“ആദ്യത്തെ ദിവസം മജിദാൻ എന്റെ കയ്യിൽ ഇതുപോലെ ഒരടി തന്നു” ചിരിച്ചുകൊണ്ട് ആ അടി പുനരവതരിപ്പിച്ച് 65-കാരിയായ ഖർസദ് ബേഗം പറഞ്ഞു. അവരുടെ അരികിലിരുന്ന മജിദാൻ ബേഗം പഴയ ഓർമകൾ അയവിറക്കികൊണ്ട് തന്റെ ഭാഗം വിശദീകരിക്കുവാൻ തുടങ്ങി. “നൂലുകൾകൊണ്ട് എങ്ങനെ പ്രവർത്തിക്കണം എന്ന് ഖർസദിന് ആദ്യകാലങ്ങളിൽ അറിയില്ലായിരുന്നു. ഞാൻ അവളെ ഒരു വട്ടമേ അടിച്ചിട്ടുള്ളൂ. അതോടെ അവൾ വേഗം പഠിക്കുകയും ചെയ്തു” അവർ കൂട്ടിച്ചേർത്തു.
പഞ്ചാബിലെ ഭട്ടിൻഡ ജില്ലയിലെ ഘണ്ട ബാന എന്ന ഗ്രാമത്തിലെ മുതിർന്ന സ്ത്രീകളായ മജിദാനും ഖർസദും പരുത്തി, ചണം പിന്നെ പഴയ വസ്ത്രങ്ങൾ എന്നിവ ഉപയോഗിച്ച് നെയ്യുന്ന ദരികൾ (പരവതാനികൾ) അവയുടെ സങ്കീർണവും നിറപ്പകിട്ടുമുള്ള നെയ്ത്തിനാൽ പ്രശസ്തമാണ്.
“മജിദാനിൽനിന്ന് എന്റെ 35-ആമത്തെ വയസ്സിലാണ് ദരി നെയ്യാൻ ഞാൻ പഠിച്ചത്” ഖർസദ് പറയുന്നു. “അന്നുമുതൽ ഞങ്ങൾ ഒരുമിച്ച് ദരി നെയ്യാൻ തുടങ്ങിയതാണ്”, 71കാരിയായ മജിദാൻ പറഞ്ഞു. “ഇത് കേവലം ഒരാളുടെ ജോലിയല്ല മറിച്ച്, രണ്ടുപേരുടെ ചുമതലയാണ്”.
രണ്ട് സഹോദരങ്ങളെ വിവാഹം ചെയ്തതിലൂടെ ബന്ധുക്കളായ ഇവർ സ്വയം സഹോദരിമാരെന്നും, കുടുംബാംഗങ്ങൾ എന്നും അഭിസംബോധന ചെയ്യുന്നു. “യഥാർത്ഥ സഹോദരിമാരായിട്ടുതന്നെയാണ് ഞങ്ങൾക്ക് തോന്നിയിട്ടുള്ളത്”, ഖർസദ് പറഞ്ഞു. “എന്നാൽ ഞങ്ങളുടെ സ്വഭാവങ്ങൾ തികച്ചും വിപരീതങ്ങളാണ്,” മജീദാൻ കൂട്ടിച്ചേർത്തു. ഇതിനുത്തരമായി ഖർസദ് പറഞ്ഞു, “അവർ തുറന്നുസംസാരിക്കുന്ന ആളാണെങ്കിൽ ഞാൻ തീരെ സംസാരിക്കാത്ത ആളാണ്”.
മണിക്കൂറുകൾ ചെലവാക്കി ദരികൾ നെയ്യുന്നുണ്ടെങ്കിലും കുടുംബം പോറ്റാനായി മറ്റ് വീടുകളിൽ വീട്ടുജോലിക്കാരായി തൊഴിൽ ചെയ്യുന്നുമുണ്ട് മജീദാനും ഖർസദും. അതിൽനിന്ന് ഏതാനും ആയിരങ്ങൾ സമ്പാദിക്കുകയും ചെയ്യുന്നു അവരിരുവരും. രണ്ടു ജോലികളും ശാരീരികക്ഷമത ആവശ്യപ്പെടുന്നവയാണ്, പ്രത്യേകിച്ചുo ഇവരുടെ ഈ പ്രായത്തിൽ.


















