“എനിക്കീ ഒ.ടി.പി.യെ ഭയങ്കര പേടിയാണ്. ആറ് അക്കങ്ങൾ അമർത്തിയാൽ പൈസ പോയിക്കിട്ടും,” തിരക്കുള്ള ഒരു സംസ്ഥാന ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡിൽവെച്ച് എന്നോട് പറയുകയായിരുന്നു അനിൽ ടോംബരെ. വണ്ടികളുടെ ഹോൺ ശബ്ദവും, സാധനങ്ങൾ വിൽക്കുന്നവരുടെ ഒച്ചപ്പാടും, പുറപ്പെടുന്ന വണ്ടികളെക്കുറിച്ചുള്ള അറിയിപ്പുകളും എല്ലാം ചേർന്ന് ശബ്ദമുഖരിതമായിരുന്നു അവിടം. ആരോ അയാളോട് ഒ.ടി.പി. ചോദിച്ചപ്പോൾ, എന്റെ സഹായം അഭ്യർത്ഥിച്ചു അനിൽ.
ബഡ്ജറ്റിനെക്കുറിച്ച് അയാൾ കേട്ടിരുന്നു. അർത്ഥസങ്കല്പ എന്നാണ് അയാൾ അതിനെ സ്വന്തം ഭാഷയിൽ വിശേഷിപ്പിച്ചത്. “ജനുവരി 31-ന് റേഡിയോയിൽ അതിനെക്കുറിച്ച് എന്തോ വാർത്ത ഉണ്ടായിരുന്നു. ഓരോ വകുപ്പുകൾക്കും സർക്കാർ പണം നീക്കിവെച്ചതായി അറിഞ്ഞു. മുഴുവനല്ലെങ്കിലും കുറച്ചൊക്കെ അതിനെക്കുറിച്ച് എനിക്കറിയാം. “ഒരു രൂപയിൽ പത്ത് പൈസ എന്ന കണക്കിൽ,” ഒരു അടയ്ക്ക മുറിച്ചുകൊണ്ട് അയാൾ പറയുന്നു.
ശാന്തമായ ഒരു സ്ഥലം തേടി കാന്റീനിലേക്ക് നയിച്ചത് അയാളായിരുന്നു, അല്ലെങ്കിൽ അയാളുടെ വെളുപ്പും ചുവപ്പും നിറമുള്ള ഊന്നുവടി. കാഴ്ച പരിമിതനായിരുന്നു ടോംബരെ. പ്ലാറ്റ്ഫോമും, തിരക്കും, കാന്റീൻ കൌണ്ടറും, ചവിട്ടുപടികളും എല്ലാം അദ്ദേഹത്തിന് കാണാതറിയാം. “എനിക്ക് ഒരു മാസം പ്രായമുള്ളപ്പോഴാണ് അഞ്ചാം പനി വന്ന് കാഴ്ചശക്തി പൂർണ്ണമായി നഷ്ടപ്പെട്ടത്. അതാണ് ഞാൻ കേട്ടത്.”



