പന്ന ജില്ലയിൽ ഓഗസ്റ്റ് മാസം മുഴുവൻ പെയ്ത മഴയിൽ കൈതബാരോ തടയണയുടെ സംഭരണശേഷി പരമാവധി നിറഞ്ഞു. സമീപത്തുള്ള പന്ന ടൈഗർ റിസർവിലുള്ള (പി.ടി.ആർ) മലകളുടെ അടുത്താണ് അത്.
ഒരു ചുറ്റികയുമായി സുരേൻ ആദിവാസി തടയണയിലെത്തി. വെള്ളത്തിന്റെ ഒഴുക്ക് ശ്രദ്ധിച്ച്, കല്ലുകളോ ചപ്പുചവറുകളോ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നുണ്ടോ എന്ന് അയാൾ പരിശോധിക്കുന്നു. വെള്ളത്തിന്റെ ദിശ ശരിയാക്കാനായി ചുറ്റികയുപയോഗിച്ച് അയാൾ ഒന്നുരണ്ട് കല്ലുകൾ തട്ടിനീക്കി.
“വെള്ളം നന്നായി ഒഴുകുന്നുണ്ടോ എന്ന് നോക്കാൻ വന്നതാണ് ഞാൻ. ഉണ്ട്, ഒഴുകുന്നുണ്ട്,” ബിൽപുരയിൽനിന്നുള്ള ആ ചെറുകിട കർഷകൻ തലകുലുക്കിക്കൊണ്ട് പാരിയോട് പറയുന്നു. ഒഴുക്കിന്റെ കുറച്ചപ്പുറത്തുള്ള തന്റെ കൃഷിഭൂമി വരളില്ല എന്ന ആശ്വാസമുണ്ടായിരുന്നു അയാളുടെ മുഖത്ത്.
ആ ചെറിയ തടയണയെ കണ്ണോടിച്ചുകൊണ്ട് അയാൾ തുടർന്നു, “വലിയൊരു അനുഗ്രഹമാണിത്. അരിയും ഗോതമ്പും വളർന്നോളും. ഇതിനുമുമ്പ്, എന്റെ സ്വന്തം ഒരേക്കർ ഭൂമി നനയ്ക്കാൻ എനിക്ക് സാധിച്ചിരുന്നില്ല.”
തടയണ നിർമ്മിച്ചുകൊണ്ട് ബിൽപുരയിലെ ജനങ്ങൾ സ്വയം അനുഗ്രഹിക്കുകയായിരുന്നു എന്നുവേണം പറയാൻ.
കഷ്ടിച്ച് ആയിരം ആളുകൾ താമസിക്കുന്ന ബിൽപുര എന്ന ഗ്രാമത്തിൽ ഭൂരിഭാഗവും ഗോണ്ട് ആദിവാസികളായ (പട്ടിക ഗോത്രക്കാർ) കർഷകരാണ്. ഓരോരുത്തർക്കും സ്വന്തമായി കുറച്ച് കന്നുകാലികളുണ്ട്. ഗ്രാമത്തിൽ ഒരേയൊരു ഹാൻഡ് പമ്പും കിണറും മാത്രമേ ഉള്ളൂ എന്നാണ് 2011-ലെ സെൻസസ് പറയുന്നത്. ജില്ലയ്ക്ക് ചുറ്റും സംസ്ഥാനം കുളങ്ങൾ നിർമ്മിച്ച് കല്ലുകൾകൊണ്ട് അതിരിട്ടിട്ടുണ്ടെങ്കിലും, വൃഷ്ടിപ്രദേശങ്ങളൊന്നുമില്ലെന്ന് നാട്ടുകാർ പറയുന്നു. അതിൽ വെള്ളം അവശേഷിക്കുന്നുമില്ല.








