കുട്ടിയായിരുന്നപ്പോൾ, അച്ഛനും മുത്തച്ഛനുമൊക്കെ ചെറിയ ആൺകുട്ടികൾക്ക് പരിശീലനം കൊടുക്കുന്നത് അവൾ ജനലഴികളിലൂടെ നോക്കിനിൽക്കാറുണ്ടായിരുന്നു. എന്തുകൊണ്ട് തനിക്കും അവരോടൊപ്പം കളിക്കാൻ പറ്റുന്നില്ല എന്ന് അവൾ അത്ഭുതം കൂറി. പ്രത്യേകിച്ചും ആ പാവകളാണ് അവളുടെ കണ്ണുകളെ ആകർഷിച്ചത്. ആ പാട്ടുകളുടെ പ്രത്യേകമായ താളം അവളുടെ കാതുകൾക്ക് മധുരമായി അനുഭവപ്പെട്ടു.
“പാവകളിയിലെ എന്റെ ഭ്രമം എന്റെ മുത്തച്ഛൻ ശ്രദ്ധിച്ചു, ആ പാട്ടുകൾ പഠിപ്പിക്കാമെന്ന് വാക്കും തന്നു,” 33 വയസ്സുള്ള രജിത പറഞ്ഞു.
ഷൊർണൂരിലെ കുടുംബത്തിലെ സ്റ്റുഡിയോയിൽ, ഒരു തോൽപ്പാവയുടെ മുഖം കൊത്തിയെടുത്ത് ഒരു മരത്തിന്റെ ബെഞ്ചിലിരിക്കുകയായിരുന്നു രജിത പുലവർ. മുമ്പിലുള്ള മേശപ്പുറത്ത്, ഉളിയും, ചുറ്റികയും, അറക്കവാളുമടക്കമുള്ള ഉപകരണങ്ങൾ കിടക്കുന്നുണ്ടായിരുന്നു.
സമയം ഉച്ചയായിരുന്നു. സ്റ്റുഡിയോയിൽ ബഹളമൊന്നുമുണ്ടായിരുന്നില്ല. പാവകളുണ്ടാക്കുന്ന മുറിയിൽ, രജിതയുടെ സമീപത്തായി കറങ്ങുന്ന ഒരു ഫാനിന്റെ മുരൾച്ച മാത്രമായിരുന്നു ഒരേയൊരു ശബ്ദം. പുറത്തെ ടെറസ്സിൽ, പാവകളായി കൊത്തിയെടുക്കാനായി, തുകലിന്റെ ഷീറ്റുകൾ വെയിലത്ത് ഉണക്കാൻ വെച്ചിരുന്നു.
“സമകാലിക വിഷയങ്ങളവതരിപ്പിക്കാനുള്ള പാവകളാണിത്,” താൻ പണിയെടുക്കുന്ന പാവ ചൂണ്ടിക്കാണിച്ച് രജിത പറയുന്നു. ഇന്ത്യയുടെ മലബാർ തീരത്ത് അവതരിപ്പിക്കപ്പെടുന്ന പരമ്പരാഗത കലാരൂപമാണ് തോൽപ്പാവക്കൂത്ത്. ഭദ്രകാളിക്ഷേത്രത്തിന്റെ മുറ്റങ്ങളിൽ, വാർഷികോത്സവത്തിനാണ് സാധാരണയായി ഇത് അവതരിപ്പിക്കാറുള്ളത്.














