ജാക്കിർ ഹുസൈനും മഹേഷ് കുമാർ ചൗധരിയും ബാല്യകാല സുഹൃത്തുക്കളാണ്. നാല്പതുകളിലെത്തിയ ഇരുവരും ഇപ്പോഴും ആ സൗഹൃദം കാത്തുസൂക്ഷിക്കുന്നുമുണ്ട്. അജ്‌നാ ഗ്രാമത്തിൽ താമസിക്കുന്ന ജാക്കിർ പാകുറിൽ കെട്ടിടനിർമ്മാണ തൊഴിലാളിയായി ജോലി ചെയ്യുകയാണ്. മഹേഷും പട്ടണത്തിൽ ഒരു ചെറിയ ഭക്ഷണശാല നടത്തുന്നു.
"തീർത്തും സമാധാനപൂർണമായ അന്തരീക്ഷം നിലനിൽക്കുന്ന ഒരു പ്രദേശമാണ് പാകുർ (ജില്ല); ഇവിടെയുള്ളവർ വലിയ സ്നേഹത്തിലാണ് കഴിയുന്നത്," മഹേഷ് പറയുന്നു. "ഹിമന്താ ബിശ്വാസ് ശർമ്മയെപ്പോലെ (അസം മുഖ്യമന്ത്രി) പുറത്തുനിന്ന് വരുന്നവരാണ് അവരുടെ പ്രസംഗങ്ങളിലൂടെ ആളുകളെ ചൊടിപ്പിക്കുന്നത്,"കൂട്ടുകാരന്റെ തൊട്ടടുത്തിരിക്കുന്ന ജാക്കിർ കൂട്ടിച്ചേർക്കുന്നു.
2024 നവംബർ 20-നു നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ജാർഖണ്ഡ് സംസ്ഥാനത്തിന്റെ കിഴക്കേ മൂലയിൽ സ്ഥിതിചെയ്യുന്ന പാകുർ, സന്താൾ-പർഗാന പ്രദേശത്തിന്റെ ഭാഗമാണ്. ആകെ 81 സീറ്റുകളിലേക്കാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2019-ൽ നടന്ന അവസാന തിരഞ്ഞെടുപ്പിൽ ജാർഖണ്ഡ് മുക്തി മോർച്ചയുടെ (ജെ.എം.എം) നേതൃത്വത്തിലുള്ള മുന്നണി ബി.ജെ.പിയെ തറപറ്റിച്ചിരുന്നു.
അധികാരം തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, വോട്ടർമാരെ ആകർഷിക്കാൻ അസം മുഖ്യമന്ത്രി ഉൾപ്പെടെ അനവധി നേതാക്കളെ ബി.ജെ.പി കളത്തിലിറക്കിയിട്ടുണ്ട്. മുസ്‌ലിം സമുദായക്കാരെ ‘ബംഗ്ളദേശിൽനിന്നുള്ള നുഴഞ്ഞുകയറ്റക്കാർ’ എന്ന് മുദ്രകുത്തി അവർക്കെതിരേ ജനവികാരം ഇളക്കുന്ന തന്ത്രമാണ് ബി.ജെ.പി നേതാക്കൾ നടപ്പിലാക്കുന്നത്.
"എന്റെ അയല്പക്കത്ത് താമസിക്കുന്നത് ഹിന്ദുക്കളാണ്; അവർ എന്റെ വീട്ടിലേയ്ക്ക് വരാറുണ്ട്, ഞാൻ അവരുടെ വീട്ടിലേക്കും പോകാറുണ്ട്," ജാക്കിർ തുടരുന്നു. "തിരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ മാത്രമാണ് ഹിന്ദു-മുസ്‌ലിം വിഷയം ഉയർന്നുവരുന്നത്. അല്ലാതെ ബി.ജെ.പി എങ്ങനെ ജയിക്കാനാണ്?"
2024 സെപ്തംബറിൽ ജാംഷെദ്പൂരിൽ നടന്ന ഒരു റാലിയിൽവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും നുഴഞ്ഞുകയറ്റം സൃഷ്ടിക്കുന്ന പ്രതിസന്ധികൾ ഉയർത്തുകയുണ്ടായി. "സന്താൾ-പർഗാന പ്രദേശത്ത് ആദിവാസികളുടെ ജനസംഖ്യ അതിവേഗം കുറയുകയാണ്. അവരുടെ ഭൂമി പിടിച്ചെടുക്കപ്പെടുന്നു. പഞ്ചായത്തിലെ പദവികളെല്ലാംതന്നെ നുഴഞ്ഞുകയറ്റക്കാർ കൈവശപ്പെടുത്തിയിരിക്കുകയാണ്," അദ്ദേഹം ജനക്കൂട്ടത്തോട് പറഞ്ഞു.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ആഭ്യന്തര മന്ത്രി അമിത് ഷായും അവരുടെ പൊതുപ്രസംഗങ്ങളിൽ സമാന അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. "ബംഗ്ളാദേശിൽനിന്നുള്ളവർ ജാർഖണ്ഡിലേയ്ക്ക് നിയമവിരുദ്ധമായി കുടിയേറുന്നത് തടയാനും ഗോത്രസമൂഹങ്ങളുടെ അവകാശം സംരക്ഷിക്കാനും ശക്തവും സുദൃഢവുമായ നടപടി ഞങ്ങൾ സ്വീകരിക്കും" എന്നാണ് ബി.ജെ.പി തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്യുന്നത്.












