കനത്ത മഴയെത്തുടർന്ന് മുട്ടോളം ഉയരത്തില്‍ വെള്ളത്തിൽ മുങ്ങിയ തന്റെ വെളുത്ത നിറത്തിലുള്ള വിളയെ വെറുതെ നോക്കിക്കൊണ്ട് അദ്ദേഹം തന്റെ കൃഷിഇടത്തിനരികിൽ നിന്നു. വിജയ് മരോട്ടാറിന്റെ വിദർഭയിലെ പരുത്തിപ്പാടം നശിച്ചു. “ഈ വിളക്കായി ഞാൻ ഏകദേശം 1.25 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു.. അതിൽ ഭൂരിഭാഗവും എനിക്ക് നഷ്ടപ്പെട്ടു,” 25 കാരൻ പറയുന്നു. 2022 സെപ്റ്റംബറിലായിരുന്നു വിജയ്യുടെ ആദ്യ വിളവെടുപ്പ് സീസൺ. ഈ സമയം, അയാളുടെ പ്രശ്നങ്ങൾ പങ്കിടാൻ ആരുമുണ്ടായിരുന്നില്ല.
അദ്ദേഹത്തിന്റെ അച്ഛൻ ഘനശ്യാം മരോട്ടാർ അഞ്ചുമാസം മുമ്പ് ആത്മഹത്യ ചെയ്തു, രണ്ടുവർഷം മുമ്പ് പെട്ടെന്നുള്ള ഒരു ഹൃദയാഘാതം മൂലം അദ്ദേഹത്തിന് തന്റെ അമ്മയേയും നഷ്ടപ്പെട്ടു. ക്രമരഹിതമായ കാലാവസ്ഥയും വർദ്ധിച്ചുവരുന്ന കടബാധ്യതകളും വിളനാശവും വിദർഭ മേഖലയിലെ മറ്റനേകം കർഷകരെപ്പോലെ അവന്റെ മാതാപിതാക്കളിലും കടുത്ത ഉത്കണ്ഠയും സമ്മർദ്ദവും സൃഷ്ടിച്ചു. മാത്രമല്ല, അവർക്ക് ഒരു സഹായവും കിട്ടിയതുമില്ല.
പക്ഷേ, അച്ഛനെപ്പോലെ നിരാശനാവാൻ തനിക്കാവില്ലെന്ന് വിജയ് ഉറപ്പിച്ചു. അടുത്ത രണ്ട് മാസത്തേക്ക് തന്റെ പറമ്പിലെ വെള്ളം വറ്റിക്കാനുള്ള തിരക്കിലാണ് അദ്ദേഹം. എല്ലാ ദിവസവും രണ്ട് മണിക്കൂർ, കൈയിൽ ഒരു ബക്കറ്റ് മാതം ചുമന്ന്, വിളകള്‍ നശിച്ച തന്റെ കൃഷിയിടം നഗ്നപാദനായി അദ്ദേഹം ഉഴുതുമറിച്ചു, ട്രാക്ക് പാന്റ് കാൽമുട്ടോളം മടക്കി, ടി-ഷർട്ട് വിയർപ്പിൽ നനഞ്ഞു. നടുവൊടിഞ്ഞ് പണിയെടുത്ത് അവൻ വെള്ളം സ്വമേധയാ വറ്റിച്ചു. “എന്റെ കൃഷിഭൂമി സ്ഥിതിചെയ്യുന്നത് ഒരു ചരിവിലാണ്,” വിജയ് വിശദീകരിക്കുന്നു. “അതിനാൽ, അധികമഴ എന്നെ കൂടുതൽ ബാധിക്കുന്നു. ചുറ്റുമുള്ള കൃഷിയിടങ്ങളിൽനിന്നുള്ള വെള്ളം എന്റെ സ്ഥലത്തേക്ക് ഒഴുകിയെത്തുന്നു, അതിൽനിന്ന് രക്ഷപ്പെടാൻ പ്രയാസമാണ്. ആഅനുഭവം അവനെ ഭയപ്പെടുത്തി.
പ്രതികൂല കാലാവസ്ഥാസാഹചര്യങ്ങൾ - അമിതമായ മഴ, നീണ്ടുനിൽക്കുന്ന വരണ്ട കാലാവസ്ഥ, ആലിപ്പഴവര്‍ഷം എന്നിവ വലിയ കാർഷികദുരിതങ്ങൾ സൃഷ്ടിക്കുകയും മാനസികാരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുമ്പോൾ, ഈ പ്രതിസന്ധിയെ നേരിടാൻ കർഷകരെ സഹായിക്കുന്നതിന് സംസ്ഥാന സര്‍ക്കാർ ഒന്നും ചെയ്യുന്നില്ല. (വായിക്കുക: വിദർഭയിൽ കാർഷികപ്രതിസന്ധി, മനസ്സിന്റെ താളം തെറ്റിക്കുന്നു)., 2017 ലെ മാനസികാരോഗ്യ സംരക്ഷണ നിയമമനുസരിച്ച് മാനസിക പിരിമുറുക്കവും അസ്വസ്ഥതയുമുള്ള ആളുകൾക്ക് ലഭിക്കേണ്ട പരിശോധനകളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചുമുള്ള ഒരു വിവരങ്ങളും വിജയിനോ, ജീവിച്ചിരുന്ന കാലത്ത് അവന്റെ അച്ഛൻ ഘൻശ്യാമിനോ ലഭിച്ചിരുന്നില്ല. 1996ലെ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ കീഴിൽ സംഘടിപ്പിച്ച ഒരു ക്യാമ്പുകളും അവർ കണ്ടിട്ടില്ല.
2014 നവംബറിൽ, മഹാരാഷ്ട്ര സംസ്ഥാനം 'പ്രേരണ പ്രകൽപ് ഫാർമർ കൗൺസിലിംഗ് ഹെൽത്ത് സർവീസ് പ്രോഗ്രാം' കൊണ്ടുവന്നു. യവത്മാൽ ആസ്ഥാനമായുള്ള എൻ.ജി.ഒ. ഇന്ദിരാഭായ് സീതാറാം ദേശ്മുഖ് ബഹുദ്ദേശീയ സൻസ്ത ജില്ലാ കളക്ടറേറ്റ് വഴിയാണ് ഈ സംരംഭം നടപ്പാക്കിയത്, ഗ്രാമപ്രദേശങ്ങളിലെ ചികിത്സാവിടവ് നികത്താൻ ലക്ഷ്യമിട്ട്, പൊതു-സ്വകാര്യ (സിവിൽ സൊസൈറ്റി) പങ്കാളിത്ത മാതൃകയിലായിരുന്നു ഇത് കൊണ്ടുവന്നത്. എന്നാൽ 2022-ൽ വിജയ്ക്ക് പിതാവ് നഷ്ടമായപ്പോഴേക്കും സർക്കാരിന്റെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട പ്രേരണ പദ്ധതിയും പാഴായി.









