കടുംനീല കുർത്തയും, ചിത്രപ്പണികളുള്ള ലുംഗിയും തലമുടിയിൽ ചുറ്റിവെച്ച മുല്ല മാലയുമായി എം.പി. സെൽവി തന്റെ - കരുമ്പുകടൈ എം.പി. സെൽവി ബിരിയാണി മാസ്റ്റർ. കയരുന്നു. അവരുടെ കാറ്ററിംഗ് യൂണിറ്റിലെ തൊഴിലാളികൾ തലയുയർത്തി നോക്കി. ചിലർ സംസാരം നിർത്തി. ഒരു തൊഴിലാളി വന്ന് സ്വാഗതം പറഞ്ഞ്, സെൽവിയുടെ കൈയിൽനിന്ന് ബാഗ് വാങ്ങി.
60-ലധികം ആളുകൾ ജോലി ചെയ്യുന്ന ഈ വലിയ അടുക്കളയിൽ, ആളുകളുടെ ആദരം അതിവേഗം നേടാൻ കഴിവുണ്ട്, ബിരിയാണി മാസ്റ്ററായ സെൽവിക്ക്. പെട്ടെന്നുതന്നെ എല്ലാവരും അവരവരുടെ തൊഴിലിന്റെ താളത്തിലേക്ക് മടങ്ങി, തീയിൽനിന്നുയരുന്ന പുകയും തീപ്പൊരിയുമൊന്നും ഗൌനിക്കാതെ.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി സെൽവിയും അവരുടെ പാചകക്കാരും ഉണ്ടാക്കുന്നതാണ് ഈ പുകൾപെറ്റ ബിരിയാണി – ദം മട്ടൺ ബിരിയാണി. ഇതിൽ ഇറച്ചിയും അരിയും ഒരുമിച്ചാണ് പാചകം ചെയ്യുന്നത്. രണ്ടും വെവ്വേറെ പാചകം ചെയ്യുന്ന മറ്റ് ബിരിയാണിപോലെയല്ല ഇത്.
“ഞാനൊരു കോയമ്പത്തൂർ ദം ബിരിയാണി സ്പെഷ്യലിസ്റ്റാണ്,” 50 വയസ്സുള്ള ആ ഭിന്നലിംഗ സ്ത്രീ പറയുന്നു. “ഞാൻ ഒറ്റയ്ക്കാണ് ഇതെല്ലാം നോക്കിനടത്തുന്നത്. എല്ലാം ഞാൻ മനസ്സിൽ സൂക്ഷിക്കുന്നു. ചിലപ്പോൾ, ആറുമാസം മുന്നേ ഞങ്ങൾക്ക് ബുക്കിംഗ് വരാറുണ്ട്.”
അവർ ഞങ്ങളോട് സംസാരിക്കുമ്പോൾ, ബിരിയാണി മസാല നിറച്ച ഒരു ചട്ടുകം ഒരാൾ അവർക്കുനേരെ നീട്ടി. അവർ അതിൽ ഒരു തുള്ളിയെടുത്ത് രുചിച്ചുനോക്കി, ‘ഒകെ’ എന്ന് പറഞ്ഞു. അതാണ് അവസാനത്തെ പരിശോധനാകേന്ദ്രം. അവർ അംഗീകരിച്ചതോടെ, ബാക്കിയുള്ളവരുടെ മുഖത്ത് ആശ്വാസം പ്രകടമായി.
“എല്ലാവരും എന്ന ‘സെൽവി അമ്മ’ എന്ന് വിളിക്കുന്നു. ‘തിരുനംഗൈ’ (ട്രാൻസ്‌വുമണിനുള്ള തമിഴ് പദം) എന്ന അർത്ഥത്തിൽ ‘അമ്മ’ എന്ന വിളി കേൾക്കുമ്പോൾ സന്തോഷമാണ്,” ചിരിച്ചുകൊണ്ട് അവർ പറയുന്നു.























