“ഇതാണ് സ്കൂൾ,” മഹാരാഷ്ട്രയിൽ ഗുണ്ടെഗാംവ് ഗ്രാമത്തിന്റെ അറ്റത്തുള്ള തരിശുഭൂമിയുടെ നടുവിലുള്ള ഇരുമുറി കോൺക്രീറ്റ് കെട്ടിടത്തിലേക്ക് വിരൽചൂണ്ടിക്കൊണ്ട് അതുൽ ഭോസലെ പറയുന്നു. ഗ്രാമത്തിലേക്കുള്ള യാത്രയിൽ, ചളിനിറഞ്ഞ വഴിയിലൂടെ, ഒരു കിലോമീറ്റർ ദൂരെയുള്ള പർധി സെറ്റിൽമെന്റിലേക്ക് നടക്കുമ്പോൾ നിങ്ങൾക്കത് കാണാതിരിക്കാനാവില്ല.

നീല ജനാ‍ലകളും, നിറപ്പകിട്ടുള്ള കാർട്ടൂണുകളും, ഇന്ത്യൻ സ്വാതന്ത്ര്യസമരഭടന്മാരുടെ മുഖങ്ങൾ വരച്ച ചുമരുമുള്ള, നരച്ച മഞ്ഞ നിറത്തിലുള്ള ആ സ്കൂൾ നിങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റും. 20-ഓളം പർധി കുടുംബങ്ങൾ താമസിക്കുന്ന ടർപാളിൻ മേൽക്കൂരയുള്ള മൺകുടിലുകളും താത്ക്കാലിക കൂരകൾക്കുമിടയിൽ അത് വേറിട്ടുനിൽക്കുന്നു.

“വികസനത്തിന്റെ പേരിൽ ഞങ്ങൾക്ക് ആകെയുള്ള ഒരു സ്കൂളാണിത്,” പൌട്കാവസ്തിയെക്കുറിച്ച് 46 വയസ്സുള്ള അതുൽ ഭോസലെ പറയുന്നു. അഹമ്മദ് നഗർ ജില്ലയിലെ നഗർ താലൂക്കിലുള്ള ഈ കോളണി അറിയപ്പെടുന്നത് ആ പേരിലാണ്.

“ഇവിടെ ഒന്നുമില്ല. റോഡോ, വെള്ളമോ, വെളിച്ചമോ, അടച്ചുറപ്പുളള വീടോ ഒന്നും. സ്കൂൾ അടുത്തായതുകൊണ്ട്, ഒന്നുമില്ലെങ്കിലും ഞങ്ങളുടെ കുട്ടികൾക്ക് എഴുത്തും വായനയും പഠിക്കാനാവും,” അതുൽ പറയുന്നു. വിദ്യയുടെ ഈ ചെറിയ ഇടത്തെക്കുറിച്ച് അതുലിന് അഭിമാനമുണ്ട്. ഏഴ് പെൺകുട്ടികളും ഒമ്പത് ആൺകുട്ടികളുമടക്കം 16 കുട്ടികളോടൊപ്പം, അയാളുടെ മക്കളായ സാഹിലും ശബനവും പഠിക്കുന്ന സ്കൂളാണത്.

ഇതേ സ്കൂളിനെയാണ് മറ്റൊരിടത്തേക്ക് മാറ്റി ലയിപ്പിക്കാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നത്. ദാരിദ്ര്യരേഖയ്ക്കും താഴെയുള്ള ഈ സമുദായത്തിന് ഇതൊരു കനത്ത പ്രഹരമാണ്. നാടോടിവിഭാഗക്കാരും, ഡീനോട്ടിഫൈഡ് ട്രൈബുമായ പർധികൾ മഹാരാഷ്ട്രയിൽ പട്ടികഗോത്രവിഭാഗത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്.

ഒന്നരനൂറ്റാണ്ടോളം കാലം കടുത്ത വിവേചനവും ചൂഷണവും അനുഭവിച്ചവരാണ് ഈ ഗോത്രജനത. ബ്രിട്ടീഷ് പരമാധികാരത്തെ അംഗീകരിക്കാതിരുന്ന 200-നടുത്ത് ആദിവാസികളേയും ഇതരജാതിക്കാരേയും അടിച്ചമർത്താൻ ഉദ്ദേശിച്ചുകൊണ്ട് 1871-ൽ ബ്രിട്ടീഷ് രാജ് ഒരു ക്രിമിനൽ ട്രൈബ്സ് ആക്ട് (കുറ്റവാളിഗോത്ര നിയമം – സിടിഎ) പ്രാബല്യത്തിൽ കൊണ്ടുവന്നു. പർധികൾ അതിലുൾപ്പെട്ടിരുന്നു. ഇത്തരം ഗോത്രങ്ങളിൽ ജനിച്ചുവീണാൽപ്പോലും സ്വാഭാവികമായി നിങ്ങളൊരു കുറ്റവാളിയാകുമെന്നതായിരുന്നു ഈ നിയമത്തിന്റെ പ്രത്യേകത. 1952-ൽ സ്വതന്ത്ര ഇന്ത്യയിൽ ഈ നിയമം എടുത്തുകളയുകയും ഇരകളായിരുന്ന സമുദായങ്ങളെ പട്ടികയിൽനിന്ന് ഒഴിവാക്കുകയും ചെയ്തുവെങ്കിലും സാമൂഹികമായ ഭ്രഷ്ട് മാറിയില്ല. സ്ഥിരമായ ഉദ്യോഗം പർധികൾക്ക് ഒരിക്കലും ലഭിച്ചില്ല. റെഗുലർ സ്കൂളുകളിൽ ചേരുന്ന കുട്ടികൾക്ക് പരിഹാസവും പലപ്പോഴും മർദ്ദനം പോലും അനുഭവിക്കേണ്ടിവരികയും ചെയ്തു.

PHOTO • Jyoti
PHOTO • Jyoti

ഇടത്ത്: അതുലും രൂപാലി ഭോസ്‌ലെയും അവരുടെ മക്കളോടൊപ്പം. അഹമ്മദ്നഗറിലെ നഗർ താലൂക്കിലെ പൌട്‌കവസ്തി കോളണിയിലെ തങ്ങളുടെ വീടിന്റെ മുമ്പിൽ നിൽക്കുന്ന സഹിലും ശബ്നവും. വലത്ത്: സഹിലും ശബ്നവും പഠിക്കുന്ന പ്രൈമറി ജില്ല പരിഷദ് സ്കൂൾ. ‘വികസനത്തിന്റെ പേരിൽ ഞങ്ങൾക്ക് ആകെയുള്ളത് ഈ സ്കൂൾ മാത്രമാണ്,’ അതുൽ പറയുന്നു

അരികുവത്കരിക്കപ്പെട്ട ഈ സമുദാ‍യത്തിനെ സംബന്ധിച്ചിടത്തോളം, തങ്ങളുടെ കോളണിയിലെ അടച്ചുറപ്പുള്ള ഒരേയൊരു കെട്ടിടം മാത്രമല്ല ഈ സ്കൂൾ. മനുഷ്യരുടെ വികാസത്തിനായി അവർക്ക് ആകെയുള്ള അമൂല്യമായ ഒരു വസ്തുവാണ്. സർക്കാരിന്റെ വികസനത്തിന്റെ പ്രതീകം മാത്രമല്ല. ഒരുപക്ഷേ അവരുടെ കുട്ടികൾക്ക് മാന്യമായ ഒരു ജോലി ലഭിക്കാനുള്ള വഴികൂടിയാണ് ഇത്. ‘മുഖ്യധാരാ’ വിദ്യാഭ്യാസത്തിൽനിന്ന് ദീർഘകാലം അതിക്രൂരമായി ഒഴിവാക്കപ്പെട്ട ഒരു സാമൂഹത്തിനുമാത്രമേ ഒരു സ്കൂളിന്റെ നഷ്ടം ശരിക്കും മനസ്സിലാവൂ.

“ഞങ്ങളുടെ കുട്ടികൾക്ക് മറാത്തി നന്നായി സംസാരിക്കാൻ സാധിക്കും. വായിക്കാനും. ഞങ്ങൾക്കറിയില്ല അതൊന്നും,” അതുലിന്റെ ഭാര്യ 41 വയസ്സുള്ള രൂപാലി ഭോസ്‌‌ലെ പറയുന്നു. “എന്നാൽ സർക്കാർ ഈ സ്കൂൾ ഞങ്ങളുടെ കൈയ്യിൽനിന്ന് എടുത്തുമാറ്റുകയാണെന്ന് (ടീച്ചർമാരിൽനിന്ന്) ഞാൻ അറിഞ്ഞു,” അവർ കൂട്ടിച്ചേർത്തു.

അതുലിന്റെ ശബ്ദത്തിൽ അവിശ്വാസവും ആകാംക്ഷയും നിറഞ്ഞിരുന്നു. “അവർ അത് ശരിക്കും ചെയ്യുമോ?,” അയാൾ ചോദിക്കുന്നു.

സങ്കടകരമാണെങ്കിലും അവരത് ചെയ്യും. നിലവിലുള്ള പദ്ധതിയുമായി മഹാരാഷ്ട്ര സംസ്ഥാനം മുന്നോട്ട് പോവാൻ തീരുമാനിച്ചാൽ, പൌട്‌കവസ്തി സ്കൂൾ മാത്രമല്ല,  സംസ്ഥാനത്തിലെ 14,000-ത്തിലധികം സ്കൂളുകൾ അടച്ചുപൂട്ടുകയോ, സ്ഥലം മാറുകയോ, മറ്റൊന്നിൽ ലയിക്കുകയോ ചെയ്തേക്കും.

*****

അറിവിന്റെ ഈ ഇടത്തിന്റെ മുൻ‌ചുമരിൽ ചുവന്ന അക്ഷരങ്ങളിൽ മറാത്തിയിൽ എഴുതിവെച്ച പേര് – പൌട്കവസ്തി ഗുണ്ടഗാംവ് പ്രൈമറി ജില്ലാ‍ പരിഷദ് സ്കൂൾ - ഇപ്പൊഴും വായിക്കാ‍നാവും. 17 വർഷങ്ങൾക്കുശേഷവും. സർവ ശിക്ഷാ അഭിയാന്റെ - ഇന്ത്യൻ സർക്കാരിന്റെ വിദ്യാഭ്യാസന നയത്തിന്റെ കൊടിയടയാളമായ പദ്ധതി – കീഴിൽ 2007-ലാണ് സ്കൂൾ നിർമ്മിച്ചത്. ഈ കോളണിയിലെ 1-ആം ക്ലാസുമുതൽ 4-ആം ക്ലാസ്സുവരെയുള്ള കുട്ടികൾക്ക് അത് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നു. സ്കൂളിന്റെ ചുമരിൽ, ആ സ്കൂളിന്റെ ലക്ഷ്യം ഇങ്ങനെ എഴുതിവെച്ചിരുന്നു, “എല്ലാ കുട്ടികളും സ്കൂളിലേക്ക് പോവും, ഒരൊറ്റ കുട്ടിപോലും വീട്ടിലിരിക്കില്ല”.

അന്നത്തെ കാലത്ത്, അതൊരു വലിയ ആശയമായിരുന്നു.

എന്നാൽ, അദ്ധ്യാപന ഗുണനിലവാരവും, ‘കുട്ടികൾക്കിടയിൽ സമഗ്രവികസനവും ആവശ്യമായ വിദ്യാഭ്യാസ സൌകര്യങ്ങളും നൽകുക’ എന്ന താത്പര്യത്തോടെയും, 20-ൽത്താഴെ കുട്ടികൾ പഠിക്കുന്ന ചില പ്രദേശങ്ങളിലെ സ്കൂളുകൾ കുറേക്കൂടി വലിയ ‘ക്ലസ്റ്റർ സ്കൂളു’കളുമായോ, സമൂഹ ശാലകളുമായോ ലയിപ്പിക്കണമെന്നാണ് 2023 സെപ്റ്റംബർ 21-ന് ഇറങ്ങിയ ഔദ്യോഗിക കുറിപ്പ് പറയുന്നത്. ചെറിയ ശാലകളെ ഒരൊറ്റ ക്ലസ്റ്റർ സ്കൂളായി ഒരുമിപ്പിക്കുന്ന ഈ പ്രക്രിയ നടപ്പാക്കുന്നത്, 2020 ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഉപവിഭാഗം 7 പ്രകാരമാണ്.

PHOTO • Jyoti
PHOTO • Jyoti

ഇന്ത്യൻ സ്വാതന്ത്ര്യസമരഭടന്മാരുടെ മുഖങ്ങൾ (ഇടത്ത്‌) സ്കൂളിലെ ക്ലാസ്സുമുറിയുടെ ചുവരിൽ വരച്ചുവെച്ചിരിക്കുന്നു. 2007-ൽ സർവ ശിക്ഷാ അഭിയാന്റെ കീഴിൽ പണിത സ്കൂളിന്റെ ലക്ഷ്യം ‘എല്ലാ കുട്ടികളും സ്കൂളിലേക്ക് പോവും, ഒരൊറ്റ കുട്ടിപോലും വീട്ടിലിരിക്കില്ല’ ചുവരിൽ വായിക്കാം

തന്റെ കീഴിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണം അറിയിക്കാൻ, പൌട്കവസ്തി ജി.സെഡ്.പി.എസിന്റെ പ്രിൻസിപ്പൽ കുശാൽകർ ഗംഗാറാമിനോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ക്ലസ്റ്റർ സ്കൂളായി അതിനെ മാറ്റാനാവുമോ എന്നറിയാൻ. അദ്ദേഹവും ആകാംക്ഷയിലാണ്. “കുട്ടികൾ നന്നായി പഠിക്കുന്നുണ്ട്. എണ്ണവും, ഇംഗ്ലീഷ്-മറാത്തി അക്ഷരമാലയും കവിതകളും എല്ലാം. അവർക്ക് വായിക്കാനും അറിയാം.

“സ്കൂളിൽ കക്കൂസോ, കുടിവെള്ള ടാപ്പോ ഒന്നുമില്ല,” ക്ഷമാപണസ്വരത്തിൽ അദ്ദേഹം പറയുന്നു. ഒരു പുതിയ വലിയ സ്കൂൾ നിർമ്മിക്കുന്നതിനേക്കാൾ കുറച്ച് പൈസ മതി, ഈ സംവിധാനങ്ങളൊക്കെ ഉണ്ടാക്കാൻ. മനേമല വസ്തി സ്കൂളിലും മറ്റ് ചിലതിലും 20 കുട്ടികളിൽത്താഴെ മാത്രമേ ഉള്ളൂ. അവയെയെല്ലാം ലയിപ്പിക്കുക എന്നത് നടക്കുന്ന കാര്യമല്ല. ഈ സ്കൂൾ ഇവിടെത്തന്നെ വേണം കുട്ടികളുടെയടുത്ത്,” തന്റെ ചിന്തകളെപ്പോലെത്തന്നെ തെളിഞ്ഞ ശബ്ദത്തിൽ അദ്ദേഹം പറയുന്നു.

“കുട്ടികളിൽ പഠനശീലം വളർത്തിയെടുക്കാൻ ഞങ്ങൾ അദ്ധ്യാപകർക്ക് നന്നായി അദ്ധ്വാനിക്കേണ്ടിവന്നു,” ഗംഗാറാം പറയുന്നു. നടന്നുപോകാവുന്ന ദൂരത്തിനപ്പുറത്തേക്ക് ജി.സെഡ്.പി.എസ് മാറ്റിയാൽ, ഈ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം മുടങ്ങിപ്പോവും,” അദ്ദേഹം പറയുന്നു.

പുതിയ ക്ലസ്റ്റർ സ്കൂൾ, ‘ബസ്സിൽ 40 മിനിറ്റ് യാത്രചെയ്യാവുന്ന ദൂരത്തായിരിക്കണ”മെന്നും, സർക്കാരും സി.എസ്.ആറും (കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി) ചേർന്ന് സൌജന്യ യാത്ര നൽകണമെന്നും ഔദ്യോഗിക സർക്കുലറിൽ പറയുന്നു. “ദൂരത്തിന്റെ കാര്യത്തിൽ ഒരു വ്യക്തതയുമില്ല. 40 മിനിറ്റിന്റെ കണക്കെന്താണ്? എത്ര ദൂരത്തായിരിക്കും അത്? എന്തായാലും ഒരു കിലോമീറ്ററിലും ദൂരെയായിരിക്കും അത്,” കുശാൽക്കർ പറയുന്നു. സൌജന്യ ബസ്സ് യാത്രയും അത്രയ്ക്ക് വിശ്വസനീയമായ ഒന്നായി അദ്ദേഹത്തിന് തോന്നുന്നില്ല.

“ഹൈസ്കൂൾ, ഈ കോളണിയിൽനിന്ന് നാല് കിലോമീറ്റർ ദൂരത്താണ്. അവിടേക്കെത്താൻ കുട്ടികൾക്ക് വിജനമായ വഴികളിലൂടെ പോകണം. അത് അത്ര സുരക്ഷിതമല്ലാത്തതിനാൽ, പലരും, പ്രത്യേകിച്ച് പെൺകുട്ടികൾ പഠനം ഉപേക്ഷിക്കുന്നു. എവിടെയാണ് സൌജന്യ ബസ്സ് യാത്രകൾ?” ഗംഗാറാം ചോദിക്കുന്നു. കഴിഞ്ഞ വഷം, 4-ആം ക്ലാസ്സിനുശേഷം, ഏഴോ എട്ടോ കുട്ടികൾ അവരുടെ പഠനം തുടർന്നില്ല. ഇപ്പോൾ അവർ അച്ഛനമ്മമാരുടെ കൂടെ ജോലിക്ക് പോവുകയാണ്.”

പൊതുഗതാഗത സംവിധാനത്തിന്റെ അഭാവവും, വീടും സ്കൂളും തമ്മിലുള്ള ദൂരവും വെല്ലുവിളിയാണെന്ന് നിങ്ങൾ കരുതുന്നുണ്ടാവും. എന്നാൽ മറ്റ് ചിലതുംകൂടിയുണ്ട്. ഈ കുട്ടികളുടെ രക്ഷിതാക്കൾക്ക് ജോലിക്ക് പോകേണ്ടതുണ്ട് – അവരിൽ പലരും പലപ്പോഴും അതിനായി കുടിയേറ്റം നടത്തുകയും ചെയ്യാറുണ്ട്. അതും പ്രശ്നത്തെ രൂക്ഷമാക്കുന്നു. വർഷകാലത്ത് അവരിൽ മിക്കവരും അടുത്തുള്ള പാടങ്ങളിൽ കർഷകത്തൊഴിലാളികളായി ജോലിയെടുക്കുന്നു. ചിലർ അല്പം ദൂരസ്ഥലങ്ങളിലും. കൊല്ലത്തിൽ ബാക്കിയുള്ള കാലത്ത്, അവർ 34 കിലോമീറ്റർ അകലെയുള്ള നിർമ്മാണസൈറ്റുകളിൽ ജോലി തേടി പോവുന്നു.

“ഇവിടെ സർക്കാർ ബസ്സുകളോ ഷെയർ ചെയ്യുന്ന ജീപ്പുകളോ ഇല്ല. 8-9 കിലോമീറ്റർ നടന്നാണ് ഞങ്ങൾ പ്രധാന റോഡിലെത്തുക. എന്നിട്ടുവേണം ജോലിസ്ഥലത്തേക്കുള്ള വണ്ടി പിടിക്കാൻ,” അതുൽ പറയുന്നു. “രാവിലെ 6-7 മണിയാവുമ്പോഴേക്കും തൊഴിൽച്ചന്തയിലെത്തണം. കുട്ടികൾ ദൂരെയുള്ള സ്കൂളിൽ പോവുന്നത് ഞങ്ങൾക്ക് ബുദ്ധിമുട്ടായിത്തീരും,” രൂപാലി പറയുന്നു. “എല്ലാ ദിവസവും തൊഴിലന്വേഷിക്കണം ഞങ്ങൾക്ക്. കൊല്ലം മുഴുവൻ.” അതുലും രൂപാലിയും ചേർന്ന് ദിവസത്തിൽ 400—450 രൂപയാണ് സമ്പാദിക്കുന്നത്. അത് 150 ദിവസത്തേക്ക് മാത്രം. അതിനാൽ, വർഷത്തിന്റെ ബാക്കിയുള്ള ദിവസങ്ങളിലേക്കുള്ള ജോലികൂടി ലഭിച്ചാലേ കുടുംബം നിലനിർത്താനാവൂ അവർക്ക്.

PHOTO • Jyoti
PHOTO • Jyoti

ടാർപ്പോളിന്റെ മേൽക്കൂരയുള്ള താത്കാലികമോ, മണ്ണുകൊണ്ടുള്ളതോ ആയ വീടുകളിലാണ് പൌട്കവസ്തിയിലെ 20 പർധി കുടുംബങ്ങൾ താമസിക്കുന്നത്. അരികുവത്കരിക്കപ്പെട്ട ഈ സമുദായത്തിന്, ഈ ജില്ല പരിഷദ് സ്കൂൾ, അവരുടെ കോളണിയിലെ അടച്ചുറപ്പുള്ള ഒരേയൊരു കെട്ടിടം മാത്രമല്ല. അവിടെയുള്ള മനുഷ്യരുടെ വികാസത്തിനായി അവർക്ക് ആകെയുള്ള അമൂല്യമായ ഒരു വസ്തുവാണ്- സർക്കാരിന്റെ വികസനത്തിന്റെ പ്രതീകം മാത്രമല്ല

ചെറിയ സ്കൂളുകൾ നോക്കിനടത്താൻ ബുദ്ധിമുട്ടാണെന്ന് എൻ.ഇ.പി. 2020 രേഖ സൂചിപ്പിക്കുന്നു. ചെറിയ സ്കൂളുകളായതുകൊണ്ട്, ‘അദ്ധ്യാപകരുടെ വിന്യാസം, അത്യാവശ്യ സൌകര്യങ്ങളുടെ ലഭ്യത എന്നിവ കണക്കാക്കിയാൽ സാമ്പത്തികമായ നഷ്ടവും പ്രവർത്തനക്ഷമതയിൽ സങ്കീർണ്ണതയും” ഉണ്ടാവുമെന്നാണ് അതിലെ പ്രധാനവാദം. “ഭൂമിശാസ്ത്രപരമായ കിടപ്പ്, എത്തിച്ചേരാനുള്ള വെല്ലുവിളികൾ, സ്കൂളുകളുടെ എണ്ണക്കൂടുതൽ എന്നിവമൂലം, എല്ലാ സ്കൂളുകളിലേക്കും ഒരുപോലെ എത്തിച്ചേരാനാവാത്തതിനാൽ”, നോക്കിനടത്താനും പരിപാലിക്കാനും സംവിധാനപരമായ വെല്ലുവിളികളുണ്ട്.

ചെറിയ സ്കൂളുകൾ നിരവധി വെല്ലുവിളികൾ ഉയർത്തുമെങ്കിലും, അവയെ ലയിപ്പിക്കുന്നതിലൂടെ വലിയ പരിഹാരമൊന്നും ഉണ്ടാവില്ല. പ്രത്യേകിച്ചും ഇത്തരത്തിൽ മഹാരാഷ്ട്ര സർക്കാർ ആദ്യം പരീക്ഷണം നടത്തിയ പുണെയിലെ പൻഷേത് ഗ്രാമത്തിലെ കാര്യം നോക്കിയാൽ. വെൽ‌ഹെ താലൂക്കിൽ ക്ലസ്റ്റർ സ്കൂളായി പുനർവികസനം നടത്തിയ ആദ്യത്തെ സ്കൂളിൽ, ജോലിക്കാരുടെ കുറവും, അടിസ്ഥാനസൌകര്യങ്ങളുടെ അഭാവവും മറ്റുമുണ്ടെന്ന് റിപ്പോർട്ടുണ്ട്.

“മലമ്പ്രദേശത്തും ഒറ്റപ്പെട്ട സ്ഥലങ്ങളിലുമുള്ള ചെറിയ സ്കൂളുകൾ ഗൌരവമുള്ള പ്രശ്നങ്ങളാണ്. കുട്ടികളുടെ എണ്ണം കുറവാണെങ്കിലും, നല്ല വിദ്യാഭ്യാസം നൽകാൻ ഇതല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ല”, വിദ്യാഭ്യാസത്തിന്റെ സാമ്പത്തികശാസ്ത്രത്തിൽ പഠനങ്ങൾ നടത്തുന്ന പ്രശസ്ത പണ്ഡിതയായ ജൻ‌ധ്യാല ബി.ജി. തിലക് പറയുന്നു.

“ലയനം എന്നത്, വിദ്യാഭ്യാസത്തിനുള്ള അവകാശത്തിന്റെ (റൈറ്റ് റ്റു എജ്യുക്കേഷൻ - ആർ.ടി.ഇ.) തത്വങ്ങൾക്ക് എതിരാണ്. 1-ആം ക്ലാസ്സുമുതൽ 5-ആം ക്ലാസ്സുവരെയുള്ള കുട്ടികൾക്ക്, അവരുടെ വാസസ്ഥലത്തിന്റെ ഒരു കിലോമീറ്ററിനുള്ളിൽ സ്കൂളുണ്ടാവണമെന്ന് ഈ നിയമം അനുശാസിക്കുന്നു. 6-നും 11-നും ഇടയിൽ പ്രായമുള്ള ചുരുങ്ങിയത് 20 കുട്ടികളുണ്ടായിരിക്കണമെന്നും.”

“5 മുതൽ 10 കുട്ടികൾവരെയുള്ള ഒരു ‘ഫുൾ’ സ്കൂളിൽ 2-3 അദ്ധ്യാപകരും, ആർ.ടി.ഇ. വാഗ്ദാനം ചെയ്ത എല്ലാ സൌകര്യങ്ങളുമുണ്ടാവണമെന്നത് യുക്തിസഹമല്ല. നടത്തിപ്പുകാർ ഈ പ്രശ്നം പലപ്പോഴും ഉയർത്താറുണ്ട്. കൂടുതൽ നൂതനമായ നടപടികളാണ് ആവശ്യം. ലയനം എന്നത്, ആകർഷകമാണെങ്കിലും, നല്ലൊരു പരിഹാരമല്ല,” തിലക് വിശദീകരിക്കുന്നു.

*****

എന്നാൽ മഹാരാഷ്ട്ര സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനെ സംബന്ധിച്ചിടത്തോളം, പൌട്കവസ്തി സ്കൂളുമായി മാത്രം ബന്ധപ്പെട്ടതല്ല ഈ വിഷയം. ‘1 മുതൽ 20’ കുട്ടികൾവരെയുള്ള ’14,783 സ്കൂളുകൾ’, അവയിൽ മൊത്തം 1,85,467 കുട്ടികളും സംസ്ഥാനത്തുടനീളമുണ്ടെന്നും അവയെ വലിയ ക്ലസ്റ്ററുകളായി ലയിപ്പിക്കണമെന്നും 2023-ലെ കുറിപ്പ് സൂചിപ്പിക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം, വലിയ അനിശ്ചിതത്വമാണ് നിലനിൽക്കുന്നത്.

PHOTO • Jyoti

നഗർ താലൂക്കിലെ വാൽഗഞ്ജ് ഗ്രാമത്തിനടുത്തുള്ള പാർഥി കോളണിയിലെ കുട്ടികൾ അവരുടെ സ്കൂൾ ടീച്ചറെ കാത്തുനിൽക്കുന്നു. ‘ഞങ്ങളുടെ സ്കൂൾ 10 മണിക്ക് തുടങ്ങും. ഞങ്ങൾ അതിനുമുമ്പേ എത്തും,’ ഏഴുവയസ്സുള്ള ആയിഷ പറയുന്നു

“ഈ സ്കൂളുകൾ ചെറിയ സ്കൂളുകളായത് പല കാരണങ്ങൾകൊണ്ടാണ്,” ചെറിയ പാഠശാലകളുടെ ചരിത്രത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഗീത മഹാശബ്ദെ. നവ്നിർമ്മിതി ലേണിംഗ് ഫൌണ്ടേഷൻ എന്ന സന്നദ്ധസംഘടനയുടെ ഡയറക്ടറാണ് അവർ.

2000-ത്തിൽ മഹാരാഷ്ട്ര സർക്കാർ വസ്തി ശാല യോജന എന്ന പദ്ധതി ആരംഭിച്ചു. പൌട്കവസ്തിപോലെയുള്ള ചെറിയ സ്കൂളുകൾ സ്ഥാപിക്കാനുള്ള പദ്ധതിയായിരുന്നു അത്. സർവ ശിക്ഷാ അഭിയാന്റെ കീഴിൽ. “വിദ്യാഭ്യാസത്തിൽനിന്ന് അകന്നുനിൽക്കുന്ന കുട്ടികളെ കണ്ടെത്തി, അവർക്കുവേണ്ടി, അവരുടെ കോളണികളിലും, എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള മലമ്പ്രദേശങ്ങളിലും പുതിയ സ്കൂളുകൾ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അത്. മഹാത്മാ ഫൂലെ ശിക്ഷൺ ഹാമി കേന്ദ്ര യോജന എന്ന പേരിലും ഇത് അറിയപ്പെട്ടിരുന്നു,” ഗീത പറയുന്നു.

ആ പദ്ധതിപ്രകാരം, ഒരു വസ്തി ശാലയിൽ 1-മുതൽ 4-ആം ക്ലാസ്സുവരെ 15 കുട്ടികൾവരെ ആവാമായിരുന്നു. എന്നാൽ, പ്രത്യേക സാഹചര്യങ്ങളിൽ, ജില്ലാ പരിഷദിന്റേയോ മുനിസിപ്പൽ എക്സിക്യൂട്ടീവ് കമ്മിറ്റിയുടേയോ അംഗീകാരത്തോടെ, എണ്ണത്തിൽ വ്യത്യാസം വരുത്താൻ കഴിയുമായിരുന്നു. കുട്ടികളുടെ എണ്ണം 10 ആയി ചുരുങ്ങിയാൽ‌പ്പോലും.

അതുപ്രകാരം, 2000 മുതൽ 2007വരെ, അത്തരത്തിലുള്ള എണ്ണായിരം വസ്തി ശാലകൾ സംസ്ഥാനത്ത് ആരംഭിച്ചു.

എന്നാൽ, 2008 മാർച്ചിൽ, ഒരു ‘താത്കാലിക സംവിധാനം’ എന്ന് വിശേഷിപ്പിച്ച്, സർക്കാർ ആ പദ്ധതി അവസാനിപ്പിച്ചു.

“സ്കൂളുകളുടെ സ്ഥിതി പഠിച്ച് നിർദ്ദേശങ്ങൾ നൽകുന്നതിനായി മഹാരാഷ്ട്ര സർക്കാർ ഒരു കമ്മിറ്റിയെ നിയോഗിച്ചു,” ഗീത പറയുന്നു. ചില സ്കൂളുകളെ റെഗുലർ പ്രൈമറി സ്കൂളുകളായി പരിവർത്തിപ്പിക്കാൻ, ആ കമ്മിറ്റി ശുപാർശ ചെയ്തു. ഗീതയും ആ കമ്മിറ്റിയിൽ ഒരംഗമായിരുന്നു. 2008-നും 2011-നുമിടയിൽ 6,852 വസ്തി ശാലകളെ പ്രൈമറി സ്കൂളുകളായി സ്ഥിരപ്പെടുത്താനും, 686 എണ്ണം പൂട്ടാനും സംസ്ഥാന സർക്കാർ തീരുമാനിച്ചു.

PHOTO • Jyoti

പാർഥി കോളണിയിലെ കുട്ടികളുടെ അച്ഛനമ്മമാർക്ക് ജോലിക്കായി വീട്ടിൽനിന്ന് അകന്നുനിൽക്കേണ്ടിവരും. ആ സമയത്ത്, വീട് നോക്കുകയും പാചകം ചെയ്യുകയും സഹോദരങ്ങളെ നോക്കുകയും ചെയ്യേണ്ട ചുമതല പെൺകുട്ടികളുടെ ചുമലിലാകും

വസ്തി ശാല യോജനയുടെ കീഴിൽ, 2000 മുതൽ 2007വരെ, അത്തരത്തിലുള്ള എണ്ണായിരം വസ്തി ശാലകൾ സംസ്ഥാനത്ത് ആരംഭിച്ചുവെങ്കിലും, 2008 മാർച്ചിൽ, ഒരു ‘താത്കാലിക സംവിധാനം’ എന്ന് വിശേഷിപ്പിച്ച്, സർക്കാർ ആ പദ്ധതി അവസാനിപ്പിച്ചു

ഒരു പതിറ്റാണ്ട് കഴിയുമ്പോഴേക്കും ഇവയെല്ലാം മാറിമറിയും. ഇത്തരത്തിൽ സ്ഥിരപ്പെടുത്തിയ സ്കൂളുകളെപ്പോലും പൂട്ടുന്നതിനെക്കുറിച്ചുള്ള ചർച്ചകളാണ് എൻ.ഇ.പി.2020-ന്റെ കീഴിൽ നടന്നത്. “സ്ഥിരപ്പെടുത്തിയ സ്കൂളുകൾ പൂട്ടാൻ തക്കതായ ഒരു കാരണവുമുണ്ടായിരുന്നില്ല,” ഗീത പറയുന്നു. “കുട്ടികൾ കുറവാണെങ്കിൽ‌പ്പോലും, കോളണി അവിടെയുണ്ടായിരുന്നുവല്ലോ, അവിടെയുള്ള കുട്ടികൾക്കും വിദ്യാഭ്യാസത്തിന് ഇതല്ലാതെ മറ്റ് മാർഗ്ഗങ്ങളുണ്ടായിരുന്നില്ല,” ഗീത കൂട്ടിച്ചേർക്കുന്നു.

“ചെണ്ട കൊട്ടിയാൽ തടം‌ട്ടഡട്ടഡം..” അതുലിന്റെ എട്ടുവയസ്സുള്ള മകൾ ശബ്നം മറാത്തിയിൽ പഠിച്ചത് ഞങ്ങൾക്കുമുന്നിൽ പ്രദർശിപ്പിക്കാനുള്ള ആവേശത്തിലായിരുന്നു. “എനിക്ക് കവിതകൾ വായിക്കാൻ ഇഷ്ടമാണ്,” അവൾ പറയുന്നു. ക്ലാസ് 3-ലെ മറാത്തി ടെക്സ്റ്റ്ബുക്ക് ഞങ്ങൾക്ക് വായിച്ചുതരികയായിരുന്നു ആ കുഞ്ഞ്.

“എനിക്ക് കിഴിക്കാനും, മൈനസും പ്ലസും അറിയാം. 5 വരെയുള്ള ഗുണനപ്പട്ടികയും എനിക്കറിയാം. ഓരഞ്ച് അഞ്ച്, ഈരഞ്ച് പത്ത്..” അനിയത്തിയെ കവച്ചുവെക്കാനുള്ള ആവേശത്തോടെ സാഹിലും ഇടയിൽക്കയറി പറയുന്നു.

ആ കുട്ടികൾക്ക് സ്കൂളിൽ പോകാൻ ഇഷ്ടമാണ്. പക്ഷേ അത് കവിതയ്ക്കും കണക്കിനുംവേണ്ടി മാത്രമല്ല. “അവിടെ പോയാൽ, ഞങ്ങളുടെ വസ്തിയിലെ (കോളണിയിലെ) എല്ലാ കുട്ടികളേയും കാണാൻ പറ്റും. അവരോടൊപ്പം ഇന്റർവെൽ സമയത്ത് തൊങ്ങിത്തൊട്ട് കളിക്കാനും ഖോ-ഖോ കളിക്കാനും സാധിക്കും,” സാഹിൽ പറയുന്നു. സമുദായത്തിൽ, ആദ്യമായി വിദ്യാഭ്യാസം നേടുന്ന തലമുറയിൽ‌പ്പെട്ടവരാണ് പൌട്കവസ്തി ജി.സെഡ്.പി.എസിലെ ആ കുട്ടികളെല്ലാം.

“സ്കൂളിലും പഠനത്തിലുമുള്ള അവരുടെ താത്പര്യം കാണുമ്പോൾ എനിക്ക് സന്തോഷം തോന്നുന്നു,” മൺകുടിലിന് പുറത്തിരുന്ന് അവരുടെ അമ്മ രൂപാലി പറയുന്നു. എന്നാൽ സ്കൂൾ പൂട്ടിപ്പോവുമോ എന്ന പേടി അവരുടെ മുഖത്ത് നിഴലിക്കുന്നുണ്ട്. അവരോ അവരുടെ ഭർത്താവ് അതുലോ ഒരിക്കലും സ്കൂളിൽ പോയിട്ടില്ല. വിദ്യാഭ്യാസമെന്നത്, പർധി സമുദായത്തിന് എന്നും ഒരു വെല്ലുവിളിയായിരുന്നു. 2011-ലെ സെൻസസ് പ്രകാരം, മഹാരാഷ്ട്രയിൽ 223,527 പർധികളുണ്ട്. വിവിധ നയങ്ങളിലൂടെയുള്ള ഇടപെടലുകളുണ്ടായിട്ടും, മിക്ക പർധി കുട്ടികളിലേക്കും പ്രാഥമിക വിദ്യാഭ്യാസം‌പോലും എത്തിയിട്ടില്ല.

PHOTO • Jyoti

‘എനിക്ക് കവിതകൾ വായിക്കാൻ ഇഷ്ടമാണ്,’ എട്ടുവയസ്സുള്ള ശബ്നം (നടുവിൽ ചുവന്ന ഉടുപ്പിട്ട് നടുവിൽ). ആദ്യമായി വിദ്യാഭ്യാസം നേടുന്ന തലമുറയിൽ‌പ്പെട്ടവരാണ് പൌട്കവസ്തി ജി.സെഡ്.പി.എസിലെ കുട്ടികളെല്ലാം

*****


“ഇവിടെ ആരും സ്കൂളിൽ പോകാറില്ല,” 10 വയസ്സുള്ള ആകാശ് ബർദെ ഉദാസീനമായി പറയുന്നു. പൌട്കവസ്തിയിൽനിന്ന് 76 കിലോമീറ്റർ അകലെയുള്ള ശിരൂർ താലൂക്കിലെ മറ്റൊരു പർധി കോളണിയിലാണ് അവൻ താമസിക്കുന്നത്. കുകാഡി പുഴയുടെ തീരത്തെ ഈ ഷിൻഡോഡി കോളണിയിൽനിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് പ്രൈമറി, സെക്കൻഡറി സ്കൂളുകൾ. “ഞാൻ ചിലപ്പോൾ മീൻ പിടിക്കും. എനിക്ക് മീൻ പിടിക്കാൻ ഇഷ്ടമാണ്,” അവൻ പറയുന്നു. “എന്റെ അച്ഛനമ്മമാർ ഇഷ്ടികക്കളത്തിലും കെട്ടിടങ്ങളുണ്ടാക്കുന്ന സൈറ്റുകളിലുമാണ് ജോലി ചെയ്യുന്നത്. ചിലപ്പോൾ അവർ ജോലിക്കായി 3-4 മാസം പുറത്ത് പോകും. അവർ എന്നോട് സ്കൂളിനെക്കുറിച്ച് പറഞ്ഞതായി എനിക്ക് ഓർമ്മയില്ല. ഞാനും അതിനെക്കുറിച്ച് ആലോചിക്കാറില്ല.”

ഈ സെറ്റിൽമെന്റിലെ 5-14 പ്രായവിഭാഗത്തിലുള്ള 21 കുട്ടികളിൽ ആരും സ്കൂളിൽ പോവുന്നില്ല.

മഹാരാഷ്ട്രയിലെ നാടോടികളുടേയും ഡീനോട്ടിഫൈഡ് ഗോത്രക്കാരുടേയും വിദ്യാഭ്യാസസ്ഥിതിയെക്കുറിച്ചുള്ള 2015-ലെ ഒരു റിപ്പോർട്ടിൽ പറയുന്നത്, 2006-07-നും 2013-2014-നും ഇടയിൽ, ഈ സമുദായത്തിൽനിന്നുള്ള ഏകദേശം 2.2 ദശലക്ഷം കുട്ടികൾ സ്കൂളിൽ പേര് ചേർത്തിട്ടില്ല എന്നാണ്.

PHOTO • Jyoti
PHOTO • Jyoti

പൌട്കവസ്തിയിൽനിന്ന് 76 കിലോമീറ്റർ അകലെയുള്ള ശിരൂർ താലൂക്കിലെ ഷിൻഡോഡി എന്ന മറ്റൊരു പർധി കോളണിയിൽ ‘ആരും സ്കൂളിൽ പോകാറില്ല’ എന്ന് 10 വയസ്സുള്ള ആകാശ് ബർദെ (ചുവന്ന ഷർട്ടിൽ) പറയുന്നു. ഷിൻഡോഡിയിലെ കുട്ടികൾ അധികസമയവും പുഴയിലും വഞ്ചിയിലുമായി കളിച്ചുനടക്കുന്നു. ഈ കോളണിയിലെ 5- മുതൽ 14 വയസ്സുവരെയുള്ള 21 കുട്ടികളിൽ ആരും സ്കൂളിൽ പോകുന്നില്ല

PHOTO • Jyoti

‘എനിക്ക് സ്കൂളിനെക്കുറിച്ച് അറിയില്ല. അതിനെക്കുറിച്ച് ആലോചിച്ചിട്ടുമില്ല. പെൺകുട്ടികൾ യൂണിഫോം ധരിച്ച് പോകുന്നത് കാണാം. കാണാൻ ഭംഗിയുണ്ട്,’ അശ്വിനി (നടുവിൽ) പറയുന്നു. സാഹിലിന്റേയും ട്വിങ്കിളിന്റേയും കൂടെ കളിക്കുകയായിരുന്നു അവൾ

ഈ കുട്ടികളുടെ മിക്കവരുടേയും രക്ഷിതാക്കൾ വെളിയിലാണ് ജോലി ചെയ്യുന്നത്. മുംബൈയിലും പുണെയിലുമൊക്കെ. കുട്ടികൾ ഇവിടെ ഒറ്റയ്ക്കും. ചുരുക്കം ചിലർ രക്ഷിതാക്കളുടെ കൂടെ പോകാറുണ്ട്,” 58 വയസ്സുള്ള കാന്താബായ് ബർദെ പറയുന്നു. ചെറുമക്കളായ ഒമ്പത് വയസ്സുള്ള അശ്വിനിയേയും, ആറുവയസ്സുള്ള ട്വിങ്കിളിനേയും വീട്ടിലാക്കിയിട്ടാണ് കാന്താബായിയും, മകനും മരുമകളും സാംഗ്ലിയിലെ കരിമ്പുപാടത്ത് ജോലി ചെയ്യാൻ പോകുന്നത്. പെൺകുട്ടികളാരും സ്കൂളിൽ പോവുന്നില്ല.

ട്വിങ്കിൾ ജനിച്ചത് ഒരു കരിമ്പുപാ‍ടത്താണെന്ന് അവർ പറയുന്നു. അവളെ സ്കൂളിൽ ചേർക്കാൻ കുടുംബം ശ്രമിച്ചപ്പോൾ അവർ ജനനസർട്ടിഫിക്കറ്റ് ചോദിച്ചു. “ആശാ പ്രവർത്തകരൊന്നും ഇവിടെ വരുന്നില്ല. ഞങ്ങളുടെ കുട്ടികളും, ചെറുമക്കളുമൊക്കെ വീട്ടിലാണ് ജനിച്ചുവീണത്. ജനനസർട്ടിഫിക്കറ്റൊന്നുമില്ല,” കാന്താബായി പറയുന്നു.

“ഞാൻ അധികസമയവും എന്റെ അനിയത്തിയുടെ കൂടെ കഴിയുന്നു,” അശ്വിനി പറയുന്നു. “അമ്മമ്മ ഏതാനും ആഴ്ചകൾ കൂടുമ്പോൾ വരാറുണ്ട്. എനിക്ക് എല്ലാ ഭക്ഷണവും ഉണ്ടാക്കാൻ അറിയാം. ആട്ടിറച്ചിപോലും. സ്കൂളിനെക്കുറിച്ച് എനിക്കൊന്നും അറിയില്ല. അതിനെക്കുറിച്ച് അറിയുകയുമില്ല. പെൺകുട്ടികൾ യൂണിഫോമിട്ട് പോവുന്നത് കണ്ടിട്ടുണ്ട്. കാണാൻ നല്ല രസമാണ്,” ചിരിച്ചുകൊണ്ട് അവൾ പറയുന്നു.

ഷിൻഡോഡിയിലെ ആകാശിനേയും അശ്വിനിയേയും ട്വിങ്കിളിനേയും‌പോലെ, ഇന്ത്യയിലെ ഗ്രാമീണമേഖലയിലെമ്പാടും, 3-നും 35-നും ഇടയിൽ പ്രായമുള്ള 13 ശതമാനം പുരുഷന്മാരും 19 ശതമാനം സ്ത്രീകളും ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശിച്ചിട്ടില്ലെന്ന്, 2017-18-ലെ ദേശീയ സാമ്പിൾ സർവേ (എൻ.എസ്.എസ്) സൂചിപ്പിക്കുന്നു.

“മറ്റുള്ളവർ ഞങ്ങൾ ചോർ (കള്ളൻ) എന്ന് വിളിക്കുന്നു. വൃത്തിയില്ലാത്തവർ എന്ന് ആക്ഷേപിക്കുന്നു. അവരുടെ ഗ്രാമത്തേക്ക് കടക്കാൻ അനുവദിക്കില്ല അവർ. പിന്നെ ഞങ്ങളെങ്ങിനെ കുട്ടികളെ സ്കൂളിലേക്കയയ്ക്കും?” തന്റെ സമുദായത്തിലെ കുട്ടികൾ സ്കൂളുകളിൽ ഒരിക്കലും സുരക്ഷിതരായിരിക്കില്ലെന്ന് കാന്താബായ് ഭയപ്പെടുന്നു.

കുറ്റവാളി ഗോത്രനിയമം റദ്ദ് ചെയ്ത് പതിറ്റാണ്ടുകളായെങ്കിലും, ഇപ്പോഴും ആ ചാപ്പയുടെ ഭാരം ആ സമുദായം ചുമക്കുന്നു. (വായിക്കുക: നോ ക്രൈം, അൺ‌എൻഡിംഗ് പണിഷ്മെന്റ് ). ജനന സർട്ടിഫിക്കറ്റുകൾ, ആധാർ, തിരഞ്ഞെടുപ്പ് കാർഡുകൾ തുടങ്ങിയ സുപ്രധാന രേഖകളൊന്നുമില്ലാത്തവരായതിനാൽ, സർക്കാർ പദ്ധതികളും അവർക്ക് ലഭ്യമാവുന്നില്ല. (ഈ രണ്ട് റിപ്പോർട്ടുകൾ വായിക്കുക: എന്റെ കൊച്ചുമക്കൾ അവരുടെ വീടുകൾ സ്വയം നിർമ്മിക്കും ; പർധി സ്കൂൾ ബുൾഡോസ്ഡ് ബൈ പ്രോസ്പരിറ്റി ഹൈവേ ). ഈയൊരു ചാപ്പകുത്തൽ കാരണമാണ്, സ്കൂളുകളിൽ പ്രവേശനം നേടിയിട്ടുപോലും പലരും അത് തുടരാത്തത്.

PHOTO • Jyoti
PHOTO • Jyoti

ഇടത്ത്: തന്റെ സമുദായത്തിലെ കുട്ടികൾക്ക് സ്കൂളുകൾ സുരക്ഷിതസ്ഥലമാവില്ലെന്ന് കാന്താബായ് (പർപ്പിൾ സാരിയിൽ) കരുതുന്നു. ‘മറ്റുള്ളവർ ഞങ്ങൾ ചോർ (കള്ളൻ) എന്ന് വിളിക്കുന്നു. വൃത്തിയില്ലാത്തവർ എന്ന് ആക്ഷേപിക്കുന്നു. അവരുടെ ഗ്രാമത്തേക്ക് കടക്കാൻ അനുവദിക്കില്ല അവർ. പിന്നെ ഞങ്ങളെങ്ങിനെ കുട്ടികളെ സ്കൂളിലേക്കയയ്ക്കും?’. വലത്ത്: ദിവ്യ മാലി, മീന പവാർ, മോനിക ധൂലെ (ഇടത്തുനിന്ന് വലത്തോട്ട്) എന്നിവർ ഒരിക്കലും സ്കൂളിൽ പോയിട്ടില്ല. ‘മീനയുടെ വിവാഹം നിശ്ചയിച്ചു. ഈ കൊല്ലം അവൾ വിവാഹിതയാകും. ഞങ്ങളുടെ രക്ഷിതാക്കളും ഞങ്ങൾക്ക് ചെക്കന്മാരെ അന്വേഷിക്കുന്നുണ്ട്. ഞങ്ങൾക്കുള്ളത് അതാണ്. സ്കൂളായിരിക്കില്ല’

മഹാരാഷ്ട്രയിലെ 25 ജില്ലകളിലുള്ള ഡീനോട്ടിഫൈഡ്, നൊമാഡിക്, സെമി-നൊമാഡിക് സമൂഹങ്ങളെക്കുറിച്ച് ഹൈദരബാദിലെ കൌൺസിൽ ഫോർ സോഷ്യൽ ഡെവലപ്മെന്റ് നടത്തിയ 2017-ലെ സർവെ യിൽ പറയുന്നത്, 199 പർധി കോളണികളിലെ 36 ശതമാനം കുടുംബങ്ങളിലും, കുട്ടികൾ, പ്രാഥമിക സ്കൂൾ പഠനത്തിനുശേഷം, വിവേചനവും, ഭാഷാതടസ്സവും, വിവാഹവും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധത്തിന്റെ അഭാവവും‌മൂലം കൊഴിഞ്ഞുപോകുന്നു എന്നാണ്.

“വിദ്യാഭ്യാസം ഞങ്ങളുടെ കുട്ടികൾക്ക് പറഞ്ഞിട്ടുള്ളതല്ല. സമൂഹം ഇപ്പൊഴും ഞങ്ങളെ വെറുക്കുന്നു. എന്തെങ്കിലും മാറ്റമുണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല,” കാന്താബായിയുടെ വാക്കുകളിൽ അശുഭസൂചന നിഴലിച്ചിരുന്നു.

അവരുടെ വാക്കുകൾ ഭയജനകാംവണ്ണം സത്യമാണ്. 1919-ൽ, മഹാരാഷ്ട്രയിൽനിന്നുള്ള മഹാനായ സാമൂഹിക പരിഷ്കർത്താവും അദ്ധ്യാപകനുമായ കർമവീർ ഭാവുറാവ് പാട്ടിൽ, വിദ്യാഭ്യാസത്തെ ജനമധ്യത്തിലേക്ക് കൊണ്ടുവരാൻ ദൃഢനിശ്ചയമെടുക്കുകയും വസ്തി തിതെ ശാല (ഓരോ കോളണിയിലും ഒരു സ്കൂൾ) എന്നൊരു ലക്ഷ്യം പ്രചരിപ്പിക്കുകയും ചെയ്തു. എന്നാൽ, 105 വർഷങ്ങൾക്കിപ്പുറവും, ഷിൻഡോഡിയിൽ ഒരു സ്കൂൾ എത്തിയിട്ടില്ല. പൌട്കവസ്തിയിലെത്താൻ 90 വർഷമെടുത്തു. അതാകട്ടെ, പുതിയൊരു വിദ്യാഭ്യാസ നയത്തിന്റെ കൊടുങ്കാറ്റിൽപ്പെട്ട് അപ്രത്യക്ഷമാകാനും പോകുന്നു. സമുദായത്തിലെ കുട്ടികളെ ഒന്നടങ്കം പെരുവഴിയിലാക്കിക്കൊണ്ട്.

ജില്ലാ പരിഷദ് പൌട്കവസ്തി സ്കൂളിന്റെ ചുമരിൽ പെയിന്റ് ചെയ്തിരിക്കുന്ന അക്ഷരങ്ങൾ വായിക്കാം:

വിദ്യാഭ്യാസ അവകാശത്തിന്റെ അതിശയകരമായ ഇന്ദ്രജാലത്താൽ,
അറിവിന്റെ ഗംഗ എല്ലാ വീടുകളിലും ഒഴുകും

അത് യാഥാർത്ഥ്യമാകാൻ ഇനി എത്രനാൾ കാത്തിരിക്കണം?

പരിഭാഷ: രാജീവ് ചേലനാട്ട്

Jyoti

ଜ୍ୟୋତି ପିପୁଲ୍‌ସ ଆର୍କାଇଭ ଅଫ୍‌ ରୁରାଲ ଇଣ୍ଡିଆର ଜଣେ ବରିଷ୍ଠ ସାମ୍ବାଦିକ ଏବଂ ପୂର୍ବରୁ ସେ ‘ମି ମରାଠୀ’ ଏବଂ ‘ମହାରାଷ୍ଟ୍ର1’ ଭଳି ନ୍ୟୁଜ୍‌ ଚ୍ୟାନେଲରେ କାମ କରିଛନ୍ତି ।

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ Jyoti
Editor : P. Sainath

ପି. ସାଇନାଥ, ପିପୁଲ୍ସ ଆର୍କାଇଭ୍ ଅଫ୍ ରୁରାଲ ଇଣ୍ଡିଆର ପ୍ରତିଷ୍ଠାତା ସମ୍ପାଦକ । ସେ ବହୁ ଦଶନ୍ଧି ଧରି ଗ୍ରାମୀଣ ରିପୋର୍ଟର ଭାବେ କାର୍ଯ୍ୟ କରିଛନ୍ତି ଏବଂ ସେ ‘ଏଭ୍ରିବଡି ଲଭସ୍ ଏ ଗୁଡ୍ ଡ୍ରଟ୍’ ଏବଂ ‘ଦ ଲାଷ୍ଟ ହିରୋଜ୍: ଫୁଟ୍ ସୋଲଜର୍ସ ଅଫ୍ ଇଣ୍ଡିଆନ୍ ଫ୍ରିଡମ୍’ ପୁସ୍ତକର ଲେଖକ।

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ ପି.ସାଇନାଥ
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ Rajeeve Chelanat