“മുന്നോട്ട് വരാനും സ്വന്തം യുദ്ധങ്ങളിൽ പൊരുതാനും പ്രക്ഷോഭം എന്നെ പഠിപ്പിച്ചു. അത് ഞങ്ങൾക്ക് ബഹുമാന്യത നൽകുകയും ചെയ്തു”, 2020 സെപ്റ്റംബറിൽ നിലവിൽവന്ന കാർഷികനിയമങ്ങൾക്കെതിരെയുള്ള പ്രക്ഷോഭത്തിൽ പങ്കെടുത്ത തന്നെപ്പോലെയുള്ളവരെ ഉദ്ദേശിച്ചാണ് രജീന്ദർ കൗർ ‘ഞങ്ങൾ’ എന്ന് പറഞ്ഞത്. 220 കിലോമീറ്റർ അകലെയുള്ള സിംഘുവിലേക്ക് യാത്ര ചെയ്യുകയും സമരമുഖത്ത് പ്രസംഗിക്കുകയുമൊക്കെ ചെയ്ത ആളാണ് പഞ്ചാബിലെ പട്യാല ജില്ലയിൽനിന്നുള്ള 49 വയസ്സുള്ള രജീന്ദർ എന്ന കർഷക.
ദൗൻ കലാം എന്ന ഗ്രാമത്തിലെ അവരുടെ അയൽക്കാരിയാണ് 50 വയസ്സുള്ള ഹർജീത് കൗർ. ദില്ലി-ഹരിയാന അതിർത്തിയിലെ സിംഘുവിൽ 205 ദിവസങ്ങളാണ് ഹർജീത് ചിലവഴിച്ചത്. “കഴിക്കാനുള്ള ഭക്ഷണം കൃഷിചെയ്യാത്ത ഒരു കാലം എനിക്കോർമ്മയില്ല” അവർ പറയുന്നു. “ഓരോ വിളവെടുപ്പ് കഴിയുമ്പോഴും എനിക്ക് പ്രായം ഏറുകയായിരുന്നു”. 36 വർഷമായി കൃഷിക്കാരിയാണ് അവർ. “പക്ഷേ, ആദ്യമായിട്ടായിരുന്നു ഇത്തരമൊരു പ്രക്ഷോഭം കാണുന്നതും അതിൽ പങ്കെടുക്കുന്നതും. കുട്ടികളും, പ്രായമായവരും സ്ത്രീകളുമൊക്കെ സമരത്തിൽ പങ്കെടുക്കാൻ വന്നു” അവർ പറഞ്ഞു.
വിവാദനിയമങ്ങൾ കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്, ലക്ഷക്കണക്കിന് കർഷകരാണ് രാജ്യതലസ്ഥാനത്തിന്‍റെ വെളിമ്പ്രദേശങ്ങളിൽ ഒത്തുകൂടിയത്. 2020 നവംബർ മുതൽ ഒരുവർഷത്തോളം പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള കർഷകർ അവിടെ തമ്പടിച്ച് താമസിച്ചു. 2021 നവംബറിൽ നിയമങ്ങൾ പിൻവലിക്കുന്നതുവരെ. സമീപകാലത്ത് രാജ്യത്ത് നടന്ന പ്രക്ഷോഭങ്ങളിൽവെച്ച് ഏറ്റവും ഉജ്ജ്വലവും ഐതിഹാസികവുമായ ഒന്നായിരുന്നു കർഷകസമരം.
പ്രക്ഷോഭത്തിന്‍റെ മുൻനിരയിൽ പഞ്ചാബിലെ സ്ത്രീകളുണ്ടായിരുന്നു. അന്നനുഭവിച്ച ഐക്യദാർഢ്യം ഇന്നും തുടരുന്നുണ്ടെന്നും, പ്രക്ഷോഭത്തിന്‍റെ ഭാഗമായതിലൂടെ ലഭിച്ച ധൈര്യവും സ്വാതന്ത്ര്യവും ഇന്ന് കൂടുതൽ ശക്തിയാർജ്ജിച്ചിട്ടുണ്ടെന്നും അവർ പറയുന്നു. “സമരമുഖത്തേക്ക് പോയപ്പോൾ ഒരിക്കലും എനിക്ക് ഗൃഹാതുരത്വം തോന്നിയിരുന്നില്ല. എന്നാൽ ഇപ്പോൾ വീട്ടിലിരിക്കുമ്പോൾ ആ പ്രക്ഷോഭത്തിന്‍റെ ഓർമ്മകൾ എന്നെ പിന്തുടരുന്നു”, മാൻസ ജില്ലയിൽനിന്നുള്ള 58-കാരിയായ കുൽദീപ് കൗർ പറഞ്ഞു.
ബുധ്‌ലാദ തെഹ്സിലിൽ ഉൾപ്പെട്ട രാലി ഗ്രാമത്തിലെ തന്‍റെ വീട്ടുജോലികൾ മുൻപൊക്കെ തന്‍റെ സ്വഭാവത്തെ ബാധിച്ചിരുന്നുവെന്ന് അവർ പറയുന്നു. “വീട്ടിലാവുമ്പോൾ എന്തെങ്കിലുമൊക്കെയായി പണികളുണ്ടാവും, അല്ലെങ്കിൽ വിരുന്നുകാരെ സത്ക്കരിക്കേണ്ടിവരും, അവരോടൊക്കെ ഔപചാരികത കാണിക്കേണ്ടിവരും. എന്നാൽ സമരസ്ഥലത്ത് ഞാൻ സ്വതന്ത്രയായിരുന്നു” കുൽദീപ് പറഞ്ഞു. സമരമുഖത്തെ സമൂഹ അടുക്കളയിൽ അവർ സന്നദ്ധസേവനം നടത്തിയിരുന്നു. ജീവിതകാലം മുഴുവൻ അവിടെ ചിലവഴിക്കാനും താൻ തയ്യാറായിരുന്നുവെന്ന് പറയുന്നു കുൽദീപ്.












