എനിക്ക് പങ്കുവെക്കാൻ ധാരാളം കാര്യങ്ങളുണ്ട്. എന്നാൽ ഞാനതൊന്നും ചെയ്യുന്നില്ല. എനിക്ക് 89 വയസ്സായി. ധാരാളം കഥകളുണ്ട്. അതെല്ലാം ഞാൻ എന്റെ ഹൃദയത്തിൽ സൂക്ഷിച്ചിരിക്കുന്നു. ധാരാളം പത്രക്കാരും റിപ്പോർട്ടർമാരും ഇവിടെ വന്ന് എന്റെ കഥ എഴുതിയെടുക്കാറുണ്ട്. അവർ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച്, എന്നെ പ്രശസ്തനാക്കി എന്ന് ലോകത്തോട് പറയുന്നു. പല സംഗീതജ്ഞരും ഇവിടെ വന്ന് എന്റെ സംഗീതം കേട്ട്, അത് മോഷ്ടിച്ചിട്ടുണ്ട്. അതിനാൽ ഞാൻ ആരെയും കാണാറില്ല. എന്നെ കാണാൻ സാധിച്ചത് നിങ്ങളുടെ ഭാഗ്യമാണ്.
എനിക്ക് സംഗീത നാടക അക്കാദമി അവാർഡ് കിട്ടി. ദില്ലിയിലായിരുന്നു ചടങ്ങി. അത് വാങ്ങിയപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. എന്റെ അച്ഛൻ എന്നെ ഒരിക്കലും സ്കൂളിലയച്ചിട്ടില്ല. ആ വിദ്യാഭ്യാസംകൊണ്ട് ചിലപ്പോൾ ജോലി കിട്ടാനും കിട്ടാതിരിക്കാനും ഇടയുണ്ടെന്നാണ് അദ്ദേഹം വിശ്വസിച്ചത്. എന്നാൽ, ‘ഈ സംഗീതോപകരണമാണ് നിന്റെ ദൈവം’ എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അത് ദൈവംതന്നെയാണ്. അത് എനിക്ക് എല്ലാം തന്നു. അത് എന്നെ മനുഷ്യത്വം പഠിപ്പിച്ചു. ലോകത്തുള്ള എല്ലാവർക്കും എന്റെ പേരറിയാം. എന്റെ തർപ്പ ഒരു തപാൽ സ്റ്റാമ്പിൽപ്പോലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നിങ്ങളുടെ ഫോണിൽ എന്റെ പേരെഴുതി ഒരു ബട്ടണമർത്തിയാൽ നിങ്ങൾക്ക് എന്റെ വീഡിയോ കാണാം. ഇതിൽക്കൂടുതൽ നിങ്ങൾക്കെന്തുവേണം? കിണറ്റിലെ തവളയ്ക്ക് അതിനപ്പുറത്തുള്ളതിനെക്കുറിച്ച് ഒന്നും അറിയില്ല. എന്നാൽ ഞാൻ ആ കിണറ്റിൽനിന്ന് പുറത്ത് കടന്നു. ലോകം കണ്ടു.
ഇന്നത്തെ കുട്ടികളൊന്നും തർപ്പയുടെ ഈണത്തിനനുസരിച്ച് നൃത്തം ചെയ്യില്ല. അവർ ഡി.ജെ.യെ അന്വേഷിച്ച് പോകും. അവർ പോകട്ടെ. പക്ഷേ ഒരു കാര്യത്തിന് എനിക്ക് ഉത്തരം വേണം. പാടത്തുനിന്ന് വിളവ് കിട്ടുമ്പോൾ, പുന്നെല്ല് ഗാംവ്‌ദേവിക്ക് സമർപ്പിക്കുമ്പോൾ, അവരുടെ പേര് വിളിച്ച് അവരോട് പ്രാർത്ഥിക്കുമ്പോൾ നിങ്ങൾ ഡി.ജെ.യാണോ വായിക്കുക. അപ്പോൾ നിങ്ങൾക്ക് തർപ്പ വേണ്ടിവരും. മറ്റൊന്നും ആവശ്യം വരില്ല.
ഈ ഡോക്യുമെന്റേഷന് സഹായിച്ചതിൽ പാരി മാധുരി മുഖാനയോട് നന്ദി അറിയിക്കുന്നു
അഭിമുഖവും, എഴുതിയെടുക്കലും, പരിഭാഷയും: മേധ കാലെ
ചിത്രങ്ങളും വീഡിയോയും: സിദ്ധിത സോനാവാനെ
രാജ്യത്ത് വേരറ്റുപോകൽ ഭീഷണി നേരിടുന്ന അതീവദുർബ്ബലമായ ഭാഷകളെ രേഖപ്പെടുത്തുക എന്നത് ലക്ഷ്യമാക്കുന്ന പാരിയുടെ എൻഡേൻജേഡ് ലാംഗ്വേജസ് പ്രോജക്ടിന്റെ ഭാഗമാണ് ഈ റിപ്പോർട്ട്
ഗുജറാത്ത്, ദാമൻ ആൻഡ് ദിയു, ദാദ്ര ആൻഡ് നഗർ ഹാവേലി, മഹാരാഷ്ട്ര, കർണ്ണാടക, ഗോവ എന്നിവിടങ്ങളിൽ താമസിക്കുന്ന വർളി ആദിവാസികൾ സംസാരിക്കുന്ന ഒരു ഇൻഡോ-ആര്യൻ ഭാഷയാണ് വർളി. യുനെസ്കോയുടെ അറ്റ്‌ലസ് ഓഫ് ലാംഗ്വേജൻ വർളിയെ പട്ടികപ്പെടുത്തിയിരിക്കുന്നത്, ഇന്ത്യയിൽ വേരറ്റുപോകൽ ഭീഷണി നേരിടുന്ന അതീവദുർബ്ബലമായ ഒരു ഭാഷയായിട്ടാണ്.
മഹാരാഷ്ട്രയിൽ സംസാരിക്കുന്ന രീതിയിലുള്ള വർളി ഭാഷ രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
പരിഭാഷ: രാജീവ് ചേലനാട്ട്