തണുപ്പുകാലത്തെ വിളകൾ കൊയ്യാറാവുമ്പോൾ, കൃഷ്ണ അംബുൽകർ ജോലി തുടങ്ങും. രാവിലെ 7 മണിമുതൽ. വീടുവീടാന്തരം കയറി, ഭൂമി, ജല നികുതികൾ പിരിച്ചെടുക്കുകയാണ് അയാളുടെ ജോലി.
“ഇവിടെ, കർഷകർ വളരെ ദരിദ്രരാണ്. പിരിച്ചെടുക്കേണ്ടതിന്റെ 65 ശതമാനം പൂർത്തിയാക്കാൻപോലും ബുദ്ധിമുട്ടാണ്”, സംകോലിയിലെ ഒരേയൊരു പഞ്ചായത്ത് ജീവനക്കാരനായ അയാൾ പറയുന്നു.
നാഗ്പുരിൽനിന്ന് 75 കിലോമീറ്റർ അകലെയുള്ള സംകോലിയിലെ താമസക്കാർ മിക്കവരും മാന, ഗോവാരി (പട്ടികഗോത്രക്കാർ) വിഭാഗക്കാരായ, ചെറുകിട, താത്ക്കാലിക കർഷകരാണ്. വരണ്ട നിലങ്ങളിൽ കൃഷി ചെയ്യുന്നവർ. പരുത്തിയും സോയാബീനും തുവരപ്പരിപ്പും, കിണറോ കുഴൽക്കിണറോ ഉണ്ടെങ്കിൽ ഗോതമ്പുമൊക്കെയാണ് അവർ കൃഷി ചെയ്യുന്നത്. ഗ്രാമത്തിലെ ഒരേയൊരു ഒ.ബി.സി.ക്കാരനാണ് 40 വയസ്സുള്ള, ന്ഹാവി (ക്ഷുരകൻ) സമുദായക്കാരനായ കൃഷ്ണ.
ഈ വർഷത്തെ ബഡ്ജറ്റിന്റെ പ്രധാന ഊന്നൽ കൃഷിയിലായിരിക്കുമെന്ന ന്യൂ ദില്ലിയുടെ അവകാശവാദങ്ങൾക്കും, മദ്ധ്യവർഗ്ഗത്തിനുള്ള ആദായനികുതിയിളവുകളെച്ചൊല്ലിയുള്ള സന്തോഷപ്രകടനങ്ങൾക്കുമപ്പുറം, പഞ്ചായത്തിന്റെ നികുതിപിരിവിനെക്കുറിച്ചാണ് അംബുൽകറുടെ ആശങ്ക മുഴുവൻ. വിളകളുടെ വിലയിടിവിനെക്കുറിച്ച് ഗ്രാമത്തിലെ കർഷകർക്കും ആശങ്ക വിട്ടൊഴിയുന്നില്ല.
കൃഷ്ണയുടെ ആശങ്കയുടെ അടിസ്ഥാനം വളരെ ലളിതമാണ്. പിരിച്ചെടുക്കുന്നതിൽ വീഴ്ച വന്നാൽ, അയാളുടെ 11,500 രൂപ ശമ്പളം അയാൾക്ക് കിട്ടില്ല. പഞ്ചായത്തിന്റെ നികുതിവരവായ 5.5 ലക്ഷത്തിൽനിന്നാണ് അയാൾക്ക് ആ തുക കിട്ടുന്നത്.




