പരമ്പരാഗതവസ്ത്രങ്ങളണിഞ്ഞ്, അരയിൽ ഒന്നും തലയിൽ വേറെയും ഒന്നോ രണ്ടോ കുടങ്ങളുമേന്തിവരുന്ന യുവതികളും പ്രായമായവരുമായ സ്ത്രീകളെക്കുറിച്ചുള്ള വാർപ്പുമാതൃകകളാണ് ഇന്ത്യയിലെ ഗ്രാമീണസ്ത്രീകളെക്കുറിച്ച് നിലനിൽക്കുന്നത്. ദൃശ്യഭംഗിയുള്ളതും ചിലപ്പോൾ അതിസാധാരണവുമായ, ഇന്ത്യൻ ഗ്രാമങ്ങളിലെ കിണറുകൾ വെള്ളം ശേഖരിക്കാനുള്ള സ്ഥലങ്ങൾ മാത്രമല്ല. വലിയ സൌഹൃദങ്ങൾമുതൽ, ഗ്രാമത്തിലെ പരദൂഷണങ്ങളും, വെള്ളമുപയോഗിക്കുന്നത് തീർപ്പാക്കുന്ന ജാതിബന്ധങ്ങളിലെ അനീതിവരെ പലതും ചുരുളഴിയുന്നത് കിണറിനെ ചുറ്റിപ്പറ്റിയാണ്.
വിചിത്രമെന്ന് തോന്നാം, ഭർത്തൃവീടുകളിലെ ദുരിതങ്ങളിൽനിന്ന് നിരവധി സ്ത്രീകൾക്ക് രക്ഷയൊരുക്കുന്നതും, ജീവിതത്തെ നിലനിർത്താൻ സഹായിക്കുന്ന ഈ കിണറുകൾതന്നെയാണ്. തനിക്ക് താത്പര്യമില്ലാത്ത ഒരു ബന്ധത്തിലേക്ക് വിവാഹംകഴിച്ചയക്കപ്പെട്ട ഒരു സ്ത്രീയുടെ ഏറ്റവുമടുത്ത സുഹൃത്തായിരുന്ന കിണർപോലും അവൾക്കെതിരെ തിരിയുന്നതാണ് ഈ പാട്ടിൽ നമ്മൾ കാണുന്നത്. ശത്രുരാജ്യംപോലെ തോന്നിക്കുന്ന ഒരു വീട്ടിലേക്ക് തന്നെ വിവാഹംചെയ്തയപ്പിച്ച സ്വന്തം കുടുംബത്തിലെ പുരുഷന്മാരെക്കുറിച്ച് സംസാരിക്കാൻപോലും അവൾക്ക് ആരുമില്ലാതായി.
അഞ്ജാറിലെ ശങ്കർ ബാരോത്ത് ഇവിടെ പാടിയതുപോലുള്ള വിഷാദഗാനങ്ങൾക്ക് - സ്വന്തം കുടുംബത്തിലെ ശത്രുക്കളായ പുരുഷന്മാരെക്കുറിച്ചുള്ള ഗാനങ്ങൾക്ക് - വിവാഹചടങ്ങുകളുമായി ബന്ധപ്പെട്ട വൈവിദ്ധ്യമുള്ള ഗാനങ്ങളിൽ സ്വന്തമായ ഒരിടമുണ്ട്.



