വെളിച്ചം കെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ, തക്കസമയത്ത് ഒരു ചെറുപ്പക്കാരൻ തിരശ്ശീലയ്ക്ക് പിറകിൽ കുതിക്കുന്നു, ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന അവതരണത്തിനിടയിൽ പല തവണ അയാൾക്കത് ആവർത്തിക്കേണ്ടിവരും. അപ്പോഴൊക്കെ പാവകളി സാമഗ്രികൾക്കും, സഹകലാകാരന്മാർക്കും ഒരുവിധത്തിലുമുള്ള ബുദ്ധിമുട്ടുണ്ടാക്കുകയുമരുത്.
എല്ലാവരും തോൽപ്പാവക്കൂത്ത് പാവകളിക്കാരാണ്. അവരാകട്ടെ, പ്രേക്ഷകരിൽനിന്ന് എപ്പോഴും മറഞ്ഞിരിക്കുകയും ചെയ്യുന്നു.
കൈയ്യിൽ തോലുകൊണ്ടുണ്ടാക്കിയ പാവകളുമായി, പാവകളിക്കാർ സദാസമയവും വെളുത്ത തിരശ്ശീലയ്ക്കപ്പുറത്ത് ചലിച്ചുകൊണ്ടിരിക്കുകയാണ്. ആവശ്യം വരുമ്പോൾ ഉപയോഗിക്കാൻ പാകത്തിൽ അവരുടെ കാൽക്കൽ 50-60 പാവകൾ തയ്യാറായി കിടക്കുന്നുണ്ട്. ആഖ്യാനം നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ, കഥ നിഴലുകളുടെ രൂപത്തിൽ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്.
എന്നാൽ യഥാർത്ഥത്തിലുള്ള കല ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്നുവെന്നതാണ് ഈ കലയുടെ ഒരു പൊതുസ്വഭാവം. അതുകൊണ്ട്, 2021-ൽ രാജ്യത്തെ ഏറ്റവും വലിയ പുരസ്കാരങ്ങളിൽ നാലാമത്തേതായ പത്മശ്രീ പുരസ്കാരം ലഭിച്ചപ്പോൾ, പാവകളിക്കാരൻ രാമചന്ദ്ര പുലവർക്ക് അത് ആഘോഷത്തിനും തുറന്നുപറച്ചിലിനുമുള്ള ഒരവസരമായി മാറ്റി. തന്റെ പ്രസംഗത്തിനിടയിൽ അദ്ദേഹം പറഞ്ഞു, “ഈ പാവനാടക രംഗകല തുടർന്നുപോവുന്നതിനായി ആയുഷ്കാലം മുഴുവൻ യത്നിച്ചുകൊണ്ടിരിക്കുന്ന മുഴുവൻ സംഘത്തിനും അർഹതപ്പെട്ടതാണ് ഈ അംഗീകാരം”.
പുലവരുടേയും സംഘത്തിന്റേയും വിജയത്തിന് പക്ഷേ ഒരു വലിയ വില കൊടുക്കേണ്ടി വന്നു. ഈ കലയെ അവർ ഒരു കച്ചവടമാക്കിയെന്ന് വിമർശകരും ആസ്വാദകരും കുറ്റപ്പെടുത്തി. ഈ വിമർശനത്തെ പുലവർ അധികം ഗൌരവമായെടുക്കുന്നില്ല. “ഭക്ഷണത്തിനും ഉപജീവനത്തിനുമായുള്ള ജോലിതന്നെയാണ് ഇത്. നടന്മാർക്കും നർത്തകർക്കും അവർ ചെയ്യുന്നതിന് കാശ് ഈടാക്കാമെങ്കിൽ, എന്തുകൊണ്ട് ഞങ്ങൾ പാവകളിക്കാർക്ക് അതായിക്കൂടാ?”




