കരഡഗ ഗ്രാമത്തിൽ ഒരു കുട്ടി ജനിച്ചാൽ, കുടുംബങ്ങൾ ആദ്യം സോമക്ക പൂജാരിയെ അറിയിക്കും. 9,000-ത്തിനിടത്ത് ആളുകൾ താമസിക്കുന്ന ആ ഗ്രാമത്തിൽ, ആട്ടിൻരോമംകൊണ്ട് വളകളുണ്ടാക്കാൻ അറിയുന്ന ചുരുക്കം കലാകാരികളിലൊരാളാണ് അവർ. കണ്ട എന്ന് പ്രാദേശികഭാഷയിൽ അറിയപ്പെടുന്ന ഈ ആഭരണങ്ങൾ, ശുഭകരമായി പരിഗണിക്കപ്പെടുകയും നവജാത ശിശുക്കളുടെ കൈത്തണ്ടയിൽ കെട്ടുകയും ചെയ്യുന്നു.
“മേച്ചിൽപ്പുറങ്ങൾ തേടിയും, പരുക്കൻ കാലാവസ്ഥയെ അതിജീവിച്ചും, പലവിധ മനുഷ്യരുമായി ഇടപഴകിയും ആടുകൾ (ചെമ്മരിയാടുകൾ) ഗ്രാമങ്ങളിലൂടെ പോകാറുണ്ട്”, 50-കൾ കഴിയാറായ സോമക്ക പറയുന്നു. അതിജീവനത്തിന്റെ ചിഹ്നമായിട്ടാണ് ആടുകൾ കരുതപ്പെടുന്നത്. അതിനാൽ, അവയുടെ രോമംകൊണ്ടുണ്ടാക്കിയ കണ്ട, ദോഷങ്ങളെ അകറ്റുമെന്നാണ് വിശ്വാസം.
ധങ്കർ സമുദായത്തിലെ സ്ത്രീകളാണ് പരമ്പരാഗതമായി ഈ വളകൾ നിർമ്മിക്കുന്നത്. ഇന്ന്, കരഡഗയിൽ എട്ട് ധങ്കാർ കുടുബങ്ങൾ മാത്രമാണ് ഈ കല അഭ്യസിക്കുന്നത്. “ഈ ഗ്രാമത്തിലെ ഒരു പകുതിയോളം കുട്ടികളുടെ കൈകളിലെങ്കിലും ഞാൻ ഈ വള അണിയിച്ചിട്ടുണ്ട്,” സോമയ്യ മറാത്തിയിൽ പറയുന്നു. മഹാരാഷ്ട്രയുടെ അതിർത്തിയിലുള്ള കർണാടകയുടെ ബെലഗാവി ജില്ലയിലാണ് കരഡഗ ഗ്രാമം സ്ഥിതി ചെയ്യുന്നത്. അതിനാൽ, സോമക്കയെപ്പോലെ ഗ്രാമത്തിലെ നിരവധിയാളുകൾക്ക് കന്നഡയും മറാത്തിയും സംസാരിക്കാനറിയാം.
“എല്ലാ ജാതിയിലും മതത്തിലുംപെട്ടവർ കണ്ടക്കുവേണ്ടി ഞങ്ങളുടെയടുത്ത് വരാറുണ്ട്,” സോമക്ക പറയുന്നു.
തന്റെ മരിച്ചുപോയ അമ്മ കിഷ്ണാബായി ബങ്കർ കരഡഗയിലെ ഏറ്റവും നല്ല കണ്ടകൾ ഉണ്ടാക്കുന്നത്, കുട്ടിയായിരുന്നപ്പോൾ, സോമക്ക കണ്ടിട്ടുണ്ട്. “കണ്ട ഉണ്ടാക്കുന്നതിനുമുൻപ്, ഓരോ ആട്ടിൻരോമവുമെടുത്ത് (ലോകർ എന്നും അതിനെ പറയപ്പെടുന്നു) അമ്മ പരിശോധിക്കുന്നത് കണ്ട് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്,” അവർ പറയുന്നു. ആകൃതി വരുത്താൻ യോജിച്ചത്, ഭംഗിയുള്ള രോമങ്ങളാണെന്നതിനാൽ അവയാണ് അമ്മ ഉപയോഗിച്ചിരുന്നത് എന്ന് അവർ ഓർമ്മിക്കുന്നു. ആടുകളിൽനിന്ന് ആദ്യമായി വെട്ടിയെടുക്കുന്ന രോമങ്ങൾ കൂടുതൽ പരുക്കനായിരിക്കും. “നൂറ് ആടുകളെടുത്താൽ, ശരിയായ പാകത്തിലുള്ള രോമം ഒന്നിനുമാത്രമേ ഉണ്ടാകൂ.”
അച്ഛൻ, അന്തരിച്ച അപ്പാജി ബങ്കറിൽനിന്നാണ് സോമക്ക കണ്ട നിർമ്മിക്കാൻ പഠിച്ചത്. 10 വയസ്സായിരുന്നു അപ്പോൾ അവർക്ക്. രണ്ടുമാസം കൊണ്ട് പഠിച്ചെടുത്തു. നാല് ദശാബ്ദങ്ങൾക്കിപ്പുറം, സോമക്ക ആ കല ഇപ്പൊഴും കൊണ്ടുനടക്കുകയും, അതിന്റെ പ്രചരം കുറയുന്നതിൽ ആശങ്കപ്പെടുകയും ചെയ്യുന്നു. “ചെറുപ്പക്കാരായ ആട്ടിടയർ ഇപ്പോൾ ആടുകളെ മേയ്ക്കാറില്ല. ആട്ടിൻരോമം കൊണ്ടുള്ള കലയെക്കുറിച്ച് അവർക്കെന്തറിയാം”?














