനാണ് നമ്മൾ വോട്ട് ചെയ്യുന്നത് അമ്മി?”, മുനിയ നിർത്താനുള്ള ഒരു ഭാവവുമുണ്ടായിരുന്നില്ല. എന്തായാലും വിഷയം മാറിയല്ലോ എന്ന് അവർ സമാധാനിച്ചു. മകളുമായി പൊരുതാനുള്ള ഊർജ്ജമുണ്ടായിരുന്നില്ല അവരിൽ.
“ടി.വി.യിൽ അന്നൊരു ദിവസം ഒരു വലിയ നേതാവ് പറഞ്ഞത് ഞാൻ കേട്ടല്ലോ. അവർക്ക് മുസ്ലിമുകളുടെ വോട്ട് വേണ്ടെന്ന്! നമ്മൾ മുസ്ലിമുകളല്ലേ അമ്മീ. പിന്നെ നമ്മളെന്തിനാണ് വോട്ട് ചെയ്യുന്നത്?”
നടത്തം നിർത്തി സഹാറ അവളുടെ കുഞ്ഞിനെ തുറിച്ചുനോക്കി. അമ്മയുടെ തണുത്ത മറുപടി എന്താവുമെന്ന് ആ കുഞ്ഞിന് നല്ലവണ്ണം അറിയാമായിരുന്നു. അവൾ നിശ്ശബ്ദയായി.


