ഖേലോബേക്കും (കളി തുടങ്ങി) അബ് കി ബാർ 400 പാർ -നുമിടയിൽ (ഇത്തവണ ഞങ്ങൾ 400 കടക്കും) ഞങ്ങളുടെ സംസ്ഥാനം ഇന്ത്യയുടെ ഒരു ചെറിയ പതിപ്പാണ്. സർക്കാർ പദ്ധതികളും, കുറ്റവാളി സംഘങ്ങളും, സർക്കാർ വാഗ്ദാനങ്ങളും, സ്വരച്ചേർച്ചയില്ലാത്ത പ്രക്ഷോഭങ്ങളുമൊക്കെയായി.
തൊഴിലിൽ കുടുങ്ങിപ്പോയ ഭവനരഹിതരായ കുടിയേറ്റക്കാർ, സ്വന്തം സംസ്ഥാനത്തെ, പ്രതീക്ഷ വറ്റിയ, തൊഴിലില്ലാത്ത ചെറുപ്പക്കാർ, കേന്ദ്ര-സംസ്ഥാനങ്ങൾക്കിടയിലകപ്പെട്ട സാധാരണക്കാർ, കാലാവസ്ഥാ വ്യതിയാനത്താൽ ദുരിതത്തിലായ കർഷകർ, മതമൌലികവാദികളുടെ ആക്രോശത്തോട് പൊരുതുന്ന ന്യൂനപക്ഷങ്ങൾ. നാഡികൾ വലിഞ്ഞുമുറുകുന്നു, ശരീരങ്ങൾ തളരുന്നു. ജാതി, വർഗ്ഗം, ലിംഗം, ഭാഷ, വംശം, മതം, എല്ലാം കൂട്ടുപാതകളിൽവെച്ച് ഒച്ചവെക്കുന്നു.
ഈ ഭ്രാന്തുകൾക്കിടയിലൂടെ സഞ്ചരിക്കുമ്പോൾ, ആശങ്കാകുലവും നിസ്സഹായവും, ജ്വരഗ്രസ്തവുമായ ശബ്ദങ്ങളോടൊപ്പം, ഇനിയും- ഞങ്ങളെ-വിഡ്ഢികളാക്കാൻ-പറ്റില്ലെന്ന് പറയുന്നവരുടെ ശബ്ദവും കേൾക്കാനാവുന്നുണ്ട്. സന്ദേശ്ഖലി മുതൽ ഹിമാലയൻ ചായത്തോട്ടങ്ങൾവരെ, കൊൽക്കൊത്ത മുതൽ റാഢിന്റെ വിസ്മൃതമായ വഴിത്താരകൾവരെ ഞങ്ങൾ സഞ്ചരിക്കുന്നു. ഒരു റിപ്പോർട്ടറും ഒരു കവിയും. ഞങ്ങൾ കേൾക്കുകയും, കണ്ടെടുക്കുകയും, ചിത്രത്തിലാക്കുകയും സംസാരിക്കുകയും ചെയ്യുന്നു.

















