ഓരോ തവണ ഞാൻ എന്റെ ആളുകളുടെ മരണത്തെക്കുറിച്ച് എഴുതാൻ ശ്രമിക്കുമ്പോഴും, ശ്വാസമൊഴിഞ്ഞുപോയ ജഡം പോലെ എന്റെ മനസ്സ് ശൂന്യമാകും.
നമുക്ക് ചുറ്റുമുള്ള ലോകം ഇത്രകണ്ട് വികസനം കൈവരിച്ചിട്ടും ഇന്നും നമ്മുടെ സമൂഹം തോട്ടിത്തൊഴിലാളികളുടെ ജീവന് യാതൊരു വിലയും കൽപ്പിക്കുന്നില്ലെന്നതാണ് വാസ്തവം. തോട്ടിപ്പണി ചെയ്യുന്നതിനിടെ മരണങ്ങൾ സംഭവിക്കുന്നില്ലെന്ന് സർക്കാർ എളുപ്പത്തിൽ നിഷേധിക്കുമ്പോഴും, "കക്കൂസ് ടാങ്കുകളും അഴുക്കുചാലുകളും അപകടകരമായി വൃത്തിയാക്കിയതുമൂലം", 2019-2023 കാലയളവിൽ 377-ൽ അധികം പേർ മരണപ്പെട്ടുവെന്ന് വ്യക്തമാക്കുന്ന കണക്കുകൾ ഈ വർഷം ലോക്സഭയിൽ ഒരു ചോദ്യത്തിന് മറുപടിയായി സാമൂഹിക നീതി, ശാക്തീകരണ മന്ത്രി രാമദാസ് അത്താവലെ നൽകുകയുണ്ടായി.
കഴിഞ്ഞ ഏഴ് വർഷത്തിനിടെ, ഇത്തരത്തിൽ മാൻഹോളുകൾ വൃത്തിയാക്കുന്നതിനിടെ മരണപ്പെട്ട എണ്ണമറ്റ ആളുകളുടെ മരണാനന്തര ചടങ്ങുകളിൽ ഞാൻ നേരിട്ട് പങ്കെടുത്തിട്ടുണ്ട്. ചെന്നൈ ജില്ലയിലെ ആവഡിയിൽ മാത്രം 2022 മുതൽക്കിങ്ങോട്ട് 12 മാൻഹോൾ മരണങ്ങൾ ഉണ്ടായിട്ടുണ്ട്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 11-ന്, ആവഡി സ്വദേശിയും അരുന്ധതിയാർ സമുദായാംഗവുമായ 25 വയസ്സുകാരൻ ഹരി, കരാറടിസ്ഥാനത്തിൽ ഒരു അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ മുങ്ങിമരിച്ചു.
12 ദിവസത്തിനുശേഷം, ഹരി അണ്ണന്റെ മരണം റിപ്പോർട്ട് ചെയ്യാൻ ഞാൻ ആ വീട്ടിലെത്തി. അവിടെ അദ്ദേഹത്തിന്റെ ശരീരം ഒരു ഫ്രീസർ പെട്ടിയിൽ കിടത്തിയിരിക്കുന്നത് ഞാൻ കണ്ടു. ഭർത്താവിന്റെ മരണാനന്തരം ഒരു വിധവ ചെയ്യേണ്ട കർമ്മങ്ങൾ ചെയ്യാൻ ഹരി അണ്ണന്റെ ഭാര്യ തമിഴ് ശെൽവിയോട് അവരുടെ വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു. തമിഴ് ശെൽവിയുടെ അയൽക്കാർ അവരുടെ ശരീരം മുഴുവൻ മഞ്ഞൾ തേച്ച് കുളിപ്പിച്ചശേഷം അവരുടെ താലി (സുമംഗലിയുടെ ലക്ഷണം) അറുത്തെടുത്തു. ഈ ചടങ്ങുകൾ നടക്കുമ്പോഴെല്ലാം അവർ നിർവികാരയും നിശബ്ദയുമായി ഇരിക്കുകയായിരുന്നു.




















