ഥാങ്ങ്കകൾ, അഥവാ ബുദ്ധമതത്തിന്റെ ആരാധനാമൂർത്തികളെ കഥാപാത്രങ്ങളാക്കി പട്ടുകസവിലോ പരുത്തിയിലോ തീർക്കുന്ന പെയിന്റിങ്ങുകൾ, പുനരുദ്ധരിക്കുക അത്ര എളുപ്പമുള്ള ജോലിയല്ല. "പുനരുദ്ധാരണത്തിനിടെ ഒരു ചെറിയ പിഴവ് സംഭവിച്ചാൽപ്പോലും, ഉദാഹരണത്തിന്, ചെവിയുടെ ആകൃതി യഥാർത്ഥ ചിത്രത്തിൽനിന്ന് വ്യത്യസ്തമായി അല്പമൊന്ന് വളഞ്ഞാൽ - ആളുകൾ അതൊരു വലിയ തെറ്റായി കണക്കാക്കിയേക്കും," മാദ്ധോ ഗ്രാമവാസിയായ ദോർജെ അങ്ചോക് പറയുന്നു.
"ഏറെ സൂക്ഷ്മതയോടെ ചെയ്യേണ്ട ഒരു ജോലിയാണ് ഇത്," ലേയിൽനിന്ന് 26 കിലോമീറ്റർ അകലെയുള്ള മാദ്ധോ ഗ്രാമത്തിലെ താമസക്കാരിയായ ദോർജെ പറയുന്നു. 2011-ലെ കണക്കെടുപ്പ് അനുസരിച്ച്, മാദ്ധോ ഗ്രാമത്തിലെ ജനസംഖ്യയായ 1,165-ൽ ഭൂരിഭാഗവും ബുദ്ധമത വിശ്വാസികളാണ്.
അങ്ചോക്കിന്റെയും അവരുടെ സമുദായാംഗങ്ങളുടെയും ആശങ്കകൾക്ക് അറുതി വരുത്തിക്കൊണ്ട് ഒൻപതുപേരടങ്ങുന്ന ഒരു സംഘം ഥാങ്ങ്കകൾ പുനരുദ്ധരിക്കുന്നതിൽ വൈദഗ്ധ്യം നേടിയിരിക്കുകയാണ്. നൂറ്റാണ്ടുകളോളം പുറകിലേക്ക് സഞ്ചരിച്ച്, ഈ പുരാതന കലാരചനകളിൽ ഒളിഞ്ഞിരിക്കുന്ന പാറ്റേണുകൾ തിരിച്ചറിഞ്ഞ്, മനസ്സിലാക്കി, ഉചിതമായ രീതിയിൽ അതിനെ പുനരുദ്ധരിക്കുകയാണ് ഈ സംഘം ചെയ്യുന്നത്. ഓരോ നൂറ്റാണ്ടിനും തനതായ പ്രത്യേകതകളും ചിത്രകലാശൈലികളും വിഗ്രഹങ്ങളുടെ മാതൃകകളും അവകാശപ്പെടാനുണ്ട്.
മാദ്ധോയിൽനിന്നുള്ള ഈ സ്ത്രീകൾ പുനരുദ്ധരിക്കുന്ന ഥാങ്ങ്കകൾ എല്ലാം 15-18 നൂറ്റാണ്ടുകളിൽ നിന്നുള്ളവയാണെന്ന് അവർക്ക് ഇതിനുവേണ്ട പരിശീലനം നൽകിയ ഫ്രാൻസ് സ്വദേശിനിയായ ആർട്ട് റെസ്റ്റോറർ നെല്ലി റിയാഫ് പറയുന്നു. "തുടക്കത്തിൽ, സ്ത്രീകൾ ഥാങ്ങ്കകൾ പുനരുദ്ധരിക്കുന്നതിൽ ഗ്രാമീണർക്ക് എതിർപ്പായിരുന്നു," സെറിങ് സ്പാൽഡൺ പറയുന്നു. "പക്ഷെ ഞങ്ങൾ തെറ്റൊന്നും ചെയ്യുന്നില്ലെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു; ഞങ്ങളുടെ ചരിത്രം സംരക്ഷിക്കാനാണ് ഞങ്ങൾ ഇത് ചെയ്യുന്നത്."
"ബുദ്ധന്റെയും ജനസമ്മതരായിരുന്ന മറ്റനേകം ലാമകളുടെയും ബോധിസത്ത്വന്മാരുടെയും ജീവിതത്തെക്കുറിച്ച് ജനങ്ങൾക്ക് അറിവ് പകരാൻ ഉതകുന്ന മികച്ച മാധ്യമങ്ങളാണ് ഥാങ്ങ്കകൾ," ബുദ്ധമത സന്യാസിനിയായ തുക്ച്ചേ ഡോൾമ പറയുന്നു. അടുത്തിടെ കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിക്കപ്പെട്ട ലഡാക്കിലെ കാർഗിൽ ജില്ലയിലുള്ള വിദൂര തെഹ്സിലായ ജാൻസ്കാറിൽ സ്ഥിതി ചെയ്യുന്ന കർഷ സന്യാസിനീ മഠത്തിലാണ് ഡോൾമ താമസിക്കുന്നത്.













