നാടൻ പാട്ടുകൾ എല്ലായ്പ്പോഴും സാംസ്കാരികമായ അറിവുകളുടെ വാഹകരാണ്. സാമൂഹിക പെരുമാറ്റങ്ങളുടെ സന്ദേശവാഹകർ. എന്നാൽ പലപ്പോഴും അവ സാംസ്കാരികമായ മാറ്റങ്ങളുടേയും അവബോധനിർമ്മാണത്തിന്റേയും ഉപകരണങ്ങളായും ഉപയോഗിക്കപ്പെടാറുണ്ട്. നാടോടിപ്പാട്ടുകളുടെ വാചികതയിൽനിന്നും, ഓരോ അവതരണങ്ങളിലും വ്യത്യസ്തമാകാനുള്ള കഴിവിലൂടെയുമാണ് ഈ കലാരൂപത്തിന് ഇത്തരം മെയ്‌വഴക്കം സിദ്ധിക്കുന്നത്. സമുദായത്തിന്റെ സംസ്കാരത്തിൽ അതിനുള്ള വേരോട്ടത്തിലൂടെയും.
നാടൻപാട്ടുകളുടെ പുനർജ്ജനശേഷിയുടെ കവചമാണ് ഈ പാട്ടിനുള്ളത്. അവബോധത്തെക്കുറിച്ചുള്ള സന്ദേശമാണ് അത് വിനിമയം ചെയ്യുന്നത്. ഇവിടെ ആ അവബോധം, ഗ്രാമീണ സ്ത്രീകളുടെ ജീവിതത്തെക്കുറിച്ചുള്ള ലിംഗപരമായ യാഥാർത്ഥ്യമാണ്. കച്ചിലെയും അഹമ്മദാബാദിലെയും സ്ത്രീ കലാകാരികൾ പാടിയ ഈ പാട്ട്, സാമൂഹികവിമർശനത്തെ വൈകാരികമായ ഒരു അഭ്യർത്ഥനയായി രൂപാന്തരപ്പെടുത്തി നമുക്ക് നൽകുന്നു.
ഈ പാട്ടിന്റെ ഒരു സവിശേഷത, അതിന്റെ പശ്ചാത്തലത്തിൽ ഉപയോഗിച്ചിരിക്കുന്ന ഒരു പ്രത്യേകതരം ഉപകരണമാണ്. ജോഡിയാപാവ, അഥവാ അൽഘോസ എന്ന് വിളിക്കുന്ന ആ ഉപകരണം, സുഷിരവാദ്യ ഇനത്തിൽപ്പെട്ട ഒരു ഇരട്ട ഓടക്കുഴലാണ്. പാകിസ്താനിലെ സിന്ധ്, ഇന്ത്യയിലെ കച്ച്, രാജസ്ഥാൻ, പഞ്ചാബ്, തുടങ്ങിയ വടക്ക്-പടിഞ്ഞാറൻ മേഖലയിലെ കലാകാരന്മാർ പരമ്പരാഗതമായി ഉപയോഗിക്കുന്ന ഒന്നാണിത്.



