അത്ര ഉറപ്പിച്ച് പറയാനാവില്ലെങ്കിലും, ഭർത്താവിന്റെ കണ്ണുകൾ തന്നിൽ പതിഞ്ഞത്, താൻ അലങ്കാരതുന്നൽപ്പണി ചെയ്യുമ്പോഴാണെന്ന് ശശി രൂപേജ വിചാരിക്കുന്നു. “ഞാൻ ഫുൽക്കാരി തുന്നിപ്പിടിപ്പിക്കുന്നത് കണ്ടിട്ടുണ്ടാകാം. അദ്ധ്വാനിക്കുന്നവളാണെന്ന് കരുതിയിട്ടുമുണ്ടാവണം,” കൈയിൽ പകുതി പണി കഴിഞ്ഞ ഒരു ഫുൽക്കാരി പിടിച്ചുകൊണ്ട്, ശശി, ആ പഴയ രംഗം ഓർമ്മിച്ച് ആനന്ദത്തോടെ ചിരിക്കുന്നു.
പഞ്ചാബിൽ നല്ല തണുപ്പുകാലമായിരുന്നു. സുഹൃത്ത് ബിമലയോടൊപ്പം, ശിശിരത്തിൽ വെയിൽ കാഞ്ഞ് ഇരിക്കുകയായിരുന്നു അവർ. തമ്മിൽതമ്മിൽ സംസാരിക്കുമ്പോൾ അവരുടെ കൈകൾ ഇടതടവില്ലാതെ പ്രവർത്തിച്ചുകൊണ്ടിരുന്നു. എന്നാൽ തുണിയിൽ ഫുൽക്കാരി രൂപമാതൃകകൾ നിർമ്മിച്ചുകൊണ്ടിരിക്കുന്ന കൈയ്യിലെ സൂചിയിൽനിന്ന് ഒരിക്കൽപ്പോലും അവരുടെ ശ്രദ്ധ വ്യതിചലിച്ചില്ല.
“എല്ലാ വീടുകളിലേയും സ്ത്രീകൾ ഫുൽക്കാരി ചിത്രങ്ങൾ തുന്നിപ്പിടിപ്പിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു,” 56 വയസ്സുള്ള ആ പാട്യാല സ്വദേശി ഓർമ്മിക്കുന്നു. ചുവന്ന ദുപ്പട്ടയിൽ തുന്നിപ്പിടിപ്പിച്ചിരുന്ന പൂവിന്റെ ചിത്രത്തിൽ സൂചി കയറ്റിക്കൊണ്ട് അവർ കൂട്ടിച്ചേർക്കുന്നു.
പൂക്കളുടെ ചിത്രങ്ങൾ ദുപ്പട്ടകളിലും സൽവാർ കമ്മീസുകളിലും, സാരികളിലും തുന്നിച്ചേർക്കുന്ന അലങ്കാരപ്പണിയാണ് ഫുൽക്കാരി. മരത്തിന്റെ അച്ചുകളിൽ മഷി പുരട്ടി, ആദ്യം തുണിയിൽ രൂപമാതൃകകൾ പതിപ്പിക്കും. അതിനുശേഷം, എംബ്രോയ്ഡർമാർ, ആ ചിത്രത്തിൽ, നിറമുള്ള പട്ടുനൂലുകളും പരുത്തിനൂലുകളുമുപയോഗിച്ച് പൂക്കൾ തുന്നിപ്പിടിപ്പിക്കുന്നു. പാട്യാല നഗരത്തിൽനിന്നാണ് ആ നൂലുകൾ അവർ സംഘടിപ്പിക്കുന്നത്.










