സമയം രാവിലെ ഒൻപതുമണി. മുംബൈയിലെ ആസാദ് മൈതാനത്തെ സജീവമാക്കി ഒരു കൂട്ടം യുവ ക്രിക്കറ്റർമാർ ആവേശകരമായ ഒരു വാരാന്ത്യ മത്സരത്തിന് തയ്യാറെടുക്കുകയാണ്. മത്സരം മുന്നേറുന്നതിനനുസരിച്ച് ഇടയ്ക്കിടെ ആർപ്പുവിളികളും നിലവിളികളും ഉയരുന്നു.

അവിടെനിന്ന് കഷ്ടി 50 മീറ്റർ അകലെ, 5,000 മത്സരാർത്ഥികളുമായി മറ്റൊരു 'കളി' നിശബ്ദം മുന്നേറുന്നുണ്ട്. ഈ കളി തുടങ്ങിയിട്ട് കൂടുതൽ നാളുകൾ ആയെന്ന് മാത്രമല്ല, അതിന്റെ പ്രത്യാഘാതങ്ങളും കൂടുതൽ ഗുരുതരമാണ്. മുംബൈയിലെ ആസാദ് മൈതാനത്ത് കഴിഞ്ഞ മാസം പ്രതിഷേധിച്ച ആയിരക്കണക്കിന് അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ് അഥവാ ASHA (ആശ) എന്നറിയപ്പെടുന്ന ആരോഗ്യപ്രവർത്തകർക്ക് ഇതുവരെയും തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. ഫെബ്രുവരി 9-നു സമരം തുടങ്ങി ആദ്യത്തെ ആഴ്ചയ്ക്കുള്ളിൽത്തന്നെ 50-ൽ കൂടുതൽ സ്ത്രീ പ്രതിഷേധക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു.

തിരക്കേറിയ റോഡിൻറെ കാഴ്ച്ചവട്ടത്തുതന്നെ, 30-കളുടെ തുടക്കത്തിൽ പ്രായമുള്ള ഒരു ആശാ വർക്കർ നിലത്തിരിക്കുന്നു. അതിലൂടെ കടന്നുപോകുന്നവരുടെ തുറിച്ചുനോട്ടം അവഗണിക്കുമ്പോഴും അവർ ആശങ്കയോടെ ചുറ്റുപാടും പരിശോധിക്കുന്നുണ്ട്. ഉടൻ തന്നെ ഒരു കൂട്ടം സ്ത്രീകൾ അവർക്ക് ചുറ്റും ദുപ്പട്ടകളും ഒരു കമ്പിളിയും കൊണ്ട് മറ തീർക്കുകയും അവർ പെട്ടെന്ന് വസ്ത്രം മാറുകയും ചെയ്യുന്നു.

ഏതാനും മണിക്കൂറുകൾക്കുശേഷം ഉച്ചഭക്ഷണത്തിന് സമയമാകുന്നതോടെ, പൊള്ളുന്ന നട്ടുച്ച വെയിലത്ത് ആശ വർക്കർമാർ റീട്ട ചാവ്‌റെ എന്ന സഹപ്രവർത്തകയ്ക്ക് ചുറ്റും കൂടുന്നു. ഓരോരുത്തരുടെ കയ്യിലും ഒഴിഞ്ഞ ചോറ്റുപാത്രങ്ങളോ പ്ളേറ്റുകളോ അടപ്പുകളോ ഉണ്ട്. 47 വയസ്സുകാരിയായ റീട്ട വീട്ടിൽനിന്ന് തയാറാക്കി കൊണ്ടുവന്ന ഭക്ഷണം വിളമ്പുമ്പോൾ, എല്ലാവരും ക്ഷമാപൂർവം തങ്ങളുടെ ഊഴം കാത്തുനിൽക്കുന്നു. "ഇവിടെ പ്രതിഷേധിക്കുന്ന ഏതാണ്ട് 80-100 ആശാ വർക്കർമാർക്ക് ഞാൻ ഭക്ഷണം കൊടുക്കുന്നുണ്ട്," മറ്റ് 17 ആശാ വർക്കർമാർക്കൊപ്പം താനെ ജില്ലയിലെ ടിസ്ഗാവിൽനിന്ന് നിത്യേന രണ്ടുമണിക്കൂർ യാത്ര ചെയ്ത് ആസാദ് മൈതാനത്തെത്തുന്ന റീട്ട പറയുന്നു.

"ഒരു ആശാ വർക്കർ പോലും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പ് വരുത്താൻ ഞങ്ങൾ ഊഴമിട്ട് ഭക്ഷണം കൊണ്ടുവരികയാണ്. എന്നാൽ ഇപ്പോൾ ഞങ്ങൾക്കും അസുഖം ബാധിക്കാൻ തുടങ്ങിയിരിക്കുന്നു. ഞങ്ങൾ ക്ഷീണിതരുമാണ്," 2024 ഫെബ്രുവരിയുടെ അവസാനം പാരിയോട് സംസാരിക്കവേ അവർ കൂട്ടിച്ചേർക്കുന്നു.

PHOTO • Swadesha Sharma
PHOTO • Swadesha Sharma

ആയിരക്കണക്കിന് അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ്സ് അഥവാ ആശാ വർക്കർമാർ കഴിഞ്ഞ മാസം മുംബൈയിലെ ആസാദ് മൈതാനത്ത് പ്രതിഷേധിക്കുകയുണ്ടായി. കല്യാണിൽ നിന്നുള്ള റീട്ട ചാവ്റെയും സഹപ്രവർത്തകരായ മറ്റു 17 ആശാ വർക്കർമാരും തുടർച്ചയായി 21 ദിവസം മുംബൈയിലെ ആസാദ് മൈതാനത്തേക്ക് യാത്ര ചെയ്തെത്തി ആകാവുന്നത്ര സ്ത്രീകൾക്ക് ഭക്ഷണം ഒരുക്കാൻ സഹായിച്ചു. ചെയ്തു. 2006-ൽ ആശാ വർക്കറായി ജോലി ചെയ്ത് തുടങ്ങിയ റീട്ട (വലത്) മഹാരാഷ്ട്രയിലെ ടിസ്ഗാവിൽ താമസിക്കുന്ന 1500-ൽ അധികം ആളുകൾക്ക് ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നു

PHOTO • Swadesha Sharma
PHOTO • Ujwala Padalwar

സംസ്ഥാനത്തെ 36 ജില്ലകളിൽ നിന്നുള്ള ആശാ വർക്കർമാർ ഒരുമിച്ച് പ്രതിഷേധത്തിന് ഇറങ്ങുകയും 21 നാൾ രാവും പകലും ഇവിടെ ചിലവിടുകയും ചെയ്തു; അവരിൽ പലരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു

21 ദിവസത്തെ പ്രതിഷേധത്തിനുശേഷം ഒടുവിൽ മാർച്ച് 1-നാണ് ആശാ വർക്കർമാർ വീടുകളിലേക്ക് മടങ്ങിയത്. "സർക്കാർ ആശാ വർക്കർമാരെ നിരാശപ്പെടുത്തില്ല" എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിനെത്തുടർന്നായിരുന്നു ഇത്. അന്നേദിവസം നേരത്തെ മഹാരാഷ്ട്രാ നിയമസഭയുടെ ബഡ്‌ജറ്റ്‌ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രിയായ ഏക്‌നാഥ് ഷിൻഡെ. 70-ൽ കൂടുതൽ ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുന്ന, സ്ത്രീകൾ മാത്രമുള്ള ഒരു തൊഴിൽസേനയാണ് ആശാ വർക്കർമാർ. എന്നാൽ ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്മെന്റ് സർവീസസ് പ്രോഗ്രാമിന് (ഐ.സി.ഡി.എസ്) കീഴിലും നാഷണൽ റൂറൽ ഹെൽത്ത് മിഷനിന് (എൻ.ആർ.എച്ച്.എം) കീഴിലും 'സന്നദ്ധസേവകർ' എന്നാണ് ഇവരെ പട്ടികപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ, ആരോഗ്യസേവനങ്ങൾ നൽകുന്നതിന് അവർക്ക് ലഭിക്കുന്ന പ്രതിഫലത്തെ വേതനം എന്നോ ശമ്പളം എന്നോ വിശേഷിപ്പിക്കുന്നതിന് പകരം 'ഓണറേറിയം' എന്നാണ് വിളിക്കുന്നത്.

ഓണറേറിയത്തിന് പുറമേ പി.ബി.പിയ്ക്കും (പെർഫോമൻസ് ബേസ്ഡ് പേയ്‌മെന്റ് അഥവാ ഇൻസെന്റീവ്) ആശാ വർക്കർമാർ അർഹരാണ്. പ്രതിരോധ കുത്തിവെപ്പുകൾ സാർവത്രികമാക്കാനുള്ള പ്രവർത്തനങ്ങൾ, റീപ്രൊഡക്റ്റീവ് ആൻഡ് ചൈൽഡ് ഹെൽത്ത് (ആർ.സി.എച്ച്) സേവനങ്ങൾ, മറ്റു പരിപാടികൾ തുടങ്ങിയവയിലെ പ്രകടനത്തിന് അനുസൃതമായാണ് ആശാ വർക്കർമാർക്ക് ഇൻസെന്റീവ് അനുവദിക്കുന്നതെന്ന് എൻ.ആർ.എച്ച്.എം വ്യക്തമാക്കുന്നു.

ഈ പണം ഒട്ടുംതന്നെ പര്യാപ്തമല്ലെന്ന് ആശാ വർക്കർമാരിൽ ഒരാളായ രമ മനാത്കാർ പറയുന്നു, "ഞങ്ങൾക്ക് ശമ്പളമില്ല, ഉത്തരവാദിത്വങ്ങൾ മാത്രമേ ഉള്ളൂ! ഞങ്ങൾ ഓഫീസർമാരെപ്പോലെ ജോലി ചെയ്യണം എന്നാണ് അവർ പ്രതീക്ഷിക്കുന്നത്, എന്നാൽ അതിനനുസരിച്ചുള്ള വേതനം ഞങ്ങൾക്ക് നൽകാൻ അവർ തയ്യാറല്ല."

ഏറ്റവുമൊടുവിൽ മുഖ്യമന്ത്രി വാഗ്ദാനം നൽകിയിട്ടുപോലും-കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ആശാ വർക്കർമാർക്ക് ലഭിച്ച ഔദ്യോഗിക ഉറപ്പുകളിൽ ഒന്ന് മാത്രമാണത്- ഈ ലേഖനം പ്രസിദ്ധീകരിക്കുന്നതുവരെ ഈ വിഷയത്തിൽ ഒരു ഗവൺമെൻറ് റെസൊല്യൂഷൻ (ജി.ആർ) ഇറങ്ങിയിട്ടില്ല. ആശാ വർക്കർമാർക്ക് ഇനി മുന്നോട്ടും വാഗ്ദാനങ്ങൾ മാത്രമാകും ആശ്രയമെന്നാണ് ലക്ഷണങ്ങളിൽനിന്ന് വ്യക്തമാകുന്നത്.

അതേസമയം, ആശാ വർക്കർമാരുടെ ശമ്പളം വർധിപ്പിക്കാൻ ഉത്തരവിടുന്ന ഒരു ജി.ആർ പുറപ്പെടുവിക്കുമെന്ന് സർക്കാർ നൽകിയ ഉറപ്പ് - 2023 ഒക്ടോബറിലാണ് സർക്കാർ ഇതുസംബന്ധിച്ച് ആദ്യമായി ഉറപ്പ് നൽകുന്നത് - പാലിക്കാൻ അവരെ നിർബന്ധിതരാക്കുമെന്ന ഉറച്ച ബോധ്യത്തിലാണ് പ്രതിഷേധ രംഗത്തുള്ള ആയിരക്കണക്കിന് ആശാ വർക്കർമാർ.

PHOTO • Ritu Sharma
PHOTO • Ritu Sharma

ഇടത്: നാഗ്പൂർ സ്വദേശിനിയായ വനശ്രീ ഫുൽബന്ധെ കഴിഞ്ഞ 14 വർഷമായി ആശാ വർക്കറായി ജോലി ചെയ്യുകയാണ്. വലത്: യവത്മലിൽ നിന്നുള്ള ആശാ വർക്കർമാരായ പ്രീതി കർമൻകറും (ഇടത്തേയറ്റം) അന്തകല മോറെയും (വലത്തേയറ്റം) പറയുന്നത് തങ്ങൾക്ക് 2023 ഡിസംബർ മുതൽക്കുള്ള ശമ്പളം ലഭിക്കാനുണ്ടെന്നാണ്

"ആളുകൾ ആശാ വർക്കർമാരെ അവരുടെ കുടുംബാംഗങ്ങളേക്കാൾ വിശ്വസിക്കുന്നു! ആരോഗ്യവകുപ്പ് ഞങ്ങളെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്," ദുർബ്ബല സമുദായങ്ങൾക്ക് ആരോഗ്യസേവനങ്ങൾ ഉറപ്പാക്കുകയാണ് തങ്ങളുടെ ജോലിയുടെ പ്രധാന വശം എന്നുകൂടി ചൂണ്ടിക്കാട്ടി വനശ്രീ ഫുൽബന്ധെ പറയുന്നു. "ഒരു പുതിയ ഡോക്ടറെ നിയമിച്ചുകഴിഞ്ഞാൽ, അവരുടെ ആദ്യ ചോദ്യം: ആശാ വർക്കർ എവിടെയാണ്? അവരുടെ നമ്പർ ലഭിക്കുമോ? എന്നാണ്.

വനശ്രീ കഴിഞ്ഞ 14 വർഷമായി ആശാ വർക്കറായി പ്രവർത്തിക്കുകയാണ്. "തുടക്കത്തിൽ എന്റെ ശമ്പളം 150 രൂപയായിരുന്നു...ഇത് വനവാസം തന്നെയല്ലേ? ഭഗവാൻ ശ്രീരാമൻ 14 വർഷത്തിന് ശേഷം അയോധ്യയിൽ മടങ്ങിയെത്തിയപ്പോൾ, എല്ലാവരും അദ്ദേഹത്തെ സ്വാഗതം ചെയ്തില്ലേ? ഞങ്ങളെ സ്വാഗതം ചെയ്യുകയൊന്നും വേണ്ട, കുറഞ്ഞ പക്ഷം അന്തസ്സോടെയും ആത്മാഭിമാനത്തോടെയും ജീവിക്കാനുതകുന്ന മാൻധൻ (ഓണറേറിയം) എങ്കിലും നൽകിക്കൂടെ?" അവർ കൂട്ടിച്ചേർക്കുന്നു.

മറ്റൊരാവശ്യവും അവർ ഉന്നയിക്കുന്നുണ്ട്: മറ്റെല്ലാവരെയും പോലെ ആശാ വർക്കർമാർക്കും എല്ലാ മാസവും കൃത്യസമയത്ത് ശമ്പളം നൽകാൻ കഴിയുമോ? ഓരോ തവണയും മൂന്നുമാസം വീതം വൈകി ശമ്പളം നൽകുന്ന സമ്പ്രദായം അവസാനിപ്പിക്കാനാകുമോ?

"എല്ലാ മാസവും ശമ്പളം വൈകിയാൽ, ഞങ്ങൾ എങ്ങനെയാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുക?" യവത്മാൽ ജില്ലയുടെ വൈസ് പ്രസിഡന്റായ (സില്ലാ ഉപാധ്യക്ഷ) ആശാ വർക്കർ പ്രീതി കർമൻകർ ചോദിക്കുന്നു. "ഒരു ആശാ വർക്കർ സേവനം നൽകുന്നതിനൊപ്പം സ്വന്തം ഉപജീവനത്തിന് വേണ്ടിക്കൂടിയാണ് ജോലി ചെയ്യുന്നത്. അവൾക്ക് ശമ്പളം ലഭിച്ചില്ലെങ്കിൽ, അവൾ എങ്ങനെ ജീവിക്കും?"

ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്നതും ആശാ വർക്കർമാർ നിർബന്ധമായും പങ്കെടുക്കേണ്ടതുമായ വർക്ക് ഷോപ്പുകൾക്കും ജില്ലാ യോഗങ്ങൾക്കും പോകാൻ ചിലവാകുന്ന തുകപോലും മൂന്നുമുതൽ അഞ്ചുമാസത്തിനുശേഷമാണ് അവർക്ക് തിരികെ ലഭിക്കുന്നത്. "2022 മുതൽ ആരോഗ്യവകുപ്പ് നടത്തിയ പരിപാടികൾക്കുള്ള തുക ഞങ്ങൾക്ക് ഇതുവരെയും ലഭിച്ചിട്ടില്ല," യവത്മലിലെ കലമ്പിൽനിന്നുള്ള അന്തകല മോറെ പറയുന്നു. "2023 ഡിസംബറിൽ ഞങ്ങൾ സമരത്തിലായിരുന്നു," അവർ കൂട്ടിച്ചേർക്കുന്നു," കുഷ്ഠരോഗ സർവേ നടത്തണമെന്ന് പറഞ്ഞ് അവർ ഞങ്ങളുടെ സമരം നിർത്തിച്ചു. എന്നാൽ അതിനുള്ള പ്രതിഫലം ഞങ്ങൾക്കിനിയും ലഭിച്ചിട്ടില്ല." "കഴിഞ്ഞ വർഷത്തെ പോളിയോ, മന്ത് (ഹത്തി രോഗ് – ലിം‌ഫിയാറ്റിക്ക് ഫിലാറിയാസിസ്), ജന്ത് നിർമ്മാർജ്ജന (വിര നിർമ്മാർജ്ജനം -  പ്രവർത്തനങ്ങൾക്കുള്ള തുകപോലും ഞങ്ങൾക്ക് ലഭിച്ചില്ല," പ്രീതി കൂട്ടിച്ചേർക്കുന്നു.

*****

റീട്ട 2006-ൽ ആശാ വർക്കറായി ജോലിയ്ക്ക് കയറുമ്പോൾ 500 രൂപയായിരുന്നു ശമ്പളം. "ഇന്ന് എനിക്ക് 6,200 രൂപ കിട്ടുന്നുണ്ട്; അതിൽ 3,000 കേന്ദ്ര സർക്കാരും ബാക്കി മുൻസിപ്പൽ കോർപ്പറേഷനുമാണ് നൽകുന്നത്."

2023 നവംബർ 2-ന് സംസ്ഥാന ആരോഗ്യമന്ത്രിയായ താനാജിറാവു സാവന്ത്, മഹാരാഷ്ട്രയിലെ 8,0000 ആശാ വർക്കർമാർക്കും 3,664 ഗട് പ്രവർത്തകർക്കും (ഗ്രൂപ്പ് പ്രമോട്ടർമാർ) യഥാക്രമം 7,000 രൂപയും 6,200 രൂപയും ശമ്പളവർധനവും 2,000 രൂപ വീതം ദീപാവലി ബോണസും അനുവദിക്കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി .

PHOTO • Courtesy: Rita Chawre
PHOTO • Swadesha Sharma

കോവിഡ് മഹാമാരിയുടെ കാലത്ത്, രോഗികൾക്ക് അടിയന്തിര വൈദ്യസഹായം ഉറപ്പാക്കാൻ ആശാ വർക്കർമാർ മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു. അക്കാലത്ത് ആശാ വർക്കർമാരെ 'കൊറോണ പോരാളികൾ' എന്ന് വിശേഷിപ്പിച്ച് എല്ലാവരും പ്രശംസിച്ചിരുന്നെങ്കിലും, തങ്ങൾക്ക് സ്വയരക്ഷയ്ക്ക് തീർത്തും പരിമിതമായ ഉപകരണങ്ങൾ മാത്രമാണ് ലഭിച്ചിരുന്നതെന്ന് ബദ്‌ലാപൂരിൽ നിന്നുള്ള ആശാ വർക്കറായ മംമ്ത (വലത് വശത്ത് ഇരിക്കുന്നു) പറയുന്നു

PHOTO • Courtesy: Ujwala Padalwar
PHOTO • Swadesha Sharma

പ്രതിഷേധത്തിന്റെ സംഘാടകരിൽ ഒരാളായ ഉജ്ജ്വല പഡൽവാർ (നീല വസ്ത്രം ധരിച്ചിരിക്കുന്നു) പറയുന്നത്, പ്രതിഷേധം തുടങ്ങിയ ആദ്യ ആഴ്ച്ചയിൽ തന്നെ 50-ൽ അധികം സ്ത്രീകളെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നെങ്കിലും അവരിൽ പലരും പ്രതിഷേധം തുടരാൻ ആസാദ് മൈതാനത്ത് മടങ്ങിയെത്തിയെന്നാണ്. രാവും പകലും നീണ്ട പ്രതിഷേധത്തിന് ഒടുവിൽ, 2024 മാർച്ച് 1-ആം തീയതി, ആശാ വർക്കർമാരെ നിരാശപ്പെടുത്തില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് ശേഷമാണ് അവർ വീടുകളിലേക്ക് മടങ്ങിയത്

"ദീപാവലി കഴിഞ്ഞ്, ഹോളി ആകാറായി, എന്നിട്ടും ഞങ്ങളുടെ കയ്യിൽ ഒന്നുമില്ല," മംമ്ത ക്രുദ്ധയായി പറയുന്നു. "ഞങ്ങൾ 7,000 രൂപയോ 10,000 രൂപയോ ശമ്പളം കൂട്ടണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. പതിവ് ജോലികൾക്ക് പുറമേ കൂടുതൽ ഓൺലൈൻ ജോലികൾ ചെയ്യാൻ ആവശ്യപ്പെട്ടതിനെതിരെയായിരുന്നു  ഒക്ടോബറിൽ ഞങ്ങൾ നടത്തിയ ആദ്യസമരം,. ദിവസേന 100 ഗ്രാമീണരെ വീതം പ്രധാൻമന്ത്രി മാതൃവന്ദന യോജനയിൽ (പി.എം.എം.വി.വൈ) ചേർക്കാനായിരുന്നു ഞങ്ങൾക്ക് ലഭിച്ച നിർദ്ദേശം."

"ഗർഭകാലത്തുണ്ടാകുന്ന വേതന നഷ്ടം ഭാഗികമായി പരിഹരിക്കാൻ ധനസഹായം നൽകുകയാണ്" പദ്ധതിയുടെ ലക്ഷ്യമെന്ന് അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പറയുന്നു. ഇതിന് സമാനമായി, ഗർഭിണികളുടെയും കുട്ടികളുടെയും കുത്തിവെപ്പുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ സംഭരിക്കാൻ ലക്ഷ്യമിട്ട് പുറത്തിറക്കിയ യു-വിൻ ആപ്പിൽ നിശ്ചിത എണ്ണം ആളുകളുടെ വിവരങ്ങൾ ശേഖരിക്കാനും ആശാ വർക്കർമാർക്ക് നിർദ്ദേശം ലഭിച്ചിരുന്നു.

നേരത്തെ, 2024 ഫെബ്രുവരിയിൽ, 10,000-ത്തിലധികം ആശാ വർക്കർമാർ ഷാഹ്പൂരിൽനിന്ന് 52 കിലോമീറ്റർ അകലെയുള്ള താനെ ജില്ലാ കലക്ടറുടെ ഓഫീസിലേയ്ക്ക് പ്രകടനം നടത്തിയിരുന്നു. "ഞങ്ങൾ അത്രയും ദൂരം നടന്നപ്പോഴേക്കും കാല് കുഴഞ്ഞു. അന്ന് രാത്രി മുഴുവൻ താനെയിലെ തെരുവുകളിലാണ് ഞങ്ങൾ ചിലവിട്ടത്," മംമ്ത ഓർത്തെടുക്കുന്നു.

മാസങ്ങളോളം നീളുന്ന പ്രതിഷേധം അവരെ രൂക്ഷമായി ബാധിക്കുന്നുണ്ട്. "തുടക്കത്തിൽ ആസാദ് മൈതാനത്ത് 5,000-ത്തിലധികം ആശാ വർക്കർമാരുണ്ടായിരുന്നു. അവരിൽ ചിലർ ഗർഭിണികളായിരുന്നു; വേറെ ചിലർ കൈക്കുഞ്ഞുങ്ങളുമായാണ് വന്നിരുന്നത്. ഇവിടെ തുറസ്സായ സ്ഥലത്ത് കഴിയുക ബുദ്ധിമുട്ടായതോടെ ഞങ്ങൾ അവരോട് വീടുകളിലേക്ക് മടങ്ങാൻ അഭ്യർത്ഥിക്കുകയായിരുന്നു," ഉജ്ജ്വല പഡൽവാർ പറയുന്നു. പ്രതിഷേധത്തിന്റെ സംഘാടകരിലൊരാളായ ഉജ്ജ്വല, സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസിന്റെ (സി.ഐ.ടി.യു) സംസ്ഥാന സെക്രട്ടറി കൂടിയാണ്. സമരത്തിൽ പങ്കെടുത്ത പല സ്ത്രീകൾക്കും നെഞ്ചിനും വയറിനും വേദന അനുഭവപ്പെട്ടിരുന്നു; മറ്റ് ചിലർക്ക് തലവേദനയും നിർജ്ജലീകരണവും ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു, അവർ കൂട്ടിച്ചേർക്കുന്നു.

എന്നാൽ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തതും, ആശാ വർക്കർമാർ വീണ്ടും മൈതാനത്ത് മടങ്ങിയെത്തി ഒറ്റ സ്വരത്തിൽ ആവശ്യപ്പെട്ടു: "ഞങ്ങൾക്ക് ഒരൊറ്റ ആവശ്യമേയുള്ളൂ! ജി.ആർ പുറപ്പെടുവിക്കുക!"

*****

PHOTO • Swadesha Sharma

2023 ഒക്ടോബറിൽ, മഹാരാഷ്ട്രാ ആരോഗ്യ മന്ത്രി ആശാ വർക്കർമാർക്ക്  ദീപാവലി ബോണസായി 2,000 രൂപ പ്രഖ്യാപിച്ചിരുന്നു. 'ദീപാവലി കഴിഞ്ഞ് ഹോളി ആകാറായി, എന്നിട്ടും ഞങ്ങളുടെ കയ്യിൽ ഒന്നുമില്ല,' മംമ്ത പറയുന്നു

പൊതുജനാരോഗ്യ സേവനങ്ങൾ എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് ഒരു ആശാ വർക്കറുടെ ഔദ്യോഗിക ചുമതല, എന്നാൽ വർഷങ്ങളോളം സമൂഹത്തെ ശുശ്രൂഷിക്കുന്ന ജോലി ചെയ്യുന്ന അവർ മിക്കപ്പോഴും തങ്ങളുടെ ചുമതലകൾക്ക് അതീതമായ ജോലികൾകൂടി ചെയ്യാറുണ്ട്. ആശാ വർക്കറായ മംമ്തയുടെ കാര്യംതന്നെയെടുക്കാം. 2023 സെപ്റ്റംബറിൽ മംമ്ത, ബദ്‌ലാപൂരിലെ സോനിവ്‌ലി ഗ്രാമത്തിൽ താമസിക്കുന്ന, ഗർഭിണിയായ ഒരു ആദിവാസി യുവതിയെ വീട്ടിൽവെച്ച് പ്രസവിക്കുന്നതിൽനിന്ന് പിന്തിരിപ്പിച്ച് ആശുപത്രി പ്രസവത്തിന് സമ്മതിപ്പിച്ചെടുത്തു.

അവർ ഓർത്തെടുക്കുന്നു:" ആ സ്ത്രീയുടെ ഭർത്താവ് അവരുടെ ഒപ്പം ആശുപത്രിയിലേയ്ക്ക് പോകാൻ വിസ്സമ്മതിച്ചെന്ന് മാത്രമല്ല, "എന്റെ ഭാര്യയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ, അതിന് നിങ്ങളാകും ഉത്തരവാദി'" എന്ന് കയർക്കുകയും ചെയ്തു.  ആ സ്ത്രീയ്ക്ക് പ്രസവവേദന തുടങ്ങിയപ്പോൾ, "ഞാൻ ഒറ്റയ്ക്കവരെ ബദ്‌ലാപൂരിൽനിന്ന് ഉൽഹാസ്നഗർവരെ കൊണ്ടുപോയി," മംമ്ത പറയുന്നു. പക്ഷെ ആ സ്ത്രീ പ്രസവത്തിൽ മരിച്ചുപോയി. കുഞ്ഞ് ഗർഭപാത്രത്തിൽവെച്ചുതന്നെ മരിച്ചിരുന്നു.

മംമ്ത വിശദീകരിക്കുന്നു, "ഞാൻ ഒരു വിധവയാണ്, എന്റെ മകൻ അന്ന് 10-ആം ക്ലാസ്സിൽ പഠിക്കുകയായിരുന്നു. ഞാൻ രാവിലെ 6 മണിക്ക് വീട്ടിൽനിന്ന് ഇറങ്ങിയതാണ്. വൈകീട്ട് 8 മണിയോടെയാണ് ആ അമ്മ മരിച്ചത്. അതിനുശേഷം രാത്രി 1:30 വരെ എന്നോട് ആശുപത്രി വരാന്തയിൽ കാത്തുനിൽക്കാൻ ആവശ്യപ്പെട്ടു. പഞ്ചനാമ തയ്യാറാക്കിയതിനുശേഷം അവർ പറയുകയാണ്, 'ആശാ തായി, ഇനി നിങ്ങൾക്ക് പോകാം.' രാത്രി ഒന്നരയ്ക്ക് ഞാൻ തനിച്ച് വീട്ടിലേയ്ക്ക് പോകണമെന്നാണോ?"

അടുത്ത ദിവസം, കടലാസുകൾ ശരിയാക്കാനായി അവർ ഗ്രാമത്തിൽ എത്തിയപ്പോൾ, മരണപ്പെട്ട സ്ത്രീയുടെ ഭർത്താവടക്കം ചില ആളുകൾ അവരെ ആക്ഷേപിക്കുകയും ആ സ്ത്രീയുടെ മരണത്തിന് ഉത്തരവാദി മംമ്തയാണെന്ന് ആരോപിക്കുകയും ചെയ്തു. സംഭവം നടന്ന് ഒരു മാസത്തിനുശേഷം, സില്ലാ സമിതി മംമ്തയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയുണ്ടായി. "അവർ ചോദിച്ചു, 'എങ്ങനെയാണ് ആ അമ്മ മരണപ്പെട്ടത്? ആശാ തായിയുടെ ഭാഗത്തുനിന്ന് എന്ത് തെറ്റാണ് സംഭവിച്ചത്?' എല്ലാത്തിനും ഒടുക്കം ഞങ്ങളെ പഴി ചാരാനാണെങ്കിൽ, ഞങ്ങളുടെ മാൻധൻ എങ്കിലും വർധിപ്പിച്ചു കൂടെ?" അവർ ചോദിക്കുന്നു.

കോവിഡ് മഹാമാരിയുടെ കാലത്തുടനീളം സർക്കാർ ആശാ വർക്കർമാരെ വാനോളം പുകഴ്ത്തുകയും, സംസ്ഥാനത്തുടനീളമുള്ള വിദൂരമായ ഗ്രാമങ്ങളിലെ രോഗികളെ കണ്ടുപിടിച്ച് അവർക്ക് മരുന്നെത്തിക്കുന്നതിൽ നിർവഹിച്ച സുപ്രധാന പങ്കിന്റെ പേരിൽ 'കൊറോണ പോരാളികൾ' എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ അവനവനെ വൈറസിൽനിന്ന് രക്ഷിക്കാൻ വേണ്ട സുരക്ഷാ ഉപകരണങ്ങൾ ഒന്നുംതന്നെ അവർക്ക് ലഭിച്ചിരുന്നില്ല.

PHOTO • Swadesha Sharma
PHOTO • Swadesha Sharma

പൊതുജനാരോഗ്യ സേവനങ്ങൾ എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് ഒരു ആശാ വർക്കറുടെ ഔദ്യോഗികമായ ചുമതല, എന്നാൽ വർഷങ്ങളോളം സമൂഹത്തെ ശുശ്രൂഷിക്കുന്ന ജോലി ചെയ്യുന്ന അവർ മിക്കപ്പോഴും തങ്ങളുടെ ചുമതലകൾക്ക് അതീതമായ ജോലികൾ കൂടി ചെയ്യാറുണ്ട്. 2010-ൽ ആശാ വർക്കർമാരായി ജോലി ചെയ്തു തുടങ്ങിയ മന്ദ ഖതനും (ഇടത്) ശ്രദ്ധ ഖോഗലെയും (വലത്) ഇന്ന് മഹാരാഷ്ട്രയിലെ കല്യാണിൽ 1500-ൽ അധികം ആളുകൾക്ക് ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുന്നു

കല്യാണിലെ നന്ദിവാലി ഗ്രാമത്തിൽനിന്നുള്ള ആശാ വർക്കർമാരായ മന്ദ ഖതനും ശ്രദ്ധ ഖോഗലെയും മഹാമാരിക്കാലത്തെ തങ്ങളുടെ അനുഭവങ്ങൾ ഓർത്തെടുക്കുന്നു. "ഒരിക്കൽ ഒരു സ്ത്രീയുടെ പ്രസവം കഴിഞ്ഞശേഷം അവർക്ക് കോവിഡ് സ്ഥിരീകരിച്ചു. തനിക്ക് വൈറസ് ബാധിച്ചെന്ന് അറിഞ്ഞതും ആ സ്ത്രീ പരിഭ്രമിച്ച് കുഞ്ഞിനേയുംകൊണ്ട് ആശുപത്രിയിൽനിന്ന് ഓടിപ്പോയി."

"അവരെയും അവരുടെ കുഞ്ഞിനേയും പിടികൂടി കൊല്ലാൻ പോകുകയാണെന്നാണ് അവർ ധരിച്ചിരുന്നത്," ശ്രദ്ധ പറയുന്നു. അത്രയും ഭീതിയും തെറ്റിദ്ധാരണകളുമാണ് ഈ വൈറസിനെ ചുറ്റിപ്പറ്റി എല്ലായിടത്തും പടർന്നിരുന്നത്.

"ആ സ്ത്രീ അവരുടെ വീട്ടിൽ ഒളിച്ചിരിക്കുകയാണെന്ന് ചിലർ ഞങ്ങളെ വിവരം അറിയിച്ചു. ഉടൻതന്നെ ഞങ്ങൾ അവരുടെ വീട്ടിലെത്തിയെങ്കിലും അവർ വീട് അകത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു," മന്ദ പറയുന്നു. അവർ എന്തെങ്കിലും കടുകൈ കാണിച്ചാലോ എന്ന ഭയത്തിൽ ആശാ വർക്കർമാർ ഉച്ചയ്ക്ക് 1:30 വരെ അവരുടെ വീടിന് പുറത്ത് കാവൽ നിന്നു. "ഞങ്ങൾ അവരോട് ചോദിച്ചു, 'നിനക്ക് നിന്റെ കുട്ടിയോട് സ്നേഹമുണ്ടോ ഇല്ലയോ?' കുഞ്ഞിനെ ഇനിയും അവരുടെ അടുത്ത് നിർത്തിയാൽ കുഞ്ഞിനും വൈറസ് ബാധിക്കുമെന്നും അത് കുഞ്ഞിന്റെ ജീവന് ഭീഷണിയാകുമെന്നും ഞങ്ങൾ അവരെ ഉപദേശിച്ചു."

മൂന്ന് മണിക്കൂറോളം നീണ്ട കൗൺസിലിംഗിനുശേഷമാണ് ആ അമ്മ വാതിൽ തുറന്നത്. "ആംബുലൻസ് തയ്യാറായി നിന്നിരുന്നു. ഞങ്ങൾ രണ്ടുപേരല്ലാതെ വേറെ മെഡിക്കൽ ഓഫീസർമാരോ ഗ്രാമ സേവകന്മാരോ ആരും ഉണ്ടായിരുന്നില്ല അവിടെ." കണ്ണീരണിഞ്ഞ് മംമ്ത വിവരിക്കുന്നു," പുറപ്പെടുന്നതിന് മുൻപ്, ആ അമ്മ എന്റെ കൈപിടിച്ച് പറഞ്ഞു, 'നിങ്ങളെ വിശ്വസിച്ചിട്ടാണ് ഞാൻ എന്റെ കുഞ്ഞിനെ വിട്ട് പോകുന്നത്. ദയവ് ചെയ്ത് എന്റെ കുഞ്ഞിനെ നോക്കണം." അടുത്ത എട്ടുദിവസം ഞങ്ങൾ അവരുടെ വീട്ടിൽ കുഞ്ഞിന് കുപ്പിപ്പാൽ നൽകാൻ പോയി. ഞങ്ങൾ അവരെ വീഡിയോ കാൾ വിളിച്ച് കുഞ്ഞിനെ കാണിച്ചു കൊടുക്കുമായിരുന്നു. ഇപ്പോഴും ആ അമ്മ ഞങ്ങളെ വിളിച്ച് നന്ദി പറയാറുണ്ട്."

ഒരു വർഷത്തോളം സ്വന്തം കുഞ്ഞുങ്ങളിൽനിന്ന് അകന്നുനിന്നെങ്കിലും, ഞങ്ങൾ മറ്റുള്ളവരുടെ കുഞ്ഞുങ്ങളെ രക്ഷിച്ചു", മന്ദ പറയുന്നു. മഹാമാരിയുടെ സമയത്ത് അവരുടെ കുഞ്ഞ് 8-ആം ക്ലാസ്സിൽ പഠിക്കുകയായിരുന്നു; ശ്രദ്ധയുടെ കുഞ്ഞിന് 5 വയസ്സ് പോലും തികഞ്ഞിരുന്നില്ല.

PHOTO • Cortesy: Shraddha Ghogale
PHOTO • Courtesy: Rita Chawre

ഇടത്: ആശാ വർക്കറായ ശ്രദ്ധയ്ക്ക് ലോക്ക്ഡൗൺ കാലത്ത് കോവിഡ് രോഗികളുമായി ഇടപഴകേണ്ടി വന്നിരുന്നു. അതുകൊണ്ട് തനിക്ക് 5 വയസ്സുള്ള സ്വന്തം കുഞ്ഞിൽ നിന്നും കുടുംബത്തിൽ നിന്നും അകലം പാലിക്കേണ്ടി വന്നുവെന്ന് അവർ പറയുന്നു. സുരക്ഷാ ഉപകരണങ്ങളുടെയും മാസ്‌ക്കുകളുടെയും അപര്യാപ്തത മൂലം, റീട്ട (ഇടത്തേയറ്റം) തന്റെ ദുപ്പട്ട മുഖത്തിന് ചുറ്റും കെട്ടിയാണ് വൈറസിൽ നിന്ന് സ്വയം സംരക്ഷിച്ചത്

മഹാമാരിയുടെ സമയത്ത് തന്റെ ഗ്രാമത്തിലെ ആളുകൾ തങ്ങളെ കാണുമ്പോൾ വാതിൽ കൊട്ടിയടച്ചിരുന്നത് ശ്രദ്ധ ഓർക്കുന്നു. "ഞങ്ങൾ പേഴ്സണൽ പ്രൊട്ടക്ടീവ് എക്വിപ്മെന്റ് (പി.പി.ഇ) കിറ്റുകൾ ധരിച്ച് ചെല്ലുന്നത് കാണുമ്പോൾ ഗ്രാമീണർ ഞങ്ങൾ അവരെ പിടിച്ചുകൊണ്ടുപോകാൻ വന്നതാണെന്ന് വിചാരിച്ച് ഓടിപ്പോകും." അത് മാത്രമല്ല, "ഞങ്ങൾ ദിവസം മുഴുവൻ കിറ്റുകൾ ധരിച്ചാണ് നടക്കുക. ചിലപ്പോഴെല്ലാം ഒരു ദിവസം നാല് കിറ്റുകൾവരെ മാറ്റേണ്ടി വന്നിട്ടുണ്ട്. മണിക്കൂറുകളോളം കിറ്റ് ധരിച്ച് ഞങ്ങളുടെ മുഖം കരുവാളിച്ചുപോയിരുന്നു. കിറ്റ് ധരിച്ച് വെയിലത്ത് കൂടി ഞങ്ങൾ നടക്കും. അല്പം കഴിയുമ്പോൾ ശരീരമാകെ ചൊറിയുകയും തൊലിയിൽ എരിച്ചിൽ അനുഭവപ്പെടുകയും ചെയ്യും."

സംഭാഷണത്തിൽ ഇടപ്പെട് മന്ദ പറയുന്നു," മാസ്ക്കുകളും പി.പി.ഇകളൊക്കെ കുറേക്കഴിഞ്ഞാണ് ലഭ്യമായത്. മഹാമാരിയുടെ കാലയളവ് ഏതാണ്ട് മുഴുവനായും ഞങ്ങൾ സാരിയുടെ തുമ്പോ ദുപ്പട്ടയോകൊണ്ട് മുഖം മറച്ചാണ് എല്ലായിടത്തും പോയിരുന്നത്."

"അക്കാലത്ത് (മഹാമാരിയുടെ സമയത്ത്) ഞങ്ങളുടെ ജീവന് വിലയുണ്ടായിരുന്നില്ല എന്നല്ലേ അർഥം?" മംമ്ത ചോദിക്കുന്നു. "കോറോണയോട് പോരാടാൻ നിങ്ങൾ ഞങ്ങൾക്ക് വേറെ എന്തേലും സംരക്ഷണം നൽകിയിരുന്നോ? മഹാമാരി പൊട്ടിപ്പുറപ്പെട്ടപ്പോൾ നിങ്ങൾ (സർക്കാർ) ഞങ്ങൾക്ക് ഒന്നും നൽകിയില്ല. ഞങ്ങൾ ആശാ തായിമാർക്ക് കോവിഡ് ബാധിക്കാൻ തുടങ്ങിയപ്പോൾ, മറ്റ് രോഗികളുടെ ഗതിതന്നെയായിരുന്നു ഞങ്ങൾക്കും. വാക്സിനുകൾ പരീക്ഷാടിസ്ഥാനത്തിൽ നൽകിയപ്പോൾപ്പോലും, ആശാ വർക്കർമാരാണ് അതിന് സന്നദ്ധരായി ആദ്യം മുന്നോട്ട് വന്നത്."

ജീവിതത്തിൽ ഒരു ഘട്ടമെത്തിയപ്പോൾ, വനശ്രീ ഫുൽബന്ധെ ആശാ വർക്കറായുള്ള ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചതാണ്. "ഈ ജോലി എന്നെ ശാരീരികമായും മാനസികമായും തളർത്താൻ തുടങ്ങി," അവർ പറയുന്നു. നാഗ്പൂർ ജില്ലയിലെ വഡോഡ ഗ്രാമത്തിലുള്ള, 1500-ലധികം വരുന്ന ജനങ്ങളെ ഈ 42 വയസ്സുകാരി ശുശ്രൂഷിക്കുന്നു. "ഒരിക്കൽ, വൃക്കയിലെ കല്ലുകൾ മൂലം ഞാൻ വളരെ അധികം വേദനയിലായിരുന്നു. അപ്പോഴും അരയ്ക്ക് ചുറ്റും ഒരു ഷാൾ വരിഞ്ഞുകെട്ടി ഞാൻ ജോലി തുടർന്നു."

ആ സമയത്താണ് രോഗിയായ ഒരു സ്ത്രീയും അവരുടെ ഭർത്താവും വനശ്രീയുടെ വീട്ടിലെത്തുന്നത്, "ആ സ്ത്രീയുടെ ആദ്യത്തെ പ്രസവമായിരുന്നതിനാൽ അവർ വല്ലാത്ത ആശങ്കയിലായിരുന്നു. ഞാൻ ഒന്നും ചെയ്യാൻ സാധിക്കുന്ന സ്ഥിതിയിലല്ലെന്ന് പറഞ്ഞിട്ടും പ്രസവസമയത്ത് ഞാൻ ഒപ്പമുണ്ടാകണമെന്ന് അവർ വാശി പിടിച്ചു. അവരോട് 'പറ്റില്ല' എന്ന് പറയാൻ ബുദ്ധിമുട്ടായതുകൊണ്ട് ഞാനും അവർക്കൊപ്പം പോയി. പ്രസവം കഴിയുന്നതുവരെ രണ്ട് ദിവസം ഞാൻ അവർക്കൊപ്പം ആശുപത്രിയിൽ നിന്നു. എന്റെ അരയ്ക്ക് ചുറ്റും തുണി കെട്ടിയിരിക്കുന്നത് കണ്ട് അവരുടെ ബന്ധുക്കൾ തമാശയ്ക്ക് ചോദിക്കുമായിരുന്നു, 'ഇതിപ്പോൾ രോഗിയാണോ നിങ്ങളാണോ പ്രസവിക്കുന്നത്!"

PHOTO • Ritu Sharma
PHOTO • Ritu Sharma

2024 ഫെബ്രുവരി 7-നു, വനശ്രീയും (കണ്ണട ധരിച്ചിരിക്കുന്നു) പൂർണിമയും നാഗ്പൂരിലെ തങ്ങളുടെ ഗ്രാമങ്ങളിൽ നിന്ന് മുംബൈയിലെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ പുറപ്പെട്ടു. പ്രതിഷേധത്തിന്റെ ഒൻപതാം ദിവസം ഫോണിൽ കുടുംബാംഗങ്ങളോട് സംസാരിക്കുന്ന വനശ്രീ

ലോക്ക്ഡൗണിന്റെ സമയത്ത്, ആശാ വർക്കറുടെ ഉത്തരവാദിത്വങ്ങൾ ചെയ്തു തീർത്തശേഷം ഐസൊലേഷനിൽ കഴിയുന്ന ആളുകൾക്ക് ഭക്ഷണം എത്തിക്കുകയും അവർ ചെയ്തിരുന്നു. "ക്രമേണ ഈ ജോലി എന്റെ ആരോഗ്യത്തെയും ബാധിച്ചു. ബി.പി തുടർച്ചയായി ഉയർന്നുതന്നെ നിന്നപ്പോൾ, ഒരുപക്ഷെ ഈ ജോലി ഉപേക്ഷിക്കാൻ സമയമായിരിക്കുന്നുവെന്ന് എനിക്ക് തോന്നി." എന്നാൽ വനശ്രീയുടെ അമ്മായിയുടെ ഓർമ്മപ്പെടുത്തലാണ് അവരുടെ തീരുമാനം മാറ്റിയത്. "ഞാൻ ചെയ്യുന്നത് പുണ്യപ്രവൃത്തിയാണെന്ന്" അമ്മായി എന്നെ ഓർമ്മിപ്പിച്ചു. "എന്നെ ആശ്രയിച്ച് രണ്ട് ജീവനുകൾ (അമ്മയുടെയും കുഞ്ഞിന്റെയും) കഴിയുന്നുണ്ടെന്നും ഞാൻ ഒരിക്കലും ഈ ജോലി ഉപേക്ഷിക്കരുതെന്നും അവർ പറഞ്ഞു."

കഥ വിവരിക്കുന്നതിനിടെ വനശ്രീ ഇടയ്ക്കിടെ അവരുടെ ഫോൺ നോക്കുന്നുണ്ടായിരുന്നു. "ഞാനെന്നാണ് വീട്ടിലേയ്ക്ക് മടങ്ങുകയെന്ന് ചോദിക്കുകയാണ് കുടുംബം. കയ്യിൽ 5,000 രൂപയുമായാണ് ഞാൻ ഇവിടെ വന്നത്. എന്നാൽ ഇപ്പോൾ എന്റെ കയ്യിൽ 200 രൂപ പോലുമില്ല." 2023 ഡിസംബർ മുതൽക്കുള്ള ഓണറേറിയം അവർക്ക് ലഭിക്കാനുണ്ട്.

നാഗ്പൂരിലെ പാൻധുർണ്ണ ഗ്രാമത്തിലെ ആശാ വർക്കറാണ് പൂർണിമ വസെ. "ഒരിക്കൽ, എച്ച്.ഐ.വി പോസിറ്റീവായ ഒരു സ്ത്രീയുടെ പ്രസവം ഒരാംബുലൻസിൽ‌വെച്ച് ഞാനെടുക്കുകയുണ്ടായി. ആ സ്ത്രീ എച്ച്.ഐ.വി ബാധിതയാണെന്ന് ആശുപത്രിയിലെ ആളുകൾ മനസ്സിലാക്കിയപ്പോൾ അവരത് വലിയ പ്രശ്നമാക്കി," 45 വയസ്സുകാരിയായ ആ ആശാ വർക്കർ പറയുന്നു. "ഞാൻ അവരോട് പറഞ്ഞു,' ഒരു ആശാ വർക്കറായ ഞാൻ എന്റെ സ്കാർഫും കയ്യുറകളും മാത്രം ഉപയോഗിച്ച് പ്രസവത്തിന് സഹായിച്ചെങ്കിൽ, നിങ്ങളെന്തിനാണ് ഇത്രയും ബഹളം ഉണ്ടാക്കുന്നത്?"

2009 മുതൽ ആശാ വർക്കറായി ജോലി ചെയ്യുന്ന പൂർണിമ 4500-ലധികം ആളുകളുടെ കാര്യങ്ങൾ നോക്കുന്നുണ്ട്. "ഞാൻ ഒരു ബിരുദധാരിയാണ്," അവർ പറയുന്നു. "എനിക്ക് പലയിടത്തുനിന്നും ജോലി അവസരങ്ങൾ ലഭിക്കാറുണ്ട്. എന്നാൽ ഒരു ആശാ വർക്കറായി ജോലി ചെയ്യുക എന്റെ തീരുമാനമായിരുന്നു; ജീവിതകാലം മുഴുവനും ഞാൻ ഒരു ആശാ വർക്കറായി തുടരുകയും ചെയ്യും. എനിക്ക് പൈസ കിട്ടിയാലും ഇല്ലെങ്കിലും, എന്റെ ലക്‌ഷ്യം മറ്റുള്ളവരെ സഹായിക്കുകയാണ് എന്നതിനാൽ, മരിക്കുന്നതുവരെയും ഞാൻ ഒരു ആശാ വർക്കറായിരിക്കും."

ആസാദ് മൈതാനത്തെ ക്രിക്കറ്റ് മത്സരം തുടരുകയാണ്. എന്നാൽ ആശാ വർക്കർമാർ തങ്ങളുടെ പോരാട്ടം മൈതാനത്തിന് പുറത്തേയ്ക്ക് മാറ്റിയിരിക്കുന്നു.

പരിഭാഷ: പ്രതിഭ ആര്‍. കെ.

Ritu Sharma

ଋତୁ ଶର୍ମା ପରୀରେ ବିଲୁପ୍ତପ୍ରାୟ ଭାଷା ସମ୍ପାଦକ ଅଟନ୍ତି। ସେ ଭାଷା ବିଜ୍ଞାନରେ ସ୍ନାତକୋତ୍ତର ଶିକ୍ଷା ଲାଭ କରିଛନ୍ତି ଏବଂ ଭାରତରେ କଥିତ ଭାଷାଗୁଡ଼ିକୁ ସଂରକ୍ଷିତ ଓ ପୁନର୍ଜୀବିତ କରିବା ଦିଗରେ କାର୍ଯ୍ୟରତ ଅଛନ୍ତି।

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ Ritu Sharma
Swadesha Sharma

ସ୍ୱଦେଶା ଶର୍ମା ଜଣେ ଗବେଷିକା ଏବଂ ପିପୁଲସ ଆର୍କାଇଭ୍ ଅଫ୍ ରୁରାଲ ଇଣ୍ଡିଆର କଣ୍ଟେଣ୍ଟ ଏଡିଟର। PARIର ପାଠାଗାର ନିମନ୍ତେ ସମ୍ବଳ ନିୟୋଜନ ସକାଶେ ସେ ସ୍ୱେଚ୍ଛାସେବୀମାନଙ୍କ ସହିତ ମଧ୍ୟ କାର୍ଯ୍ୟ କରନ୍ତି

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ Swadesha Sharma
Editor : P. Sainath
psainath@gmail.com

ପି. ସାଇନାଥ, ପିପୁଲ୍ସ ଆର୍କାଇଭ୍ ଅଫ୍ ରୁରାଲ ଇଣ୍ଡିଆର ପ୍ରତିଷ୍ଠାତା ସମ୍ପାଦକ । ସେ ବହୁ ଦଶନ୍ଧି ଧରି ଗ୍ରାମୀଣ ରିପୋର୍ଟର ଭାବେ କାର୍ଯ୍ୟ କରିଛନ୍ତି ଏବଂ ସେ ‘ଏଭ୍ରିବଡି ଲଭସ୍ ଏ ଗୁଡ୍ ଡ୍ରଟ୍’ ଏବଂ ‘ଦ ଲାଷ୍ଟ ହିରୋଜ୍: ଫୁଟ୍ ସୋଲଜର୍ସ ଅଫ୍ ଇଣ୍ଡିଆନ୍ ଫ୍ରିଡମ୍’ ପୁସ୍ତକର ଲେଖକ।

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ ପି.ସାଇନାଥ
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ Prathibha R. K.