വീടിനുള്ളിൽ ഒരു കസേരയിൽ ശാന്തനായി ഇരിക്കുന്ന ഗോമ രാമ ഹസാരെ തന്റെ ഗ്രാമത്തിലെ ശൂന്യമായ പ്രധാനറോഡിലേക്ക് ഉദാസീനതയോടെ നോക്കി സമയം പാഴാക്കുകയാണ്.
വല്ലപ്പോഴും, തന്റെ ക്ഷേമമന്വേഷിക്കാൻ വരുന്ന വഴിയാത്രക്കാരുമായി അദ്ദേഹം സല്ലപിക്കുന്നു. ഏതാണ്ട് ഒരാഴ്ച മുമ്പ് ദീർഘകാലമായുള്ള ഒരു അസുഖത്തെത്തുടർന്ന് ഇദ്ദേഹത്തിന് സ്വന്തം ഭാര്യയെ നഷ്ടപ്പെട്ടു.
ഏപ്രിൽ മദ്യത്തിലെ (2024), ചൂടുള്ള ഒരു സായാഹ്നം. സമയം 5 മണി. വടക്കൻ ഗഡ്ചിറോളിയിലെ അർമോറി തെഹ്സിലിൽ, മുള, തേക്കുമരങ്ങൾ എന്നിവയാൽ സമൃദ്ധമായ വനങ്ങളുടെ മടിത്തട്ടിൽ സ്ഥിതിചെയ്യുന്ന പലസ്ഗാവ് എന്ന ഗ്രാമം അസാധാരണമാംവിധം ശാന്തമാണ്. ഗഡ്ചിറോളി -ചിമൂർ ലോക്സഭാ മണ്ഡലത്തിലേക്കുള്ള വോട്ടെടുപ്പ് ഏതാനും ദിവസങ്ങൾക്കുള്ളിൽ നടക്കും. സിറ്റിംഗ് ബിജെപി എംപി അശോക് നേതെ വീണ്ടും ഈ സീറ്റിലേക്ക് മത്സരിക്കുന്നുണ്ട്. എന്നാൽ ഇവിടെ ആവേശമൊന്നുമില്ല. മറിച്ച്, ആശങ്കയാണുള്ളത്.
കഴിഞ്ഞ രണ്ട് മാസമായി ഗോമയ്ക്ക് ജോലിയൊന്നുമില്ല. സാധാരണയായി, ഈ സമയത്ത്, 60-കഴിഞ്ഞ ഈ ഭൂരഹിതനായ തൊഴിലാളിയും അദ്ദേഹത്തെപ്പോലുള്ള മറ്റ് പലരും മഹുവ അല്ലെങ്കിൽ ടെൻഡു ഇല ശേഖരിക്കുകയോ കാട്ടിൽ പോയി മുള വെട്ടുകയോ കാർഷിക ജോലികളിലേർപ്പെടുകയോ ആണ് പതിവ്.
"എന്നാൽ ഈ വർഷം അതൊന്നും ചെയ്യുന്നില്ല", ഗോമ പറയുന്നു. "ആരാണ് സ്വന്തം ജീവൻ പണയപ്പെടുത്തുക?"
"ആളുകൾ വീട്ടിൽത്തന്നെ ഒതുങ്ങിക്കൂടുകയാണ്", ഗോമ പറയുന്നു. പകൽ സമയം ചൂടാണ്. നിങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയില്ല. സുരക്ഷാസേനയും സായുധ മാവോവാദികളും തമ്മിലുള്ള രക്തരൂക്ഷിതമായ കലഹത്താൽ തകർന്ന ഗഡ്ചിറോളി നാല് പതിറ്റാണ്ടുകളായി അസ്വസ്ഥമാണ്. അതിനാൽ നിരവധി ഗ്രാമങ്ങൾ അത്തരം കർഫ്യൂകളുമായി പൊരുത്തപ്പെട്ടുകഴിഞ്ഞു. എന്നാൽ ഇത്തവണയാകട്ടെ അതിഥികൾ വ്യത്യസ്തരാണ്, ജീവിതത്തിനും ഉപജീവനത്തിനും നേരിട്ട് ഭീഷണി ഉയർത്തുന്നവരാണ് അക്കൂട്ടർ.
23 കാട്ടാനകളുടെ ഒരു കൂട്ടം, കൂടുതലും കുഞ്ഞുങ്ങളോടുകൂടിയ പിടിയാനകൾ, പലസ്ഗാവിന് സമീപം തമ്പടിച്ചിട്ടുണ്ട്.














