“തലമുറകളായി ഞങ്ങൾ രണ്ട് ജോലികളാണ് ചെയ്യുന്നത് – ബോട്ട് ഓടിക്കലും മീൻ പിടിക്കലും. നിലവിലുള്ള തൊഴിലില്ലായ്മ കാണുമ്പോൾ, എന്റെ കുട്ടികൾക്കും ഇതുതന്നെയായിരിക്കും ഗതി എന്ന് തോന്നുന്നു,” വിക്രമാദിത്യ നിഷാദ് പറയുന്നു. കഴിഞ്ഞ 20 കൊല്ലമായി അയാൾ തീർത്ഥാടകരേയും വിനോദസഞ്ചാരികളേയും ഒരു ഘട്ടിൽനിന്ന് മറ്റൊന്നിലേക്ക് കൊണ്ടുപോവുന്ന ജോലി ചെയ്യുകയാണ്.
ഗംഗാനദി ആയിരം കിലോമീറ്ററുകൾ താണ്ടുന്ന ഉത്തർ പ്രദേശ് സംസ്ഥാനത്തിൽ, കഴിഞ്ഞ അഞ്ചുവർഷമായി തൊഴിലില്ലായ്മ 50 ശതാമനത്തിൽത്തന്നെ നിൽക്കുകയാണെന്ന് 2024-ലെ എംപ്ലോയ്മെന്റ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
‘വോക്കൽ ഫോർ ലോക്കൽ’ (പ്രദേശത്തിനായി ശബ്ദമുയർത്തുക), ‘വിരാസാത് ഹി വികാസ് (പൈതൃകമാണ് വികസനം) തുടങ്ങിയ പ്രചാരണങ്ങളാണല്ലോ മോദിജി നടത്തുന്നത്. ഈ പൈതൃകം ആർക്കുവേണ്ടിയാണെന്ന് ഒന്ന് പറഞ്ഞുതരൂ. അത് ഞങ്ങൾ കാശിയിലുള്ളവർക്ക് (വാരാണസി) വേണ്ടിയാണോ അതോ പുറത്തുള്ളവർക്കുവേണ്ടിയോ?” അയാൾ ചോദിക്കുന്നു. വാരാണസിയിൽനിന്ന് മോദി ഇത് മൂന്നാം തവണയാണ് തിരഞ്ഞെടുക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ പ്രചാരണത്തെകുറിച്ചോർക്കുമ്പോൾ ഇപ്പോഴു നിഷാദിന്റെ വായിൽ ചവർപ്പ്. ‘വികാസം ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല,” അയാൾ കൂട്ടിച്ചേർത്തു.






