“കടലാസ്സായിരുന്നു കൃത്യമായിട്ടുള്ളത്. യന്ത്രത്തിലാവുമ്പോൾ ഏത് ബട്ടണാണ് ഞെക്കുന്നത്, ആർക്കാണ് വോട്ട് കിട്ടുന്നതെന്നൊന്നും നിങ്ങൾക്കറിയാൻ പറ്റില്ല!”
അതിനാൽ, ഇ.വി.എമ്മിനേക്കാൾ (ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനുകൾ) പേപ്പർ ബാലറ്റുകളാണ് തനിക്ക് താത്പര്യമെന്ന് കൽമുദീൻ അൻസാരി പറയുന്നു പലാമുവിലെ കുംനി ഗ്രാമത്തിലെ താമസക്കാരനായ ആ 52-കാരൻ പ്രാദേശിക കാലിച്ചന്തയിൽ വന്നതായിരുന്നു. ഏപ്രിലിലെ കടുത്ത ചൂടിൽനിന്ന് രക്ഷപ്പെടാൻ ഒരു വെളുത്ത തുണി അദ്ദേഹം തലയിൽ കെട്ടിയിട്ടുണ്ട്. ഗംച്ച, ഒരു നേർമ്മയുള്ള പരുക്കൻ പരുത്തിത്തുണി. തൂവാലയായോ സ്കാർഫായോ ഉപയോഗിക്കുന്ന ഒന്ന്. വിവിധ ഉപയോഗങ്ങളുള്ള ഒരു അലങ്കാരത്തുണി എന്നും അർത്ഥമുണ്ട്. തന്റെ കാളയെ വിൽക്കാനായി, പത്തറിലെ ഈ ചന്തയിലേക്കെത്താൻ 13 കിലോമീറ്ററുകൾ കാൽനടയായി യാത്രചെയ്താണ് അയാളെത്തിയത്. “ഞങ്ങൾക്ക് പണം ആവശ്യമാണ്,” അയാൾ പറയുന്നു.
കഴിഞ്ഞ വർഷം (2023) അദ്ദേഹത്തിന്റെ നെൽക്കൃഷി പൂർണ്ണമായി നശിച്ചു. റാബി സീസണിൽ കടുക് വിതച്ചുവെങ്കിലും മൂന്നിൽ രണ്ടും കളകൾക്ക് തീറ്റയായി. 2.5 ക്വിന്റൽ ഞങ്ങൾ വിളവെടുത്തു. അത് മുഴുവൻ കടം തിരിച്ചടയ്ക്കാൻ ചിലവായി,” കൽമുദീൻ പറയുന്നു.
കൃഷിക്കാരനായ കൽമുദീൻ നാല് ബിഗയിൽ (ഏകദേശം മൂന്നേക്കർ) കൃഷി ചെയ്യുന്നു. നാട്ടിലെ സ്വകാര്യ പലിശപ്പണക്കാരിൽനിന്ന് ഒന്നിലധികം കടങ്ങളെടുത്തിട്ടുണ്ട്. “അവർ ധാരാളം പൈസ വസൂലാക്കി,” അദ്ദേഹം പറയുന്നു. ഓരോ നൂറ് രൂപയ്ക്കും ചുമത്തുന്ന അഞ്ച് രൂപ മാസപ്പലിശ നടുവൊടിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “ഞാൻ 16,000 രൂപ കടമെടുത്തു. ഇപ്പോളത് 20,000 ആയി. എന്നാൽ ഞാൻ 5,000 രൂപ മാത്രമേ തിരിച്ചടച്ചിട്ടുള്ളു.”
തന്റെ കാളയെ വിൽക്കുക എന്ന വഴി മാത്രമേ അദ്ദേഹത്തിന്റെ മുമ്പിലുള്ളു. “ഇതുകൊണ്ടാണ് കർഷകർ ദുരിതങ്ങളനുഭവിക്കുന്നത്. കൃഷി പരിശീലിച്ച എനിക്ക് ഇപ്പോൾ കാളയെ വിൽക്കേണ്ടി വരുന്നു,” 2023-ൽ നല്ല മഴ കിട്ടുമെന്ന് പ്രതീക്ഷിച്ച കൽമുദീൻ പറയുന്നു.












