“അവർ മറ്റ് ചിലരെ വിജയിപ്പിക്കുകയാണ്. ഞങ്ങളുടെ മുമ്പിൽ മറ്റ് പെൺകുട്ടികളൊന്നും ഉണ്ടായിരുന്നില്ല.” ജസ്പാലും, രമൺദീപും, സുഹൃത്തുക്കളും ഒരേ സ്വരത്തിൽ അവരുടെ കോച്ചിനോട് പരാതി പറയുകയായിരുന്നു. ചണ്ഡീഗഡിൽവെച്ച് നടക്കുന്ന മാരത്തണിൽ പങ്കെടുക്കാൻ, അമൃത്‌സർ ജില്ലയിൽനിന്ന് 200 കിലോമീറ്റർ താണ്ടി എത്തിയ ആ പന്ത്രണ്ടോളം ചെറുപ്പക്കാരായ ഓട്ടക്കാർ പ്രത്യക്ഷത്തിൽത്തന്നെ ക്ഷുഭിതരായിരുന്നു.
അഞ്ച് കിലോമീറ്റർ ഓട്ടത്തിൽ രണ്ടാം സമ്മാനം ജസ്പാൽ കൌറിനാണെന്ന് സ്റ്റേജിൽനിന്ന് പ്രഖ്യാപിക്കുമ്പോഴായിരുന്നു ഇവർ ഈ പരാതി ഉന്നയിച്ചത്. ഫിനിഷിംഗ് ലൈൻവരെ മുമ്പിലായിരുന്ന ജസ്പാൽ വെറും റണ്ണറപ്പല്ല, വിജയിതന്നെയാണെന്ന് അവർക്കറിയാമായിരുന്നു. എന്നാൽ, വിജയിക്കുള്ള സമ്മാനത്തുകയായ 5,000 രൂപയുടെ അവകാശിയായി മറ്റാരെയോ ആണ് പ്രഖ്യാപിച്ചത്.
സ്റ്റേജിൽ പോയി രണ്ടാം സമ്മാനം വാങ്ങാൻ വിസമ്മതിച്ച ജസ്പാലും കോച്ചും, ആ സമയമത്രയും, സ്റ്റേജിലും പുറത്തുമുള്ള നിരവധി ആളുകളെ കണ്ട്, സംഘാടകരുടെ തീരുമാനത്തിനോടുള്ള പ്രതിഷേധം അറിയിക്കുകയും, നീതിക്കായുള്ള സഹായം അഭ്യർത്ഥിക്കുകയുമായിരുന്നു. ഒടുവിൽ, തന്റെ കോച്ചിന്റെ അഭ്യർത്ഥന മാനിച്ച്, ജസ്പാൽ രണ്ടാം സമ്മാനം ഏറ്റുവാങ്ങി. ചെക്കിന്റെ മാതൃകയിലുണ്ടാക്കിയ ഫോം ബോർഡിൽ സമ്മാനത്തുകയായ 3,100 രൂപ എന്ന് രേഖപ്പെടുത്തിയിരുന്നു.
ഒരുമാസം കഴിഞ്ഞ്, 2023 ഏപ്രിലിൽ തന്റെ അക്കൌണ്ടിൽ 5,000 രൂപ വന്നത് കണ്ട് ജസ്പാൽ അത്ഭുതപ്പെട്ടു. ജസ്പാലിന് ഒരു വിശദീകരണവും ലഭിച്ചില്ല. പ്രാദേശിക പത്രങ്ങളിൽ ഇതേക്കുറിച്ച് വാർത്തകളുമുണ്ടായിരുന്നില്ല. റണിസെൻ ടൈമിംഗ് സിസ്റ്റമിന്റെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയ മത്സരഫലത്തിൽ, 23.07 മിനിറ്റിന്റെ റിയൽ ടൈമിൽ, 5 കിലോമീറ്റർ ദൂരം ഓടിയെത്തിയ വിജയിയായി ജസ്പാലിന്റെ പേരുണ്ടായിരുന്നു. ആ വർഷത്തെ സമ്മാന വിതരണ ചിത്രങ്ങളിലും ജസ്പാലിന്റെ ചിത്രമുണ്ടായിരുന്നില്ല. എന്നാലും മറ്റ് മെഡലുകളോടൊപ്പം, ആ വലിയ ചെക്കിന്റെ മാതൃകയും അവൾ ഇപ്പോഴും സൂക്ഷിച്ചുവെച്ചിട്ടുണ്ട്.
ജസ്പാലിന്റെ പ്രതിയോഗിയുടെ വിജയം സംഘാടകർ റദ്ദാക്കിയതായി, 2024-ൽ അടുത്ത മാരത്തണിന് ഈ പെൺകുട്ടികളെ അനുഗമിക്കാൻ പോയപ്പോൾ ഈ റിപ്പോർട്ടർ മനസ്സിലാക്കി. വീഡിയോ ദൃശ്യങ്ങൾ നോക്കിയാണ് അവർ ആ തീരുമാനമെടുത്തത്. പെൺകുട്ടികളുടെ പ്രതിഷേധം ശരിയായിരുന്നു എന്ന് അവർ തിരിച്ചറിഞ്ഞു. റേസ് സംഘടിപ്പിച്ചവർ എന്തൊക്കെയോ തിരിമറികൾ നടത്തിയിരുന്നു. ജസ്പാലിന്റെ അക്കൌണ്ടിലേക്കെത്തിയ പണത്തിന്റെ രഹസ്യം ഇതായിരുന്നു.
പണമായി കിട്ടുന്ന പുരസ്കാരങ്ങൾ ജസ്പാലിനെ സംബന്ധിച്ച് പ്രധാനമാണ്. ആവശ്യത്തിനുള്ള പണം കിട്ടിയാൽ അവൾക്ക് വീണ്ടും കൊളേജിൽ പോകാൻ സാധിക്കും. രണ്ട് വർഷം മുമ്പ് ജസ്പാൽ ഒരു ഓൺലൈൻ ബി.എ. (ആർട്ട്സ്) പ്രോഗ്രാമിന് ഒരു സ്വകാര്യ സർവകലാശാലയിൽ ചേർന്നിരുന്നു. “എന്നാൽ ആദ്യത്തെ സെമസ്റ്ററിനപ്പുറം പോകാൻ എനിക്കായില്ല. പരീക്ഷക്കിരിക്കണമെങ്കിൽ ഓരോ സെമസ്റ്ററിലും 15,000 അടയ്ക്കണം. സമ്മാനമായി കിട്ടിയ പണംകൊണ്ടാണ് (ദേശീയ മത്സരത്തിൽ ജയിച്ചതിന് ഗ്രാമപ്രതിനിധികളും സ്കൂളും നൽകിയ തുക) ആദ്യത്തെ സെമസ്റ്ററിനുള്ള പൈസ അവൾ അടച്ചത്. “പൈസയില്ലാത്തതിനാൽ അടുത്ത സെമസ്റ്ററിന് ചേരാനായില്ല”, ജസ്പാൽ പറയുന്നു.
കുടുംബത്തിൽ ആദ്യമായി കൊളേജിൽ പോകുന്ന തലമുറയിലെ ആളാണ് 22 വയസ്സുള്ള ജസ്പാൽ. ഏറ്റവും ദുർബ്ബലവിഭാഗമെന്ന് പട്ടികപ്പെടുത്തിയിട്ടുള്ള പഞ്ചാബിലെ മസാബി സിക്ക് സമുദായത്തിലെ ചുരുക്കം പെൺകുട്ടികളിലൊരാളുമാണ് അവൾ. ജസ്പാലിന്റെ അമ്മ 47 വയസ്സുള്ള ബൽജിന്ദർ കൌർ 5-ആം ക്ലാസുവരെ മാത്രമേ പഠിച്ചിട്ടുള്ളു. 50 വയസ്സുള്ള അച്ഛൻ ബൽകാർ സിംഗാകട്ടെ, സ്കൂളിൽ പോയിട്ടേയില്ല. മൂത്ത സഹോദരൻ, 24 വയസ്സുള്ള അമൃത്പാൽ സിംഗ്, കൊഹാലി ഗ്രാമത്തിന്റെ ചുറ്റുവട്ടങ്ങളിൽ, നിർമ്മാണജോലിയിൽ അച്ഛനെ സഹായിക്കാനായി 12-ആം ക്ലാസിനുശേഷം പഠനമുപേക്ഷിച്ചു. 17 വയസ്സുള്ള ചെറിയ അനിയൻ ആകാശ്‌ദീപ് സിംഗ് 12-ആം ക്ലാസ് പൂർത്തിയാക്കിയിട്ടുണ്ട്.
മൂത്ത ജ്യേഷ്ഠന്റെ ഭാര്യയും കുട്ടിയുമടങ്ങുന്ന കുടുംബത്തിന്റെ വരുമാനം പലപ്പോഴും ആ രണ്ട് പുരുഷന്മാരുടേയും ജോലിയെ ആശ്രയിച്ചിരിക്കും. മുൻകൂട്ടി പ്രവചിക്കാനാവില്ല അത്. ഇരുവരും ജോലി ചെയ്യുമ്പോൾ കാര്യങ്ങൾ അല്പം മെച്ചപ്പെടാറുണ്ട്. ചിലപ്പോൾ മാസത്തിൽ 9,000-ത്തിനും 10,000-ത്തിനുമിടയിൽ ലഭിക്കും.
സമ്മാനമായി കിട്ടുന്ന തുകകൊണ്ട് ചിലപ്പോൾ ജസ്പാലിന് തന്റെ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കാറുണ്ട്. മത്സരങ്ങൾക്കുള്ള പ്രവേശ്ന ഫീസും, യാത്രാച്ചിലവുകളും, വിദ്യാഭ്യാസച്ചിലവുമൊക്കെ. “ഓട്ടമത്സരത്തിന് രജിസ്റ്റർ ചെയ്യുമ്പോൾ ഞങ്ങൾക്ക് ടീഷർട്ടുകൾ കിട്ടാറുണ്ട്. പക്ഷേ ട്രൌസറുകൾ, ട്രാക്ക് സൂട്ട് പാന്റുകൾ, ഷൂസുകൾ എന്നിവയ്ക്ക് വീട്ടുകാരോട് പൈസ ചോദിക്കേണ്ടിവരും,” പ്രാക്ടീസ് ചെയ്യാനുള്ള വസ്ത്രം മാറുന്നതിനിടയ്ക്ക് അവൾ പറയുന്നു.
ഞങ്ങൾക്ക് ചുറ്റും ചെറുപ്പക്കാരായ അത്‌ലറ്റുകളുണ്ടായിരുന്നു അപ്പോൾ. ചിലർ പരിശീലനത്തിന് മുന്നോടിയായി ചെറു വ്യായാമങ്ങൾ ചെയ്യുകയും ചിലർ മൈതാനത്തിന് ചുറ്റുമായി സാവധാനത്തിൽ ഓടുകയും മറ്റ് ചിലർ കോച്ച് രജീന്ദർ സിംഗിന് ചുറ്റും ദൈനംദിന പരിശീലനത്തിനായി കൂട്ടംകൂടി നിൽക്കുകയും ചെയ്യുന്നു. വിവിധ ഗ്രാമങ്ങളിൽനിന്നുള്ളവർ. ജസ്പാൽ 400, 800 മീറ്ററിലും 5 കിലോമീറ്റർ ഓട്ടത്തിലും പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ കഴിഞ്ഞ ഏഴുവർഷത്തിനിടയിൽ വാങ്ങിക്കൂട്ടിയിട്ടുണ്ട്. അവളുടെ സ്വന്തം ഗ്രാമത്തിൽ അവർ പലർക്കും പ്രചോദനമായിട്ടുമുണ്ട്. അവൾക്ക് കിട്ടിയ സർട്ടിഫിക്കറ്റുകളും സമ്മാനത്തുകകളും കണ്ട് പ്രോത്സാഹനം കിട്ടിയ നിരവധി ദരിദ്ര കുടുംബങ്ങൾ അവരുടെ മക്കളെ പരിശീലനത്തിന് അയയ്ക്കുകയും ചെയ്തിരുന്നു.
എന്നാൽ, ഇതുവരെ നേടിയ നേട്ടങ്ങൾകൊണ്ടൊന്നും ജസ്പാലിന് തന്റെ കുടുംബത്തിനെ സഹായിക്കാൻ കഴിഞ്ഞിട്ടില്ല. 2024 ഫെബ്രുവരി മുതൽ മാസം 8,000 ശമ്പളത്തിന് അമൃത്‌സറിനടുത്തുള്ള ഒരു ഗോശാലയിൽ കണക്കെഴുത്തിന് അവൾ പോയിവരുന്നു. “കുടുംബത്തിന്റെ വരുമാനത്തിൽ സഹായിക്കാനാണ് ഞാൻ ഈ ജോലിക്ക് ചേർന്നത്. എന്നാലിപ്പോൾ പഠിക്കാൻപോലും എനിക്ക് സമയം കിട്ടുന്നില്ല,” അവൾ പറയുന്നു.
കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ നോക്കുമ്പോൾ, പുതിയ ജോലിയിൽനിന്ന് കിട്ടുന്ന ശമ്പളംപോലും അവൾക്കാവശ്യമുള്ള സെമസ്റ്റർ ഫീസിന് തികയില്ലെന്ന് അവൾക്ക് നന്നായറിയാം.
ചണ്ഡീഗഡിൽവെച്ച് നടക്കുന്ന ഒരു 10 കിലോമീറ്റർ ഓട്ടത്തിൽ പങ്കെടുക്കാൻ 2024 മാർച്ചിൽ അവൾ വീണ്ടും തീരുമാനമെടുത്തു. ഇത്തവണ അവൾ രണ്ടാമത്തെ റണ്ണറപ്പായി വിജയിച്ച്, 11,000 രൂപ സമ്മാനം നേടി.
*****
രജീന്ദർ സിംഗ് ച്ഛിന (60) സൌജന്യമായി പരിശീലിപ്പിക്കുന്ന ഹർസെ ഛിന ഗ്രാമത്തിലെ 70 അത്‌ലറ്റുകളിലെ ‘താര’മാണ് ജസ്പാൽ. 1500 മീറ്റർ അന്താരാഷ്ട്ര ഓട്ട മത്സരത്തിൽ പങ്കെടുത്തിട്ടുള്ള രജീന്ദർ, അരികുവത്കൃത സമുദായത്തിലെ ചെറുപ്പക്കാരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കഴിഞ്ഞ ഒരു പതിറ്റാണ്ടായി പരിശീലനം നൽകിവരുന്നു.
പഞ്ചാബിലെ ഗ്രാമപ്രദേശങ്ങളിലെ ചെറുപ്പക്കാരിൽ മയക്കുമരുന്നിന്റെ ഉപയോഗം കൂടുതലാണെന്ന് ചണ്ഡീഗഡിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ആരോപിച്ചപ്പോഴാണ്, 2023-ൽ, ചെറുപ്പക്കാരെ പരിശീലിപ്പിക്കാൻ രജീന്ദർ ആരംഭിച്ചത്. “ആദ്യം ഞാൻ ഈ കുട്ടികളെ മൈതാനത്തെത്തിച്ചു,” മൈതാനമെന്നതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത്, അമൃത്‌സറിലെ ഹർസെ ച്ഛിന ഗ്രാമത്തിലെ കൊമ്രേഡ് അച്ചാർ സിംഗ് ച്ഛിന ഗവ. സീനിയർ സെക്കൻഡറി സ്മാർട്ട് സ്കൂളിന്റെ മൈതാനത്തെയാണ്. “സ്കൂളിൽ പോകാത്ത കുട്ടികളെ, കൂലിവേലക്കാരുടേയും, അരികുവത്കൃത സമൂഹത്തിലെയും കുട്ടികളെ. അവരെ ഞാൻ സ്കൂളിൽ ചേർത്ത്, പരിശീലനം കൊടുത്തു. അത് പതുക്കെ വളർന്ന് വലുതായി.”
“സർക്കാർ സ്കൂളുകളിൽ അരികുവത്കൃത സമുദായത്തിലെ നിരവധി കുട്ടികളുണ്ട്. നല്ല കഴിവുള്ള, അദ്ധ്വാനശീലരായ കുട്ടികൾ. ചുരുങ്ങിയത് സ്റ്റേറ്റ് ലെവലിലേക്കെങ്കിലും അവരെ എത്തിക്കണമെന്ന മോഹം കൊണ്ടാണ് ഞാൻ അവരെ ഉൾക്കൊള്ളിച്ച് ഒരു ടീമുണ്ടാക്കിയത്. ഗുരുദ്വാരയിൽ സേവനം ചെയ്യാനുള്ള സമയമൊന്നും എനിക്ക് കിട്ടാറില്ല. സാധിക്കുമെങ്കിൽ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകി അവരെ സഹായിക്കുകയാണ് വേണ്ടതെന്നാണ് ഞാൻ വിശ്വസിക്കുന്നത്,” രജീന്ദർ പറയുന്നു.
“ചുരുങ്ങിയത് 70 അത്‌ലറ്റുകളെയെങ്കിലും ഞാൻ പരിശീലിപ്പിക്കുന്നുണ്ട്. അവരിൽ ചിലർ നന്നായി മത്സരിക്കുകയും നല്ല ജോലികളിൽ പ്രവേശിക്കുകയും ചെയ്തു. ചിലർ പ്രൊ കബഡി ലീഗിലുമുണ്ട്,” അഭിമാനത്തോടെ അദ്ദേഹം പറയുന്നു. “ആരിൽനിന്നും ഒരു സഹായവും ഞങ്ങൾക്ക് കിട്ടുന്നില്ല. ആളുകൾ സന്ദർശിക്കും, കുട്ടികളെ ആദരിക്കും, വാഗ്ദാനങ്ങൾ നൽകും. എന്നാൽ ഫലമൊന്നുമില്ല. ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് ചെയ്യുന്നു എന്നുമാത്രം.”
അദ്ദേഹത്തിന് ബി.എ.എം.എസ് ബിരുദമുണ്ട്. അമൃത്‌സറിനടുത്തുള്ള രാം തീർത്ഥിൽ സ്വന്തമായി ഒരു ക്ലിനിക്കും നടത്തുന്നു. വീട്ടിലേയും മൈതാനത്തിലേയും ചിലവുകൾ നടത്താൻ അതിൽനിന്നുള്ള വരുമാനംകൊണ്ട് കഴിയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “മാസം, 7,000-8,000 രൂപ ഞാൻ കായിക സാമഗ്രികൾക്കുവേണ്ടി – ഹർഡിൽസ്, വെയിറ്റുകൾ, ട്രാക്കിൽ വരയ്ക്കാനുള്ള ചുണ്ണാമ്പ് മുതലായവയ്ക്ക് – ചിലവഴിക്കുന്നു.” അദ്ദേഹത്തിന്റെ മൂന്ന് മക്കളും ജോലി ചെയ്യുന്നവരാണ്. ഇടയ്ക്കൊക്കെ അവരും സാമ്പത്തികമായി സഹായിക്കുന്നുണ്ട്.
“ഒരു കുട്ടിപോലും മയക്കുമരുന്നിലേക്ക് പോകരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവർ മൈതാനത്ത് വന്ന് പരിശീലനം നടത്തി, ജീവിതത്തിൽ എന്തെങ്കിലുമൊക്കെയായി തീരണം.”
രജീന്ദർ സിംഗും അദ്ദേഹത്തിന്റെ ചെറുപ്പക്കാരായ പഞ്ചാബി വനിതാ അത്‌ലറ്റുകളും തങ്ങളുടെ സഞ്ചാരകഥ പറയുന്നു
*****
എന്നാൽ മൈതാനത്തിലേക്ക് എത്തുക എന്നത്, ജസ്പാലിനെ സംബന്ധിച്ച് വലിയൊരു അദ്ധ്വാനമാണ്. അവളുടെ ഗ്രാമമായ കൊഹാലിയിനിന്ന് 10 കിലോമീറ്റർ ദൂരത്താണത്. “ദൂരക്കൂടുതൽ കാരണം ബുദ്ധിമുട്ടുന്നുണ്ട്”, ഗ്രാമത്തിന് പുറത്തുള്ള ഇരുമുറി ഇഷ്ടികവീട്ടിലിരുന്നുകൊണ്ട് ജസ്പാൽ പറയുന്നു. “ഒരു ഭാഗത്തേക്ക് നടക്കാൻതന്നെ 45 മിനിറ്റ് വേണം. രാവിലെ 3.30-ന് ഞാൻ പുറപ്പെടും. 4.30-ന് ഗ്രൌണ്ടിലെത്തും. പോകുമ്പോൾ സൂക്ഷിക്കണമെന്ന് എന്റെ വീട്ടുകാർ പറയാറുണ്ട്. എന്നാൽ എനിക്ക് യാതൊരു അരക്ഷിതാവസ്ഥയും തോന്നിയിട്ടില്ല. വഴിവക്കിൽ ആൺകുട്ടികൾ ഗുസ്തി പരിശീലിക്കുന്ന ഒരു ‘അഖാര’യുള്ളതിനാൽ, വഴി വിജനമൊന്നുമല്ല. രണ്ട് മണിക്കൂർ പരിശീലനം കഴിഞ്ഞ്, 7.30-ഓടെ വീട്ടിലെത്തും,” അവ കൂട്ടിച്ചേർത്തു.
രണ്ടുവർഷം മുമ്പ് അവൾ അച്ഛന്റെ പഴയ ബൈക്ക് ഓടിക്കാൻ പഠിച്ചു. അതോടെ യാത്ര എളുപ്പമായി. 10 മിനിറ്റുകൊണ്ട് എത്താൻ പറ്റിയിരുന്നു. എന്നാൽ, പലപ്പോഴും, വീട്ടിലെ ആണുങ്ങൾക്ക് ബൈക്ക് ആവശ്യമുള്ളതിനാൽ പരിശീലനം പാതിവഴിക്ക് ഉപേക്ഷിക്കേണ്ടിവരാറുണ്ട് ജസ്പാലിന്. കുറച്ച് പരിശീലന സമയം അങ്ങിനെയും നഷ്ടപ്പെട്ടിട്ടുണ്ട്.
“സർക്കാർ-സ്വകാര്യ ബസ്സുകളില്ലാത്ത ചില ഗ്രാമങ്ങൾ ഇപ്പോഴും നാട്ടിലുണ്ട്. അതിനാൽ പല ചെറുപ്പക്കാരായ അത്‌ലറ്റുകൾക്കും മൈതാനത്തെത്താൻ പ്രയാസം നേരിടുന്നു. ഇത് അവരുടെ പഠനത്തിനും തടസ്സമുണ്ടാക്കുന്നു,” കോച്ച് പറയുന്നു. അടുത്തൊന്നും കൊളേജുകളില്ലാത്തതിനാലും ഗ്രാമങ്ങളിലെ പല പെൺകുട്ടികൾക്കും 12-ആം ക്ലാസിനുശേഷം പഠനം നിർത്തേണ്ടിവരുന്നുണ്ട്. മൈതാനത്തെത്താൻ പാകത്തിൽ വണ്ടി കിട്ടാത്തതും ബുദ്ധിമുട്ടാവുന്നുണ്ടെന്ന് അവൾ വിശദീകരിച്ചു.
ഇതേ ഗ്രാമത്തിലെ മറ്റൊരു അത്‌ലറ്റായ രമൺദീപ് കൌറിനും ദിവസത്തിൽ, രണ്ടുതവണ 10 കിലോമീറ്റർ ദൂരം നടക്കേണ്ടിവരുന്നു. “ചിലപ്പോൾ അഞ്ച് കിലോമീറ്റർ നടന്ന്, അടുത്തുള്ള ചൈൻപുർ ഗ്രാമത്തിലെ മറ്റൊരു പെൺകുട്ടിയായ കോമൾപ്രീതിന്റെ കൂടെ ഒരു സ്കൂട്ടിയിൽ മൈതാനത്തേക്ക് പോകും. തിരിച്ചുവരുമ്പോഴും സ്കൂട്ടിയിൽ വന്നിറങ്ങി പിന്നെ അഞ്ച് കിലോമീറ്റർ നടക്കും,” അവൾ പറഞ്ഞു.
“ഒറ്റയ്ക്ക് ഇരുട്ടത്ത് ഇരുഭാഗത്തേക്കും നടക്കാൻ എനിക്ക് പേടിയാണ്. പക്ഷേ ദിവസവും എന്റെ കൂടെ വരാൻ വീട്ടിൽ ആർക്കും സമയമില്ല” രമൺദീപ് പറയുന്നു. പരിശീലനവും 20 കിലോമീറ്റർ നടത്തവും എല്ലാം ചേർന്ന്, “എപ്പോഴും ക്ഷീണം തോന്നും” എന്ന് പറയുന്നു അവൾ.
പരിശീലനംകൊണ്ട് മാത്രം അവളുടെ ദിവസം തീരുന്നില്ല. 21 വയസ്സുള്ള അവൾക്ക് വീട്ടിലും ജോലികളുണ്ട്. പശുവിനേയും എരുമയേയും നോക്കണം. വീടിന്റെ മുമ്പിലായി, 3-4 അടി വീതിയുള്ള റോഡിന്റെ മറുവശത്തായി ഒരു ചെറിയ സ്ഥലത്താണ് അവർ കന്നുകാലികളെ സൂക്ഷിക്കുന്നത്.
രമൺദീപും മസാബി സിഖ് സമുദായാംഗമാണ്. കൂലിപ്പണി ചെയ്യുന്ന രണ്ട് സഹോദരന്മാരുടെ വരുമാനംകൊണ്ടാണ് പത്തംഗങ്ങളുള്ള കുടുംബം പുലരുന്നത്. “അവർ കൂടുതലും ആശാരിപ്പണിയും കൈയ്യിൽ തടയുന്ന മറ്റ് ജോലികളുമൊക്കെ ചെയ്ത്, ദിവസത്തിൽ എങ്ങിനെയൊക്കെയോ 350 രൂപ ഒപ്പിക്കും.”
അച്ഛൻ മരിച്ചതോടെ, 2022-ൽ 12-ആം ക്ലാസ് കഴിഞ്ഞപ്പോൾ രമൺദീപ് പഠനം നിർത്തി. “ഞങ്ങൾക്ക് താങ്ങാൻ പറ്റുമായിരുന്നില്ല,” ഗ്രാമത്തിന്റെ അറ്റത്തുള്ള ഇരുമുറി വീട്ടിലിരുന്നുകൊണ്ട് സങ്കടത്തോടെ അവൾ പറഞ്ഞു. വീടിന്റെ ചുവരുകളിൽ വിള്ളൽ വീണിരുന്നു. “അമ്മ, അവർക്ക് കിട്ടുന്ന വിധവാ പെൻഷൻകൊണ്ട് എനിക്ക് സ്പോർട്ട്സ് ഡ്രസ്സുകളൊക്കെ വാങ്ങിത്തരുന്നു,” അവൾ തുടർന്നു.
ഒരു ഓട്ടമത്സരത്തിൽ 3,100 രൂപ സമ്മാനമായി കിട്ടിയപ്പോൾ വാങ്ങിയ ഷൂസാണ് ഇത് അത് പൊളിഞ്ഞുതുടങ്ങി. അടുത്ത മത്സരത്തിൽ പങ്കെടുത്ത് വിജയിച്ച് ഞാൻ ഇനിയും ഷൂസ് വാങ്ങും,” പഴകിയ ഷൂസുകൾ ചൂണ്ടിക്കാട്ടി അവൾ പറയുന്നു. ഷൂസുണ്ടെങ്കിലും ഇല്ലെങ്കിലും, ഇന്നുള്ളതിനേക്കാൾ മെച്ചപ്പെട്ട ഒരിടത്തെത്താനുള്ള ഓട്ടത്തിലാണ് ആ പെൺകുട്ടി.
“പൊലീസ് സേനയിൽ ഒരു ജോലി കിട്ടാനായിട്ടാണ് ഞാൻ ഓടുന്നത്,” രമൺദീപ് പറയുന്നു.
ചൈൻപുരിലെ കോമൾപ്രീതും (15 വയസ്സ്), കൊഹാലിയിലെ ഗുർകിർപാൽ സിംഗും (15), റാണെവാലി ഗ്രാമത്തിലെ മൻപ്രീത് കൌറും (20) സൈൻസ്രാ കലാൻ ഗ്രാമത്തിലെ മംതയും (20) എല്ലാം ഇതേ ലക്ഷ്യംവെച്ചാണ് ജീവിക്കുന്നത്. ച്ഛിനയുടെ കീഴിൽ ഇവരെല്ലാം പരിശീലനത്തിനെത്തുന്നു. സർക്കാർ ജോലി എന്നത്, ഈ ചെറുപ്പക്കാരായ അത്‌ലറ്റുകൾക്ക്, സാമൂഹികമായ പദവിയിലുള്ള മാറ്റം മാത്രമല്ല, കുടുംബത്തിന്റെ നിലനിൽപ്പിന്റെ പ്രശ്നവുമാണ്. എന്നാൽ ഈ ജോലികൾക്കുള്ള പ്രവേശന പരീക്ഷയാണ് അവർക്ക് നേരിടേണ്ടിവരുന്ന മറ്റൊരു കടമ്പ.
കായികതാരങ്ങൾക്കുള്ള പ്രത്യേക ക്വാട്ടയായ മൂന്ന് ശതമാനത്തിൽപ്പെടണമെങ്കിൽ, സംസ്ഥാന, ദേശീയ തലങ്ങളിൽ ചാമ്പ്യൻഷിപ്പ് ട്രോഫികൾ നേടേണ്ടതുണ്ട്. അതിന് വ്യത്യസ്തമായ മറ്റ് വിഭവങ്ങളും ആവശ്യമായിവരും. അതില്ലാത്തതിനാൽ, പെൺകുട്ടികൾ കഠിനമായി അദ്ധ്വാനിച്ച് സംസ്ഥാനത്തുടനീളം നടക്കുന്ന വിവിധ 5-10 കിലോമീറ്റർ മാരത്തണുകളിൽ പങ്കെടുക്കുന്നു. അവയിൽനിന്ന് കിട്ടുന്ന സമ്മാനങ്ങളും മെഡലുകളും പൊലീസ് സേനയിലേക്കുള്ള കായികക്ഷമതാ പരിശോധനയിൽ, അവരാഗ്രഹിക്കുന്ന ജോലി കിട്ടാൻ അവരെ സഹായിക്കുന്നു
ഈ ജോലികളിൽ മസാബി സിക്കുകാർക്ക് സംവരണവുമുണ്ട്. 2024-ലെ സംസ്ഥാന റിക്രൂട്ട്മെന്റ് പരീക്ഷകളിൽ പഞ്ചാബ് പൊലീസിലേക്ക് പ്രഖ്യാപിച്ച 1,746 കോൺസ്റ്റബിൾ തസ്തികകളിൽ, 180 തസ്തികകൾ പട്ടികജാതിക്കാർക്ക് സംവരണം ചെയ്യപ്പെട്ടവയാണ്. ആ 180-ൽ 72 എണ്ണം ഇതേ സമുദായത്തിലെ സ്ത്രീകൾക്ക് മാറ്റിവെച്ചിട്ടുമുണ്ട്.
പൊലീസ്, ജുഡീഷ്യറി, പ്രിസൺസ് ആൻഡ് ലീഗൽ എയ്‌ഡ് തുടങ്ങി, നീതി നടപ്പാക്കാനുള്ള മൂന്ന് സംവിധാനങ്ങളുടെ ശേഷി വളർത്തുന്നതിൽ സംസ്ഥാനങ്ങളുടെ സ്ഥാനം വിലയിരുത്തുകയും തിട്ടപ്പെടുത്തുകയും ചെയ്യുന്ന ദ് 2022 ഇന്ത്യാ ജസ്റ്റീസ് റിപ്പോർട്ട് പ്രകാരം, 2019-നും 2022-നുമിടയ്ക്ക്, പഞ്ചാബ് 4-ആം സ്ഥാനത്തുനിന്ന് എട്ട് റാങ്ക് താഴ്ന്ന് 12—ആം സ്ഥാനത്തെത്തിയതായി സൂചിപ്പിക്കുന്നു. “ജാതിയായാലും ലിംഗമായാലും, ആളുകളെ ഉൾക്കൊള്ളുന്നതിലും പാകപ്പിഴകൾ തിരുത്തുന്നതിലും വലിയ കുറവുകളുണ്ട്. പതിറ്റാണ്ടുകളായി ചർച്ചകൾ നടന്നിട്ടും, ഒറ്റപ്പെട്ട ചില സംസ്ഥാനങ്ങൾ ഏതെങ്കിലുമൊരു നേട്ടമുണ്ടാക്കുന്നതൊഴിച്ചാൽ, ഒറ്റ സംസ്ഥാനം പോലും, ഒരു ഉപവിഭാഗത്തിലും മൂന്ന് മാനദണ്ഡങ്ങളും പാലിക്കുന്നതായി കാണുന്നില്ല. സ്ത്രീകൾക്കും എവിടേയും തുല്യത ലഭ്യമാകുന്നില്ല. പൊലീസിലെ സ്ത്രീകളുടെ സാന്നിദ്ധ്യം 3.3 ശതമാനത്തിൽനിന്ന് 11.8 ശതമാനത്തിലെത്താൻ, 2007 ജനുവരിക്കും 2022 ജനുവരിക്കുമിടയിലെ പതിനഞ്ച് വർഷം വേണ്ടിവന്നു” എന്നുകൂടി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. പഞ്ചാബിലാകട്ടെ, 2022-ൽ പൊലീസിലെ സ്ത്രീകളുടെ ശതമാനം 9.9 ശതമാനം മാത്രമാണ്.
കഴിഞ്ഞ വർഷം മുതൽ പഞ്ചാബ് പൊലീസിലെ കോൺസ്റ്റബിൾ തസ്തികയിലേക്ക് ജസ്പാലും രമൺദീപും അപേക്ഷകളയച്ചുകൊണ്ടിരിക്കുന്നു. 2023-ൽ രണ്ടുപേരും പഞ്ചാബിയിലുള്ള എഴുത്തുപരീക്ഷയ്ക്ക് പങ്കെടുത്തുവെങ്കിലും കടന്നുകൂടാൻ സാധിച്ചില്ല. “ഞാൻ എഴുത്തുപരീക്ഷയ്ക്ക് വീട്ടിലിരുന്നാണ് പഠിച്ചത്,” രമൺദീപ് പറയുന്നു.
റിക്രൂട്ട്മെന്റിനുവേണ്ടി 2024-ൽ വന്ന പരസ്യപ്രകാരം, മൂന്ന് ഘട്ടമായുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയിൽ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയും ഉൾപ്പെടുത്തിയിരുന്നു. രണ്ടാമത്തെ ഘട്ടമായ കായികക്ഷമതയിലും, ശാരീരിക അളവ് പരിശോധനയിലും വിജയിക്കാൻ പട്ടികജാതി, പിന്നാക്കവിഭാഗങ്ങളിലെ സ്ഥാനാർത്ഥികൾക്ക്, ചുരുങ്ങിയത് 35 മാർക്കെങ്കിലും വേണമെന്നായിരുന്നു നിബന്ധന. കായികക്ഷമതാ പരീക്ഷയിൽ ഓട്ടവും ലോംഗ് ജമ്പും, ഹൈ ജമ്പും, ഭാരവും, ഉയരവും മാനദണ്ഡങ്ങളായിരുന്നു.
രമൺദീപിന്റെ അമ്മയ്ക്ക്, തന്റെ മകളുടെ പരിശ്രമങ്ങളോർത്ത് ആശങ്കകളുണ്ട്. മകൾ ആവശ്യമായത്ര ഭക്ഷണം കഴിക്കുന്നില്ലെന്നതാണ് അവരുടെ പരാതി. പച്ചക്കറികൾ, ഫലവർഗ്ഗങ്ങൾ, ബീൻസ്, പയർവർഗ്ഗങ്ങൾ, ധാന്യങ്ങൾ, ഇറച്ചി, മത്സ്യം, പാൽ തുടങ്ങി, അത്‌ലറ്റുകളുടെ ഊർജ്ജം നിലനിർത്താൻ ആവശ്യമായ പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ കഴിക്കേണ്ടതിനെക്കുറിച്ച് വിശദീകരിക്കുന്ന ദി അത്‌ലറ്റിക്സ് ഫെഡറേഷന്റെ ഗൈഡ്ബുക്കിനെ ക്കുറിച്ചൊന്നും അവർക്കറിയില്ല. അവയിൽ പലതും അവർക്ക് താങ്ങാനുമാവില്ല. മാസത്തിലൊരിക്കലാണ് മാംസം വാങ്ങുക. “ആവശ്യമായ ഭക്ഷണമൊന്നും കിട്ടാറില്ല. ചപ്പാത്തിയോ വീട്ടിലുണ്ടാക്കുന്ന എന്തെങ്കിലും കറിയോ ആവും കഴിക്കാനുണ്ടാവുക,” രമൺദീപ് പറയുന്നു. “വീട്ടിലുണ്ടാക്കുന്ന ഭക്ഷണവും കടലയും മറ്റും കൂട്ടിക്കഴിക്കും,” ജസ്പാൽ പൂരിപ്പിച്ചു.
ഈ വർഷം പരസ്യത്തിൽ പ്രഖ്യാപിച്ച കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയെക്കുറിച്ചൊന്നും ആ രണ്ട് പെൺകുട്ടികൾക്കും അറിയില്ല. “കഴിഞ്ഞ വർഷം പഞ്ചാബിയിലുള്ള എഴുത്തുപരീക്ഷയായിരുന്നു. കംപ്യൂട്ടർ പരീക്ഷയൊന്നുമായിരുന്നില്ല.” കഴിഞ്ഞ വർഷം, എഴുത്തുപരീക്ഷ കടക്കാൻ രണ്ട് മാസം കോച്ചിംഗിന് പങ്കെടുത്തതിന് ജസ്പാൽ ചിലവിട്ടത് 3,000 രൂപയാണ്.
ഈ വർഷത്തെ അറിയിപ്പുപ്രകാരം, ആദ്യത്തെ ഘട്ടത്തിൽ, പഞ്ചാബി ഭാഷയിലുള്ള യോഗ്യതാപരീക്ഷയ്ക്കൊപ്പം സ്ഥാനാർത്ഥികളുടെ പൊതു വിജ്ഞാനം, സംഖ്യാശേഷി, അളവ് സംബന്ധമായ ശേഷി,മാനസികശേഷി, യുക്തിബോധം, ഇംഗ്ലീഷ് പരിജ്ഞാനം, പഞ്ചാബി ഭാഷാ പരിജ്ഞാനം, ഡിജിറ്റൽ സാക്ഷരതയും അവബോധവും എന്നിവയും പരിശോധിക്കപ്പെടുന്നുണ്ട്.
“എഴുത്തുപരീക്ഷയ്ക്ക് ശേഷമാണ് ശാരീരിക പരീക്ഷ നടത്തുന്നത്. എഴുത്തുപരീക്ഷ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ ശാരീരിക പരീക്ഷയുടെ ആവശ്യമെന്താണ്?” ജസ്പാൽ ചോദിക്കുന്നു.
“കഴിഞ്ഞ വർഷത്തെ പുസ്തകങ്ങൾ എന്റെ കൈയ്യിലുണ്ട്. ഈ വർഷവും ഞാൻ അപേക്ഷിച്ചിട്ടുണ്ട് (പൊലീസ് സേനയിലെ തസ്തികകളിലേക്ക്),” രമൺദീപ് പറയുന്നു. “നോക്കാം”, സംശയവും പ്രതീക്ഷയും കലർന്ന ശബ്ദത്തിൽ അവൾ കൂട്ടിച്ചേർക്കുന്നു
പരിഭാഷ: രാജീവ് ചേലനാട്ട്