തന്റെ പാൻവാരിയിൽ നിൽക്കുകയാണ് പ്രകാശ് ബുൻദിവാൽ. ഹൃദയത്തിന്റെ ആകൃതിയുള്ള വെറ്റിലകൾ നിരനിരയായി തഴച്ചുവളരുന്നത്, പടർപ്പുകളിലാണ്. അമിതമായ ചൂടിൽനിന്നും കാറ്റിൽനിന്നും രക്ഷിക്കാനായി അതിനെ ഒരു സിന്തറ്റിക്ക് വലകൊണ്ട് പൊതിഞ്ഞുവെച്ചിട്ടുണ്ട്.
ഇന്ത്യയൊട്ടാകെ ഉപയോഗിക്കുന്ന ഒന്നാണ് പാൻ. ഭക്ഷണശേഷമാണ് ആളുകൾ ഇത് സാധാരണയായി കഴിക്കുന്നത്. അതിന്റെ പ്രധാന ഭാഗമാണ് ഈ വെറ്റിലകൾ. ചുണ്ണാമ്പും (ചുണ) കരിങ്കാലിയും (കടേച്ചു പൊടി) തേച്ച വെറ്റിലയിൽ പലതരത്തിലുള്ള സുഗന്ധദ്രവ്യങ്ങളും (പെരുഞ്ചീരകവും) സുപാരിയും (അടയ്ക്ക) ഗുൽകണ്ടവും (പനിനീർപ്പൂവിന്റെ സത്ത) നിറച്ച് കഴിച്ചാൽ നല്ല സുഗന്ധവും രുചിയുമാണ്,
11,956 ആളുകൾ താമസിക്കുന്ന ആ ഗ്രാമം, ഗുണമേന്മയുള്ള വെറ്റിലയ്ക്ക് പേരെടുത്തതാണ്. കുക്കുടേശ്വറിലെ മറ്റ് പലരേയും പോലെ, പ്രകാശിന്റെ കുടുംബവും ഓർമ്മവെച്ച നാൾമുതൽ ഈ കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നു. മധ്യ പ്രദേശിലെ തംബോലി സമുദായമായിട്ടാണ് (മറ്റ് പിന്നാക്കവിഭാഗങ്ങളിൽപ്പെട്ട സമുദായം) ഇവർ. ഇപ്പോൾ അറുപത് വയസ്സിലെത്തിനിൽക്കുന്ന പ്രകാശ്, ഒമ്പത് വയസ്സുമുതൽ പാൻവാരിയിൽ ജോലി ചെയ്യാൻ ആരംഭിച്ചതാണ്.
എന്നാൽ ബുൻഡിവാലിന്റെ 0.2 ഏക്കർ പാടത്ത് സ്ഥിതി അത്ര ഭദ്രമല്ല. 2023 മേയ് മാസമുണ്ടായ ബിപർജോയ് എന്ന കൊടുങ്കാറ്റ്, ഈ കർഷകനെ ദുരിതത്തിലാഴ്ത്തി. “ഒരു ഇൻഷുറൻസും കിട്ടിയില്ല. കൊടുങ്കാറ്റിൽ എല്ലാം നഷ്ടപ്പെട്ടിട്ടും സർക്കാർ ഒരു സഹായവും ചെയ്തുതന്നില്ല”, അയാൾ പറയുന്നു.
ദേശീയ വിളസംരക്ഷണ പദ്ധതിയുടെ (നാഷണൽ അഗ്രിക്കൾച്ചറൽ ഇൻഷുറൻസ് സ്കീം – എൻ.എ.ഐ.എസ്) കീഴിൽ, കേന്ദ്രസർക്കാർ നിരവധി കാർഷികവിളകൾക്ക്, കാലാവസ്ഥയുമായി ബന്ധപ്പെട്ട ഇൻഷുറൻസ് പരിരക്ഷ നൽകുന്നുണ്ടെങ്കിലും, വെറ്റില അവയിലൊന്നും ഉൾപ്പെടുന്നില്ല.










