"ഇവിടെ ഭക്ഷണത്തിന് ക്ഷാമമുണ്ട്, എന്നാൽ ഹെറോയിൻ വളരെ എളുപ്പം ലഭിക്കും."
ഹർവൻസ് കൗറിന്റെ ഏകമകൻ ലഹരിക്ക് അടിമയാണ്. "അവനെ പിന്തിരിപ്പിക്കാൻ ഞങ്ങൾ എത്രതന്നെ ശ്രമിച്ചാലും, അവൻ ഞങ്ങളോട് വഴക്ക് കൂടി, പണമെല്ലാം എടുത്തുകൊണ്ടുപോയി ലഹരിമരുന്നുകൾ വാങ്ങുകതന്നെ ചെയ്യും," ഹതാശയായ ആ അമ്മ പറയുന്നു, അവരുടെ 25 വയസ്സുകാരനായ മകന് ഈയടുത്ത് ഒരു കുഞ്ഞ് ജനിച്ചിട്ടുമുണ്ട്. ചിറ്റ (ഹെറോയിൻ), കുത്തിവയ്‌പ്പുകൾ, ലഹരി ഗുളികകൾ എന്നിങ്ങനെ പല രൂപങ്ങളിലായി മയക്കുമരുന്ന് തങ്ങളുടെ ഗ്രാമത്തിൽ സുലഭമായി ലഭ്യമാണെന്ന് അവർ പറയുന്നു.
"സർക്കാർ വിചാരിച്ചാൽ, അമിതമായ ലഹരി ഉപയോഗം തടയാൻ സാധിക്കും. അവർ അത് ചെയ്തില്ലെങ്കിൽ, ഞങ്ങളുടെ കുട്ടികൾ ഇനിയും മരിക്കും." റാവോകെ കലാൻ ഗ്രാമത്തിലുള്ള ഒരു ഉരുളക്കിഴങ്ങ് സംഭരണശാലയിൽ ദിവസവേതന തൊഴിലാളിയാണ് ഹർവൻസ് കൗർ. അവിടെ ഒരു ചാക്ക് ഉരുളക്കിഴങ്ങ് നിറയ്ക്കുന്നതിന് അവർക്ക് 15 രൂപയാണ് കൂലി. ഒരു ദിവസത്തിൽ ഇത്തരം 12 ചാക്കുകൾ നിറച്ച് ഏകദേശം 180 രൂപ അവർ സമ്പാദിക്കുന്നു. ഹർവൻസ് കൗറിന്റെ ഭർത്താവ്, 45 വയസ്സുകാരനായ സുഖ്‌ദേവ് സിംഗ്, നംഗൽ ഗ്രാമത്തിൽനിന്ന് നാല് കിലോമീറ്റർ അകലെ, നിഹാൽ സിംഗ് വാലയിലുള്ള ഒരു വെയർഹൗസിൽ ദിവസക്കൂലിയ്ക്ക് ജോലി ചെയ്യുകയാണ്. അദ്ദേഹവും ചാക്കുകളിൽ നെല്ലോ അരിയോ നിറയ്ക്കുന്ന ജോലിയാണ് ചെയ്യുന്നത്; ജോലിയുള്ള ദിവസങ്ങളിൽ അദ്ദേഹത്തിന് 300 രൂപ കൂലി കിട്ടും. ഇവർ രണ്ടുപേരുടെയും വരുമാനംകൊണ്ടാണ് അവരുടെ കുടുംബം മുന്നോട്ട് പോകുന്നത്.
"ഞങ്ങളുടെ ഗ്രാമത്തിൽനിന്ന് മയക്കുമരുന്ന് നിർമ്മാർജ്ജനം ചെയ്യുമെന്ന് ആരാണോ വാക്ക് നൽകുന്നത്, അവർക്കാണ് ഞങ്ങളുടെ വോട്ട്," കിരൺ കൗർ ആമുഖമൊന്നും ഇല്ലാതെ നേരിട്ട് വിഷയത്തിലേക്ക് കടന്നു. പഞ്ചാബിലെ മോഗ ജില്ലയിലുള്ള നംഗൽ ഗ്രാമത്തിൽ ഹർവൻസ് കൗറിന്റെ അയല്പക്കത്ത് താമസിക്കുകയാണ് കിരൺ.
കിരണിന്റെ ഭർത്താവും ലഹരിയ്ക്ക് അടിമയാണ് എന്നതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ അവരുടെ നിലപാട് വ്യക്തമാണ്. "കൂലിപ്പണിക്കാരനായ എന്റെ ഭർത്താവ് മയക്കുമരുന്നിന് അടിമയാണ്. കഴിഞ്ഞ മൂന്ന് വർഷമായി അദ്ദേഹം ഈ ആസക്തിയുടെ പിടിയിലാണ്. അദ്ദേഹം സമ്പാദിക്കുന്ന പണം മുഴുവനും മയക്കുമരുന്ന് വാങ്ങാനാണ് ചിലവിടുന്നത്," മൂന്ന് വയസുള്ള ഒരു മകളും ആറ് മാസം പ്രായമുള്ള ഒരു മകനുമുള്ള കിരൺ പറയുന്നു.
തന്റെ എട്ടംഗ കുടുംബം താമസിക്കുന്ന വീടിന്റെ ചുവരുകളിലുള്ള വലിയ വിള്ളലുകളിലേയ്ക്ക് നോക്കി അവർ ചോദിക്കുന്നു, "ഈ മുറികളെല്ലാം നന്നാക്കാനുള്ള പണം എങ്ങനെ ഉണ്ടാക്കാനാണ്?"









