“ബിജുവിന്റെ സമയത്ത് (പുതുവത്സരം) ഞങ്ങളെല്ലം നേരത്തേ എഴുന്നേറ്റ് പൂക്കൾ പറിക്കാൻ പുറത്ത് പോവും. പിന്നെ, പൂക്കളെല്ലാം പുഴയിൽ ഒഴുക്കിവിട്ട്, മുങ്ങിക്കുളിക്കും. അതിനുശേഷം ഗ്രാമത്തിലെ ഓരോ വീടും സന്ദർശിച്ച് അവരെ അഭിവാദ്യം ചെയ്യും,” ജയ പറയുന്നു. അരനൂറ്റാണ്ട് കഴിഞ്ഞിട്ടും, ആ ദിവസത്തിന്റെ ഓർമ്മ അവരെ വിട്ടുപോയിട്ടില്ല.
“ഓരോ പിടി നെല്ല് (ഭാഗ്യത്തിന്റെ ലക്ഷണമായി) ഞങ്ങൾ അവർക്ക് കൊടുക്കും. അതിനുപകരമായി ഓരോ വീട്ടുകാരും ലംഗി (നെല്ലിൽനിന്നുണ്ടാക്കുന്ന ബീർ) തരും. ഓരോ വീട്ടിൽനിന്നും ഏതാനും കവിളുകൾ മാത്രം. പക്ഷേ, കുറേയധികം വീടുകളിൽനിന്ന് കുടിക്കുന്നതിനാൽ, കഴിയുമ്പോഴേക്കും മത്ത് പിടിച്ചിട്ടുണ്ടാകും,” അവർ പറയുന്നു. മാത്രമല്ല, ‘ആ ദിവസം, ഗ്രാമത്തിലെ ചെറുപ്പക്കാർ പ്രായമായവരെ, പുഴയിലെ വെള്ളംകൊണ്ട് കുളിപ്പിക്കുകയും ചെയ്യും, ബഹുമാനാർത്ഥം,” വാർഷികാഘോഷങ്ങളുടെ ഓർമ്മകൾ പ്രതിഫലിച്ച് അവരുടെ മുഖം തിളങ്ങി.
ഇപ്പോൾ, വീട്ടിൽനിന്ന് നൂറുകണക്കിന് കിലോമീറ്ററുകൾ ദൂരെ, അന്താരാഷ്ട്ര അതിർത്തിക്കപ്പുറത്ത്, ബാക്കിയായത് ലംഗി മാത്രമാണ്. ചക്മ സമുദായത്തിന്റെ ആചാരാനുഷ്ഠാനങ്ങളുമായി നിരവധി അഭയാർത്ഥികളെ ബന്ധിപ്പിക്കുന്ന ഒരേയൊരു കണ്ണി. “ഞങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമാണത്.” ബംഗ്ലാദേശിലെ രംഗമതിയിൽ വളർന്ന ജയ പറയുന്നു. ഈ പ്രദേശത്ത് മറ്റ് ഗോത്രങ്ങളും അവരുടെ പ്രാർത്ഥനകളിലും അനുഷ്ഠാനങ്ങളിലും ലംഗി ഉപയോഗിക്കുന്നു.
“വീട്ടുകാർ ചെയ്യുന്നത് നോക്കിയിട്ടാണ് ഞാൻ ലംഗി ഉണ്ടാക്കാൻ പഠിച്ചത്. വിവാഹത്തിനുശേഷം, ഞാനും ഭർത്താവ് സുരനും ചേർന്ന് ഇതുണ്ടാക്കാൻ തുടങ്ങി,” അവർ പറയുന്നു. ലംഗി, മോദ്, ജൊഗോറ എന്നീ മറ്റ് മൂന്നിനം ബീറുകളുണ്ടാക്കാനും ഈ ദമ്പതിമാർക്കറിയാം.
ചൈത്രത്തിലെ (ബംഗാളി കലണ്ടറിൽ, വർഷത്തിലെ അവസാനത്തെ മാസം) ആദ്യത്തെ ദിവസം തുടങ്ങും, നെല്ലിൽനിന്നുതന്നെയുള്ള ജൊഗോര ഉണ്ടാക്കാനുള്ള ഒരുക്കങ്ങൾ. ഞങ്ങൾ ബിരോയിഞ്ചാൽ (പശപ്പുള്ള നല്ലയിനം അരി) ആണ് ഉപയോഗിക്കുക. അത് ആഴ്ചകളോളം മുളയിൽ പുളിപ്പിച്ച് പിന്നെ വാറ്റിയെടുക്കും.” വാറ്റാൻ ചുരുങ്ങിയത് ഒരു മാസമെങ്കിലുമെടുക്കും, മാത്രമല്ല, ആ ഇനം അരിക്ക് വിലയും കൂടുതലാണ്. അതിനാൽ, “ഇപ്പോൾ ജൊഗോറ അധികം ഉണ്ടാക്കാറില്ല,” എന്ന് ജയ പറയുന്നു.
മുമ്പൊക്കെ ഈ അരി ഞങ്ങൾ ജുമിൽ (മലയിലെ കൃഷിയിൽ) വളർത്തിയിരുന്നു. ഇപ്പോൾ ഇത് അധികം കൃഷി ചെയ്യുന്നില്ല.”
















