“എന്റെ കൈയ്യിൽ ഒരിക്കലും പൈസയുണ്ടാവാറില്ല,” കുടുംബത്തിന്റെ ബഡ്ജറ്റുണ്ടാക്കുന്നതിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് പറയുകയായിരുന്നു ബബിത മിത്ര. “ഭക്ഷണം വാങ്ങാനുള്ള പൈസ മാറ്റിവെച്ചാലും, ഒടുവിൽ അത് മരുന്നിന് വേണ്ടി ചിലവായിപ്പോവും. എന്റെ ആണ്മക്കളുടെ ട്യൂഷൻ ഫീസിന് സ്വരൂപിച്ച പൈസയാണെങ്കിൽ, അത് റേഷൻ വാങ്ങാൻ ചിലവാകും. എല്ലാ മാസവും, മുതലാളിയുടെ കൈയ്യിൽനിന്ന് കടം വാങ്ങേണ്ടിവരുന്നു..”
കൊൽക്കൊത്തയിലെ കലികാപുർ പ്രദേശത്തുള്ള രണ്ട് വീടുകളിൽ ജോലി ചെയ്തിട്ടും ഈ 37 വയസ്സുള്ള സ്ത്രീക്ക് സമ്പാദിക്കാൻ കഴിയുന്നത്, വർഷത്തിൽ കഷ്ടിച്ച് 1 ലക്ഷം രൂപ മാത്രമാണ്. 10 വയസ്സുള്ളപ്പോൾ പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ അസൻ നഗറിൽനിന്ന് നഗരത്തിലേക്ക് വന്നതാണ് ഇവർ. “മൂന്ന് മക്കളെ വളർത്തി വലുതാക്കാൻ ബുദ്ധിമുട്ടിയപ്പോൾ, എന്റെ അച്ഛനമ്മമ്മാർ കൊൽക്കൊത്തയിലെ ഒരു വീട്ടിലെ ജോലിക്ക് എന്നെ അയയ്ക്കുകയായിരുന്നു. ഞങ്ങളുടെതന്നെ ഗ്രാമത്തിലുള്ള ഒരു കുടുംബമായിരുന്നു അത്.”
അതിനുശേഷം, വിവിധ വീടുകളിൽ വീടുപണി ചെയ്തു ബബിത. കൊൽക്കൊത്തയിൽ അവർ ജീവിച്ച കാലത്ത് പ്രഖ്യാപിക്കപ്പെട്ട 27 കേന്ദ്രബഡ്ജറ്റുകളും അവളുടേയോ, ഇന്ത്യയിലെ (ഔദ്യോഗികക്കണക്കുപ്രകാരമുള്ള) 4.2 ദശലക്ഷം വീടുപണിക്കാരുടേയോ ജീവിതത്തിൽ ഒരു മാറ്റവും വരുത്തിയില്ല. അനൌദ്യോഗിക കണക്കുപ്രകാരം, അവരുടെ എണ്ണം 50 ദശലക്ഷത്തിന് മീതെയാണ്.
2017-ൽ, ബബിത, 40 വയസ്സ് കഴിയാറായ അമൽ മിത്രയെ വിവാഹം ചെയ്തു. സൌത്ത് 24 പർഗാനയിലെ ഉച്ചേപോഡ പഞ്ചായത്തിലെ ഭഗബാൻപുർ പ്രദേശത്തുകാരനായിരുന്നു അമൽ മിത്ര. ഒരു ഫാക്ടറിയിൽ കൂലിവേല ചെയ്തിരുന്ന അയാൾക്ക് വീട്ടുചിലവിലേക്ക് വലിയ സംഭാവനയൊന്നും ചെയ്യാൻ കഴിവില്ലായിരുന്നതിനാൽ ബബിതയുടെ ഉത്തരവാദിത്തം ഇരട്ടിച്ചു. 5-ഉം 6-ഉം വയസ്സുള്ള രണ്ടാണ്മക്കൾ, ഭർത്താവിന്റെ മുൻ വിവാഹത്തിലുണ്ടായ 20 വയസ്സുള്ള മകൾ, അയാളുടെ അമ്മ - ആ ആറുപേരുടെ ചിലവ് ബബിതയുടെ ജോലികൊണ്ടായിരുന്നു നടന്നിരുന്നത്.
4-ആം ക്ലാസ്സിൽ പഠനം നിർത്തിയ ബബിതയ്ക്ക്, രണ്ട് പതിറ്റാണ്ടായി നടക്കുന്ന ‘ജെൻഡർ ബഡ്ജറ്റിംഗ്’നെക്കുറിച്ച് ഒന്നുമറിയില്ല. 2025-2026-ന്റെ ബഡ്ജറ്റിൽ ധനകാര്യമന്ത്രി അവതരിപ്പിച്ച സ്ത്രീകളുടെ ഉന്നമനം എന്ന ആശയത്തെക്കുറിച്ചും അവർക്ക് അറിയില്ല. എന്നാൽ അവരുടെ പ്രതികരണത്തിൽനിന്ന് അവരുടെ കൂർമ്മബുദ്ധി തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നു. അവർ ചോദിക്കുന്നു: “ദുർഘടസമയത്ത് സ്ത്രീകൾക്ക് ആശ്രയമാവുന്നില്ലെങ്കിൽപ്പിന്നെ, സ്ത്രീകളുടെ ബഡ്ജറ്റെന്നൊക്കെ വീരവാദം മുഴക്കിയിട്ട് എന്ത് പ്രയോജനം?”






