ഒട്ടുമിക്ക കർഷകർക്കും അറിയാവുന്ന ഒരേയൊരു ഇംഗ്ലീഷ് പദമായിരിക്കും, ‘സ്വാമിനാഥൻ റിപ്പോർട്ട്’ അഥവാ, ‘സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട്’ എന്നത്. മിനിമം താങ്ങുവില (എം.എസ്.പി.) = മൊത്തം ഉത്പാദനച്ചിലവ് + 50 ശതമാനം (C2+50 ശതമാനം എന്നും അറിയപ്പെടുന്നു) എന്ന അതിന്റെ പ്രധാന ശുപാർശയെക്കുറിച്ചും അവർക്കറിയാമായിരിക്കണം.
സർക്കാരിന്റേയും ഉദ്യോഗസ്ഥവൃന്ദത്തിന്റേയും, ശാസ്ത്രത്തിന്റെതന്നെയും മേഖലയിൽ മാത്രമല്ല പ്രൊഫസ്സർ എം.എസ്. സ്വാമിനാഥൻ സ്മരിക്കപ്പെടുക. നാഷണൽ കമ്മീഷൻ ഫോർ ഫാർമേഴ്സ് റിപ്പോർട്ട് (എൻ.സി.എഫ്) നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന ദശലക്ഷക്കണക്കിന് കർഷകരുടെ ഹൃദയത്തിലായിരിക്കും അദ്ദേഹത്തിന്റെ സ്ഥാനം.
ഇന്ത്യൻ കർഷകർ അതിനെ ലളിതമായി ‘സ്വാമിനാഥൻ റിപ്പോർട്ട്’ എന്ന് വിളിക്കുന്നു. കാരണം, എൻ.സി.എഫിന്റെ അദ്ധ്യക്ഷനായി ഇരിക്കുമ്പോഴാണ് അതിന്റെ റിപ്പോർട്ടുകളിൽ അദ്ദേഹം സ്വാധീനമുപയോഗിക്കുകയും, അതിൽ തന്റെ മുദ്ര പതിപ്പിക്കുകയും, അതിലേക്കുള്ള വലിയ സംഭാവനകൾ നൽകുകയും ചെയ്തത്.
യു.പി.എ. സർക്കാരും എൻ.ഡി.എ. സർക്കാരും ഒരുപോലെ വഞ്ചിച്ചതിന്റെ കഥകൂടിയാണ് ആ റിപ്പോർട്ടിന് പറയാനുണ്ടാവുക. ആദ്യത്തെ റിപ്പോർട്ട് സമർപ്പിച്ചത് 2004 ഡിസംബറിലായിരുന്നു, അഞ്ചാമത്തെയും അവസാനത്തെയും റിപ്പോർട്ട് 2006 ഒക്ടോബറിലും. കാർഷികപ്രതിസന്ധിയെക്കുറിച്ച് ചർച്ച ചെയ്യാൻ പാർലമെന്റിൽ പ്രത്യേക സമ്മേളനം വിളിച്ചുചേർത്തില്ലെന്നത് പോകട്ടെ – ഏറ്റവും ആവശ്യമുള്ളതായിരുന്നു അത് - അതിനെക്കുറിച്ച് ഒരുമണിക്കൂർ ചർച്ചപോലും ഉണ്ടായില്ല. ആദ്യത്തെ റിപ്പോർട്ട് സമർപ്പിച്ചിട്ട് ഇന്നേക്ക് 19 വർഷം കഴിഞ്ഞിരിക്കുന്നു.
മറ്റ് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ കൂട്ടത്തിൽ, സ്വാമിനാഥൻ റിപ്പോർട്ടും - പ്രത്യേകിച്ചും അതിലെ എം.എസ്.പി. ഫോർമുല നിർദ്ദേശം - വേഗത്തിൽ നടപ്പാക്കും എന്ന് ഉറപ്പുകൊടുത്തിട്ടാണ് 2014-ലെ മോഡി സർക്കാർ അധികാരത്തിൽ വന്നത്. എന്നാൽ സംഭവിച്ചതെന്താണ്? ആ നിർദ്ദേശങ്ങൾ കമ്പോളവിലകളെ തകർക്കുമെന്ന ന്യായം പറഞ്ഞ്, സുപ്രീം കോടതിയിൽ സത്യവാങ്മൂലം അതിവേഗതയിൽ സമർപ്പിക്കുകയാണ് ആ സർക്കാർ ചെയ്തത്.
ആ റിപ്പോർട്ട് കർഷകർക്ക് ‘കൂടുതൽ’ അനുകൂലമായേക്കും എന്നതായിരിക്കാം യു.പി.എ.യുടേയും എൻ.ഡി.എ.യുടേയും പിന്മാറ്റത്തിന്റെ കാരണം. ഇന്ത്യൻ കാർഷികമേഖലയെ കോർപ്പറേറ്റുകൾക്ക് കൈമാറാൻ ശ്രമിക്കുകയായിരുന്നു ഇരുസർക്കാരുകളും. സ്വാതന്ത്ര്യത്തിനുശേഷം, കാർഷികമേഖലയെ സംബന്ധിച്ചിടത്തോളമുണ്ടായ, ആദ്യത്തെ ഗുണപരമായ രൂപരേഖ എന്ന് വിളിക്കാവുന്ന ഒന്നായിരുന്നു ആ റിപ്പോർട്ട്. കൃഷിയിലെ വളർച്ചയെ അളക്കേണ്ടത്, കാർഷികോത്പാദനത്തിന്റെ മാനദണ്ഡമനുസരിച്ചല്ല, മറിച്ച്, കർഷകരുടെ വരുമാനത്തിലുണ്ടാവുന്ന വളർച്ചയുടെ അടിസ്ഥാനത്തിലായിരിക്കണം എന്ന തീർത്തും വ്യത്യസ്തമായ കാഴ്ചപ്പാടുകളുള്ള ഒരു മനുഷ്യന്റെ നേതൃത്വത്തിലുണ്ടായതാണ് ആ റിപ്പോർട്ട്.






