“ഞങ്ങളുടെ മകൻ എങ്ങിനെയാണ് മരിച്ചതെന്നുപോലും ഞങ്ങൾക്ക് തീർച്ചയില്ല. കമ്പനി അതുപോലും ഞങ്ങളോട് പറയുന്നില്ല”, നീലം യാദവ് പറയുന്നു.

സോണിപട്ടിലെ റായി എന്ന പട്ടണത്തിലെ വീടിന്റെയകത്തിരുന്നു ഇത് പറയുമ്പോൾ, 33 വയസ്സുള്ള അവർ ഞങ്ങളുടെ കണ്ണുകളിലേക്കുപോലും നോക്കുന്നുണ്ടായിരുന്നില്ല. ആറുമാസം മുമ്പാണ് അവരുടെ സഹോദരീഭർത്താവീന്റെ മകൻ 27 വയസ്സുള്ള രാം കമൽ മരിച്ചത്. ജോലി ചെയ്തുകൊണ്ടിരുന്ന പ്രാദേശികമായ ചില്ലറ ഭക്ഷണശാലയുടെ എ.സി. റിപ്പയർ യൂണിറ്റിൽ ജോലി ചെയ്യുകയായിരുന്നു അവൻ. 2007-ൽ നീലമിന്റെ വിവാഹശേഷം അവരായിരുന്നു അവനെ വളർത്തിയത്.

നീലം ആ ദിവസം ഇപ്പോഴും ഓർക്കുന്നു. 2023 ജൂൺ 29-ലെ അലസവും തെളിഞ്ഞതുമായ ഒരു ഉച്ചസമയം. അവരുടെ മൂന്ന് ഇളയ കുട്ടികളും - രണ്ട് പെണ്ണും ഒരാണും – ഭർത്തൃപിതാവ് ശോഭനാഥും പതിവുള്ള ചോറും പരിപ്പുകറിയും കഴിച്ചിട്ട് അധികനേരമായിട്ടില്ലായിരുന്നു. നീലം അടുക്കള വൃത്തിയാക്കുമ്പോൾ ശോഭനാഥ് ഒരു ചെറിയ ഉച്ചമയക്കത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു.

ഒരുമണിക്ക് വാതിലിൽ ആരോ ബെല്ലടിച്ചു. കൈകഴുകി, ദുപ്പട്ട നേരെയാക്കി ആരാണെന്ന് നോക്കാൻ നീലം പോയി. നീല യൂണിഫോമിട്ട രണ്ട് ചെറുപ്പക്കാർ, അവരുടെ ബൈക്കിന്റെ താക്കോൽ വിരലിൽ ചുഴറ്റിക്കൊണ്ട് വാതിൽക്കൽ നിൽക്കുന്നുണ്ടായിരുന്നു. രാം കമൽ ജോലി ചെയ്തിരുന്ന കമ്പനിയിലെ സഹപ്രവർത്തകരാണെന്ന് നീലത്തിന് പെട്ടെന്ന് മനസ്സിലായി. അതിലൊരാൾ അറിയിച്ചു, “രാമിന് ഷോക്കടിച്ചു. ഒന്ന് വേഗം സിവിൽ ആശുപത്രിയിലേക്ക് വരൂ”.

“അവന് എങ്ങിനെയുണ്ട്, കുഴപ്പമില്ലല്ലോ, ഓർമ്മയുണ്ടോ എന്നൊക്കെ ഞാൻ ചോദിച്ചുകൊണ്ടിരുന്നു. ഇല്ല എന്നുമാത്രമേ അവർ പറഞ്ഞുള്ളു”, ഇടറിയ ശബ്ദത്തോടെ നീലം പറയുന്നു. വണ്ടി കാത്തുനിൽക്കാനൊന്നും നീലവും ശോഭനാഥും നിന്നില്ല. തങ്ങളെക്കൂടി ബൈക്കിൽ കൂടെ കൊണ്ടുപോകാൻ അവർ ആ ചെറുപ്പക്കാരോട് ആവശ്യപ്പെട്ടു. 20 മിനിറ്റിനുള്ളിൽ അവർ ആശുപത്രിയിലെത്തി.

Left: Six months ago, 27-year-old Ram Kamal lost his life at work in a food retail factory. He worked as a technician in an AC repair unit.
PHOTO • Navya Asopa
Right: Ram's uncle Motilal standing outside their house in Sonipat, Haryana
PHOTO • Navya Asopa

ഇടത്ത്: ആറുമാസം മുമ്പ്. 27 വയസ്സുള്ള രാം കമലിന് നാട്ടിലെ ഒരു ചില്ലറ ഭക്ഷണ ഫാക്ടറിയിലെ ജോലിക്കിടയിൽ ജീവൻ നഷ്ടമായി. അവിടെ എ.സി.റിപ്പയർ യൂണിറ്റിൽ ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു അയാൾ. വലത്ത്: ഹരിയാനയിലെ, സോണിപട്ടിലെ വീടിന്റെ മുമ്പിൽ നിൽക്കുന്ന രാമിന്റെ അമ്മാവൻ മോട്ടിലാൽ

Left: The cupboard dedicated for the safekeeping of Ram Kamal’s documents and evidence of the case.
PHOTO • Ashish Kothari
Right: Ram lived with his uncle and aunt at their house in Sonipat since 2003
PHOTO • Navya Asopa

ഇടത്ത്: രാം കമലിന്റെ കടലാസ്സുകളും കേസിന്റെ തെളിവുകളുമൊക്കെ സൂക്ഷിച്ചുവെച്ചിട്ടുള്ള അലമാര. 2003 മുതൽ തന്റെ അമ്മാവന്റേയും അമ്മായിയുടേയും കൂടെ സോണിപട്ടിലുള്ള അവരുടെ വീട്ടിൽ കഴിയുകയായിരുന്നു രാം

നീലമിന്റെ ഭർത്താവും രാമിന്റെ അമ്മവനുമായ മോട്ടിലാൽ, ഭാര്യ വിളിക്കുമ്പോൾ, ജോലിസ്ഥലത്തായിരുന്നു. റോത്തക്കിലെ സം‌ചാനയിലെ ഒരു നിർമ്മാണസൈറ്റിൽനിന്ന് സ്കൂട്ടറിൽ 20 കിലോമീറ്റർ യാത്ര ചെയ്ത്, ഒരു മണിക്കൂറിനുള്ളിൽ അയാൾ ആശുപത്രിയിലെത്തി.

“അവർ അവനെ പോസ്റ്റ്മോർട്ടം യൂണിറ്റിൽ കിടത്തിയിരുന്നു”, രാമിന്റെ മുത്തച്ഛൻ 75 വയസ്സുള്ള ശോഭനാഥ് പറയുന്നു. ഉച്ചത്തിൽ കരയാനാണ് തനിക്ക് തോന്നിയതെന്ന് നീലം ഓർമ്മിക്കുന്നു. “അവന്റെ ദേഹം ഒരു കറുത്ത തുണികൊണ്ട് മൂടിയിരുന്നു. ഞാൻ അവനെ വിളിച്ചുകൊണ്ടിരുന്നു”, നീലം പറയുന്നു

*****

അച്ഛൻ ഗുലാബും അമ്മ ഷെയ്‌ല യാദവും അവന് ഏഴുവയസ്സുള്ളപ്പോൾ അമ്മാവന്റേയും അമ്മായിയുടേയും കൂടെ താമസിക്കാൻ അയച്ചതായിരുന്നു രാം കമലിനെ. ഉത്തർ പ്രദേശിലെ അസംഗർ ജില്ലയിലെ നിസാമബാദ് തെഹ്സിലിലെ അവന്റെ വീട്ടിൽനിന്ന് മോട്ടിലാലാണ് അവനെ കൂട്ടിക്കൊണ്ടുവന്നത്. “ഞങ്ങളാണ് അവനെ വളർത്തി വലുതാക്കിയത്”, മോട്ടിലാൽ പറയുന്നു.

2023 ജനുവരിമുതൽ രാം കമൽ ഈ ഫാക്ടറിയിൽ ജോലി ചെയ്യുകയായിരുന്നു. മാസത്തിൽ 22,000 രൂപ ശമ്പളത്തിൽ. ശമ്പളത്തിന്റെ പകുതി അവൻ, തന്റെ അച്ഛനും, അമ്മയും ഭാര്യയും എട്ടുമാസം പ്രായമുള്ള മകളുമടങ്ങുന്ന കുടുംബത്തിന് അയച്ചുകൊടുക്കും.

“അവന്റെ മോളായിരുന്നു അവന്റെ ജീവൻ. ഇനി അവൾക്ക് എന്ത് സംഭവിക്കും. കമ്പനിക്കാർ ഒരുതവണ പോലും അവളെക്കുറിച്ച് ചോദിച്ചില്ല”, ശോഭനാഥ് പറയുന്നു. കമ്പനി ഉടമസ്ഥൻ ഇതുവരെ അവരുടെ കുടുംബത്തെ സന്ദർശിക്കാൻ മിനക്കെട്ടിട്ടുമില്ല.

'If this tragedy took place at their home [the employers], what would they have done?' asks Shobhnath, Ram's grandfather.
PHOTO • Navya Asopa
Right: It was two co-workers who informed Neelam about Ram's status
PHOTO • Navya Asopa

'ഈ ദുരന്തം അവരുടെ (കമ്പനിയുടമകളുടെ) വീട്ടിൽ‌വെച്ചാണ് നടന്നിരുന്നതെങ്കിൽ അവരെന്ത് ചെയ്യുമായിരുന്നു?' രാമിന്റെ മുത്തച്ഛൻ ശോഭനാഥ് ചോദിക്കുന്നു. വലത്ത്: രാമിന്റെ അവസ്ഥയെക്കുറിച്ച് നീലമിനെ അറിയിച്ചത് രണ്ട് സഹപ്രവർത്തകരാണ്

മരിക്കുന്നതിന്റെ തലേദിവസം രാത്രി രാം വീട്ടിൽ വന്നില്ലെന്ന് നീലം ഓർമ്മിക്കുന്നു. “നല്ല പണിത്തിരക്കുണ്ടെന്ന് അവൻ പറഞ്ഞു. 24 മണിക്കൂർ തുടർച്ചയായി ജോലിയിലായിരുന്നു”. അവന്റെ ജോലിസമയത്തെക്കുറിച്ചൊന്നും കുടുംബത്തിനറിയില്ല. ചില ദിവസങ്ങളിൽ, ജോലിത്തിരക്കുള്ളപ്പോൾ അയാൾ ഭക്ഷണം‌പോലും ഒഴിവാക്കും. മറ്റ് ചില ദിവസങ്ങളിൽ ഫാക്ടറിയിൽത്തന്നെയുള്ള കുടുസ്സുമുറിയിൽ രാത്രി ഉറങ്ങും. “നല്ല അദ്ധ്വാനിയായിരുന്നു ഞങ്ങളുടെ മോൻ”, പുഞ്ചിരിച്ചുകൊണ്ട് മോട്ടിലാൽ പറയുന്നു. മകളെ വീഡിയോ കോൾ വിളിക്കാൻ രാമിന് വലിയ ഇഷ്ടമായിരുന്നു.

രാം ഒരു ശീതീകരണ പൈപ്പ് ലൈൻ നന്നാക്കുകയായിരുന്നുവെന്ന് ഫാക്ടറിയിലെ മറ്റ് ചില തൊഴിലാളികളിൽനിന്ന് കുടുംബം അറിഞ്ഞു. അതിനാവശ്യമായ സുരക്ഷാസാമഗ്രികളോ മുന്നറിയിപ്പോ ഒന്നും അയാൾക്ക് കൊടുത്തിരുന്നില്ല. “അവൻ ആ സ്ഥലത്തേക്ക് എ.സി. പൈപ്പ് സ്പ്രേയും കൊടിലുമായി പോയപ്പോൾ കാലിൽ ചെരുപ്പൊന്നുമുണ്ടായിരുന്നില്ല. കൈകളിൽ നനവുമുണ്ടായിരുന്നു. കമ്പനി മാനേജർ അവനെ ഓർമ്മിപ്പിച്ചിരുന്നെങ്കിൽ ഞങ്ങൾക്ക് ഞങ്ങളുടെ മകനെ നഷ്ടപ്പെടില്ലായിരുന്നു”, മോട്ടിലാൽ പറയുന്നു.

വിവരമറിഞ്ഞ്, ഒരു ദിവസത്തിനുശേഷം രാമിന്റെ അച്ഛൻ ഗുലാബ് യാദവ് മകന്റെ കർമ്മം ചെയ്യാൻ സോണിപട്ടിലെത്തി. ദിവസങ്ങൾക്കുശേഷം അയാൾ ഹരിയാനയിലെ റായി പൊലീസ് സ്റ്റേഷനിൽ കമ്പനിയുടെ അശ്രദ്ധയ്ക്കെതിരേ പരാതി പറയാൻ ചെന്നു. കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ സുമിത് കുമാർ, കാര്യം ഒതുക്കിത്തീർക്കാനാണ് രാമിന്റെ കുടുംബത്തോട് ആവശ്യപ്പെട്ടതെന്ന് കുടുംബം പറയുന്നു.

“ഒരു ലക്ഷം രൂപയ്ക്ക് കാര്യം ഒതുക്കിത്തീർക്കാൻ പൊലീസ് ഞങ്ങളോട് ആവശ്യപ്പെട്ടു. ഇനി ഒന്നും സംഭവിക്കില്ല. കോടതിയിൽ കേസ് കൊടുക്കൽ മാത്രമേ നടക്കൂ”, മോട്ടിലാൽ പറയുന്നു.

The police at the station in Rai, Sonipat, asked Ram's family to settle
PHOTO • Navya Asopa

സോണിപട്ടിലെ റായി പൊലീസ് സ്റ്റേഷൻ രാമിന്റെ കുടുംബത്തോട് കേസ് ഒതുക്കിതീർക്കാൻ ആവശ്യപ്പെട്ടു

കഴിഞ്ഞ രണ്ട് ദശാബ്ദക്കാലത്തിനുള്ളിൽ ഒരു വ്യവസയകേന്ദ്രമായി മാറിക്കഴിഞ്ഞ സോണിപട്ടിൽ, ഫാക്ടറി തൊഴിലാളികൾ മരണപ്പെടുന്നത് സാധാരണ സംഭവമായിക്കഴിഞ്ഞു. ഈ തൊഴിലാളികളിൽ മിക്കവരും, ഉത്തർ പ്രദേശ്, ബിഹാർ, ദില്ലി എന്നിവിടങ്ങളിൽനിന്നുള്ള കുടിയേറ്റക്കാരാണ്

പൊലീസ് തങ്ങളെ ഒഴിവാക്കുകയാണെന്ന് മനസ്സിലായപ്പോൾ, സംഭവം നടന്ന് ഒരുമാസത്തിനുശേഷം, മോട്ടിലാൽ കോടതിയിൽ കേസ് ഫയൽ ചെയ്യാൻ തീരുമാനിച്ചു. റായിയിലെ തൊഴിൽ‌ക്കോടതിയിൽ, രാമിനെ പ്രതിനിധീകരിക്കുന്ന സന്ദീപ് ദാഹിയ എന്ന അഭിഭാഷകൻ, കടലാസ്സുജോലിക്കുമാത്രം 10,000 രൂപയാണ് ഈടാക്കുന്നത്. മാസത്തിൽ 35,000 രൂപയല്ലാതെ മറ്റ് വരുമാനമൊന്നുമില്ലാത്ത ഈ കുടുംബത്തിന് ഇതൊരു ഭീമമായ സംഖ്യയാണ്. “ഞങ്ങൾക്ക് മറ്റ് വഴികളില്ല. കോടതിയിൽ എത്രകാലം കയറിയിറങ്ങേണ്ടിവരുമെന്ന് ഞങ്ങൾക്ക് ഒരു നിശ്ചയവുമില്ല”, കുടുംബത്തിലെ ഒരേയൊരു വരുമാനക്കാരനായ മോട്ടിലാൽ പറയുന്നു.

10 കിലോമീറ്റർ ദൂരെയുള്ള ഫാക്ടറിയിലേക്ക് യാത്ര ചെയ്യാൻ രാം ഉപയോഗിച്ചിരുന്ന സ്കൂട്ടി തിരിച്ചുകിട്ടാൻ ഗുലാബും മോട്ടിലാലും ശ്രമിച്ചപ്പോഴും പൊലീസുദ്യോഗസ്ഥന് അവരെ സഹായിക്കാനായില്ല. സ്കൂട്ടി ചോദിച്ച് കമ്പനിയിലേക്ക് പോവുന്നതിനുമുമ്പ് മോട്ടിലാൽ പൊലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ, സൈറ്റിലുള്ള സൂപ്പർവൈസറോട് ചോദിക്കാനാണ് ആ ഉദ്യോഗസ്ഥൻ അയാളോട് പറഞ്ഞത്. എന്നാൽ സൂപ്പർവൈസർ മോട്ടിലാലിന്റെ അപേക്ഷ തള്ളിക്കളഞ്ഞു. “സ്കൂട്ടി തിരിച്ചെടുക്കാൻ ഞാൻ ചെന്നപ്പോൾ സൂപ്പർവൈസർ ചോദിച്ചത്, നിങ്ങളെന്തുകൊണ്ടാണ് ഒത്തുതീർപ്പിന് സമ്മതിക്കാതെ കേസിന് പോയതെന്നാണ്”.

രാമിന്റെ ജോലിസ്ഥലത്തെ ഐ.ഡി.കാർഡ് എവിടെയാണെന്നും മോട്ടിലാലിന് അറിയില്ല. “എഫ്.ഐ.ആറിൽ അവനെ കരാർത്തൊഴിലാളിയെന്നാണ് വിശേഷിപ്പിച്ചിരുന്നത്. എന്നാൽ ശമ്പളം കമ്പനിയിൽനിന്ന് നേരിട്ടായിരുന്നു അവന് കിട്ടിക്കൊണ്ടിരുന്നത്. അവന് ഒരു എം‌പ്ലോയീ ഐ.ഡി. കാർഡുണ്ടെങ്കിലും അവർ അത് ഞങ്ങൾക്ക് ഇതുവരെ തന്നിട്ടില്ല”. സിസിടിവി ദൃശ്യങ്ങളും കമ്പനി തന്നിട്ടില്ലെന്ന് അയാൾ കൂട്ടിച്ചേർത്തു.

എന്നാൽ സൂപ്പർവൈസർ പറയുന്നത് “ആ പയ്യന്റെ അശ്രദ്ധയാണ്. അവൻ ഒരു എ.സി. റിപ്പയർ ചെയ്ത് വരികയായിരുന്നു. കൈകളും കാലുമൊക്കെ നനഞ്ഞിരുന്നു. അതുകൊണ്ടാണ് ഷോക്കടിച്ചത്” എന്നാണ്. തനിക്ക് ഇതിൽ ഒരുത്തരവാദിത്തവുമില്ലെന്ന് അയാൾ ഒഴിഞ്ഞുമാറി.

Left: Ram Kamal’s postmortem report states the entry wound was found on his left finger, but the family are skeptical about the findings.
PHOTO • Navya Asopa
Right: Article about Ram's death in Amar Ujala newpaper
PHOTO • Navya Asopa

ഇടത്ത്: രാമിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നത്, ഇടത്തേ കൈവിരലിലാണ് പരിക്ക് പറ്റിയതെന്നാണ്. എന്നാൽ ആ റിപ്പോർട്ടിനെക്കുറിച്ച് കുടുംബത്തിന് സംശയങ്ങളുണ്ട്. വലത്ത്: രാമിന്റെ മരണത്തെക്കുറിച്ച്, അമർ ഉജാല പത്രത്തിൽ വന്ന വാർത്ത

പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നത്, കമലിന്റെ “ഇടത്തേ ചെറിയ കൈവിരലിന്റെ ഡോർസോലേറ്ററൽ ഭാഗത്താണ് വൈദ്യുതാഘാതംകൊണ്ടുണ്ടായ മുറിവ്” എന്നാണ്. എന്നാൽ ഇത് സത്യമാണെന്ന് കുടുംബം വിശ്വസിക്കുന്നില്ല. പ്രത്യേകിച്ചും, രാം വലം‌കൈ ഉപയോഗിക്കുന്ന ആളായതിനാൽ. “വൈദ്യുതാഘാതമുണ്ടായാൽ ആളുകൾക്ക് പൊള്ളലിന്റെ പാടുകളുണ്ടാവും, മുഖം കറുത്ത നിറമാവും, എന്നാൽ അവന്റെ ദേഹത്ത് അങ്ങിനെയൊന്നും ഉണ്ടായിരുന്നില്ല”, നീലം പറയുന്നു.

കഴിഞ്ഞ രണ്ട് ദശാബ്ദക്കാലത്തിനുള്ളിൽ ഒരു വ്യവസായകേന്ദ്രമായി മാറിക്കഴിഞ്ഞ സോണിപട്ടിൽ, ഫാക്ടറി തൊഴിലാളികൾ മരണപ്പെടുന്നത് സാധാരണ സംഭവമായിക്കഴിഞ്ഞു. ഈ തൊഴിലാളികളിൽ ഭൂരിഭാ‍ഗവും ഉത്തർ പ്രദേശിൽനിന്നുള്ള കുടിയേറ്റക്കാരാണ്. പിന്നെ ബീഹാറിൽനിന്നും ദില്ലിയിൽനിന്നുള്ളവരും (2011-ലെ സെൻസസ് പ്രകാരം), എല്ലാ മാസവും സമീപത്തുള്ള ഫാക്ടറികളിൽനിന്ന് ചുരുങ്ങിയത് അഞ്ചുപേർക്കെങ്കിലും പരിക്കേൽക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു. “മിക്ക സംഭവങ്ങളിലും കേസ് പൊലീസ് സ്റ്റേഷനിലെത്താറില്ല. ഒത്തുതീർപ്പാക്കുകയാണ് പതിവ്”, അയാൾ പറയുന്നു.

രാമിന്റെ കേസ് ഇപ്പോൾ കോടതിയിലെത്തിയതിനാൽ, ഇനി അനുയോജ്യമായ ഒരു ചർച്ചയ്ക്ക് സാധ്യതയുണ്ടെന്ന് ദാഹിയ പറയുന്നു. “ധാരാളം പേർ മരിക്കുന്നു. ആരാണ് അതിന്റെയൊക്കെ പിന്നാലെ പോവുക? ഇത് ഐ.പി.സി. 304-ആം വകുപ്പാണ്. ആ കൊച്ച് പെൺകുഞ്ഞിന്റെ ഭാവിക്കുവേണ്ടി ഞാൻ പൊരുതും”, അയാൾ പറയുന്നു. “കൊലപാതകമല്ലാത്ത, മറ്റ് കുറ്റകരമായ നരഹത്യകൾ” കൈകാര്യം ചെയ്യുന്നത് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 304-ആം വകുപ്പുപ്രകാരമാണ്.

സാമ്പത്തികവും വൈകാരികവുമായ പ്രശ്നങ്ങളൊക്കെയുണ്ടെങ്കിലും, രാമിന്റെ കുടുംബവും ഉറച്ചുനിൽക്കുന്നു. “ഈ ദുരന്തം അവരുടെ (കമ്പനിയുടമകളുടെ) വീട്ടിലാണ് നടന്നിരുന്നതെങ്കിൽ അവരെന്ത് ചെയ്യുമായിരുന്നു. അതുതന്നെയാണ് ഞങ്ങളും ചെയ്യുന്നത്” ശോഭനാഥ് പറയുന്നു. “ഞങ്ങൾക്ക് നഷ്ടപ്പെട്ട ആൾ ഒരിക്കലും തിരിച്ചുവരില്ല. ആവശ്യമായ നഷ്ടപരിഹാരം അവർ തന്നില്ലെങ്കിൽ‌പ്പോലും, ഞങ്ങൾക്കാവശ്യം നീതിയാണ്”, അദ്ദേഹം കൂട്ടിച്ചേർത്തു.

പരിഭാഷ: രാജീവ് ചേലനാട്ട്

Student Reporter : Navya Asopa

ନବ୍ୟା ଅସୋପା ସୋନିପତ୍‌ ସ୍ଥିତ ଅଶୋକା ବିଶ୍ୱବିଦ୍ୟାଳୟର ରାଜନୀତି ବିଜ୍ଞାନ ଓ ଗଣମାଧ୍ୟମ ଅଧ୍ୟୟନ ବିଷୟରେ ତୃତୀୟବର୍ଷ ସ୍ନାତକ ଛାତ୍ରୀ ଅଟନ୍ତି। ସେ ସାମ୍ବାଦିକ ହେବାକୁ ଚାହାନ୍ତି ଏବଂ ଭାରତରେ ବିକାଶ, ପ୍ରବାସ ଓ ରାଜନୀତି ପ୍ରସଙ୍ଗରେ ଅନ୍ୱେଷଣ କରିବାକୁ ଆଗ୍ରହୀ।

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ Navya Asopa
Editor : Sarbajaya Bhattacharya

ସର୍ବଜୟା ଭଟ୍ଟାଚାର୍ଯ୍ୟ ପରୀର ଜଣେ ବରିଷ୍ଠ ସହାୟିକା ସମ୍ପାଦିକା । ସେ ମଧ୍ୟ ଜଣେ ଅଭିଜ୍ଞ ବଙ୍ଗଳା ଅନୁବାଦିକା। କୋଲକାତାରେ ରହୁଥିବା ସର୍ବଜୟା, ସହରର ଇତିହାସ ଓ ଭ୍ରମଣ ସାହିତ୍ୟ ପ୍ରତି ଆଗ୍ରହୀ।

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ Sarbajaya Bhattacharya
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ Rajeeve Chelanat