“കുട്ടിക്കാലം മുതൽക്കേ എനിക്ക് ചിത്രം വരയ്ക്കാൻ ഇഷ്ടമായിരുന്നു. ഒന്നാം ക്ലാസ്സിലായിരുന്നപ്പോൾ ടീച്ചർ ഞങ്ങളോട് ഒരു ഓറഞ്ചോ മത്തങ്ങയോ ഒക്കെ വരയ്ക്കാൻ പറയുമ്പോൾ ഞാൻ വേഗത്തിൽ വരയ്ക്കാറുണ്ടായിരുന്നു”, ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയുമായി രമേശ് ദത്ത പറയുന്നു. “അങ്ങിനെയാണ് എല്ലാം തുടങ്ങിയത്”.
അസമിലെ നിരവധി വൈഷണവവിഹാരങ്ങളിലൊന്നായ മജൂലിയിലെ ഗരാമുർ സാരു സത്രയുടെ നാടകപ്രവർത്തനങ്ങളിൽ മുഖംമൂടി നിർമ്മിക്കുകയും സെറ്റുണ്ടാക്കുകയും ചെയ്യുന്നവരിൽ പ്രമുഖനാണ് അദ്ദേഹം. ദ്വീപിലുള്ളവർ, രമേശ് ദാ എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന അദ്ദേഹം അധികമൊന്നും സംസാരിക്കുന്ന പ്രകൃതക്കാരനല്ലെങ്കിലും നിരവധി കഴിവുകളുള്ള ഒരാളാണ്. ബ്രഹ്മപുത്രയിലെ ഏറ്റവും വലിയ ദ്വീപായ മജൂലിയിലെ പ്രാദേശിക തിയറ്ററിനേയും സംഗീത-കലാ മേഖലയേയും സജീവമായി നിലനിർത്തുകയുംചെയ്യുന്ന വ്യക്തിയാണ് രമേശ്.
“കുട്ടിയായിരുന്നപ്പോൾ, പാവകളി എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. മറ്റുള്ളവർ പാവകളുണ്ടാക്കുന്നത് കണ്ട് ഞാൻ ആ കല പഠിച്ചെടുത്തു. ഞാനന്ന് രണ്ടാം ക്ലാസിലായിരുന്നുവെന്ന് തോന്നു. ഞാൻ പാവകളുണ്ടാക്കി, സ്കൂളിൽ അവയെ പ്രദർശിപിച്ചിരുന്നു”, അദ്ദേഹം ഓർക്കുന്നു.
പ്രദർശനമില്ലാത്ത സമയത്തൊക്കെ അദ്ദേഹം, താനുണ്ടാക്കുന്ന ഈ കലാരൂപങ്ങളെ വീടിനടുത്തുള്ള ഒരു തുറന്ന ഷെഡ്ഡിൽ സൂക്ഷിക്കുന്നു. ഞങ്ങൾ അദ്ദേഹത്തെ സന്ദർശിക്കുന്ന സമയത്ത്, അതിനകത്തെ ഒരു തട്ടിൽ ഒരു ബോട്ട് കമഴ്ത്തിവെച്ചിരിക്കുന്നത് കണ്ടു. രമേശ് ഉണ്ടാക്കിയ മുഖംമൂടികളുടെയടുത്ത് പെയിന്റിന്റെ ഡബ്ബകളും ബ്രഷുകളുമൊക്കെ വെച്ചിരുനു. അവയിൽ രാസ് മഹോത്സവത്തിനായി ഉണ്ടാക്കിയ ഒരു കൊറ്റിയുടെ, എടുത്തുമാറ്റാവുന്ന മുഖംമൂടിയും അവയിലുണ്ടായിരുന്നു. (വായിക്കുക: മജൂലിയുടെ വിവിധ മുഖംമൂടികൾ)






















