“ഒരാഴ്ച നീണ്ടുനിൽക്കുന്ന തിലംഗി (പട്ടം) മത്സരങ്ങൾ പറ്റ്നയിൽ നടക്കാറുണ്ടായിരുന്നു. ലഖ്നൌ, ദില്ലി, ഹൈദരബാദ് എന്നിവിടങ്ങളിലെ പട്ടം പറപ്പിക്കലുകാരെ ക്ഷണിക്കുക പതിവായിരുന്നു. അതൊരു ഉത്സവമാണ്,” സയ്യദ് ഫയ്സാൻ റാസ പറയുന്നു. ഗംഗയുടെ തീരത്തിലൂടെ നടക്കുമ്പോഴാണ് അയാൾ അത് പറഞ്ഞത്. ഒരുകാലത്ത് ആയിരക്കണക്കിന് പട്ടങ്ങൾ പാറി നടന്നിരുന്ന ആകാശം ഗംഗയിൽ പ്രതിഫലിച്ചു.
പ്രഭുക്കന്മാർ മുതൽ തവായിഫുകൾവരെയുള്ള എല്ലാ സമൂഹികശ്രേണിയിലുള്ളവരും ഈ കായികവിനോദത്തെ പ്രോത്സാഹിപ്പിച്ചിരുന്നുവെന്ന്, പാറ്റ്നയിലെ പുഴവക്കത്തെ ദൂലിഘട്ടിൽനിന്നുള്ള പ്രായം ചെന്ന റാസ പറഞ്ഞു. “മിർ സാമിനും, മിർ കെഫായാത്തിനും ബിസ്മില്ല ജാൻ (തവായിഫ്) രക്ഷാകർത്തൃത്വം നൽകിയിരുന്നു. പതംഗമുണ്ടാക്കുകയും പറത്തുകയും ചെയ്യുന്ന കലയിലെ അദ്വിതീയന്മാരായിരുന്നു ഇവരൊക്കെ”.
പാറ്റ്നയുടെ ഗുർഹത്തയ്ക്കും, അശോക് രാജ്പഥിലെ ഖ്വാജാകാലനുമിടയ്ക്കുള്ള (700-800 മീറ്റർ ദൂരമുണ്ട് ഇവയ്ക്കിടയിൽ) സ്ഥലത്ത് നിറയെ പട്ടം വ്യാപാരികളായിരുന്നു ഒരുകാലത്ത്. അവരുടെ നിറപ്പകിട്ടുള്ള ഉത്പന്നങ്ങൾ കടകളുടെ മുമ്പിൽ, മനോഹരമായി ആടിയുലഞ്ഞുകൊണ്ടിരുന്നു സദാസമയവും. “പാറ്റ്നയിലെ പട്ടങ്ങളുടെ ചരടുകൾ സാധാരണ ചരടുകളേക്കാൾ കട്ടി കൂടിയതാണ്. പരുത്തിയും പട്ടും ചേർന്ന്, ‘നഖ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചരടാണ് അതെന്നും റാസ കൂട്ടിച്ചേർത്തു.
പാറ്റ്ന പട്ടങ്ങൾക്ക് പ്രസിദ്ധമാണെന്ന് 1868-ലെ ബല്ലോസ് മൻത്‌ലി മാഗസിൻ സൂചിപ്പിക്കുന്നു. “പെട്ടെന്ന് ധനം സമ്പാദിക്കാൻ ആഗ്രഹിക്കുന്നവർ ഈ നാട്ടിൽ പാറ്റ്ന പട്ടങ്ങൾ സ്വന്തമാക്കണം. ചന്തയിലെ ഓരോ പത്ത് കടകളിലും ഒന്ന് പട്ടം വിൽക്കുന്ന കടയായിരിക്കും. ജനങ്ങൾ മുഴുവൻ പട്ടം പറത്തുന്നുവെന്ന് തോന്നിപ്പോകും. വജ്രത്തിന്റെ ആകൃതിയിൽ, തൂവൽ പോലെ ഭാരം കുറഞ്ഞ്, വാലില്ലാത്ത പട്ടങ്ങൾ, ആവുന്നത്ര നേർമ്മയുള്ള പട്ടുനൂലുകളുപയോഗിച്ചാണ് പറത്തുന്നത്.”
എന്നാൽ നൂറ് വർഷങ്ങൾക്കുശേഷം ധാരാളം മാറ്റങ്ങളുണ്ടായിട്ടുണ്ട്. എന്നിട്ടും പാറ്റ്നയിലെ തിലംഗികൾ അവയുടെ അസാധാരണ ഘടകങ്ങൾ ഇപ്പോഴും നിലനിർത്തുന്നു – വാലില്ലാത്തവയാണവ. “വാലുകൾ നായകൾക്കുള്ളതാണ് പട്ടത്തിനുള്ളതല്ല” എന്ന് ചിരിച്ചുകൊണ്ട് ഷബീന എന്ന പട്ടം നിർമ്മാതാവ് പറയുന്നു. കുറച്ചുകാലം മുമ്പ്, കാഴ്ചശക്തി കുറഞ്ഞപ്പോൾമുതൽ, പട്ടമുണ്ടാക്കുന്നത് നിർത്തിയിരിക്കുകയാണ് എഴുപത് വയസ്സ് കഴിഞ്ഞ ഷബീന.




















