ഒരു വർഷം മുമ്പ്, 2023 മേയ് മാസത്തിലാണ് പാര്‍വ്വതിക്ക് എം.എൻ.ആർ.ഇ.ജി.എ.യുടെ കീഴിൽ അവസാനമായി ജോലി ലഭിച്ചത്. അത് വെറും അഞ്ച് ദിവസത്തേക്കായിരുന്നു.
അന്ന് പാര്‍വ്വതി (ഈ പേര്‍ മാത്രമാണ് അവർ ഉപയോഗിക്കുന്നത്) തന്‍റെ ഗ്രാമമായ ഗോർ മധുകർ ശാഹ്പൂരിലെ റോഡ് നിരപ്പാക്കിക്കൊണ്ട് സമയം ചിലവഴിച്ചു. എം.എന്‍.ആര്‍.ഇ.ജി.എ. (മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം) വാഗ്ദാനം ചെയ്യുന്ന 100 ദിവസത്തെ പണി ജാതവ് (പട്ടികജാതി) വിഭാഗത്തില്‍പ്പെട്ട 45-കാരിയായ ഈ ദിവസ വേതനക്കാരിക്ക് ഒരിക്കലും ലഭിച്ചിട്ടില്ല. “അരവയർ നിറച്ചാണ് ഞങ്ങൾ കഴിഞ്ഞുകൂടുന്നത്”, അവര്‍ പറഞ്ഞു.
പ്രധാന്‍മന്ത്രി ആവാസ് യോജനയുടെ കീഴിൽ ഈ ദമ്പതികൾ വീടിന് നല്‍കിയ അപേക്ഷ 2020-ല്‍ നിരസിക്കപ്പെട്ടപ്പോൾ ഭരണകൂടം വീണ്ടും അവരെ പരാജയപ്പെടുത്തി. കൂടുതല്‍ കാത്തിരിക്കാൻ വയ്യാതെ പാര്‍വ്വതിയും അവരുടെ ഭര്‍ത്താവ് ചോട്ടെലാലും 2 മുറികളുള്ള ഒരു നല്ല വീട് വയ്ക്കുന്നതിനായി ബന്ധുക്കളില്‍നിന്നും 90,000 രൂപ വായ്പ വാങ്ങി.
“ആരെങ്കിലും വോട്ട് ചോദിക്കാന്‍ വന്നാൽ വീടിനുള്ള ഉപഭോക്തൃ പട്ടികയില്‍നിന്നും എങ്ങനെ എന്‍റെ പേര് ഒഴിവായെന്നും വോട്ടർ പട്ടികയില്‍ എങ്ങനെ അത് ഇടംപിടിച്ചുവെന്നും എനിക്കറിയണം”, നീരസത്തോടെ അവർ കൂട്ടിച്ചേർത്തു. എം.എൻ.ആർ.ഇ.ജി.എ. തൊഴിലാളിയായിരുന്ന പാര്‍വ്വതിയുടെ ഭർത്താവിന് അഞ്ചുവർഷം മുമ്പ് ശരീരം തളർന്നതിനെത്തുടർന്ന് ജോലിയെടുക്കാൻ സാധിക്കില്ല. നിലവിൽ വാരണാസി നഗരത്തിലെ തൊഴില്‍ മണ്ഡിയിൽ അദ്ദേഹം വല്ലപ്പോഴും ജോലിക്കു പോകും. ദിവസവേതനക്കാർക്ക് 400-500 രൂപയാണ് അവിടെ കൂലി.
ഗ്രാമീണമേഖലയിലെ അവിദഗ്ദ്ധ തൊഴിലാളികൾക്ക് നൂറുദിവസത്തെ തൊഴിൽ എം.എൻ.ആർ.ഇ.ജി.എ. ഉറപ്പ് നൽകുന്നു. പക്ഷെ ഗ്രാമങ്ങളിലുടനീളമുള്ള ഒരു പൊതുപരാതി എന്തെന്നാൽ, “കഴിഞ്ഞ രണ്ട് പ്രധാനികളുടെ” (അവസാന രണ്ട് സർപഞ്ചുകളുടെ കാലയളവ്, അല്ലെങ്കില്‍ ഏതാണ്ട് 10 വര്‍ഷം) കാലം മുതല്‍ വാരണാസി ജില്ലയിൽ 20-25 ദിവസങ്ങളിൽമാത്രമാണ് ഒരു വർഷം തൊഴിൽ ലഭിക്കുന്നത് എന്നതാണ്.
ഒരിക്കലും എടുത്തിട്ടില്ലാത്ത ഒരു വായ്പയുടെ പേരിൽ പാര്‍വ്വതി ഇന്ന് ബുദ്ധിമുട്ടുകയാണ്. ഭരണകൂടത്തിന്‍റെ ഭാഗത്തുനിന്ന് സഹായം ഒന്നുമില്ലാത്തതിനാൽ താക്കൂർ സമുദായത്തിന്‍റെ പാടങ്ങളിൽ ദിവസവേതനത്തിന് പണിയെടുക്കുകയാണവർ. അവർ പാർവ്വതിക്ക് വിതയ്ക്കുകയും കൊയ്യുകയും ചെയ്യുന്ന കാലയളവില്‍ 15 ദിവസത്തേക്ക് ഏതാണ്ട് 10 കിലോഗ്രാം ധാന്യം നൽകും.




















