വാരാണസിയിൽ, വോട്ടെടുപ്പ് ദിവസം, സൽമ രണ്ട് ക്യൂ കണ്ടു. ഒന്ന് പുരുഷന്മാർക്കും ഒന്ന് സ്ത്രീകൾക്കും. പ്രസിദ്ധമായ വിശ്വനാഥക്ഷേത്രത്തിലേക്ക് പോവുന്ന ഇടുങ്ങിയ വഴിയിലെ സർക്കാർ സ്കൂളിലായിരുന്നു ബംഗാളി തോല പോളിംഗ് ബൂത്ത് ഒരുക്കിയിരുന്നത്.
സ്ത്രീകൾക്കുള്ള ക്യൂവിൽ നിൽക്കുമ്പോൾ “എല്ലാവരും തുറിച്ചുനോക്കുന്നുണ്ടായിരുന്നു” എന്ന് 25 വയസ്സുള്ള ആ ട്രാൻസ് സ്ത്രീ പറഞ്ഞു. പുരുഷന്മാർ കാണാത്ത മട്ടിൽ നിന്നു. ക്യൂവിന്റെ അവസാനം നിൽക്കുന്ന എന്നെ നോക്കി സ്ത്രീകൾ പരിഹസിച്ച് ചിരിക്കുകയും സ്വകാര്യം പറയുകയും ചെയ്യുന്നുണ്ടായിരുന്നു.”
എന്നാൽ സൽമ അതൊന്നും കാര്യമാക്കിയില്ല. “ഞാൻ അകത്തേക്ക് പോയി”, അവർ പറയുന്നു. “വോട്ട് ചെയ്യാനുള്ള അവകാശം എനിക്കുണ്ട്. സമൂഹത്തിൽ ഞങ്ങൾക്കാവശ്യമുള്ള മാറ്റം കൊണ്ടുവരുന്നതിനുള്ള വോട്ടാണ് ഞാൻ ചെയ്തത്.”
ഇന്ത്യയിൽ 48,044 “മൂന്നാം ലിംഗ വോട്ടർമാരുണ്ടെന്ന്“ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ (ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ - ഇ.സി) സ്ഥിതിവിവരക്കണക്കുകൾ പറയുന്നു. ഇത്ര ഗണ്യമായ സംഖ്യയുണ്ടായിട്ടും, ട്രാൻസ് വ്യക്തി എന്ന നിലയ്ക്കുള്ള തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് കിട്ടാൻ എളുപ്പമല്ല. വാരണാസിയിൽ 300-ഓളം ട്രാൻസ് വ്യക്തികളുണ്ടെങ്കിലും, അവർക്കുള്ള തിരിച്ചറിയൽ കാർഡ് കിട്ടാൻ ബുദ്ധിമുട്ടിയെന്ന്, പ്രിസ്മാറ്റിക്ക് എന്ന സർക്കാരിതര സംഘടനയുടെ സ്ഥാപക-ഡയറക്ടറായ നീതി സൂചിപ്പിക്കുന്നു. “50 ട്രാൻസ് വ്യക്തികൾക്കുള്ള കാർഡുകൾ ഞങ്ങൾക്ക് കിട്ടി. എന്നാൽ, പരിശോധനയ്ക്കായി അവരുടെ വീടുകൾ സന്ദർശിക്കണം എന്ന ഇ.സി.യുടെ കർശന നിർദ്ദേശം ഈ സമുദായത്തിലെ പലർക്കും പ്രശ്നമായി തോന്നി. കാരണം, തങ്ങളുടെ ലിംഗപദവി പരിശോധിക്കുന്നതിന് ആരെങ്കിലും വീട്ടിൽ വരുന്നത് ഇവർക്ക് ഇഷ്ടമല്ല,” അവർ കൂട്ടിച്ചേർക്കുന്നു.
എന്നാൽ വോട്ടർ ഐ.ഡി കിട്ടാൻ സൽമയ്ക്ക് ബുദ്ധിമുട്ടൊന്നും നേരിട്ടില്ല. “എന്റെ കുടുംബത്തോടൊപ്പമോ, എന്റെ സ്വത്വത്തെക്കുറിച്ച് അറിയാത്തവരോ ആയ ആളുകളുടെ കൂടെയല്ല ഞാൻ താമസിക്കുന്നത്,” അവർ പറയുന്നു.







